ധ്യാനം 

Posted: October 23, 2017 in ശിഖരിണി

ഒരേ കൊമ്പില്‍ വാഴും കിളികളൊരുപോല്‍ വാണു കനി തി-
ന്നിരുന്നൂ ഞാന്‍ നീയോ ചെറിയ ചിരി തൂകിക്കഴിയവേ
വരും നോവാല്‍ നെഞ്ചം തകരുമളവില്‍ ത്തേടിയുടനേ
ചൊരിഞ്ഞൂ നീ ചിത്തേ കുളിരു പകരും ദര്‍ശനസുഖം

Advertisements

മയില്‍ പീലി കണ്ടല്ലയോ മാനവേദന്‍
സ്വയം രാജ്യവും വിട്ടു നിന്‍ നാമമോതി
ലയിച്ചങ്ങിരുന്നത്രെ വാതാലയത്തില്‍
ലയിച്ചൂ ഹരേ നിന്റെ പാദാരവിന്ദേ

ധ്യാനം 

Posted: October 23, 2017 in ശിഖരിണി

പദാബ്ജം മച്ചിത്തേ തെളിയണമതി-
ന്നായി സദയം
മൃദംഗം വീണൊരാ മലയിലമരും
ദേവി കനിയൂ
പദം നാവില്‍ നിത്യം തെളിയുവതിനായ്
ഭക്തിയരുളൂ
സദാ വാണീടേണേ മമ ഹൃദിയെനി-
ക്കേകു ശരണം

പാമ്പായെന്മനമാടിടുന്നു ഭഗവന്‍ !
നിന്‍ പാദമേറ്റേറ്റതിന്‍
വീമ്പെല്ലാമെയകന്നു ചീറ്റിയ വിഷം
നൈവേദ്യമായ് കാണണേ
അന്പോടങ്ങണയുന്ന നേരമറിയാ-
നായില്ലെനിക്കേതു, മെന്‍
സമ്പത്തിന്നു മരുത്പുരേശാ! കൃപയായ്
കാണുന്നു കൂപ്പുന്നു ഞാന്‍

വിഷം 

Posted: October 23, 2017 in ശിഖരിണി

ഭയം പാമ്പിന്നല്ലേ, വിഷമതിനു പ-
ല്ലില്‍ ക്കുറവു താന്‍
ഭയപ്പെട്ടീടുമ്പോളൊരുകുറിയതേ-
റ്റാമപരനില്‍
ഭയക്കേണം പക്ഷേ ചിലരെയുടല-
പ്പാടെ വിഷമായ്
നയിക്കുന്നൂ വാഴ്വി, ങ്ങവരെ തൊഴുതി-
ട്ടോടിയകലാം

കൊടുങ്ങല്ലൂര്‍ വാഴും നൃപകുലമഹ-
ത്വം പറയുവാന്‍
മിടുക്കി, ല്ലെന്നാലും ചിലതു പറയാം
വിദ്യയരുളാന്‍
തുടങ്ങീ പണ്ടത്രേ ഗുരുകുല, മതില്‍
ത്തന്നെയുളവായ്
മിടുക്കന്മാ, രോര്‍ത്തൂ ചെറിയൊരു ചട-
ങ്ങിങ്കലവിടെ
ഗുരുകുലത്തിന്‌ എന്റെ സ്മരണാഞ്ജലി

കൊടുങ്ങല്ലൂര്‍ വിദ്വാനിളയനൃവര-
ന്നാരു സമനാ-
യെടുക്കാനായുണ്ടി, ങ്ങുലകിലറിവിന്‍
കീര്‍ത്തിയൊഴുകി
തുടങ്ങീ വാഴ്വിന്നായ് ഗുരുകുലമവന്‍
വിദ്യയരുളാന്‍
മിടുക്കെല്ലാമന്യന്നുതുകണ, മതാ-
ണെന്നുമുചിതം

ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്ന കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിന്റെ സ്ഥാപകന്‍ വിദ്വാന്‍ ഇളയതമ്പുരാന്‌ സ്മരണാഞ്ജലി