Archive for December, 2023

ഇന്നാണുള്ളതു, നാളെയെന്നതുവരും-
നാളാണതിങ്ങെത്തിയാൽ
ഇന്നായ് തീരുമതും ക്ഷണത്തി, ലതുപോൽ
താൻ പുത്തനാണ്ടെങ്കിലും
തോന്നാറുണ്ടൊരുകൌതുകം, പുതുതരം
മാറ്റം വരുത്തിടുവാൻ
നന്നാണീവകഘോഷമെന്നുകരുതി –
ക്കാലത്തിനൊത്തോടിടാം

ആണ്ടൊന്നുകൂടി കതിരോൻ കടലിന്നകത്താ-
യാണ്ടിന്നുപോയിമറയുംപൊഴുതോടി മായും
വീണ്ടുംവരും പകലവൻ പുതുവർഷഹർഷം
പൂണ്ടിങ്ങു, കൊല്ലമിതുവിസ്മൃതി തന്നിലാകും

വരുന്നിതാ പുതിയൊരുവത്സരം, സുഖം
തരുന്നതായ് വരണമതാകയാൽ സദാ
തിരുത്തണം മമ പിഴ, രക്ഷയേകണം
മരുത്പുരീപതി, ശരണം പദാംബുജം

Lyceum
Socrates’s prison



ഏതൻസിനെ കുറിച്ച് പറയുമ്പോൾ എനിക്ക് മറക്കാനാവാത്തത് ലൈസിയം എന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ്.

സോക്രട്ടീസിനു മുമ്പും അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും നിരവധി ചിന്തകന്മാരുടെയും അവരുടെ ശിഷ്യന്മാരുടെയും സംഭാവനകളാൽ സമ്പന്നമായിരുന്നു ഈ ലൈസിയം. ഇവിടെ തത്വചിന്താപരമായ ചർച്ചകൾക്കൊപ്പം കായികാഭ്യാസങ്ങളും ഉണ്ടായിരുന്നു എന്നും ശ്രദ്ധിക്കുക.

അതിൽ നമുക്ക് ഏറെ പരിചിതമായ പേരുകൾ സോക്രട്ടീസ്, അദ്ദേഹത്തിന്റെ ശിഷ്യനായ പ്ലേറ്റോ, അദ്ദേഹത്തിന്റെ ശിഷ്യനായ അരിസ്റ്റോട്ടിൽ എന്നിവരാണല്ലോ. ഈ അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ അലക്സാണ്ടർ ആണ് പല തവണ പേർഷ്യൻ  ആക്രമണങ്ങളാൽ പരവശമായിരുന്ന ഗ്രീസിന്റെ പേര് താൽക്കാലികമായെങ്കിലും വിദൂരദേശങ്ങളിൽ വരെ എത്തിച്ചത്. ഒരോ നാടും കീഴടക്കവേ ഒന്നും തന്റേതാക്കാതെ മറ്റുള്ളവർക്കായി കൊടുത്താണ് അലക്സാണ്ടർ മുന്നറിയതത്രേ. തനിക്കായി എന്തുണ്ട് എന്നു ചോദിച്ചപ്പോൾ “പ്രതീക്ഷ” എന്ന് പറഞ്ഞുവത്രേ.


ഏതൻസ്കാരനായിരുന്നില്ല അരിസ്റ്റോട്ടിൽ. അതിനാൽ ശിഷ്യഗണങ്ങളുമായി ഒത്തുകൂടിയിരുന്നത് ഈ ലൈസിയത്തിലാണത്രേ ഒത്തുകൂടിയിരുന്നത്. വത്തിക്കാനിൽ ഇറ്റാലിയൻ നവോത്ഥാനകാലത്തെ കലാകാരൻ റാഫേൽ വരച്ചിട്ടുള്ള ഏതൻസ് വിദ്യാലയത്തിന്റെ ചിത്രം ഈ ലൈസിയത്തെ ആണ് സൂചിപ്പിക്കുന്നത്

ഇതിനൊപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് നഗരമദ്ധ്യത്തിലുള്ള സോക്രട്ടീസിന്റെ കാരാഗൃഹം. ഇവിടെയാണത്രേ അദ്ദേഹം വിചാരണയും ശിക്ഷയും കാത്തുകഴിഞ്ഞതും വിഷം കഴിച്ചു മരിച്ചതും


(തുടരും…)

നന്ദി

Posted: December 31, 2023 in പഞ്ചചാമരം

തിരിഞ്ഞുനോക്കിടാതെപോയകന്നിടുന്ന വർഷമേ
ചൊരിഞ്ഞനന്മയോർത്തുടൻ പറഞ്ഞിടട്ടെ നന്ദി ഞാൻ
വിരിഞ്ഞിടുന്നു പുത്തനാമുണർവ്വൊടിന്നു വീണുപോയ്
ക്കരിഞ്ഞതാം കിനാവുമിങ്ങുപുത്തനാണ്ടിനൊത്തിതാ

എല്ലാരിലുമെന്നും കൃപ തൂകും ശിവയല്ലീ
കൊല്ലൂരമരും ദേവി, തുണച്ചീടുക നിത്യം
പൊല്ലാപ്പുകളെല്ലാമകലാനായ് വഴി വേറി-
ട്ടില്ലാ ശരണം നൽകണമേ ത്വത്ചരണാബ്ജേ



ശക്തനായ തിസ്യൂസിന്റെ രംഗപ്രവേശം ഏജിയന്റെ കാലശേഷം രാജാധികാരം പ്രതീക്ഷിച്ചിരുന്ന രാജസഹോദരനും മക്കൾക്കും തീരെ ഇഷ്ടമായില്ല. തന്ത്രപരമായി രണ്ടുപേരെയും കോട്ടയുടെ പുറത്തെത്തിച്ച് അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു. അപായം മണത്തറിഞ്ഞ തിസ്യൂസ് പദ്ധതിയിടുന്ന ഇടത്തെത്തി അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ അവരെ വധിച്ചു.

അക്കാലത്ത് ഏതൻസ് മറ്റൊരു വലിയ പ്രശ്നം അഭിമുഖീകരിക്കുകയായിരുന്നു. ക്രെറ്റെ ദ്വീപിലുളള മിനോസ് രാജാവുമായുള്ള ഒരു യുദ്ധം തോറ്റിരുന്നു. സന്ധിയുടമ്പടിയുടെ ഭാഗമായി ഏഴുവർഷം കൂടുമ്പോൾ ഏഴു യുവതികളെയും ഏഴുയുവാക്കളെയും അയയ്ക്കേണ്ടതുണ്ടായിരുന്നു. അത് ക്രെറ്റെ നിവാസികളെ ഭയപ്പെടുത്തി ഒരു കോട്ടയ്ക്കകത്ത് വാണിരുന്ന മിനോട്ടർ എന്ന ഭീകരന് ബലിയായിട്ടായിരുന്നു.

അക്കുറി യാത്രാസംഘത്തിന്റെ ഭാഗമായി തിസ്യൂസ് രാജകുമാരനും പുറപ്പെട്ടു. കറുത്തപായയുള്ള പായക്കപ്പലിൽ ആയിരുന്നു യാത്ര . വിജയശ്രീലാളിതനായാണ് മടക്കം എങ്കിൽ പകരം വെളുത്തപായ കെട്ടണം എന്ന് പിതാവ് നിർദ്ദേശിച്ചിരുന്നു

മിനോട്ടറിനെ വധിച്ചാൽ പോലും ഒരിക്കൽ അകത്തുകടന്നാൽ പുറത്തേയ്ക്കുവരാൻ സാധിക്കാത്തവിധത്തിലായിരുന്നു കോട്ട. തിസ്യൂസിനെ കണ്ട് പ്രണയാതുരയായ ക്രെറ്റെ രാജകുമാരി അദ്ദേഹത്തിന് ഒരു നൂൽപന്ത് സമ്മാനിച്ചു. പോകുന്ന വഴികൾ നൂലുകൊണ്ട് അടയാളപ്പെടുത്തി അകത്തുകടന്ന അദ്ദേഹം മിനോട്ടറിനെ വകവരുത്തി പുറത്തുകടന്നു. തിരിച്ച് തന്റെ നാട്ടിലേയ്ക്ക് മടങ്ങുന്നവേളയിൽ അച്ഛന്റെ നിർദ്ദേശം പാടെ മറന്നു

മകന്റെ വരവും പ്രതീക്ഷിച്ച് കുന്നിന്റെ മുകളിൽ കടലിലേയ്ക്ക് കണ്ണുംനട്ടുനിന്ന രാജാവ് കറുത്തപായ കെട്ടിയ കപ്പലാണ് വരുന്നത് കണ്ടത്. പ്രതീക്ഷകളെല്ലാം നശിച്ച രാജാവ് അവിടെ നിന്നും കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനാലാണത്രേ ആ കടൽ ഏജിയൻ കടലായി അറിയപ്പെടുന്നത്.

തുടർന്ന് അധികാരമേറ്റ തിസ്യൂസ് ഏറ്റവും ശക്തനായ രാജാവായി മാറി. എന്നാൽ ഇദ്ദേഹത്തിന്റെ അവസാനകാലങ്ങൾ ദുഃഖപൂർണമായിരുന്നു. ഹെഫാസ്റ്റസിന്റെ ക്ഷേത്രത്തിലാണത്രേ ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമം


(തുടരും…)

ചുറ്റാമേതൊരുനേരവും, ചിലവതി-
ന്നില്ലേതുമേ, തന്നിടം
വിട്ടീടാതെ കറങ്ങിടാം സുകൃതിയാം
വാച്ചിന്റെ സൂചിക്കഹോ
പറ്റില്ലന്യനിതേകണക്കു തിരിയാൻ
ലോകത്തിലെന്നാകയാൽ
ചെറ്റെന്നുള്ളിലുണർന്നിടുന്നു കൊതിയ –
മ്മട്ടൊന്നു മാറീടുവാൻ

ഡയോജിനീസ്

Posted: December 29, 2023 in കാകളി

തൻ കരുത്താൽ ജഗത്തൊക്കെയും വെന്നതാം
ഹുങ്കോടെനിൽക്കുന്ന കാലത്തലക്സാണ്ടർ
ചെന്നവാറൊട്ടുമേ കൂസാത്തമട്ടിലായ്
നിന്നൂ ഡയോജിനീസെന്നൊരു ചിന്തകൻ

താനലക്സാണ്ടറാണെന്നു ചൊല്ലുമ്പൊഴും
തെല്ലുമേ കൂസാതെ കണ്ടത്ഭുതത്തിനാൽ
എന്തുവേണം നിനക്കെന്നോടു ചോദിക്ക
എന്നായ് ഡയോജിനിസോടന്നു മന്നവൻ

മാറു നീ തെല്ലൊന്നു നിൻ നിഴൽ കാരണം
മാർത്തണ്ഡരശ്മികൾ കാണുന്നതില്ല ഞാൻ

എന്നവൻ ചെൽവതും കേട്ടുകോപിഷ്ഠരായ്
മന്നന്റെ സൈനികർ നിൽക്കുന്ന വേളയിൽ
മന്നവൻ ചൊല്ലീയലക്സാണ്ടറല്ലെങ്കിൽ
ധന്യൻ ഡയോജിനീസായിരുന്നേനെ ഞാൻ

ഡയോജനിസ്

Posted: December 29, 2023 in കാകളി

ചൂട്ടുമായ് മർത്യനെത്തേടിപ്പണിപ്പെട്ടു
പട്ടണം തന്നിലായ് ചുറ്റിയോനാരുവാൻ
ഒട്ടുമേ കൂസാതലക്സാണ്ടറെക്കണ്ടു
ചെറ്റൊന്നുമാറുവാനോതും ഡയോജനിസ്