Archive for September, 2020

ധ്യാനം 

Posted: September 30, 2020 in അതിരുചിര

വിറച്ചുപോല്‍ രണഭുവി പാര്‍ത്ഥനാരണേ-
യുറച്ചുപോരിടുവതിനായ് ഗീതയാല്‍ 
ഉറപ്പെഴും വഴി സദയം കൊടുത്തതാം 
മറപ്പൊരുള്‍ തുണയിവനേകണം സദാ

അടുത്തേയ്ക്കുപെട്ടെന്നുവന്നോരുകാറ്റ-
ത്തടര്‍ന്നൂ സുമം ഹന്ത! താഴെപ്പതിച്ചൂ
മടിക്കാതെയപ്പോള്‍ ജനം ചൊല്ലി പൂവി-
പ്പടിക്കെന്തഹോ വീണുപോയ് കഷ്ടമോര്‍ത്താല്‍

മനപ്പൂര്‍വ്വമല്ലാ സുമത്തേയടര്‍ത്താന്‍
നിനച്ചല്ലപോല്‍ കാറ്റുവീശുന്നതത്രേ
നിനയ്ക്കാതിരിക്കെപ്പതിച്ചങ്ങുപൂ നീ-
നിനയ്ക്കുന്നതല്ലാ ശരിക്കുള്ള സത്യം

ചന്ദ്രികാഭിധയെഴുന്നടീച്ചര്‍ തന്‍
ജന്മനാളിലവരെസ്മരിപ്പു ഞാന്‍*
തന്നതാമറിവു നന്മയും മന-
സ്സിന്നു ശാന്തിയനിശം തരുന്നു മേ

ജ്ഞാനമാം കുളിര്‍നിലാവു, ശാന്തിയും
മാനസത്തിലുളവായിടുമ്പൊഴേ
താനെ ചുണ്ടിലണയുന്നഹാസമ-
ങ്ങാനനേ തെളിവതോര്‍ത്തുകുമ്പിടാം +

എന്നുമേയിവനെഴുന്നപേരിലായ് ++
മിന്നിനില്‍ക്കുമഴകാര്‍ന്നൊരക്ഷരം
തന്നതാകരുണതന്നെയെന്നുമെന്‍
ചിന്തയില്‍ തെളിയുമാപദാംബുജം

  • എട്ടാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ ക്ലാസ് ടീച്ചറായും ഗണിതശാസ്ത്രത്തിന്റെയും ഇംഗ്ലീഷിന്റെയും ടീച്ചറായും പഠിപ്പിച്ചിരുന്ന ചന്ദ്രിക ടീച്ചര്‍ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍ എന്ന് അറിയുന്നു
  • ടീച്ചറുടെ മുഖത്ത് സ്ഥായിയായിട്ടുണ്ടായിരുന്ന പുഞ്ചിരി മനസ്സില്‍ തെളിയുന്നു
    ++ എന്റെ പേരിലുള്ള ഃ എന്ന അക്ഷരം ടീച്ചറുടെ സംഭാവനയാണ്

ചെപ്പുപോലെ ഹരി വായ് തുറന്നുനി-
ന്നപ്പൊഴമ്മ പല പന്തുപോലവേ
ഈ പ്രപഞ്ചമതിലുള്ളഭൂമിയും
ക്ഷിപ്രമൊന്നഥ തെളിഞ്ഞുകണ്ടുപോല്‍

ഇന്ദ്രജാലമിതുകണ്ടുവിസ്മയം
വന്നവാറുശകലം ഭയന്നുവോ
തന്റെയമ്മയിതിചിന്തപൂണ്ടുകേ-
ണന്നുപാലിനുടനാകൃപാമയന്‍

നാന്മുഖന്റെ മനമാടി ഭീതിയാല്‍
താഴ്ന്നുപോയവനമര്‍ന്നപദ്മവും
അന്നൊരിക്കലജിതന്റെമായയാ-
ലെന്നിരിക്കെയതിലാടിടാതെയാര്‍

ഇന്ദ്രനേറെമഴപെയ്തുഭൂമിയെ-
ത്തന്നെമുക്കുമളവെന്നിരിക്കിലും
കുന്നെടുത്തുകുടയായ് പിടിച്ചവന്‍
തന്നെയേകണമെനിക്കുമാശ്രയം

യന്ത്രം കൊട്ടാന്‍ തഥാ പൂജനവിധി പറയും
മട്ടു പൂജിക്കുവാനും
മന്ത്രം ചൊല്ലാന്‍, നിവേദ്യങ്ങളെയനുദിനമു-
ണ്ടാക്കുവാനെന്നുവേണ്ടാ
എന്തും ചെയ്യാന്‍ തുണയ്ക്കാനിവിടെ സുലഭമാ-
ണിന്നുറോബോട്ടുകണ്ടാ-
ലന്തം വിട്ടുറ്റുനോക്കും സുരവരരവരീ-
പൂജവന്നേറ്റുവാങ്ങും

ധ്യാനം

Posted: September 29, 2020 in മദനാര്‍ത്ത

വാണീഗുണമുണ്ടായ് വരുവാനായ് മമ നാവില്‍ 
വാണീടുക നിത്യം സ്വരമായ് ചിന്തകളായും 
വാണീ, പദമായ് ശ്ലോകവുമായെത്തണമേ നിന്‍ 
വീണാസ്വനമായീടണമെന്‍ വാക്കുകളെല്ലാം 

ഹൃദയദിനം 

Posted: September 29, 2020 in Malayalam

നരനിന്നു നന്മ ഹൃദയത്തിലകന്നു ചുറ്റും
പരതുന്നു ശാന്തി വെറുതേ, പതറുന്നു ജീവൻ
ഒരുമാത്ര തൻ്റെ ഹൃദയത്തെയറിഞ്ഞിടാനാ-
യൊരുനാളിതെന്നുകരുതാമതിനായ് ശ്രമിക്കാം

അന്തിക്കുതാഴേക്കിനനെത്തുമാഴിയില്‍ 
ചിന്നിത്തെറിക്കും തിര തമ്മിലോതിടും 
അന്തിച്ചുനില്‍ക്കാതെ കരസ്ഥമാക്കിടാ-
“മൊന്നിച്ചു നിന്നാലിഹ നിശ്ചയം ജയം”

ധ്യാനം 

Posted: September 28, 2020 in ലളിത

അയ്യപ്പനേ തൊഴുതിടാന്‍ ഗമിക്കവേ
നെയ്യുള്ള കേരമൊരുമുദ്രയാക്കി ഞാന്‍
അയ്യന്റെ മേലതഭിഷേകമാടവേ
മെയ്യില്‍ക്കലര്‍ന്ന കുളിരോര്‍ത്തുകൂപ്പിടാം

ധ്യാനം 

Posted: September 28, 2020 in സ്രഗ്വിണി

തുമ്പമേകീടുമീലോകമെന്നാകിലാ
തുമ്പിയാല്‍ മാറ്റണേ വിഘ്നരാജാ ഭവാന്‍ 
ഉമ്പര്‍കോന്‍ കുമ്പിടും തൃപ്പദം നിത്യമുള്‍ 
ക്കമ്പമാറ്റീടുവാന്‍ കൂടെയുണ്ടാകണേ