Archive for the ‘യവനപുരാണം’ Category



ഈ പന്ത്രണ്ടു മക്കളും (ഓഷിയാനസ്, കീയസ്, ക്രിയസ്, ഹെപെരിയൻ, ഇയാപെറ്റസ് , ക്രോണോസ്,  തേയ, തീമിസ്, നിമോസിനി, ഫീബി, തെത്തിസ്,റിയ) ഗ്രീക്ക് പുരാണങ്ങളിലെ പ്രധാന ദേവതകളായ ടൈറ്റൻസ് (Titans) ആയി അറിയപ്പെടുന്നു. എന്നാൽ ടൈറ്റൻസ് താഴ്ത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ടാർട്ടാറസ് എന്ന അധോലോകത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. അത്  പിന്നീട് നോക്കാം

ഇവർക്കുശേഷം ഒറ്റക്കണ്ണന്മാരായ മൂന്ന് സൈക്ലോപ്സ് പിറന്നു. അതിൽ ബ്രോണ്ടസ് (Brontes) ഇടിമുഴക്കത്തിൻ്റെയും സ്റ്റെറോപ്സ് (Steropes) ഇടിമിന്നലിൻ്റെയും ആർഗസ് (Arges) തിളക്കത്തൻ്റെയും ദേവതമാരാണ്.

അതിനുശേഷം അമ്പതുതലകളും നൂറുകൈകളും ഉള്ള ഹെക്കട്ടോൺക്കെറീസ് ഉത്ഭവിച്ചു. ആ കൈകളും തലകളും മേഘങ്ങളെയും കാറ്റിനെയും നിയന്ത്രിക്കാനായിരുന്നുവത്രേ!

അമ്മയായ ഗയ (ഭൂമിക്ക് ) അവരെ ഇഷ്ടമായിരുന്നെങ്കിലും അച്ഛനായ ഉറാനസിന് (ആകാശം) അവരുടെ വൈരുപ്യം കാണുന്നതുതന്നെ ഇഷ്ടമായിരുന്നില്ല. അതിനാൽ ഉറാനസ് അവരെ അമ്മയുടെ ഉള്ളിൽ തിരിച്ച് നിക്ഷേപിച്ചു. തന്നുള്ളിൽ അവർ വളരുന്നതിനൊപ്പം ഉറാനസിനോടുള്ള പ്രതികാരവാഞ്ഛയും ഗയയ്ക്കുള്ളിൽ വളർന്നുവന്നു

(ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തുടരാം…)

ഭാവിപ്രവചനങ്ങളുടെ ദേവതയായ ഫീബി ബുദ്ധിയുടെ  ദേവതയായ കീയസിൻ്റെ പത്നിയായിരുന്നു. അവരുടെ പൌത്രനായ അപ്പോളോയ്ക്ക് കൈമാറുന്നതുവരെ ഡൽഫിയിലെ ക്ഷേത്രത്തിൻ്റെ രക്ഷാധികാരി ഈ ദേവതയായിരുന്നുവത്രേ

മാതൃത്വത്തിൻ്റെയും പ്രസവത്തിൻ്റെയും എല്ലാം ദേവതയായ റിയ ക്രോണോസിൻ്റെയും സിയൂസിൻ്റെയും പത്നിയായിരുന്നു

തീമിസ്  ക്രമസമാധാനത്തിൻ്റെയും നീതിയുടെയും  ദേവതയായിരുന്നു. നീതിയുടെ സൂചകമായി കണ്ണുരണ്ടും കെട്ടി തുലാസും പിടിച്ചുനിൽക്കുന്നതായി കാണപ്പെടുന്നത് ഈ ദേവതയാണ്.

നിമോസിനി ഓർമ്മയുടെ ദേവതയാണ്. (ഓർമ്മിക്കാൻ സഹായകമായ ചുരുക്കെഴുത്തുകൾക്ക് Mnemomics  എന്ന് പറയാറുണ്ടല്ലോ.) അവരുടെയും സീയൂസിൻ്റെയും മക്കളാണത്ര മ്യൂസസ് (Muses) എന്ന് അറിയപ്പെടുന്ന ഒമ്പതുപേര്. ആ ഒമ്പതുപേരും കലകളുടെയും സാഹിത്യത്തിൻ്റെയും കവിതകളുടെയും എല്ലാം ദേവതമാരാണത്രേ. Music, Musings, Amuse, Bemuse എന്നിങ്ങിനെ നിരവധി വാക്കുകൾ muse എന്ന ഈ മൂലപദത്തിൽ നിന്നുമുണ്ടായതാണ്!

(തുടരും..)

ഇന്നത്തെ മനുഷ്യസമൂഹത്തിൽ നിഷിദ്ധമാണെങ്കിലും, ആദ്യത്തെ പ്രാപഞ്ചികശക്തിപ്രഭാവങ്ങൾ ആയതുമൂലമാകാം, സഹോദരീസഹോദരന്മാർ തമ്മിലും അമ്മയും മകനും തമ്മിലും അച്ഛനും മകളും തമ്മിലും ശാരീരികബന്ധം പുലർത്തിയതായി പറയുന്നുണ്ട്. മൃഗങ്ങളിൽ അത് കാണുന്നുമുണ്ടല്ലോ. മാത്രമല്ല, ഇണചേരുന്നത് പ്രണയത്തിനേക്കാൾ മൃഗീയമായ കാമവാസനയാൽ ആണ് എന്നും കാണാം. ഇന്നത്തെ സമൂഹത്തിലെ വിധിനിഷേധങ്ങൾ അന്ന് പ്രചാരത്തിൽ ഇല്ലായിരുന്നിരിക്കാം.  ദൈവീകശക്തികൾക്ക്, മനുഷ്യരല്ലാത്തവർക്ക്, അവ ബാധകമല്ല അവരുടെ രീതികൾ മനുഷ്യർക്ക് അനുകരണീയവും അല്ല എന്നതിനാലെയും ആകാം.

മറ്റൊരു തലത്തിൽ കണ്ടാൽ പ്രകൃതിയുമായി മല്ലിട്ടു വളർന്നുവന്ന മനുഷ്യൻ അവൻ്റെ നിയന്ത്രണത്തിന് അതീതമായ ശക്തികൾക്ക് ദൈവീകപരിവേഷം കൊടുത്തതാകാം. അവ എന്നും അവന് അനുകൂലമാവണം എന്നില്ല. അവയെ ആശ്രയിച്ചും എതിരിട്ടും അവയിൽ നിന്നും ചിലതെല്ലാം പഠിച്ചും വേണം അവന് മുന്നേറുവാൻ എന്ന തിരിച്ചറിവാകാം ഈ സങ്കല്പങ്ങളിലേക്ക് അവനെ എത്തിച്ചത്.

ഈ ഒരു പശ്ചാത്തലം മനസ്സിൽ വച്ച് നമുക്ക് മുന്നോട്ട് പോകാം.

ദിവ്യമായ പ്രകാശത്തിൻ്റെ ദേവതയായ ഹെപെരിയൻ്റെ പത്നിയാണത്രേ സഹോദരിയായ തേയ. അവരുടെ മക്കളാണ് ഹെലിയോസും (സൂര്യൻ) സെലിനിയും (ചന്ദ്രനും) ഇയാസും (പ്രഭാതം). അതുപോലെ നദികളുടെ ദേവതയായ, ലോകത്തിനെ ചുറ്റി ഒഴുകുന്ന നദിയായ  ഓഷിയാനസ്സിൻ്റെ പത്നി ശുദ്ധജലസ്രോതസ്സിൻ്റെ ദേവതയായ തെത്തിസ്. അവരുടെ മക്കളാണത്രേ കാർമേഘവും അരുവികളും പുഴകളും തടാകങ്ങളും.

മനുഷ്യൻ ആദ്യകാലങ്ങളിൽ കണ്ടുപരിചയിച്ച പ്രാപഞ്ചിക ശക്തികളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ദേവതാസങ്കല്പങ്ങളാണ് ഇവ എന്ന് വ്യക്തമാകുന്നുണ്ടല്ലോ. ആ കാഴ്ചപ്പാടിൽ കൂടിനോക്കിയാൽ ഈ കഥകളിൽ നമുക്ക് പല ദാർശനികതലങ്ങളും കാണാൻ കഴിയും.

ഒരുപക്ഷേ ഇതേപോലെയാകാം ഭാരതീയപുരാണങ്ങളിൽ ബ്രഹ്മാവിൻ്റെ മകളും പത്നിയും ആയി സരസ്വതിയെ സൂചിപ്പിക്കുന്നത്. ശുദ്ധമായ ജ്ഞാനത്തിൻ്റെ നാലുമുഖങ്ങൾ വേദങ്ങളുടെ ഉത്ഭവസ്ഥാനമെന്നാണല്ലോ. അറിവ് അനുഭവവേദ്യമാകുന്നത് വാക്കുകളിൽ കൂടിയും. ശുദ്ധമായ ജ്ഞാനം നേരിട്ട് അപ്രാപ്യമായതുകൊണ്ടാകാം ബ്രഹ്മാവിന് അമ്പലങ്ങൾ ഇല്ലാത്തതും.

മനുഷ്യമനസ്സിന് മനസ്സിലാക്കാൻ പ്രയാസമുള്ള ലോകത്തെ കഥകളിൽ കൂടിയും കവിതകളിൽ കൂടിയും വർണ്ണിക്കാൻ ശ്രമിച്ച, ക്രിസ്തുവിന് മുമ്പ് ഏട്ടാം നൂറ്റാണ്ടിലോ അതിനുമുമ്പോ ജീവിച്ചിരുന്ന ഹോമറും ഹെസിയോഡും കുറിച്ചിട്ട കൃതികളിൽ കൂടിയാണ് ആധുനികലോകം ഈ കഥകൾ മനസ്സിലാക്കുന്നത്. ക്രിസ്തുവിന്  മുമ്പ് ഏഴാം ശതകത്തിലാണ് പാശ്ചാത്യലോകത്തിൽ തത്ത്വചിന്തയുടെയും അതുവഴി ആധുനികശാസ്ത്രീയചിന്താധാരയുടെയും വിത്തുപാകിയ തേലീസിൻ്റെ കാലഘട്ടം എന്നത് ശ്രദ്ധേയമാണ്
(തുടരും…)

ഗയയും ഉറാനസിനും മക്കളായി പിറന്നതാണ് പുരുഷവർഗ്ഗത്തിൽ പെട്ട ഓഷിയാനസ് (Oceanus), കീയസ് (Coeus) , ക്രിയസ് (Crius) ഹെപെരിയൻ (Hyperior), ഇയാപെറ്റസ് (Iapetus), ക്രോണോസ് (Kronos) എന്നിവരും സ്ത്രീഗണത്തിൽ പെട്ട തേയ (Theia), തീമിസ് (Themis), നിമോസിനി (Mnemosyne), ഫീബി (Phoebe), തെത്തിസ് (Thethys),റിയ (Rhea).

ഇതിൽ ക്രോണോസ് ആണത്രേ സമയത്തിൻ്റെ ദേവത. സമയത്തിൻ്റെ ദേവതയുടെ പിറവിക്ക് ശേഷമാണത്രേ സമയം എന്ന ആശയം ഉരുത്തിരിഞ്ഞുവരുന്നതുതന്നെ! ക്രോണോളൊജി (Chronology) എന്ന വാക്ക് ഉത്ഭവിച്ചത് ഇതുമായി ബന്ധപ്പെട്ടാണ് എന്ന് ശ്രദ്ധിക്കുമല്ലോ. അതുപോലെ നിമോസിനി ഓർമ്മയുടെ ദേവതയാണത്രേ ഇതുപോലെ പല ഇംഗ്ലീഷ് വാക്കുകളുടെയും ഉത്ഭവം ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ചവയാണ്. അതിനെ കുറിച്ചുള്ള പഠനം അത്യന്തം രസാവഹവും വിജ്ഞാനപ്രദവുമാണ്.

ഓഷിയാനസ് നദികളുടെ ദേവതയാണ്. സ്വയം അത് നദിയായിരുന്നു; ലോകത്തിനെ തന്നെ ചുറ്റി ഒഴുകുന്ന നദി. കീയസ് ബുദ്ധിയുടെയും അന്വേഷണത്തിൻ്റെയും ദേവതയാണ്. ക്രിയസ് നക്ഷത്രവ്യൂഹങ്ങളുടെയും ഹെപെരിയൻ ദിവ്യമായ പ്രകാശത്തിൻ്റെയും ദേവതമാരാണ്. ഇയാപെറ്റസ് ആണത്രേ മനുഷ്യകുലത്തിൻ്റെ പൂർവ്വികൻ. അതിനാൽ നശ്വരതയെ പ്രതിനിധാനം ചെയ്യുന്നു

ഇതിൽ ക്രിയസ്, കീയസ്, ഹെപെരിയൻ, ഇയാപെറ്റസ് എന്നിവരാണ് നാലു ധ്രുവങ്ങളിൽ തൂണുപോലെ നിന്ന് ആകാശത്തെ താങ്ങിനിർത്തുന്നതത്രേ.
(തുടരും…)

ഹെമറയും ഈതറും കൂടാതെ ജെറാസ് (Geras, വാർദ്ധക്യം), ഹിപ്നോസ് (Hypnos, ഉറക്കം), നെമിസിസ് (Nemesis) എന്നിങ്ങിനെ നിരവധി ശക്തികൾ നിക്സിൽ നിന്നും ആവിർഭവിച്ചു. ഇറോസ് (Eros, കാമം) എന്ന ദേവനും ആ ശൂന്യതയിൽ നിന്നും പിറന്നതത്രേ (ഇറോസിന് വേറെ ഉത്ഭവങ്ങൾ ഉള്ളതായും പാഠഭേദങ്ങൾ ഉണ്ട്. മറ്റെല്ലാ പുരാണങ്ങൾക്കും എന്നതുപോലെ ഗ്രീക്ക് പുരാണങ്ങൾക്കും നിരവധി പാഠഭേദങ്ങൾ ഉണ്ട്)

ഒരുനിലയിൽ നോക്കിയാൽ ഇവയെല്ലാം അമൂർത്തമായ ആശയങ്ങൾ മാത്രമാണല്ലോ. ഇംഗ്ലീഷിൽ നമ്മൾ ഉപയോഗിക്കുന്ന പല പദങ്ങളുടെയും മൂലരൂപങ്ങൾ തിരഞ്ഞുപോയാൽ അവയിൽ പലതും ഇവയുമായി ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം.

അമൂർത്തമായ ആ ശക്തികളെ കൂടാതെ ആ അനന്തശൂന്യതയിൽ നിന്നും പിറന്ന ശക്തിവിശേഷമാണ് ഗയ (Gaia, ഭൂമി). നമ്മുടെയെല്ലാം ജീവിതത്തിനാധാരമായി നിൽക്കുന്ന, വേണ്ടതെല്ലാം തരുന്ന മൂർത്തമായ ശക്തിവിശേഷം… സർവ്വംസഹയായ ഭൂമി. (എന്നാൽ നമ്മുടെ സങ്കല്പങ്ങൾക്ക് വിരുദ്ധമായി ഭൂമിയും കോപിക്കുമത്രേ. അതിൻ്റെ പ്രത്യാഘാതങ്ങൾ ഭയാനകവും .. അതിലേയ്ക്ക് പതുക്കെ എത്താം)

ഗയയെ ടാർട്ടാറസ്സും (Tartarus, അധോലോകം) ആ ശൂന്യതയിൽ നിന്നും ഉത്ഭവിച്ചു. ഗയയ്ക്ക് തന്നിൽ നിന്നും തന്നെ പിറന്നതാണ്. പോണ്ടസും (Pontus, കടൽ) ഉറാനസും (Ouranos/Uranus, ആകാശം). ഗയയും ഉറാനസും, അതായത് ഭൂമിയും ആകാശവും, തമ്മിലുള്ള സംഗമത്തിലൂടെ വേറെയും ശക്തികൾ ആവിർഭവിച്ചു.

(തുടരും …)

ഞാൻ എൻ്റെ ഏതൻസ്/ഡൽഫി യാത്രാവിവരണം അവസാനിപ്പിച്ചപ്പോൾ പെട്ടെന്ന് കഴിഞ്ഞതുപോലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. അപ്പോൾ ഞാൻ ഗ്രീക്ക് പുരാണവുമായി തിരിച്ചുവരാം എന്ന് അവർക്ക് വാക്ക് കൊടുത്തിരുന്നെങ്കിലും പല തിരക്കുകളാൽ വൈകിപ്പോയി

തുടക്കം ഒരു ശൂന്യതയായിരുന്നു!.

ശൂന്യത എന്നാൽ ഒന്നുമില്ലായിരുന്നു എന്നല്ലത്രേ വിവക്ഷ. ഇതുപോലെ എന്ന് പറയാം എന്ന് വച്ചാൽ നമുക്ക് പരിചയമുള്ളതായി, കാണാവുന്നതായി മനസ്സിലാക്കാൻ കഴിയുന്നതായി, ഒന്നും ഇല്ലായിരുന്നു എന്ന് മാത്രം.  നമ്മൾ സമയമാറ്റത്തിന് അനുസൃതമായി ചുറ്റും കാണുന്ന മാറ്റങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കുമ്പോഴാണല്ലോ ലോകം അനുഭവവേദ്യമാകുന്നത്.

എന്നാൽ ലോകാരംഭത്തിൽ സമയം പോലും പിറന്നിട്ടില്ലായിരുന്നു! ആ അവസ്ഥയെ കായോസ് (chaos) എന്ന് വിളിച്ചു. മടക്കവും അതിലേയ്ക്ക് തന്നെയാണത്രേ!

ആ അഗ്രാഹ്യമായ അപ്രമേയമായ അനന്തമായ കായോസിൽ നിന്നും എപ്പോഴോ (അനന്തശൂന്യതയിൽ സമയവുമില്ലല്ലോ) എറമ്പോസും (erebus; അന്ധകാരം) നിക്സും (nyx; രാത്രി). അവരിൽ നിന്നും പിറന്നതാണത്രേ ഹെമറയും (Hemera; പകൽ) ഈതറും (Aether; വെളിച്ചം)

(തുടരും..)