Archive for September, 2023

ആദിത്യ L1

Posted: September 30, 2023 in കേക



ആദിത്യദേവനെത്തൻ കണ്ണടയ്ക്കാതെ നോക്കാൻ
ആദിത്യ എൽവൺ യാത്ര പോകുന്നൂ സാവധാനം

ഭൂമിതന്നാകർഷണം ഭേദിച്ചു ഗമിപ്പൂ തൻ
ഭാവിയ്ക്കായ് മാതാവിനെ പിരിഞ്ഞ മകനെപ്പോൽ

കൈയ്യെത്തും ദൂരത്തല്ലാ മകനെന്നാലും കാണാൻ
കൊതിച്ചുനിൽക്കും മാതാവെന്നപോലീഭൂമിയും
കണ്ണെത്താദൂരത്തേയ്ക്കായ് കണ്ണും നട്ടിരിക്കുന്നൂ
കണ്ണുനീർ മറച്ചവർ നന്മകൾ നേർന്നീടുന്നൂ


https://www.mathrubhumi.com/science/news/aditya-l1-successfully-escaped-sphere-of-earths-influence-informs-isro-1.8948451

വല്ലാതാർത്തിങ്ങു നിൽക്കും നരഹരിയുടെയ –
ക്കോപവും കണ്ടടുക്കൽ –
ച്ചെല്ലാൻ ബ്രഹ്മൻ ഭയന്നോരളവു ശരഭനായ്
ചെന്നുവെന്നോൻ തുണയ്ക്ക
എല്ലാം നീ തന്നെയെന്നായ് കരുതിയമരുവോർ –
ക്കുള്ള ദുഃഖങ്ങളെല്ലാ-
മില്ലാതാക്കും കടാക്ഷം ചൊരിയുക കൃപയോ –
ടേറ്റുമാനൂർ പുരാനേ!

വിവർത്തനദിനം

Posted: September 30, 2023 in കേക

കേരംപോൽ കഠിനമാം സംസ്കൃതത്തിലായ് വേദ-
സാരമാം ഭാരതത്തെക്കണ്ടെടുത്താത്തമോദം

കൈരളിക്കായിട്ടന്നാൾ തന്നതാം ധീവരനാം
ധീരനെ, തമ്പുരാനെ, സാദരം പ്രണമിക്കാം

കൃപ

Posted: September 30, 2023 in കുസുമമഞ്ജരി

എന്നിലും കവിതയൂറുവാൻ സദയമത്ഭുതം! ഹൃദയവേദിയിൽ
വന്നിരുന്നു കളവേണുമീട്ടിയവിടുന്നിരിക്കുമളവെന്മനം
തന്നെ മൂളു, മതു നാവിലൂടെ മൊഴിയായ് വരും, കവനമെന്റെയാ-
യന്യരോർക്കു, മറിയുന്നതാരു കൃപയാണതെന്നു മധുസൂദനാ!


കിട്ടുംപോസ്റ്റൊക്കെയും സ്ട്രൈറ്റായ്
ത്തട്ടിവിട്ടുകളിക്കയാൽ
സ്ട്രൈറ്റ്ഫോർവേഡായി നാമെല്ലാം
വാട്ട്സപ്പിൽ ചേർന്ന നാൾ മുതൽ

മനസ്സിന്നകത്തൂറിടും ചിന്തയെല്ലാം
നിനക്കെൻ നിവേദ്യങ്ങളായ് തീർന്നിടേണം
മനസ്സാക്ഷിയായ് ശ്രീഹരേ! വാഴ്ക, ചിത്തേ
മനശ്ശാന്തിയായ് കണ്ടുകൂപ്പട്ടെ നിത്യം

അമ്മേ!

Posted: September 28, 2023 in .മത്തേഭം

കൊല്ലൂരിലുള്ള മലമേലുള്ള കാവിനകമുള്ളോരു ദേവി! തുണ നീ-
യല്ലാതെയില്ല ഭുവി, വല്ലാത്ത ദുഃഖനിര-
യില്ലാതെയാക്കി ശരണം
എല്ലാർക്കുമേകിടുക, വല്ലായ്മ തീർത്തരുൾക, നിൻകാൽക്കലുള്ള മലരായ്
കല്ലാ, യടുത്തു ചെറുപുല്ലായ് കിടപ്പതിനുമമ്മേ! വരം തരണമേ

കണ്ണേ!

Posted: September 28, 2023 in Uncategorized

വികസിച്ചനുക്ഷണം വിശ്വമാം സുമം നിത്യം
വളരുന്നതായ് കണ്ടൂ വിസ്മയം കൊള്ളും കണ്ണേ!
കൌതുകം നൽകും നല്ല കാഴ്ചകളെല്ലായ്പോഴും
കാട്ടുമീലോകം സുഖം സർവ്വഥാ തന്നീടട്ടേ

ജീവിതയാത്ര

Posted: September 28, 2023 in Uncategorized

വെയിലും തണലും വീഴും
വിജനമാമൊരുവീഥിയിൽ

അടിയനു വൈക്കത്തമരുവതാം നി-
ന്നടികളിലെത്താൻ വഴിയരുളേണം
അടിമയിവൻ തൃപ്പദമലരിൽ ചേർ –
ന്നടിയണമേയെന്മൊഴി ശിവശംഭോ!