Archive for September 18, 2023

കൊല്ലൂർ വാഴും ദേവി! നിൻ തൃപ്പദത്തിൽ
ചെല്ലും പൂവായ് തീരണം ചിന്തയെല്ലാം
ചൊല്ലുന്നൂ ഞാൻ നാമമാകർമ്മമൊന്നേ
നല്ലൂ, കാക്കും നൽകിടും നന്മയെന്നും

രുദ്രാക്ഷം ചാർത്തിമിന്നീടും
രുദ്രാത്മജൻ ഗണേശ്വരൻ
ഛിദ്രം കളഞ്ഞുനൽകട്ടെ
ഭദ്രം നമുക്കു നിത്യവും

ജനമാനസമലരിന്മധുസമമായതിലമരും
ഗണനായക! ശിവനന്ദന! കളഭാനന! ഭഗവൻ!
കരുണാലയ! പരിപാലയ! ഗുഹസോദര! സദയം
വിന മാറ്റുക, ഗുണമേകുക, ശരണം തവ ചരണം

ഗീർവ്വാണക്കടലിന്നാഴം
കൂടുന്ന ദിക്കിലൊക്കെയും
കാണും മുത്തുമെടുത്തെത്തും
കൈരളീപുത്ര! കൈതൊഴാം

ഭാരതക്കടലും താണ്ടി –
ദൂരത്തെക്കരയെത്തിയോൻ
ധീരനാം ധീവരന്നായെ-
ന്നേരത്തും മമ വന്ദനം

ഭാരതം ഭാഷയിൽ നന്നായ്
കേരളത്തിനു നൽകിയോൻ
ആരവൻ ധീവരൻ തമ്പ്രാൻ
കേരളവ്യാസനല്ലയോ