Archive for the ‘കൃഷ്ണവിരഹം’ Category

അന്നൊരുനാളിലീ കാരാഗൃഹം തന്നിൽ
എന്മകനായി പിറന്നവൻ നീ
അഷ്ടമീരോഹിണീനാളിലീഭൂമിയിൽ
ശിഷ്ടരെ കാക്കാനണഞ്ഞവൻ നീ
കഷ്ടതയേകിടും ദുഷ്ടജനത്തിൻ്റെ
ദുഷ്ടത പോക്കുവാനെത്തിയോൻ നീ
ഭൂലോകവാസി തൻ സങ്കടം തീർക്കുവാൻ
പാലാഴി വിട്ടിങ്ങു വന്നവൻ നീ
പുത്രനായ് സ്നേഹഭാവത്തോടു കാണണം
നിത്യമാം ബ്രഹ്മമായ് കാൺകയെന്നും
സത്യമന്നാളു നീ ചൊല്ലിയാവാക്കുകൾ
ഓർത്തു താൻ വാഴുന്നു വാഴ്വിലെന്നും
എങ്കിലുമാഗ്രഹിക്കുന്നതുണ്ടേറെ ഞാൻ
നിൻ കഴൽ കാണുവാൻ കണ്ണനുണ്ണീ
എല്ലായിടത്തിലും ഉള്ളവനെങ്കിലും
തെല്ലൊന്നു കാണുവാനാശിച്ചുപോയ്
എന്നുമെല്ലാർക്കുമേ സ്വന്തമാണെങ്കിലും
എൻ്റെയായ് കാണുവാനാശിച്ചുപോയ്
അന്നൊരുപൈതലായ് കണ്ടതേയുള്ളു ഞാൻ
പിന്നെ നീ ദൂരെയ്ക്കകന്നതല്ലേ
അന്യരോതുന്ന നിൻ ലീലകൾ കേട്ടു ഞാൻ
ഒന്നു കണ്ടീടുവാനാശിച്ചുപോയ്
നിന്നെയലട്ടുവാൻ വന്നതാം ദുഷ്ടരും
ധന്യരായ് നിൻ തിരുദർശനത്താൽ
എന്നു കേൾക്കുന്നു ഞാൻ കണ്ണനുണ്ണീയെനി-
ക്കെന്നു നിൻ ദർശനഭാഗ്യമുണ്ടാം
കാരാഗൃഹത്തിലെ കൂരിരുൾ മാറ്റിയെൻ
ചാരത്തു നീയെന്നു വന്നുചേരും
നേരിട്ടു കാണുവാനാവുന്നതെന്നു താ-
നാരും കൊതിക്കുമാദിവ്യരൂപം
നിൻ നാമമോരോന്നുമോതുന്നു സന്തതം
വന്നണഞ്ഞീടുവതെന്നുതാനോ

പോകാനൊരുങ്ങുന്നതെന്തിന്നു കേശവാ
പാരിതിൽ വാസം കഴിഞ്ഞുവെന്നോ
പാവമീഞങ്ങൾക്കൊരാശ്രയമാരുതാൻ
പാരം വിഷമം വരുന്നനേരം

കൂടെയെന്നും ഞാൻ നടക്കാൻ കൊതിച്ചതും
കണ്ടറിഞ്ഞല്ലയോ കൂട്ടിനെത്തീ
കാലം പിഴയ്ക്കുന്ന കാലത്തു കണ്ണനും
കൈവിടുമെന്നാൽ തുണപ്പതിനാർ

നിൻ നിഴൽ പോലെ നിന്നൊപ്പം നടക്കണ –
മെന്നാഗ്രഹിച്ചതെൻ കുറ്റമാണോ
നിന്നെ സ്മരിപ്പോർക്കു ചിന്ത മറ്റെന്തു താ-
നെന്നുമുണ്ടാവതും വാസുദേവാ

കണ്ടു ഞാൻ ഗോപീഗണത്തിൻ്റെ സങ്കടം
കണ്ണാ, ഭവാനിങ്ങു വന്നശേഷം
കഷ്ടമമ്മട്ടിലായ് ഞങ്ങളെയൊക്കെയും
കൃഷ്ണൻ വെടിഞ്ഞെങ്ങു പോയിടുന്നൂ

കണ്ണിനു ദർശനം നൽകയില്ലെങ്കിലാ
കണ്ണെന്തിനാണെന്തുകാണ്മതിന്നായ്
കാതിലെത്തില്ല നിൻ നാദമെന്നാകിലോ
കാര്യമെന്തുണ്ടതുരണ്ടുകൊണ്ടും

#ഉദ്ധവവിലാപം

അന്നൊരുനാളിലക്കണ്ണൻ പിറന്നുപോൽ
മന്നിലെന്നായ് തെല്ലുകേട്ടൂ

ഒന്നു കണ്ടീടുവാനാഗ്രഹിച്ചൂ, മന-
സ്സൊന്നു തൊട്ടീടാൻ കൊതിച്ചൂ

ഘോരാന്ധകാരമകറ്റീടുവാൻ ചന്ദ്രൻ
വിണ്ണിലേയ്ക്കെത്തുന്ന പോലെ
പാരിലെ സങ്കടം പാടെയകറ്റുവാൻ
കാരയ്ക്കകത്തായ് പിറന്നൂ

ക്രൂരരാം കൂട്ടരെ കാട്ടാതെ ഭക്തിയെ
ഭക്തർ മറയ്ക്കുന്ന പോലെ
കംസനെ പേടിച്ച താതനും കണ്ണനെ
മൂടി നൽപേടകം തന്നിൽ

കണ്ണനെ മൂടിയ പേടകമേന്തിയാ-
താതനെങ്ങോ പോയിടുമ്പോൾ
കാണാൻ കൊതിച്ചു ഞാൻ, ചാരത്തണഞ്ഞുടൻ
പെട്ടിയുമായ് വസുദേവർ

എൻതിരക്കയ്യാലെ മെല്ലെന്നുതൊട്ടു ഞാൻ
കണ്ണൻ്റെ തൃപ്പാദപദ്മം

പിന്നെയമ്പാടിയിൽ ഗോകുലം തന്നിലും
നന്ദാത്മജനായ് വളർന്നൂ

ഇന്നോളമക്കാഴ്ചകണ്ടിരുന്നീടവേ
എന്നെ സ്വയം ഞാൻ മറന്നൂ

എന്നാലവൻ ദൂരെയെങ്ങോ ഗമിച്ചതായ്
തെന്നലോതീടുന്നു കഷ്ടം

എന്നിനിമേലിലാതൃപ്പാദധൂളിയേൽ –
ക്കുന്നതിന്നായീടുമാവോ?

#കൃഷ്ണവിരഹം #സൂര്യജാതാപം

(അഖിലാണ്ഡമണ്ഡലം പോലെ; ആഴക്കടലിന്റെ അങ്ങേക്കരയിലെ പോലെ)

അന്നു ഞാൻ പുൽമേഞ്ഞുനിന്നകാലം, ഹരേ,
നിന്നേ വിട്ടൊട്ടേറെ ദൂരെയായീ

സന്ധ്യയായ് ചുറ്റുമിരുട്ടുതിങ്ങീ, മനം
നിന്നെത്തിരഞ്ഞൂ, പകച്ചുനിന്നൂ

എന്തുതാൻ ചെയ്യാവതെന്നോർത്തുനിൽക്കവേ
വന്നൂ നിന്മോഹനവേണുഗാനം

എന്നടുത്തെത്തി നീ, നിന്നോടുചേർന്നുഞാൻ
നിന്നപ്പോള്‍ ശാന്തമായെന്മാനസം

ഇന്നിതാ കാനനം ശോകമൂകം, ഹരേ
വൃന്ദാവനം വനം മാത്രമായീ

നിൻ വേണുഗാനവും മൂളിയെത്തുന്നതാം
മന്ദാനിലൻ പോലുമില്ലയെങ്ങും

മന്ദാരമാട്ടെ, തുളസിയോ തെച്ചിയോ
ഇന്നു പുവിട്ടുനിൽക്കുന്നതില്ലാ
നന്ദജാ, നീയെങ്ങു, നിൻ വേണുഗാനവും
വന്നില്ലാ പോയ് മറഞ്ഞെങ്ങുതാനോ

#കൃഷ്ണവിരഹം #ഗോരോദനം

യാതുധാനവിനാശം ചെയ്യാനും
യാദവകുലരക്ഷയ്ക്കും
മാധവൻ വന്നു പൈതലാ, യതു
മാനസമിന്നുമോർക്കുന്നു

ദിവ്യബാലൻ നീയെന്നാലും നിൻ്റെ
ദേഹാപായം ഭയന്നൂ ഞാൻ

ദേവൻ തന്നെയാണെന്നാലും തവ
താതനുണ്ണി നീ കുഞ്ഞല്ലേ

പെട്ടെന്നുതന്നെ മൂടി നിന്നെ ഞാൻ
പേടകം തന്നിലന്നേരം
കാളിന്ദി കടന്നമ്പാടി തന്നിൽ
നിന്നെ വിട്ടിങ്ങു പോന്നല്ലോ

പിന്നീടുള്ളൊരു വൃത്താന്തമെല്ലാം
നന്ദൻ മൂലമറിഞ്ഞു ഞാൻ

എന്തെല്ലാം വിപത്തെത്ര സങ്കടം
പിന്നീടുണ്ടായ് നിനക്കുണ്ണീ

എന്തൊരാപത്തുവന്നാലും നിന്നെ-
യൊന്നുതൊട്ടുനോവിച്ചില്ലാ

എന്നും നിന്‍ ചുണ്ടില്‍ മിന്നിനില്‍ക്കുമാ
മന്ദഹാസം മറഞ്ഞില്ലാ

മുട്ടുകുത്തി നടന്നതും കണ്ണൻ
പെട്ടെന്നങ്ങു വളർന്നതും
വെണ്ണയും പാലും കട്ടതും കാട്ടിൽ
ഗോക്കളെമേയ്ക്കാൻപോയതും
മണ്ണുതിന്നതും പോരാഞ്ഞെന്നോണം
കാട്ടുതീയുണ്ണിയുണ്ടതും
കംസൻ വിട്ടുള്ള ദുഷ്ടക്കൂട്ടത്തെ
കൊന്നതും കേട്ടറിഞ്ഞു ഞാൻ

എന്നാലും നിൻ്റെയിന്നുള്ള രൂപ –
മൊന്നുകാണുവാനാശിപ്പു
എന്നുകാണുവാനാകും മാധവാ
നിൻ രൂപം നീയെന്നെത്തീടും

#കൃഷ്ണവിരഹം #വസുദേവവ്യഥ

കണ്ണനെ കൊണ്ടുപോകാനായണഞ്ഞതാം
ക്രൂരനാർ, കംസൻ്റെ ദൂതനാണോ?

കുഞ്ഞുനാൾ തൊട്ടെൻ്റെ കൂട്ടായിരുന്നതാം
കണ്ണനെ കൊണ്ടെങ്ങുപോയിടുന്നൂ?

പട്ടണവാസികൾ ദുഷ്ടരാ, ണെത്രയോ
ദുഷ്ടതകാട്ടിയീഗോകുലത്തിൽ

പാലിൽക്കലർത്തുന്നു നഞ്ഞവർ നിർദ്ദയം,
പാതകമേതിനും കൂട്ടുനിൽക്കും

വായുരൂപത്തിലും കൊല്ലുവാനായ് വരും
വാഹനമായ് വന്നു കൊല്ലുമത്രേ

പാമ്പിനെ വിട്ടവർ കൊല്ലു, മുള്ളിൽ വിഷം
പാമ്പിനെക്കാളുമവർക്കുകൂടും

കൊക്കായ് വിഴുങ്ങിടാം, കാളയായ് കുത്തിടാം
ക്രൂരതയ്ക്കില്ലവർക്കറ്റമേതും

ഈ മട്ടിലുള്ളവർ വാഴുമിടത്തിലേ –
യ്ക്കിന്നെൻ്റെ കണ്ണനെക്കൊണ്ടുപോയോ

കഷ്ടം വിഷാദം സഹിക്കാവതല്ലയുൾ-
ത്തട്ടിലിന്നോർമ്മകൾ തിങ്ങിടുന്നു

വെണ്ണകട്ടുണ്ണുവാനൊപ്പം നടന്നതും
മണ്ണിൽക്കളിച്ചതുമോർത്തിടുന്നൂ

മണ്ണുതിന്നൂ കണ്ണനെന്നതുകേട്ടമ്മ
കണ്ണനെകെട്ടിയതോർത്തിടുന്നൂ

കുട്ടിയെന്നാലുമാക്കെട്ടും വലിച്ചവൻ
കാട്ടും കുറുമ്പുകളോർത്തിടുന്നൂ

മുട്ടുകുത്തിക്കളിച്ചീടുന്ന നേരത്തു
മുട്ടുകാൽ കൊണ്ടൊന്നുതൊട്ടനേരം
പട്ടണവാസി തൻ വമ്പൻ ശകടവും
പെട്ടെന്നുപൊട്ടിത്തകർന്നുവീണൂ

കാട്ടില്‍ ക്കളിക്കുന്നനേരത്തൊരുദിനം
പെട്ടെന്നുചുറ്റും പടര്‍ന്നുവന്‍തീ

കൂട്ടുകാരൊക്കെപരിഭ്രമിച്ചൂ, കണ്ണന്‍
കാട്ടുതീയെല്ലാം കെടുത്തി വേഗം

ഘോരനാം കാളിയനാഗത്തെയും പണ്ടു
ദൂരെയ്ക്കകറ്റിയിക്കൂട്ടുകാരന്‍

ഒന്നിച്ചിരുന്നന്നു കാനനം തന്നിലാ-
യന്നും ഭുജിച്ചതുമോര്‍ത്തിടുന്നൂ

വന്മാരിപെയ്തൊരുകാലത്തുഗോകുലം
വല്ലാതെകഷ്ടപ്പെടുന്ന കാലം
വന്മലയെക്കുടപോലെയാക്കി കണ്ണന്‍
വല്ലാത്ത സങ്കടം തീര്‍ത്തുതന്നൂ

വല്ലാതെ സങ്കടം തോന്നുന്നനേരത്തു
തെല്ലവനെക്കുറിച്ചോര്‍ത്താല്‍ മതി
ഇല്ലാതെയാകുന്നു ദുഃഖമത്തോഴനി-
ങ്ങല്ലയോ മേലിലീഗോകുലത്തില്‍

തെല്ലല്ല സങ്കടം ചൊല്ലാവതല്ല മേ
വല്ലാതെ വിങ്ങുന്നിതെന്മാനസം

എന്തുഞാന്‍ ചെയ്യുവതെന്നറിയുന്നീല
സന്താപമിന്നേറ്റമേറിടുന്നൂ

#കൃഷ്ണവിരഹം #സഖ്യഭക്തി

ആരുമില്ലിന്നെൻ്റെ ചുറ്റിലും ചിന്തക-
ളോരോവഴിക്കും പറന്നിടുന്നൂ

കാളിന്ദിമൂകമായ് കേഴുന്നു, കാനനം
കാണുന്നിതാ ഹന്ത! ദുഃഖാർദ്രയായ്

കണ്ണനിങ്ങില്ലയിക്കാനനം തന്നിലായ്
കാണുന്നു സങ്കടം മാത്രമെങ്ങും

കാറ്റുവന്നെത്തിയീവൃത്താന്തമോതവേ
കണ്ണുനീർ തൂവുകയായിരുന്നൂ

ആരുവന്നെത്തിയിങ്ങാരുകൊണ്ടോയിങ്ങു
നേരുകണ്ടോതുന്നതാരുതാനോ

ആരോടുചോദിക്കുമാരുചൊല്ലിത്തരും
നേരെൻ്റെചുറ്റുമിങ്ങാരുമില്ലാ

എന്തൊക്കെയാഘോഷമായിരുന്നൂ മന-
സ്സന്നെത്ര സന്തുഷ്ടമായിരുന്നൂ

ഇന്നതിൻ ഛായയും മാഞ്ഞതുപോലുള്ളിൽ
സന്താപമാണെന്തു ചെയ്തിടേണ്ടൂ

കാളിയനാഗത്തിൻ കാളും വിഷത്തിനാൽ
കാളിന്ദിയേറ്റം കറുത്തകാലം
കഷ്ടമത്തീരത്തു നിൽക്കയാലെന്നുടൽ
ക്കത്തിക്കരിഞ്ഞതുമോർത്തിടുന്നൂ

ദുഷ്ടസംസർഗ്ഗത്തിന്‍ ദോഷം തരും സദാ
ദുഃഖമെന്നുള്ളതുമന്നറിഞ്ഞൂ

ദുർഘടമീവിധമുണ്ടായ്, വിഷം തീണ്ടി
ദേഹവും വീണുപോമെന്നമട്ടായ്

അന്നൊരുനാളു ഞാനിമ്മട്ടു വാഴവേ
നന്ദാത്മജൻ വന്നതോർത്തിടുന്നൂ

ഒന്നുതൊട്ടേയുള്ളു, മേനിപൂവിട്ടുപോ-
യെന്തൊരുസന്തോഷമായിരുന്നൂ

കണ്ണുനീർ പൂക്കളായന്നു ഞാനർപ്പിച്ചു
കണ്ണൻ്റെ നൽതിരുമേനിതന്നിൽ

കയ്യിലെടുത്തു ഞാൻ പുൽകാൻ ശ്രമിക്കവേ
കൈവിട്ടുപോയെൻ്റെ കണ്ണനുണ്ണി

കാളിന്ദിയാറ്റിലേയ്ക്കങ്ങുചാടീയുടൻ
കാളിയനാഗവുമങ്ങുവന്നൂ

പിന്നെയുണ്ടായ് വന്നതെന്തു, ചൊല്ലാനെനി-
യ്ക്കെന്നല്ലൊരാൾക്കുമിങ്ങാകയില്ല

എന്നാലുമക്കഥ കേൾക്കാത്ത കൂട്ടരും
മന്നിങ്കലാരുമുണ്ടാകയില്ലാ

ഇന്നലെയോളമെന്മുന്നിൽക്കളിച്ചവ –
നിന്നില്ലയെങ്ങുപോയാരറിഞ്ഞു

ഒന്നുവന്നെത്തിയാവൃത്താന്തമോതുവാ-
നെന്തേ വരുന്നില്ല ഗോപബാലര്‍

പറ്റില്ല തെല്ലൊന്നനങ്ങുവാനെന്നതെൻ
തെറ്റായ് നിനയ്ക്കൊല്ല കണ്ണനുണ്ണി

വിങ്ങും മനസ്സിന്നു ശാന്തിയേകീടുവാ-
നിങ്ങു നീ വീണ്ടുമൊന്നെത്തീടുമോ

പാഴ്മുളം തണ്ടിനെപൊൻവേണുവാക്കി നിൻ
പ്രാണൻ പകർന്നുകൊണ്ടെന്നപോലെ
പാവമിജ്ജീവനെ വീണ്ടുമുണർത്തുവാൻ
പ്രത്യക്ഷനാകുമങ്ങേതുനാളിൽ

കാളിന്ദിയാറ്റിന്റെവക്കത്തുനില്പതാം
കാട്ടുകദംബം കരഞ്ഞതേവം

കാറ്റേ കദംബത്തിന്നീസങ്കടം ഭവാന്‍
കണ്ണനോടൊന്നുപോയ്ചൊല്ലീടുമോ

#കൃഷ്ണവിരഹം #കദംബവിഷാദം #ദാസ്യഭക്തി

എങ്ങുപോയെങ്ങുപോയെൻ ശ്യാമവർണ്ണനി –
ന്നെങ്ങുപോയെങ്ങുപോയ് കോമളാംഗൻ

എങ്ങും വിഷാദം നിറഞ്ഞതെന്തേ മനം
വിങ്ങുന്നതായിന്നു കാണ്മതെന്തേ

കാലിയെ മേയ്ക്കുവാൻ കാനനം തന്നിലേ –
യ്ക്കോടിയെത്തുന്നവനെങ്ങുപോയി

കാടുമിക്കാട്ടാറുമെന്തിന്നു മൂകമായ്
കേഴുന്നു, കണ്ണനെന്തേ മറഞ്ഞൂ

പൂനിലാവേകിടാൻ ചന്ദ്രനെത്തായ്കിലും
പാരിലാരും വിഷാദിക്കയില്ലാ

പാലൊളിപ്പുഞ്ചിരിയൊന്നുകണ്ടാൽ മതി
പോകുന്നു ദുഃഖം തമസ്സുപോലെ

തുമ്പയും മുല്ലയും തെച്ചിയും കൈതയും
ചെമ്പകപ്പൂവും കരഞ്ഞിടുന്നൂ

തുമ്പമങ്ങിത്രമേലെന്തേ വരാനെൻ്റെ ന-
ല്ലന്പേറും കണ്ണനിന്നെങ്ങുപോയി

കൂരിരുട്ടിൽ തനിച്ചാക്കീട്ടൊളിച്ചാലും
പാരമിമ്മട്ടിൽ ഭയന്നതില്ലാ

നേരു ചൊല്ലീടുമോ, കണ്ണ നീയെങ്ങുപോയ്
നേരിട്ടു മുന്നിൽ വരാത്തതെന്തേ

ഓടക്കുഴൽ വിളി കേൾക്കാത്തതെന്തു ഞാൻ
കാതുകൾക്കില്ലയോ ശക്തികേൾക്കാൻ

കണ്ണിലിന്നിത്ര മേൽ കുരിരുട്ടാകുവാൻ
കാരണമെന്തു നീ പോയ് മറഞ്ഞോ

കേട്ടു ഞാനക്രൂരനെന്നൊരാൾ വന്നതും
കൂടെ നീ പോയെന്നുമെങ്കിലെല്ലാം
കേളിയെന്നോർത്തു തൻ ദാസരെ വിട്ടിടാ
കണ്ണനെന്നേ മനസ്സോർത്തതുള്ളൂ

എങ്ങു നീയെങ്ങു നീയെന്നുവന്നെത്തിടും
വിങ്ങും മനസ്സെന്നു ശാന്തമാകും

മങ്ങുമിക്കാഴ്ചകൾക്കേഴഴകേകിടാൻ
മാധവാ നീയെന്നുവന്നുചേരും

ഗോകുലം വിട്ടെങ്ങുപോയെന്തിനാ, യിന്നു
ഗോകുലം കേഴുന്നു, കാണ്മതില്ലേ

ഗോക്കളും കാടുമീമേടും കരയുന്നു
ഗോവിന്ദ നീയിതു കാണ്മതില്ലേ

ആ ക്രൂരനാകുമൊരക്രൂരനെത്തിയോ?
തല്‍ക്ഷണം തന്നെ നീ പോയ് മറഞ്ഞോ?

ഈ കാട്ടിലുള്ളതാം പാവം ജനങ്ങളെ-
യൊക്കെയും കണ്ണനെന്തേ മറന്നോ?

നീയിനിയിങ്ങോട്ടു കാണാന്‍ വരില്ലയെ-
ന്നായര്‍കുലം തെല്ലറിഞ്ഞതില്ലാ

പായുമിക്കാലത്തിനൊത്തോര്‍മ്മ തെല്ലുമേ
മായുന്നതില്ലയെന്‍ കണ്ണനുണ്ണീ

പട്ടണം തന്നിലോ വാഴുന്നതുണ്ണി നീ
പട്ടണവാസികള്‍ നല്ലവരോ?

പൊയ്മുഖം കാട്ടുന്ന കൂട്ടരെന്നല്ലയോ
പണ്ടേ മുതല്‍ക്കൊണ്ടു കേട്ടതെല്ലാം

നെഞ്ചിലായ് നഞ്ഞുമായ് പൂതന ചെയ്തൊരാ-
വന്‍ചതിനീയെന്തറിഞ്ഞു കണ്ണാ

കുഞ്ഞായിരുന്നന്നു വഞ്ചന തന്‍ വഴി
പിഞ്ചോമനേ നീയറിഞ്ഞതില്ലാ

ഒക്കെയിരിക്കട്ടെ വെണ്ണയും പാലുമെ-
ന്നൊക്കെയും കിട്ടുമോ പട്ടണത്തില്‍

ഇങ്ങതുണ്ടെങ്കിലും നീയില്ലയാകയാല്‍
മങ്ങുന്നു വിങ്ങുന്നു മന്മാനസം

ഒന്നുകണ്ടീടുവാനാശയുണ്ടെങ്കിലും
നന്ദജാ യാത്രയും വയ്യയിപ്പോള്‍

നന്നായിരിക്കുന്നുവെന്നു കേട്ടാല്‍ മതി
സന്തോഷമാകുവാനെന്റെയുണ്ണീ