Archive for March, 2022

ഗുരു തൻ സങ്കടം തീർക്കും
തിരുവല്ലീശ്വരാ ഭവാൻ
തിരുവല്ലിദയം തന്നിൽ
തിരുദർശനമേകണേ

3.28 തിരുവയ്യാറ് (തുടർച്ച)

സുന്ദരരുടെ സമകാലീനനായിരുന്നു പെരുംകോതയാർ എന്ന പേരുള്ള ചേരരാജാവായ ചേരമാൻ പെരുമാൾ. കുട്ടിക്കാലം മുതൽക്കേ ശിവഭക്തിയിൽ ആകൃഷ്ടനായി , ശിവസേവയിൽ മുഴുകിക്കഴിഞ്ഞു. അന്നത്തെ രാജാവ് വനവാസത്തിനായി പോകാൻ നിശ്ചയിച്ചപ്പോൾ വൈമനസ്യത്തോടെ അദ്ദേഹത്തിന് രാജ്യാധികാരം ഏറ്റെടുക്കേണ്ടിവന്നു. ഭരണം ഏറ്റെടുത്ത് മടങ്ങുമ്പോൾ മണ്ണുപുരണ്ടദേഹവുമായി പോകുന്ന അലക്കുകാരനെ കണ്ട് ശിവഭക്തനാണെന്ന് കരുതി പല്ലക്കിൽ നിന്നും ഇറങ്ങി നമസ്കരിച്ചുവത്രേ. ഞെട്ടിപ്പോയ അലക്കുകാരൻ താൻ ഒരു സാധാരണ അലക്കുകാരനാണെന്ന് പറഞ്ഞപ്പോൾ ഇദ്ദേഹം സ്വയം വിനീതനായ ചേരൻ എന്ന് പരിചയപ്പെടുത്തിയത്രേ! തുടർന്നും അദ്ദേഹം ശിവഭക്തിയിൽ മുഴുകി രാജ്യം ഭരിച്ചു

നിത്യവും പ്രഭാതപൂജാസമയത്ത് ശിവഭഗവാൻ്റെ ചിലങ്കയുടെ ശബ്ദം അദ്ദേഹത്തിണ് കേൾക്കാൻ സാധിച്ചിരുന്നുവത്രേ! ഒരിക്കൽ അത് തീരെക്കേട്ടില്ല; വളരെ വിഷമിച്ചുനിന്നപ്പോൾ ‘തൻ്റെ നടരാജനടനം കണ്ടുപാടിക്കൊണ്ടിരുന്ന സുന്ദരരുടെ പാട്ട് കേട്ട് സ്വയം മറന്നുപോയതാണ് എന്ന് ഒരു അശരീരി കേട്ടു. തുടർന്ന് സുന്ദരരെ ചെന്ന് കാണാൻ മോഹമുദിച്ച രാജാവ് രാജ്യഭരണം മന്ത്രിമാരെ ഏല്പിച്ച് പല ശിവക്ഷേത്രങ്ങളിലും തൊഴുത് തിരുവാരൂരെത്തി സുന്ദരരെ കണ്ട് തീർത്ഥാടനവും സത്സംഗവുമായി കുറെനാൾ തീർത്തു. പിന്നെ സ്വരാജ്യത്തിലേയ്ക്ക് മടക്കം സുന്ദരരെയും കൂടെക്കൂട്ടി.

രണ്ടുപേരും കൂടി മടങ്ങുമ്പോൾ തിരുവയ്യാർ ഭാഗത്ത് എത്തിയപ്പോൾ ഈ ക്ഷേത്രഗോപുരം ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ തൊഴാൻ മോഹം ഉദിച്ചു, എന്നാൽ കാവേരി കരകവിഞ്ഞ് വഴിനടഞ്ഞ് ഒഴുകുകയായിരുന്നു. എന്ത് ചെയ്യും എന്ന് വിഷമിച്ച് നിന്ന സുന്ദരർ പാടിയ തേവാരമാണ് ഇത്: https://www.youtube.com/watch?v=G64M7bTYZ8k

പശുക്കുട്ടിയുടെ കരച്ചിൽ കേട്ട പശു കണക്ക് പശുപതിയായ ഭഗവാൻ്റെ മനസ്സ് ഉരുകി. അപ്പോൾ വിനായകർ ‘ഓളം ഓളം” എന്ന് വിളിച്ചുപറഞ്ഞു. അപ്പോൾ കാവേരി അവർക്ക് കടക്കാനായി വഴിവിട്ടുകൊടുത്തുവത്രേ!
ഇന്നും അവിടെ ഗണപതി ഓളമിട്ട വിനായകർ എന്ന് അറിയപ്പെടുന്നു
(തുടരും…)

അഭയം

Posted: March 31, 2022 in വസന്തതിലകം

ശ്രീരംഗനാഥകൃപയൂറിനിറഞ്ഞുപാട്ടാ-
യീരംഗഭൂവിലണയുമ്പൊഴുതെൻ്റെനെഞ്ചം
ശ്രീരംഗമാകുമതിലായ് തെളിയും സമോദം
സാരംഗപാണിയഭയം ഭയമാറ്റിയേകും

പാൽപ്പായസം സദയമീശ്വരനേകിടുമ്പോൾ
കയ്പ്പയ്ക്കനീരുതിരയാതെയിരിക്ക നെഞ്ചേ!
ഇപ്പാരിലുള്ള വിഷമങ്ങളകറ്റുവാനായ്
തൃപ്പാദപദ്മമകരന്ദരസം രസിക്കൂ

3.28 തിരുവയ്യാറ്

ഒരിക്കൽ അപ്പർ കാളഹസ്തിയിൽ തൊഴുതു നിൽക്കുമ്പോൾ കൈലാസത്തിൽ പോയി ഭഗവാനെ ദർശിക്കാൻ മോഹമുദിച്ചു. വടക്കോട്ട് നടന്ന് ഗംഗാതീരത്ത് എത്തിയപ്പോൾ ശിഷ്യഗണങ്ങളോട് അവിടെ നിന്നു കൊള്ളാൻ പറഞ്ഞ് വീണ്ടും യാത്രയായി. കായ്കനികൾ മാത്രമായി ഭക്ഷണം. ക്രമേണ നടക്കാനും വയ്യാത്ത നിലയായി. നിരങ്ങിക്കൊണ്ട് കുറെ കാടും കടന്ന് ഹിമാലയത്തിന്റെ താഴ്വാരത്തെത്തി. മഞ്ഞുമൂടിയ ഏതോ കുന്നിൽ ശിവകീർത്തനങ്ങളും പാടിയിരിക്കവേ ബോധം മറഞ്ഞു. ഭഗവാൻ മരവുരി ധരിച്ച് ജടാധാരിയായി ഭസ്മാലംകൃതനായ ഒരു യോഗിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് എന്തിനാണ് വന്നത് എന്ന് ചോദിച്ചു. ആവശ്യം അറിഞ്ഞപ്പോൾ കൈലാസം ദേവന്മാർക്കുപോലും അപ്രാപ്യമാണ് പിന്നെ മനുഷ്യൻ എങ്ങിനെ അവിടെ എത്തും എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. കൈലാസദർശനം സാധിക്കില്ലെങ്കിൽ പിന്നെ ഈ ദേഹം എന്തിനെന്നായി അപ്പർ . ഇത്ര നിരുത്സാഹപ്പെടുത്തിയും മടങ്ങുന്നില്ല എന്ന് കണ്ടപ്പോൾ യോഗി മറഞ്ഞു. മാനത്ത് നിന്നും അശരീരി മുഴങ്ങി അവിടെ അടുത്തുള്ള ഒരു പൊയ്കയിൽ കുളിക്കൂ, തിരുവയ്യാറിൽ കൈലാസദർശനം നൽകാം എന്ന് പറഞ്ഞുവത്രേ. ആ പൊയ്കയിൽ മുങ്ങിയെഴുന്നേറ്റത് തിരുവയ്യാറിൽ ആയിരുന്നുവത്രേ!

അപ്പർക്ക് തിരുവയ്യാറ് ക്ഷേത്രം കൈലാസമായി മാറി. നന്ദി അദ്ദേഹത്തെ ഭഗവാന്റെ മുമ്പിലേയ്ക്ക് ആനയിച്ചു. അവിടെ ശ്രീപാർവ്വതീസമേതനായി, ബ്രഹ്മാവ് വിഷ്ണു മുതലായവരാൽ പൂജിതനായി ഭഗവാൻ ഇരിക്കുന്നത് കണ്ട് തൊഴുതു.
പൂർണ്ണഭക്തിയോടെ മുങ്ങിയായാൽ ഏത് പുഴയും കുളവും മാനസസരോവർ, എല്ലായിടവും ഭഗവാനുള്ള കൈലാസം എന്നും കാണിച്ചതാകാം

ആ സമയത്ത് അദ്ദേഹം എഴുതിയ തേവാരം :
https://youtu.be/3XAgPZIZiII
ഈ ക്ഷേത്രം ഇന്നും ദക്ഷിണകൈലാസം അഥവാ തെൻകൈലാസം ആയി അറിയപ്പെടുന്നു
(തുടരും … )

ധ്യാനം

Posted: March 31, 2022 in രഥോദ്ധത

ആരിലും കരുണ പെയ്തുകൊണ്ടു കൊ-
ല്ലൂരിലെന്നുമമരുന്നപോലവേ
വാരിജാക്ഷി! കൃപ തൂകിയെന്റെ ഹൃ –
ത്താരിലും തെളിക ശാന്തിയേകുവാൻ

വാണിയായ്, ഗിരിജയായി, ലക്ഷ്മിയായ്
വാണിടുന്ന പരമപ്രകാശമേ
പാണികൂപ്പിയടിയൻ നമിപ്പു സദ്-
വാണിയായ് തെളിക നാവിലെപ്പൊഴും

കാളിടുന്ന വിഷമങ്ങളാറ്റുവാൻ
കാളിയായ് തെളിയണേ സദാശിവേ
വാളിനാലരിക ദുഃഷ്ടചിന്തയെ –
ന്നാളിലും കള കളഞ്ഞിടുന്നപോൽ

വാണി!

Posted: March 31, 2022 in സ്രഗ്ദ്ധര

തെറ്റില്ലെന്നല്ല തെറ്റാം പറയുവതഖിലം
തന്നെ, യെന്നാലുമെന്നും
തെറ്റെന്നെത്തിത്തുണച്ചീടണമിവനെ,യെനി-
ക്കാശ്രയം നിൻ കടാക്ഷം
കുറ്റംമാറ്റിത്തരേണം, മമ മൊഴി മധുപോ-
ലാർക്കുമാശ്വാസമേകും
മട്ടായിത്തീരുവാനായനുദിനമകമേ
വാണി ! നീ വാണിടേണം

പൊന്നോട തന്നിടതു കൈയിനിടുക്കിൽ വച്ചും
നന്നായ് ചിരിച്ചു, നറുവെണ്ണ വലം കരത്തിൽ
സന്തോഷമോടുരുളയാക്കിയെടുത്തുമാഹാ !
നന്ദാത്മജൻ മരുവിടുന്നതു കാൺക, കണ്ണേ!

പ്രോഗ്രാമിങ്ങിൻ ലഹരി നുരയും
കോപ്പയിൽ തെല്ലുമുക്കാം
ടെക്ക്നോപാർക്കിന്നകമെയതുപോൽ
സദ്യയും ഹൃദ്യമാക്കാം
ഒക്കെക്കൂടിസ്സരസമിനിമേ-
ലൈട്ടിയെൻ നാട്ടിലെല്ലാ-
മുൾക്കാമ്പിന്നക്കുളിരുപകരാൻ
കൂട്ടരേ കൂട്ടുകൂടാം

വെണ്ണയ്ക്കുവാശിതുടരുന്നതുകണ്ടുചേരും
വണ്ണം മൃദുത്വമെഴുമിഡ്ഡലിയൊട്ടനേകം
കിണ്ണത്തിലാക്കിയൊരുനാളുകൊടുത്തുതായാൾ
കണ്ണൻ ഭുജിച്ചു ചിരിതൂകിയിരുന്നുവത്രേ!