Archive for March 14, 2022

ധ്യാനം

Posted: March 14, 2022 in വനമാലം

ഗിരിജേ! നിൻ ചരണയുഗം താൻ ശരണമെനിക്കായതിനാലേ
വരികെന്നും തുണയരുളാനായ് തൊഴുതിവനും നിൻ സ്തുതി പാടാം
അരികെത്താനമരുക, ചിത്തേ ഭയമ കലാനായ് വഴി കാട്ടൂ
തരികമ്മേയഭയമെനിക്കാപദയുഗളപ്പൂവിലിദാനീം

ധ്യാനം

Posted: March 14, 2022 in പൃത്ഥ്വി

ഹരന്റെ മകനായ് പുരാ വിപിനഭൂവിലുണ്ടായവൻ
ഹരിക്ക വിഷമം സദാ ഭയമകറ്റി രക്ഷിപ്പവൻ
ഇരിക്ക മമ മാനസേ ചുരിക വില്ലുമായ് വ ന്നു നീ-
യെരിക്ക വിഷമം തരും രിപുഗണത്തെയൊക്കവേ

ഇനി ദുഃഖമകന്നീടാൻ
ശനീശ്വര ! തുണയ്ക്കണേ
കനിവെന്നിൽ ചൊരിഞ്ഞീടൂ
കിനാവും നല്ലതാകുവാൻ

പീലി, ഗോപിയളകങ്ങളേവമ –
ച്ചേലെഴുന്ന മിഴി, മന്ദഹാസവും
വെണ്ണ, വേണുയിവയുള്ളകൈമെൻ
കണ്ണ! പാദയുഗവും തൊഴുന്നു ഞാൻ


അറുപത്തിമൂവരിൽ ഒരാളായ അപ്പൂതി അടികളുടെ ജന്മദേശമാണ് ഇത്. ശിവഭക്തനായ ഒരു വ്യാപാരിയായിരുന്നു അദ്ദേഹം. അദ്ദേഹം അപ്പരുടെ ( തിരുനാവുക്കരസ്) സമകാലീനനായിരുന്നു. അദ്ദേഹം അപ്പരെ കുറിച്ച് അറിഞ്ഞശേഷം അപ്പരുടെ ആരാധകനായി തീർന്നു. മകനും തിരുനാവുക്കരസ് എന്നാണ് പേരിട്ടത്.
അപ്പൂതി അടികൾ ഈശ്വരസേവയിലും മാനവസേവയിലും ആയി കാലം കഴിച്ചു പോന്നു. എന്നാൽ ഈ സേവനങ്ങളെല്ലാം തന്നെ തന്റെ പേരിലല്ല, തിരുനാവുക്കരസ് സ്വാമികളുടെ പേരിലായിരുന്നു ചെയ്തു പോന്നത്. ഒരിക്കൽ അപ്പർ ഈ വഴി യാത്ര ചെയ്യാനിടയായി. തന്റെ പേരിൽ ഇത്രയധികം സേവനങ്ങൾ കണ്ട് എന്തുകൊണ്ടാണ് സ്വന്തം പേരിൽ ചെയ്യാതെ ഈ പേരിൽ ചെയ്യുന്നത് എന്ന് ചോദിച്ചു.
ഈ ചോദ്യം അപ്പൂതി അടികൾക്ക് വിഷമം ഉണ്ടാക്കി. അപ്പരുടെ മഹത്ത്വം അറിയാത്തതുകൊണ്ടാണ് താങ്കൾ ഇത് ചോദിക്കുന്നത് എന്ന് പറഞ്ഞു. അപ്പോൾ താൻ തന്നെയാണ് അപ്പർ എന്ന് പരിചയപ്പെടുത്തി.
അതീവസന്തുഷ്ടനായ അപ്പൂതി അടികൾ അപ്പരെ സ്വഗൃഹത്തിലേയ്ക്ക് ക്ഷണിച്ചു. അപ്പർക്ക് ഭോജനത്തിനായി ഇല മുറിക്കാൻ പോയ അപ്പൂതി അടികളുടെ മകനെ പാമ്പ് കടിച്ചു. മകൻ മുറിച്ചെടുത്ത ഇലയും കൊണ്ട് വീട്ടിലെത്തി. അധികം വൈകാതെ മരിച്ചുപോയി.
മരണവാർത്ത അറിഞ്ഞാൽ അപ്പർ ഭക്ഷണം കഴിച്ചേക്കില്ല എന്ന ഭയത്തിൽ ആതിഥേയർ സത്യം മറച്ച് ഭക്ഷണം കൊടുക്കാൻ ഒരുങ്ങി. അപ്പർ മകനെ അന്വേഷിച്ചു. അപ്പോൾ നിവൃത്തിയില്ലാതെ വാസ്തവം പറയേണ്ടിവന്നു.
തുടർന്ന് ആ കുട്ടിയെ അടുത്തുതന്നെയുള്ള ഈ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തേവാരം പാടി. ശിവകൃപയാൽ കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതുപോലെ എഴുന്നേറ്റുവത്രേ.
(തുടരും …)

3.22 തിങ്കളൂർ
തമിഴ്നാട്ടിലെ കുംഭകോണത്തിന്റെ ചുറ്റുമായുള്ള നവഗ്രഹക്ഷേത്രങ്ങളിൽ ചന്ദ്രന്റെ ക്ഷേത്രമാണ് ഇത്.
ചന്ദ്രൻ ഭാര്യമായ നക്ഷത്രങ്ങളിൽ രോഹിണിയോടു മാത്രം പ്രിയം കാണിച്ചപ്പോൾ മറ്റു ഭാര്യമാർക്ക് വിഷമമായി. അവർ അവരുടെ പിതാവായ ദക്ഷപ്രജാപതിയെ സമീപിച്ച് സങ്കടം ഉണർത്തിച്ചപ്പോൾ അദ്ദേഹം ചന്ദ്രനെ ശപിച്ചു. തുടർന്ന് ചന്ദ്രനുണ്ടായ ദേഹക്ഷയം കണ്ട് വിഷമിച്ച് അവർ സങ്കടമുണർത്തിച്ചപ്പോൾ ശാപമോക്ഷത്തിനായി ശിവനെ തപസ്സ് ചെയ്യാൻ പറഞ്ഞു. അങ്ങിനെ അദ്ദേഹം തപസ്സ് ചെയ്ത സ്ഥലമാണ് ഇത് എന്ന് പറയപ്പെടുന്നു. അപ്പോൾ ശിവൻ നൽകിയ അനുഗ്രഹഫലമായാണ് ദേഹം ശേഷിച്ചാലും വീണ്ടും വളർന്ന് പൂർണ്ണത പ്രാപിക്കാനാവുന്നത്.
പാലാഴിമഥനസമയത്ത് വന്ന അമ്യത് മോഹിനി ദേവന്മാർക്കായി കൊടുക്കുമ്പോൾ ദേവരൂപത്തിലിരുന്ന അസുരനെ സൂര്യചന്ദ്രന്മാർ ചൂണ്ടിക്കാണിച്ചു എന്ന് പുരാണങ്ങൾ പറയുന്നു. തുടർന്ന വിഷ്ണുഭഗവാന്റെ സുദർശനം കൊണ്ട് രണ്ടായി മുറഞ്ഞെങ്കിലും അമൃതം ഭുജിച്ചതിനാൽ
മരണം ഇല്ലാതായ അവർ സൂര്യചന്ദ്രന്മാർക്ക് നേരെ തിരിഞ്ഞു. തന്നെ വിഴുങ്ങാൻ വന്നപ്പോൾ ശിവഭഗവാനെ അഭയം പ്രാപിച്ച് തപസ്സ് ചെയ്തതും ഇവിടെയാണത്രേ . വിഴുങ്ങിയാലും മോചനവും പൂർണ്ണദേഹപ്രാപ്തിയും വരമായി കൊടുക്കുകയും തന്റെ ശിരോലങ്കാരമായി സ്വീകരിക്കുകയും ചെയ്തു.
(തുടരും …)

ഓടക്കുഴലൊരു കൈയിലേന്തും കണ്ണ-
നോടൊപ്പമായ് ബലരാമനുണ്ടേ !
ഓടിക്കളിക്കുന്നു വാതാലയത്തില –
ങ്ങോടിയെത്തീടുക നീ മനസ്സേ !

ശോകനാശിനീ

Posted: March 14, 2022 in Malayalam

ശോകനാശിനീ സ്നേഹരൂപിണീ
ശോകമെന്നുമേ മാറ്റിയെത്തിടൂ
ക്ഷേമമേകിടും നീയൊഴുക്കിടും
പ്രേമധാര, തേ നന്മ നേർന്നിടാം

ദ്യോവിൽപ്പൊങ്ങിവരുന്നതാംകതിരവൻ
പൊട്ടായ് വിളങ്ങുന്നൊരീ
ഭൂവിന്നാട തരുക്കളെന്നുമിവിടെ-
ച്ചാർത്തുന്നു ഭക്ത്യാദരാൽ
കാവിൽദ്ദേവതപോൽ വിളങ്ങിടുവതാം
നാടേ! സദാ വാഴ്ക ഹൃത് –
പൂവിൽ, ക്കണ്ടു രസിച്ചിടട്ടെ പതിവായ്
നിൻ മഞ്ജുരൂപത്തെ ഞാൻ

പാലക്കാടിന്റെ ചന്തം സഹൃദയഹൃദയം
തന്നിലാനന്ദമെല്ലാ-
ക്കാലത്തും ചേർക്കുമല്ലോ, കതിരവനണയും
നിത്യമിക്കാഴ്ച കാണാൻ
ആലസ്യം വിട്ടെണീക്കും മമ മനമതു ക –
ണ്ടീടുവാൻ, കണ്ടുനിന്നാൽ
മാലറ്റീടുന്നു , പുത്തൻ പുലരിയിലിതു ക –
ണ്ടാസ്വദിക്കൂ മനസ്സേ !