Archive for July, 2020

നിറപറ

Posted: July 31, 2020 in മാലിനി

നിറപറ നരനുള്ളം, നന്മ താനുള്ളിലേവം
നിറയണ, മതു നല്കും ശാന്തിയീവാഴ്വിനെന്നും
നിറവതിലുളവാകും കാണുവോര്‍ക്കും, വിഷാദം
മറയുമുടനെ, കൂപ്പാമിക്കൃപയ്ക്കെന്മനസ്സും

കാടുതന്നെ മമ മാനസം, വിവിധചിന്തയായ മൃഗമേറെയ-
ങ്ങോടിടുന്നു, കൃപയൂറിടുന്നു പുഴയായതില്‍ സതതമീശ്വരീ
തേടിടുന്നു വഴിയിന്നതൊന്നു നുകരാന്‍, തുണയ്ക്ക കനിവോടെ, ഞാന്‍
പാടിടുന്ന പദമൊക്കെയും ചരണപങ്കജത്തിലണയാനുമായ്

സദാശിവബ്രഹ്മേന്ദ്ര ‘പിബരേ രാമരസം’ എന്ന ഭക്തിരസമൂറുന്ന കൃതി അമ്മയ്ക്ക് വളരെ പ്രിയമായിരുന്നു; അത് അമ്മ പാടിയാണ്‌ ഞാന്‍ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതും

ഈ രാമായണമാസകാലത്ത് അത് വീണ്ടും കേള്‍ക്കാനിടയായി; തുടര്‍ ന്ന് ഞാന്‍ സ്വയം അറിയാതെ ചെയ്തതാണ്‌ ഈ മൊഴിമാറ്റം … ആ കൃതി അനന്തിരവന്‍ ദീപക് വര്‍മ്മ (ദീപു) അതിമനോഹരമായി ആലപിച്ചത് സഹൃദയസദസ്സിന്‌ മുമ്പില്‍ പങ്കുവയ്ക്കുന്നു; വയലിനും ദീപു തന്നെയാണ് വായിച്ചിട്ടുള്ളത്

ചങ്ങാത്തനാളാമിതിലോര്‍ത്തിടാം നല്‍-
ചങ്ങാതിമാരാമിരുകൂട്ടരേയും
തേങ്ങാന്‍ തുടങ്ങുന്നതറിഞ്ഞു നോവില്‍
താങ്ങായ് വരും കണ്ണനെയോര്‍ത്തുകൂപ്പാം

ഒരേ മരത്തിന്നിരുശാഖമേല-
ന്നിരുന്നിരുന്നോരിവരേകനെന്നാല്‍
ഇരുന്ന കൊമ്പില്‍ ക്കനികണ്ടതും നി-
ന്നിരുന്നു തന്‍തോഴനെയും മറന്നൂ

മറന്നുപോയ് തന്‍ നിജരൂപമത്രേ
മറഞ്ഞുപോല്‍ കാഴ്ചകളൊക്കെ, പാവം
വിറച്ചുപോയ്, തോഴനണഞ്ഞു മോദം
നിറച്ചു കണ്ണീരുതുടച്ചുമാറ്റി

ധ്യാനം 

Posted: July 30, 2020 in മാലിനി

ഉരുഭയമകതാരില്‍ തോന്നിടും നേരമോര്‍ക്കും
ഗുരുപവനപുരേശന്‍ തന്‍ പദം തന്നെയുള്ളില്‍  
ഒരുതുണയരുളീടാന്‍ ശക്തനാര്‍ വേറെ, കാക്കാന്‍ 
വരുമവനിതുതാന്‍ ഞാന്‍ ഓര്‍ത്തു കൂപ്പിടുന്നു

മലരിൽ മലരുണ്ടായാൽ
മഹാവിസ്മയമെപ്പൊഴും
മനോപദ്മേ വിളങ്ങുന്നൂ
മഹത്താം ലോകമത്ഭുതം

മഹാദേവീപദാംഭോജം
ലോകപദ്മേ വിളങ്ങിടും
മനസ്സീമട്ടുകാണുമ്പോൾ
മോഹിച്ചാലില്ല വിസ്മയം

എന്നും വീടിനടുത്തു ശാഖിയിലിരു-
ന്നിട്ടൊന്നു രാമായണം
നന്നായ് പാടിരസിച്ചിടുന്ന കുയിലേ
നിൻ പാട്ടു കേട്ടീടവേ
എന്താണെന്നറിയില്ല ഭക്തിയമൃതാ –
യൂറുന്നു മന്മാനസേ
സന്തോഷം വളരുന്നിതാദികവിയോ
വന്ദിച്ചു നിൽക്കുന്നു ഞാൻ

എന്താണെൻ കുയിലേ, നിനക്കുമിതുപോൽ
ലോക്ഡൌണിലോ ലോക, മി-
ങ്ങെന്നും വന്നൊരുപാട്ടുപാടിയമരു-
ന്നുണ്ടെന്നുകാണുന്നു ഞാൻ+
നന്നായീവിധമുള്ളപാട്ടുപലതും
പാടിപ്പഠിച്ചെന്നതേ
നന്നായ്, ലോകരിതാസ്വദിക്കുമമൃതം
നിൻ ഗാനമെന്നോമനേ

+ എന്നും രാപ്പകലില്ലാതെ കുയിലിൻ്റെ പാട്ടുകേൾക്കാമിവിടെ

മുഖംമൂടി കണ്ടാൽ ഭയം പണ്ടു, മർത്യൻ
മുഖം മൂടിടായ്കിൽ ഭയക്കേണ്ട മട്ടായ്
സുഖം തേടിയോടും നരൻ വീട്ടിലെപ്പൂ –
മുഖം വിട്ടുപോവാൻ ഭയക്കുന്നു, ചിത്രം!

തേങ്ങാപ്പൂളൊരുകഷ്ണവും പൊരികളും
നല്ലോരുപാത്രത്തിലാ-
യങ്ങിങ്ങായിനിരത്തിവച്ചു പതിവായ്
പൂജിക്കുവാനെത്തുവോള്‍
ഇങ്ങെത്തീ, ഗണനായകാ, വരിക നീ
കാരുണ്യമാം വെണ്ണിലാ-
വെങ്ങും തൂകി, നമിച്ചുനില്പു ഭുവനം,
നല്കൂ ഭവദ്ദര്‍ശനം