Archive for June, 2021

ഹരേ

Posted: June 30, 2021 in അപരവക്ത്രം

ഗുരുപവനപുരേശനേകിടും
പുരുകൃപ താനിവനെന്നുമാശ്രയം
തിരുവടികളിലെന്മനം സദാ
മരുവിടുവാൻ വരമേകണേ ഹരേ

കാവ്യാലാപവിനോദിനീകരുണ താൻ
ചൈതന്യമെൻ ജീവിത-
ക്കാവ്യത്തിന്നു കരുത്തുമെന്നുമതിനാൽ
നവ്യം സദാ, ഹൃദ്യവും
കാവ്യത്തിൻ പരിശുദ്ധി നെഞ്ചിലുണരാൻ
വാക്കായണഞ്ഞീടുവാൻ
ദേവീ നീ വഴികാട്ടിടേണമതിനായ്
കൂപ്പുന്നു ഞാനെപ്പൊഴും

കയ്യെത്തുംദിക്കു വേഗാൽ നയനമണയണം
നൂന, മെന്നല്ലി ചൊല്വൂ,
മെയ്യാടുമ്പോൾ, മനസ്സും ദ്രുതമിവയിളകും
മട്ടുചെന്നെത്തിടേണം
പൊയ്യല്ലാ ജീവിതത്തിൻ നിയമവുമിതുതാ-
നാർക്കുമെന്നോർക്ക, നിത്യം
ചെയ്യും കർമ്മങ്ങളേവം തുടരണമുലകാം
നൃത്തരംഗത്തിലത്രേ

പ്രചോദനം:”യതോ ഹസ്തഃ തതോ ദൃഷ്ടി യതോ ദൃഷ്ടി തതോ മനഃ “

ഇവൻ്റെ നെഞ്ചിൽ സദയം വസിക്കും
നാവാമുകുന്ദൻ തുണയേകുമെന്നാൽ
ഭവം തരില്ലാ വിഷമം സ്തുതിക്കാ-
നാവട്ടെയെൻ നാവു ചലിപ്പതെന്നും

ധ്യാനം

Posted: June 30, 2021 in വംശസ്ഥം

സ്മരിക്കണം ശങ്കരിതൻ പദത്തെ, വി-
സ്മരിക്കണം ലോകവിചാരമൊക്കെയും
വരിക്കണം നാമജപത്തെ, ശാന്തമാ-
യിരിക്കണം മാനസമേ ഭവാൻ സദാ

താതനന്നു ധരയിൽ പിറന്നതാ-
ണീദിനം പലതുമോർക്കുമെന്മനം
ഭൂതകാലമകമേ തെളിച്ചിടും
ജ്യോതിയിൽ തെളിയുമാമുഖാംബുജം

ആകാശം വീണിടട്ടേ,യഴകെഴുമതിലെ-
ത്താരകപ്പൂക്കളെല്ലാം
പോകട്ടേ, വന്ന മേഘപ്പരിഷകളകലെ-
പോയൊളിച്ചെന്നുമാട്ടേ
നീ കാണും കൂടെയെന്നാലതുമതി ഭഗവൻ!
ജീവനിക്കാലമേറും
ശോകം മാറാൻ, നമിപ്പൂ തിരുപദയുഗളം
തന്നിലെന്നും, ത്രയീശാ!

ശ്രീപാർവ്വതീദേവി കനിഞ്ഞു മാനസേ
തൃപ്പാദപദ്മം തെളിയാൻ തുണയ്ക്കണം
ഇപ്പാരിലെ സ്സങ്കടമൊട്ടകറ്റുവാ-
നപ്പുണ്യമാണാശ്രയമാർക്കുമെന്നുമേ

पार्थ: कर्णवधाय मार्गणगणं क्रुद्धो रणे संदधे
तस्यार्धेन निवार्य तच्छरगणं मूलैश्चतुभिर्हयान् |
शल्यं षड्भिरथेषुभिस्त्रिभिरपि च्छत्रं ध्वजं कार्मुकम्
चिच्छेदास्य शिरः शरेण कति ते यानर्जुनः संदधे

എൻ്റെ ഉത്തരം:


പാർത്ഥൻ പെയ്തതിലമ്പതേറ്റു രിപുവി-
ന്നസ്ത്രങ്ങ, ളശ്വങ്ങള-
ബ്ബാണം നാൽപതുകൊണ്ടു, ശല്യരതിലാ-
യാറേറ്റുമില്ലാതെയായ്
ഓരോന്നാലഥ ഛത്രമക്കൊടിയുമാ-
വില്ലും മുറിഞ്ഞൂ ജവാൽ,
കർണ്ണൻ വീണതുമൊന്നിനാലെ, ‘ശത’മി –
ച്ചോദ്യത്തിനെന്നുത്തരം

മേഘമേ!

Posted: June 28, 2021 in മാലിനി

ഒരുകുറി വഴിതെറ്റിപ്പോയതോ ഹേതുവായീ
വരുവതിനിതുകാലം, വേനലിൽ ദേഹമേറ്റം
ഉരുകിയ സമയത്തോ മേഘമേ! കണ്ടതില്ലീ-
കുരുണയൊഴുകിയിത്ഥം വന്നതിപ്പാരിലാരും