Archive for August, 2022


ഗുണമുള്ള ചിന്ത മനതാരിലൂറുവാൻ
ഗണനായകന്റെ കൃപ വേണമെപ്പൊഴും
ഉണരേണമെന്റെ ഹൃദി ഭക്തി , നിത്യവും
തുണയായിരിക്ക ശരണാർത്ഥി ഞാൻ പ്രഭോ

തേറ്റമേലേറ്റവും ഭദ്രമായ് ഭൂമിയെ –
ക്കേറ്റി നിൽക്കുന്നതാ വാതാലയേശ്വരൻ

ചക്രം, ഗദ, ശംഖു പദ്മവും നല്ലപോൽ
തൃക്കൈകളിൽ കണ്ടു കൂപ്പിടാമെപ്പൊഴും



https://youtu.be/B88A8duooF0



ആരന്നാളിൽ പെരസ്ട്രോയ്ക്കയിതി പുതുതരം
ചിന്ത പൊന്തിച്ചു റഷ്യ –
ക്കാരിൽ ഗ്ലാസ്നോസ്റ്റുമെത്തിച്ചതിനുടെ
മികവാൽ
നാടിനെശ്ശക്തമാക്കി
ആ രാഷ്ട്രത്തിന്നുണർവ്വിൻ തിരയുടനയലോ –
ക്കത്തുമെത്തിച്ചുമാറ്റം
ശ്രീരാജിക്കുന്നനോബേൽ വിജയമഥ വരി-
ച്ചോൻ മിഖേൽ ഹാ! മറഞ്ഞോ ?

മുറ്റം

Posted: August 31, 2022 in Uncategorized

തുമ്പ, മുക്കുറ്റിയും പൂത്ത മുറ്റം
തുമ്പികൾ പാറിപ്പറന്ന മുറ്റം

പൂ പറിക്കാൻ നല്ല പൂക്കളം തീർക്കുവാൻ
പണ്ടൊക്കെയോടിക്കളിച്ച മുറ്റം

നെല്ലിമരക്കൊമ്പിൽ കെട്ടിയോരൂഞ്ഞാലി –
ലെല്ലാരുമോടിക്കളിച്ച മുറ്റം

എങ്ങുപോയാമുറ്റമെൻ കളിക്കൂട്ടുകാ –
രെങ്ങുപോയാരുണ്ടു ചൊല്ലിത്തരാൻ

ചിത്തരയ്ക്കു മരുദാലയത്തിലായ്
ചിത്രമെന്നപടി കാണ്മു പൂക്കളം
എത്രയും കനിവൊടങ്ങു പാർവ്വതീ-
പുത്രനും മരുവിടുന്നു കൌതുകാൽ

ചിങ്ങത്തിൽ ചിത്തിര എന്നുമെൻ ചിന്തയിൽ
മങ്ങാതെ കാണുന്ന ചിത്രമല്ലോ

ജന്മനാളാണിതെന്നമ്മയ്ക്കവൾ തന്ന
നന്മ താൻ രക്ഷയെൻ ജീവനെന്നും

അരുൾക വെങ്കടമാമലമേൽ സദാ
മരുവിടും ഭഗവൻ ! തുണ സന്തതം
ഇരുളിലാണ്ട മനസ്സിനു രക്ഷ ത –
ന്നരുളണേ, ശരണം ചരണാംബുജം

അത്തനാളിലഴകാർന്ന പൂക്കളം
തീർത്തതാരു മരുദാലയേശനോ
ഭക്തവൃന്ദമിതു ചേർത്തുവച്ചിടും
ഹൃത്തടത്തിലഥ കൈവണങ്ങിടും

തോടേതു റോഡേതിവ വേർതിരിക്കാൻ
പാടേറെയാണെന്തൊരു കഷ്ടമോർത്താൽ
നാടേതുമിമ്മട്ടൊരുമാരിപെയ്താൽ
പാടേ വലയ്ക്കുംപടി മാറിടുന്നൂ

രണ്ടുകൈകളുംകൊണ്ടു വംശി തൻ
ചുണ്ടിനോടുടൻചേർത്തു ജീവനാ
തണ്ടിനേകിടും കണ്ണനെസ്വയം
കണ്ടുകൊൾക കൈകൂപ്പിനിൽക്കുക

https://youtu.be/dWHxAToR7QI