Archive for July, 2021

കാക്കാനണഞ്ഞീടണമെൻ്റെ പാറ-
മേൽക്കാവിലമ്മേ, ഭയമാറ്റണേ നീ
തൃക്കാൽക്കലെത്താൻ കഴിയും വിധത്തിൽ
വാക്കായിടട്ടേ മമ ചിന്തയെല്ലാം

ശ്രീശാന്തുകേട്ടുപഴിയേറെയുമന്നു, മാറി –
വീശുന്നു കാറ്റു, പലരും പതറുന്നു ചിത്രം!
കാശിൻ കരുത്തിലിഹകെട്ടിയ കോട്ടയെല്ലാം
നാശോന്മുഖം സമയമൊട്ടുപിഴച്ചിടുമ്പോൾ

പെട്ടെന്നണഞ്ഞ വെടിയുണ്ടകളേറ്റുനെഞ്ചം
പൊട്ടിത്തകർന്നിവിടെയാരുമരിച്ചുവീണു.
കഷ്ടം മനുഷ്യഹൃദയത്തിലെ നന്മയാണോ
നഷ്ടം നികത്തുവതിനാർക്കുകഴിഞ്ഞിടുന്നൂ

ജന്മനാടേ

Posted: July 31, 2021 in Malayalam

നിൻ കേശമാം സഹ്യനണിഞ്ഞിടുന്നൂ
സിന്ദൂരമായ് സൂര്യനെയെന്നുമത്രേ

നിൻ പാദമാഴിത്തിരയെത്തി നന്നാ-
യെന്നും തലോടുന്നതുമുണ്ടു കാൺക

നിന്നോമനപ്പുഞ്ചിരിയായ് സുമങ്ങൾ
മന്നിൽ പരത്തുന്നു സുഗന്ധമെന്നും

മന്ദാനിലൻ വന്നുതലോടിടുന്നൂ
നിന്മേനിയെന്നും മമ ജന്മനാടേ

കൊഞ്ചും കിളിപ്പാട്ടിന്നെഴുന്ന ചന്തം
നെഞ്ചേറ്റി നീയെന്നുമതേറ്റുപാടി

നിൻ ചുണ്ടിലൂറും മധുവായതിന്നായ്
കെഞ്ചുന്ന ലോകം കൊതിപൂണ്ടിരിപ്പൂ

തോക്കിന്മുമ്പിലൊടുങ്ങിടുന്നു മനുജാ!
നിൻ സ്നേഹമെന്നാകിൽ നീ
തോൽക്കും ജീവിതവീഥിയിൽ, ചുടലയായ്
തീർന്നീടുമീലോകവും
ആർക്കും സാന്ത്വനമേകിടുന്ന കൃപ നി –
ന്നുൾത്താരിലൂറീടുകിൽ
തീർക്കാം സ്വർഗ്ഗവുമിങ്ങുതന്നെ, പകയാൽ
നാശം വരും നിർണ്ണയം

നാവിൽ പ്പിറക്കും പദമായുമെൻ്റെയുൾ-
പ്പൂവിൽ ത്തെളിഞ്ഞീടുവതായ ചിന്തയായ്
ആവിർഭവിക്കും കൃപ നീ സരസ്വതീ-
ദേവീ! മനസ്സിൽക്കുടികൊൾക സന്തതം

ഭരതമുനി കുറിച്ചൂ നാട്യശാസ്ത്രം പുരാ, ശ്രീ –
ഭരതനിഹ കുറിച്ചു സെല്ലുലോയിഡ് ചരിത്രം
വരമിവ മലയാളം നിത്യവും നെഞ്ചിലേറ്റീ
ഭരതധരയിതെല്ലാം പേർത്തുമിങ്ങോർത്തിരിക്കും

പാറിപ്പറന്നു കഴിയാം മനുജാ! നിനക്കീ
പ്പാരിൽ സദാ പറവയിങ്ങു പറന്നിടുംപോൽ
വേറിട്ട ചിന്ത, കനവായ്, ചിറകായ്, വാനിൽ
പാറിക്കളിക്കയിഹ ഖേചരനായി നീയും

  https://www.facebook.com/VinodVarmah/posts/10222270600368830

വാണി! തവ വീണ മന, മെന്നുമതിലൂറും
വാണി ഗുണമുള്ളപടിയായ് വരണമമ്മേ!
വാണിടണമെപ്പൊഴുമെനിക്കുബലമായെ –
ന്നാണിവനപേക്ഷ, ശരണം തരണമമ്മേ!

തന്നെത്തന്നെവിഴുങ്ങിടുന്നൊരഹിപോൽ
തൻകൂട്ടരെപ്പോലുമി-
ങ്ങെന്നുംതന്നെയുപദ്രവിച്ചുസുഖമി-
പ്പാരിൽത്തിരഞ്ഞോ നരാ!
ഒന്നിക്കാതതുകിട്ടുകില്ല മകനേ
ലോകസ്വഭാവത്തെ നീ-
നന്നായൊന്നറിയേണമെന്ന ധര തൻ
വാക്കൊന്നുകേൾക്കേണമേ

തിന്നാൻ മാത്രമൊരുങ്ങിടാതെയഖിലം
പാലിക്കുവാനും ശ്രമി-
ച്ചെന്നാൽ നന്മ നിനക്കുചേരുമിതുതാൻ
ചൊല്ലുന്നുഭൂവെന്നുമേ
തന്നാലാവതുപോലെയന്യനു ഗുണം
ചെയ്യാനൊരുങ്ങീടുകിൽ
നന്നാവും, തുനിയായ്കിലോ സകലതും
നഷ്ടപ്പെടും നിർണ്ണയം

ശാർദ്ദൂലപ്പരിരക്ഷ വേണമവതൻ
വംശം നശിക്കാതെ നാം
കാത്തീടേണമവയ്ക്കുവേണ്ട വനവും
പാലിയ്ക്കണം പാരിതിൽ
ഓർത്തേൻ ഞാനിതു, സാധ്യമെന്തു തനിയേ
ഹാ കഷ്ടമെന്നും, പുനഃ
തീർത്തേൻ ശ്ലോകവു, മീവിധത്തിലുളവായ്
ശാർദ്ദൂലവിക്രീഡിതം!