Archive for the ‘ഓമനക്കുട്ടൻ പോലെ’ Category

കോണോടുക്കാത്തൊരുണ്ണിക്കണ്ണനേ
കാണുവാൻ കൊതിയുണ്ടെങ്കിൽ
കണ്ണേ! നോക്കുക ഉൾക്കണ്ണിൽ മെല്ലെ
കാണാം ഗിണ്ടപ്പൻ കണ്ണനേ

നമ്മിൽ കാരുണ്യം തൂകിനോക്കുന്നു
നമ്മെതന്നെയാപൊന്നുണ്ണി

തൃക്കാൽ ചപ്പുവാൻ വായിലാക്കുവാൻ
തൃക്കൈകൾ കൊണ്ടെടുക്കുന്നു

ഉണ്ണിക്കൈകളാലുണ്ണിക്കാൽ മെല്ലെ
ഉണ്ണുമോമനക്കണ്ണനേ
കണ്ടുകൂപ്പുക, സങ്കടം മാറ്റും
കണ്ണനുണ്ണിയും തൽക്ഷണം


https://www.youtube.com/watch?v=cm8NPI0uu7E&t=67s

യാതുധാനവിനാശം ചെയ്യാനും
യാദവകുലരക്ഷയ്ക്കും
മാധവൻ വന്നു പൈതലാ, യതു
മാനസമിന്നുമോർക്കുന്നു

ദിവ്യബാലൻ നീയെന്നാലും നിൻ്റെ
ദേഹാപായം ഭയന്നൂ ഞാൻ

ദേവൻ തന്നെയാണെന്നാലും തവ
താതനുണ്ണി നീ കുഞ്ഞല്ലേ

പെട്ടെന്നുതന്നെ മൂടി നിന്നെ ഞാൻ
പേടകം തന്നിലന്നേരം
കാളിന്ദി കടന്നമ്പാടി തന്നിൽ
നിന്നെ വിട്ടിങ്ങു പോന്നല്ലോ

പിന്നീടുള്ളൊരു വൃത്താന്തമെല്ലാം
നന്ദൻ മൂലമറിഞ്ഞു ഞാൻ

എന്തെല്ലാം വിപത്തെത്ര സങ്കടം
പിന്നീടുണ്ടായ് നിനക്കുണ്ണീ

എന്തൊരാപത്തുവന്നാലും നിന്നെ-
യൊന്നുതൊട്ടുനോവിച്ചില്ലാ

എന്നും നിന്‍ ചുണ്ടില്‍ മിന്നിനില്‍ക്കുമാ
മന്ദഹാസം മറഞ്ഞില്ലാ

മുട്ടുകുത്തി നടന്നതും കണ്ണൻ
പെട്ടെന്നങ്ങു വളർന്നതും
വെണ്ണയും പാലും കട്ടതും കാട്ടിൽ
ഗോക്കളെമേയ്ക്കാൻപോയതും
മണ്ണുതിന്നതും പോരാഞ്ഞെന്നോണം
കാട്ടുതീയുണ്ണിയുണ്ടതും
കംസൻ വിട്ടുള്ള ദുഷ്ടക്കൂട്ടത്തെ
കൊന്നതും കേട്ടറിഞ്ഞു ഞാൻ

എന്നാലും നിൻ്റെയിന്നുള്ള രൂപ –
മൊന്നുകാണുവാനാശിപ്പു
എന്നുകാണുവാനാകും മാധവാ
നിൻ രൂപം നീയെന്നെത്തീടും

#കൃഷ്ണവിരഹം #വസുദേവവ്യഥ

നിൻപട്ടുപോലെയെന്നോർത്തുവിണ്ണോർ
മിന്നലാടയുടുക്കുന്നൂ

മിന്നിമായുന്നു ചന്തം മിന്നലി-
ലെന്നേ കാണുന്നു നിത്യവും

ചേലെഴുന്നൊരുമാരിവില്ലവർ
പീലിയെന്നോർത്തുചൂടുന്നൂ

നീലിമ വാനിലുണ്ടെന്നാകിലും
നിന്നെപ്പോലില്ലതിന്നേതും

നിൻ്റെ പുഞ്ചിരിക്കുള്ള ചന്തവും
ചന്ദ്രികയ്ക്കില്ല തെല്ലുമേ

നന്ദജാ, നിൻ്റെ സൌന്ദര്യം മന-
സ്സിന്നേകീടുന്നൂ സന്തോഷം

രോഗമുണ്ടാക്കും കോവിദനിപ്പോൾ
ലോകത്തെങ്ങും നടക്കുന്നു
പോകേണ്ടാ പുറത്തെങ്ങുമാമയം
വേഗമിപ്പോൾ പടരുന്നൂ

ഒട്ടേറെ വേഗമോടുന്നെന്തിനാ –
യിട്ടുതെല്ലിട നിന്നീടാം
പെട്ടെന്നെന്തിനിങ്ങോടിത്തീർപ്പതി-
മ്മട്ടായ് തന്നുടെ ജീവിതം

സൂക്ഷിക്ക നല്ലൂ, കൈകൾ വൃത്തിയായ്
വെയ്ക്കാം ശ്രദ്ധയോടിക്കാലം
തൽക്കാലം വിട്ടിൽ തങ്ങാം, സങ്കടം
പോക്കാൻ വായിക്കാം പുസ്തകം

പുത്തൻ വിദ്യ പഠിക്കാനിക്കാല –
മോർത്താൽ നല്ലോരു സന്ദർഭം
വൃത്തിയാക്കിടാം വീടു നന്നായി –
ട്ടിത്തരുണത്തിലെന്നോർക്കാം

വീട്ടിലുള്ളതാം ജോലികൾ ചെയ്യാം
കുട്ടികളൊത്തു മേളിക്കാം
കൂട്ടുകാരോടു ഫോണിൽ സംസാര –
മിഷ്ടം പോലിപ്പോൾ ചെയ്തീടാം

അന്യർക്കായുപകാരം ചെയ്യുവാ-
നിന്നു തെല്ലു ശ്രമിച്ചീടാം
ബന്ധുക്കളോടു വർത്തമാനവു-
മിന്നാവാം നല്ലപോൽ തന്നെ

ഒട്ടേറെ തിരക്കുള്ള കാലത്തു
വിട്ടുപോയതാം ബന്ധങ്ങൾ
ഒട്ടൊക്കെയിപ്പോൾ നന്നാക്കാം, നന്നീ –
മട്ടായുള്ളോരുകാലവും

നല്ലനാളേയ്ക്കു വേണ്ട കാര്യങ്ങ-
ളെല്ലാമോർത്തോർത്തു ചെയ്തീടാം
തെല്ലു സങ്കടമുൾത്താരിൽ വേണ്ടി –
ന്നെല്ലാം നല്ലതിനെന്നോർക്കാം