Archive for the ‘കൃഷ്ണന്റെ താരാട്ട്’ Category

ഞാന്‍ എഴുതിയ താരാട്ട് എന്റെ അനന്തിരവന്‍ ദീപു (Deepak Varma) ചിട്ടപ്പെടുത്തി ദീപുവും സഹധര്‍മ്മിണി ശ്രുതിയും (ShruthiDeepak Varma) ചേര്‍ന്ന് പാടിയത്.

ഓരോ വാക്കുകളും ഭാവം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഉച്ചാരണശുദ്ധിയോടെ ആലപിക്കുമ്പോള്‍ മനസ്സ് നിറയുന്നു…. സുന്ദരമായ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവമാണ് എനിക്ക് പകരുന്നത്. അത് സസന്തോഷം കൂട്ടുകാര്‍ക്കായി പങ്കു വയ്ക്കുന്നു

കൃഷ്ണാ… കൃഷ്ണാ… നിന്‍ നാമം … മോഹനം

“കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദഗോവിന്ദമാധവാ
സച്ചിദാനന്ദ നാരായണാ ഹരേ”

മോഹനം കൃഷ്ണൻ്റെ നാമമെന്നും മനോ-
മോഹനം കൃഷ്ണൻ്റെ ദിവ്യരൂപം
മോഹനം കൃഷ്ണൻ്റെ ലീലകൾ, നിത്യസ-
മ്മോഹനം കൃഷ്ണൻ്റെ വേണുഗാനം

ആന്ദോളനം… ആന്ദോളനം…
ആന്ദോളനം ചെയ്യുമൂഞ്ഞാൽ മന, മതിൽ
നിന്നോമനമുഖം കാണ്മു നിത്യം
ഹിന്ദോളരാഗവും മൂളിയാടുന്നുവോ
എന്നോമനേ, ഹരേ, കണ്ണനുണ്ണീ

നീലവാനത്തിനും നീലക്കടലിനും
നീലിമ നൽകിയോ നീലവർണ്ണാ
തായ് മനം പാടുമീതാരാട്ടു കേട്ടെൻ്റ
താമരക്കണ്ണാ നീ ചായുറങ്ങൂ
നീലാംബരിക്കെന്നും ചാരുത ചേർക്കു-
മെന്നോമനേ കണ്ണാ നീ ചായുറങ്ങൂ
ഓമനക്കണ്ണാ നീ ചായുറങ്ങൂ

“ഓമനത്തിങ്കള്‍ക്കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ വിരിഞ്ഞ മധുവോ പരി-
പൂര്‍ണ്ണേന്ദു തന്റെ നിലാവോ”

“ഓമനത്തിങ്കള്‍ക്കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ വിരിഞ്ഞ മധുവോ പരി-
പൂര്‍ണ്ണേന്ദു തന്റെ നിലാവോ”

സത്യയുഗത്തിലും ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ധ്യാനം, യാഗം, പൂജ എന്നിവ വഴി ജീവന് ഈശ്വരനിലേയ്ക്ക് എത്താൻ എളുപ്പം ആയിരുന്നു. എന്നാൽ, കലിയുഗത്തിൽ മനസ്സിൽ മാലിന്യം ഏറും, ഏകാഗ്രത നഷ്ടപ്പെടും. അതിനാൽ ഇവയെല്ലാം അനുഷ്ഠിക്കുവാൻ ബുദ്ധിമുട്ടാണ്.

പക്ഷേ, അതേ ലക്ഷ്യം നാമസങ്കീർത്തനത്തിൽ കൂടി സാധിക്കുന്നതാണത്രേ. അതുകൊണ്ട് ആണല്ലോ ഭക്തകവി പൂന്താനം അദ്ദേഹത്തിൻ്റെ ജ്ഞാനപ്പാനയിൽ ഇങ്ങിനെ എഴുതിയത് “യുഗം നാലിലും നല്ലൂ കലിയുഗം …”
നാമസങ്കീർത്തനത്തിൽ കൂടി മനസ്സിനെ ഈശ്വരരൂപധ്യാനത്തിലേയ്ക്കും ഭഗവദ്ലീലകളിലേയ്ക്കും എത്തി വാത്സല്യഭാവത്തിലുള്ള ഭക്തിയിലൂടെ. യശോദയെയും നന്ദഗോപരെയും പോലെ ഭഗവാനെ മനസ്സാകുന്ന തൊട്ടിലിൽ കിടക്കുന്ന കുട്ടിയായി ഭക്തഗായകന്‍ കാണുകയാണ്. പിന്നീട് വളരെ വാത്സല്യത്തോടെ ആ തൊട്ടിലിനെ ആട്ടുകയാണ് ഗായകൻ. ചരണത്തിൽ ആ കണ്ണനുണ്ണിയെ പതുക്കെ ഉറക്കുകയാണ്. നീലവാനത്തിനും നീലക്കടലിനും ഭഗവാൻ്റെ വർണ്ണം തന്നെ എന്ന് വിസ്മയത്തോടെ, ഭഗവാൻ്റെ വായ് മലരിൽ ലോകം മുഴുവൻ കാണപ്പെടുമ്പോൾ വരുന്ന അത്ഭുതത്തോടെ നോക്കിക്കണ്ടും എന്നാൽ ഭഗവാൻ്റെ മായാപ്രഭാവത്താൽ അത് ഉടനെ മറന്ന് ഉണ്ണിക്കണ്ണനായി കണ്ട് പാടി ഉറക്കുകയും ചെയ്യുന്നത്

‘യുവാം മാം പുത്രഭാവേന
ബ്രഹ്മഭാവേന ചാസകൃത്
ചിന്തയന്തൌ കൃതസ്നേഹൗ
യാസ്യേഥേ മദ്ഗതിം പരാം’

എന്ന ഭഗവാൻ്റെ ഉപദേശത്തെ ഓർമ്മിപ്പിക്കുന്നു. ഈ ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത് നീലാംബരിയിലാണ്. ഇരയിമ്മൻ തമ്പിയുടെ പ്രശസ്തരചനയായ ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന പാട്ടും ഈ രാഗത്തിൽ പാടി കേട്ടു കാണുമല്ലോ. അതേ ഭാവത്തോടെ കണ്ണനെ പാടി ഉറക്കുകയാണ്