Archive for December, 2022

2022 നോട് വിട

Posted: December 31, 2022 in Uncategorized

ആണ്ടുപോകുന്നുവിന്നോർമ്മതൻ പെയ്തിലി –
ങ്ങാണ്ടുപോകുന്നുവെൻ ചിന്തതൻ പൂവുകൾ
വിണ്ടുകീറുന്നുവോ നെഞ്ചമേറെസ്സുഖം
കൊണ്ടുവന്നീടുമോ വന്നിടും വത്സരം

ഒരേപോൽ

Posted: December 31, 2022 in Uncategorized

ഒരേ മരത്തിന്നിലയല്ലി നമ്മൾ
ഒരേ കടൽ തന്നല തന്നെയല്ലോ
ഒരേ വിധം നോവു നമുക്കു , ചോര –
യ്ക്കൊരേ നിറം താനതിലില്ല മാറ്റം

കുടജമാമല വാണെഴുമീശ്വരി –
ക്കുടയതൃപ്പദമാശ്രയമേകണം
കുടമിതിന്റെയകത്തൊളിയായിവ-
ന്നുടനകറ്റണമെന്നുടെ സങ്കടം

നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്നത്തെ തമിഴ് നാട്ടിൽ വിരുതുനഗർ ജില്ലയിൽ ശിവകാശിക്കും രാജപാളയത്തിനും ഇടയിൽ ശ്രീവില്ലിപുത്തൂർ എന്ന ഗ്രാമത്തിലുണ്ടായിരുന്ന വിഷ്ണുഭക്തനായിരുന്നു പെരിയ ആഴ്വാർ . അദ്ദേഹവും അദ്ദേഹത്തിന്റെ വളർത്തുമകളായ ആണ്ടാളും ഭക്തിപ്രസ്ഥാനത്തിൽ വൈഷ്ണവശാഖയ്ക്ക് ആധാരമായി നിന്ന  വിഷ്ണുഭക്തവര്യരായിരുന്ന 12 ആഴ്വാർന്മാരുടെ ഗണത്തിൽ ഇടം പിടിക്കുന്നു. വിഷ്ണുഭക്തിയിൽ ആണ്ടു വാണവരാണ് ഈ ആഴ്‌വാർമാർ

പെരിയ ആഴ്വാരുടെ ശരിക്കുള്ള പേര് വിഷ്ണുചിത്തൻ എന്നായിരുന്നത്രേ. അദ്ദേഹത്തിന്റെ കൃതികളായ തിരുപ്പല്ലാണ്ട്, പെരിയാഴ്വാർ തിരുമൊഴി എന്നിവ നാലായിരദിവ്യപ്രബന്ധങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹം ഭഗവാന് പൂക്കൾ കൊണ്ട് മാല കെട്ടി ആണ് കാലം കഴിച്ചത്

മക്കമില്ലാതെ വിഷമിച്ചിരുന്ന അദ്ദേഹത്തിന് പൂന്തോട്ടത്തിൽ തുളസിച്ചെടിയുടെ ചുവട്ടിൽ നിന്ന് കിട്ടിയ പെൺകുട്ടിയാണ് ആണ്ടാൾ . ആ കുട്ടിക്ക് ഗോദ അഥവാ കോത എന്നാണ് അദ്ദേഹം നാമകരണം ചെയ്തത്. ആണ്ടാളെ ഭൂമീദേവിയുടെ അവതാരമായി ആരാധിക്കുന്നു

പെരിയാഴ്വാരുടെ ശിക്ഷണത്തിൽ വളർന്നുവന്ന ആ കുട്ടി രംഗനാഥനെ തന്നെയാണ് ഭർത്താവായി വരിച്ചത്. ഭഗവാനു വേണ്ടി കോർക്കുന്ന മാല സ്വയം അണിഞ്ഞിട്ടാണ് ചാർത്തിയിരുന്നത്. ഇത് അറിഞ്ഞ പിതാവ് അത് അരുത് എന്ന് നിഷേധിച്ചപ്പോൾ ഭഗവാൻ സ്വയം അങ്ങിനെയാണ് തനിക്കിഷ്ടം എന്ന് അറിയിച്ചത്രേ! ഒടുവിൽ ആണ്ടാൾ രംഗനാഥനിൽ തന്നെ ലയിച്ചു. അതിനാൽ ആണ്ടാൾ നാച്ചിയാർ എന്നും അറിയപ്പെടുന്നു

തമിഴ് നാട്ടിലെ എല്ലാ പ്രധാന വിഷ്ണുക്ഷേത്രങ്ങളിലും ആണ്ടാൾ സന്നിധി കാണാം. തിരുപ്പാവൈയും നാച്ചിയാർ തിരുമൊഴിയും ആണ്ടാളുടെ കൃതികളാണ്. ഭക്തർ ഇവ മാർകഴി (ധനു) മാസത്തിൽ പാടിസ്തുതിക്കുന്നു

വിഷ്ണുചിത്തനരികത്തണഞ്ഞു സുതയായ കോത വഴിതേടിപോൽ
കൃഷ്ണദർശനസുഖത്തിനായ്, കുതുകമോടുസത്കഥയിലാണ്ടവൾ
തൃഷ്ണ വിട്ടു, ഹരിഭക്തിയുള്ളിലുളവായി, ശാന്തമവളോതിപോൽ
കൃഷ്ണനാമമനിശം, ലയിച്ചു ഭഗവാനിലപ്പരമഭക്തയും

കലണ്ടറിനോട്

Posted: December 31, 2022 in Uncategorized

കലണ്ടറിനോട്

ചുമരിലായ് ത്തൂങ്ങിക്കിടക്കുന്ന നിന്റെയീ
ചുമലിലോ ലോകം കറങ്ങിടുന്നൂ ?

കാലം കടന്നുപോകുന്നിന്നൊത്തു നിൻ
കോലമിങ്ങെത്രയോ മാറിവന്നൂ

എണ്ണിക്കുറിച്ചിട്ട നാളുകൾ മാത്രമീ
മണ്ണിൽക്കഴിക്കുന്ന മർത്യനായ് നീ
എണ്ണമറ്റുള്ളതാം സ്വപ്നമാനന്ദവും
കണ്ണീരുമേകുന്നു പാരിടത്തിൽ

വേഷം മുഷിഞ്ഞുപോയ്, പുത്തനുടുപ്പിട്ടു
വേഗം കലണ്ടറേ! നിൽക്കണം നീ

നവവത്സരത്തിന്റെ ആഘോഷവേളയാ –
ണിവിടത്തിൽ മിന്നിത്തിളങ്ങിനിൽക്ക

ഇന്ദ്രജാലമിഹ ലോകമൊക്കെ നാ-
മൊന്നുകാണ്മതിനു കാത്തിരിക്കയാം
ഇന്ദ്രിയങ്ങളതിശക്തമായുടൻ
തീർന്നിടേണമവ. കണ്ടിരിക്കുവാൻ

മേഘേ ചാതകമെന്നപോലെ, കമലം
പൂക്കുന്നതാം പൊയ്കയിൽ
ഹംസം പോലെ, ചകോരമാഹിമകരൻ
തന്നോടുമെന്നുളളപോൽ
മാകന്ദേ മധുമാസവേളകുയിൽപോൽ
പുഷ്പത്തിലായ് വണ്ടു പോൽ
സ്വാമിൻ ! മാമകമാനസം കഴിയണം
നിന്നോടുചേർന്നെൻ ഹരേ!

പ്രചോദനം (മൊഴിമാറ്റമല്ല)

മൂലശ്ലോകം സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭക്തിമഞ്ജരി എന്ന കാവ്യത്തിൽ നിന്നും

എലിക്കെണി

Posted: December 30, 2022 in Uncategorized

അന്നത്തിനായ് മോഷണമെന്നതാണോ
ഇന്നെന്റെ കുറ്റം പറയൂ സുഹൃത്തേ

കൊന്നീടുവാനോ വിധി, ചെയ്വതെല്ലാം
നന്നോ, നടത്തുന്നതു നീതിയാണോ ?

ഞാൻ നീ വളർത്തും മൃഗമല്ല, നിത്യം
ഞാനീവിധം വാഴ്വതിനായ് ശ്രമിപ്പൂ

ആട്ടിപ്പുറത്താക്കുവതിൽ ക്കുഴഞ്ഞോ ?
പെട്ടിക്കകത്തായ് കെണിവച്ചിടുന്നോ ?

കൊല്ലാൻ വിധിക്കുന്നതിനൊപ്പമുളളിൽ
തെല്ലോർക്ക നീയീവിധമായൊടുങ്ങാം

തുമ്പിക്കൈയ്യാൽ തഴുകിയുലകം
നെഞ്ചിലേകുന്നതാകും
തുമ്പം തീർത്തിട്ടഭയമരുളാ –
നെത്തണം ശ്രീഗണേശൻ
കുമ്പിട്ടീടുംപൊഴുതുസദയം
തൃക്കടാക്ഷം ചൊരിഞ്ഞുൾ –
ക്കമ്പം മാറ്റിത്തരിക ശരണം
നിൻ കൃപാവർഷമെന്നും.