Archive for December, 2022

വൃക്ഷങ്ങളും പക്ഷികളിങ്ങുഭൂവ-
ങ്ങാകാശവും നീലിമയാർന്നുനിന്നൂ
ആപാദചൂഡം വനമാകെയപ്പോൾ
നീലാഭയാൽ മുങ്ങിയപോൽ വിളങ്ങി

ശാന്തം മയൂഖം തുളസീസുഗന്ധം
വംശീനിനാദം കലരും പ്രകാശം
വിടർന്ന കണ്ണാലിമവെട്ടുവിട്ടും
ബിംബം കണക്കത്തന്നു നുകർന്നുനിന്നൂ

പ്രചോദനം:

വൃക്ഷാശ്ച നീലാ വിഹഗാശ്ച നീലാ
ഭൂമിശ്ച നീലാ ഗഗനം ച നീലം
നീലപ്രഭായാമഖിലം വനം ത –
ദാശീർഷമാമഗ്നമിവാവഭാതം (14.6)

ശാന്തൈർമയൂഖൈസ്തുളസീസുഗന്ധൈർ .
വംശീനിനാദൈ: കലിതാം പ്രഭാം താം
വിസ്ഫാരിതാഭ്യാമനിമേഷദൃഗ്ഭ്യാം
തന്വീ പിബന്തീ പ്രതിമേവ തസ്ഥൗ (14.9)

ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടിൻ്റെ രാധാകൃഷ്ണരസായനം എന്ന സംസ്കൃതകാവ്യത്തിൽ രാധാദേവിയുടെ പ്രഥമകൃഷ്ണദർശനം വർണ്ണിക്കുന്ന രണ്ട് ശ്ലോകങ്ങൾ

അനന്തവിസ്‌മയം

Posted: December 30, 2022 in കേക

കാലമാം സുമത്തിന്റെ ദളങ്ങളോരോന്നിലും
കാണുന്നു മനോജ്ഞമാം ദൃശ്യങ്ങൾ അനേകങ്ങൾ

കണ്ടുനിൽക്കവേതന്നെ കരിയും, വീണുപോകും
കാണാകും പുതുപുത്തൻ ദളങ്ങൾ സുമം തന്നിൽ

കണ്ണേ നീ മടങ്ങുക, കരിയും ദളം പോട്ടെ
കാലത്തിൻ ഗതിയിതു തടുക്കാനാർക്കാകുന്നു

കടലിൽ തിര തീരം തന്നിലേയ്ക്കെത്തുംപോലെ
കാണണം പ്രപഞ്ചത്തിൻ ദൃശ്യവിസ്മയങ്ങളെ

കണ്ടുകണ്ടാസ്വദിക്ക കാണുമക്കാഴ്ച നെഞ്ചം
കണ്ണീരിൽ കുതിരാതെ വാഴുവാൻ ശ്രമിക്ക നീ

മാനം മുട്ടുന്ന മട്ടിൽ കനവുകളനിശം
കാണുവാൻ, ശാസ്ത്രമേകും
ജ്ഞാനത്താൽ സ്വപ്നമെല്ലാം പ്രതിദിനമിവിടെ-
സത്യമായ് തീർക്കുവാനായ്
ആനന്ദം പാരിനെന്നും പകരുവതിനു തൻ
വിക്രമത്താൽ കുതിക്കാൻ
സാനന്ദം വേദസാരപ്പെരുമയരുളുമാ –
ജ്ഞാനിയെകൂപ്പിടുന്നേൻ

ധ്യാനം

Posted: December 29, 2022 in മത്തമയൂരം

വയ്ക്കുന്നേനെൻ മാനസപദ്മം ചരണാബ്ജേ
വെക്കത്തപ്പാ ! കാത്തരുളേണം ഭഗവാനേ
ഉൾക്കാമ്പിൽ നീ വാഴുക നിത്യം മമ ദുഃഖം
തീർക്കാ, നുളളിൽ ശാന്തി പകർന്നീടുക ശംഭോ

കണ്ടാൾ നിൻ ദിവ്യരൂപം സ്വതനുവിലുലകം
തന്നിലും പൂർണ്ണമായ –
ന്നാണ്ടാൾ, ഹാരം ചമിച്ചിട്ടുടനടിയുടലിൽ
ചാർത്തിയക്കാരണത്താൽ
ഉണ്ടാമോ വേറെയെന്നായൊരുവകതിരിവും
ഭക്തനുന്മത്തനെപ്പോൽ
കൊണ്ടാടിക്കൊണ്ടുവാഴും, സകലതുമവന –
ങ്ങുന്നുതാൻ നന്ദസൂനോ !

കണ്ണുംപൊത്തിപ്പിടിച്ചെൻ പിറകെയമരുവാ-
നങ്ങുവന്നെത്തിടുമ്പോൾ
കണ്ണാ! കണ്ണീർപൊഴിക്കും മിഴിയറിയുവതാം
മോദമോതാവതല്ലാ
വിണ്ണോരും വീണുകൂപ്പും തവ പദമലരിൽ
ചേരുവാൻ ചിന്തയായി –
ത്തിണ്ണം  വന്നെത്തുമുള്ളിൽ സുരനദി, ഭഗവൻ!
ചിത്രമിച്ചിത്രമേറ്റം

കൊമ്പുകോർത്തു ഭയമേറ്റമേകിടും
കൊമ്പരിങ്ങു പൊരുതുന്ന സംഗരം
ഉമ്പരും ദിതിജരും പയറ്റിടും
വമ്പെഴുന്ന രണമെന്നപോലവേ

(പാലക്കാട് കിഴക്കഞ്ചേരിയിൽ ആനകൾ തമ്മിൽ ഇടഞ്ഞപ്പോൾ)

ആശ്രിതർക്കാശ്രയം നൽകും
ശാശ്വതപ്പൊരുളീശ്വരൻ
വിശ്വം നശ്വരമാണെന്നാൽ
വിശ്വേശൻ നിത്യനവ്യയൻ

മല വിട്ടാഴിയിൽ ചേരാൻ
കുതിക്കും പുഴ പോലവേ
കാലത്തിനൊത്തുപായുന്നു
ജീവനിപ്പാരിലെപ്പൊഴും

താണ്ടിടും വഴിയിൽ മാറി –
ക്കണ്ടിടും കാഴ്ചപോലവേ
ആണ്ടോടാണ്ടു പലേ മാറ്റം
കണ്ടിടാം ചുറ്റുമെപ്പൊഴും

നീരേകിത്താപമാറ്റീടു-
ന്നാറെന്നുമതുപോലവേ
പാരിൽ നന്മ പകർന്നെന്നും
പായണം തന്റെ യാത്രയിൽ

തിരിച്ചൊന്നു ഗമിക്കാനാ-
യാരാലാവുന്നതെങ്കിലും
തിരിഞ്ഞുനോക്കിടാമല്പം
തിരക്കിട്ടു ഗമിക്കിലും

ഭഗവാൻ തുണയാവേണം
ഭയമില്ലാതെ വാഴുവാൻ
ഭഗവത് കരുണാപാങ്ഗം
ഭദ്രമേകട്ടെ നിത്യവും