Archive for December 17, 2022

മണം പൂവിലുണ്ടായ് വരുംപോലെ ചിന്താ-
ഗണം നല്ലതാകാൻ തുണയ്ക്കേണമേ നീ
ഗുണം ചേർക്ക ചിത്താംബുജത്തിന്നു നിത്യം
ഗണേശാ! നമിക്കുന്നു നിൻ പാദപദ്മേ



കണ്ണനായി, പശുവായതിന്റെ മുകളിൽച്ചിരിച്ചുമരുവുന്നതാ –
മുണ്ണിയായ്, കഥ പറഞ്ഞിടും പശുപബാലനാ, യുമതുകേട്ടിടും
എണ്ണമറ്റ തവ ഭക്തരാ, യുറിയിലുളളതായ തിരുനേദ്യമാം
വെണ്ണയായുമിഹ കാണ്മതായ ഹരി തന്നെയെന്നുമിവനാശ്രയം

അകത്തുതിങ്ങുന്നൊരുകാറ്റുനൽകും
കരുത്തുകൊണ്ടുള്ള വലിപ്പമല്ലോ
പുറത്തുകാണുന്നു, മദത്തിലാടു –
ന്നൊരുത്തനെന്നോണമതെന്നുതോന്നും

കുതിച്ചിടാം മേലെയൊരല്പനേരം
പതിച്ചിടും പിന്നെ ബലൂണു പാവം
കുറച്ചുനേരത്തതിനുള്ള ചന്തം
നിറച്ചകാറ്റേകുവതാണു ചിത്രം!

മർത്യന്റെ ഹൃത്താരുകണക്കെളുപ്പം
കുത്തേറ്റുപൊട്ടിത്തകരുന്നതെന്നാൽ
ഓർത്തോർത്തിരിക്കാൻ വക നൽകുവോനീ
മിത്രം നമുക്കെന്നതു സത്യമല്ലേ

മാറ്റങ്ങളൊട്ടേറെയണഞ്ഞൂ, ബാല്യം
മാറാപ്പുപേറുന്നൊരുകാലമായി
മായാതെയാഘോഷദിനത്തിലെല്ലാം
മോദം തരാനിപ്പൊഴുമെത്തുമാശാൻ

ഭക്തിയാലെയുരുകുന്ന വെണ്ണതാൻ
ഭക്തചിത്തമതുതാൻ നിവേദ്യവും
ഭക്തവത്സലനെടുക്കുവാൻ വരും
ഹൃത്തടത്തിലതിനെന്തു സംശയം