Archive for December 25, 2022

യേശു

Posted: December 25, 2022 in ലളിത

പാപം പൊറുത്തു, നരനേറിടുന്നതാ –
മാപത്തകറ്റിയിഹ മുക്തി നൽകുവോൻ
കാപട്യമറ്റ വഴികാട്ടുമേശു സ –
ന്താപം കളഞ്ഞു തുണയേക സന്തതം



തുളസീദേവിയെക്കണ്ണൻ
തന്നോടുചേർത്തിടുന്നപോൽ
തന്നിലെന്നു കനിഞ്ഞീടു –
മെന്നോർത്താണ്ടാളിരുന്നുവോ ?

സത്യാന്വേഷണരീതിയും ഗണിതവും
കോർത്തത്ഭുതം പുത്തനാം
ശാസ്ത്രത്തിൻ വഴിവെട്ടി തൻ മഹിമയാ-
ലിങ്ഗ്ലണ്ടിലൈസക് പുരാ
നിത്യം നന്മ പരത്തുമാവഴി വഴി –
ക്കൊട്ടേറെ മുന്നേറി നാം
മർത്യർക്കായ് വഴികാട്ടിയായ മഹിമാ –
വിന്നെന്നുമെൻ വന്ദനം

ദ്വിജനാണൈസക് ന്യൂട്ടൺ
രണ്ടുനാളിൽ പിറന്നുപോൽ
ഡിസംബറിരുപത്തഞ്ചും
ജാൻ നാലിനുമത്ഭുതം 🙂

https://www.flipscience.ph/news/features-news/features/sir-isaac-newton-christmas/

കന്യകയ്ക്കു മകനായി ഭൂമിയിൽ
വന്നു ദേവസുതനായ തമ്പുരാൻ
അന്നു പാപമഖിലം പൊറുത്തുടൻ
തന്നു നന്മയിഹ മുക്തിമാർഗ്ഗമായ്

മർത്യനായിവിടെ വന്നുവെങ്കിലും
മൃത്യുവെന്നതവനില്ല നിർണ്ണയം
നിത്യവും കരുണയായി രക്ഷയാ –
യെത്തിടുന്നു മിശിഹാ കൃപാമയൻ

യേശു വന്ന ദിനമെന്നതോർത്തിതാ
വർഷമിങ്ങു ചൊരിയുന്നു വിണ്ണവർ
ഹർഷമെങ്ങുമുളവായിടട്ടെ സം –
ഘർഷമേതുമണയാതെ വാഴ്ക നാം