Archive for June, 2020

ആശംസ

Posted: June 30, 2020 in സ്രഗ്ദ്ധര

കൊല്ലൂര്‍ ക്ഷേത്രത്തിലെന്നും സകരുണമമരും
ദേവി, നിന്‍ ഭക്തനല്ലേ
കുട്ടേട്ടന്‍, ജന്മനാളിന്നവസരമിതിലാ-
യായുരാരോഗ്യസൌഖ്യം
കാരുണ്യത്തോടെ നല്കൂ, കവിത വിരിയുമാ-
ത്തൂലികത്തുമ്പിലൂറൂം
കാവ്യത്താല്‍ ഭാഷ നന്നായ് വളരു, മതിനു നീ
വേണ്ട സൌഭാഗ്യമേകൂ

അന്നു ഞാൻ പുൽമേഞ്ഞുനിന്നകാലം, ഹരേ,
നിന്നേ വിട്ടൊട്ടേറെ ദൂരെയായീ

സന്ധ്യയായ് ചുറ്റുമിരുട്ടുതിങ്ങീ, മനം
നിന്നെത്തിരഞ്ഞൂ, പകച്ചുനിന്നൂ

എന്തുതാൻ ചെയ്യാവതെന്നോർത്തുനിൽക്കവേ
വന്നൂ നിന്മോഹനവേണുഗാനം

എന്നടുത്തെത്തി നീ, നിന്നോടുചേർന്നുഞാൻ
നിന്നപ്പോള്‍ ശാന്തമായെന്മാനസം

ഇന്നിതാ കാനനം ശോകമൂകം, ഹരേ
വൃന്ദാവനം വനം മാത്രമായീ

നിൻ വേണുഗാനവും മൂളിയെത്തുന്നതാം
മന്ദാനിലൻ പോലുമില്ലയെങ്ങും

മന്ദാരമാട്ടെ, തുളസിയോ തെച്ചിയോ
ഇന്നു പുവിട്ടുനിൽക്കുന്നതില്ലാ
നന്ദജാ, നീയെങ്ങു, നിൻ വേണുഗാനവും
വന്നില്ലാ പോയ് മറഞ്ഞെങ്ങുതാനോ

#കൃഷ്ണവിരഹം #ഗോരോദനം

യാതുധാനവിനാശം ചെയ്യാനും
യാദവകുലരക്ഷയ്ക്കും
മാധവൻ വന്നു പൈതലാ, യതു
മാനസമിന്നുമോർക്കുന്നു

ദിവ്യബാലൻ നീയെന്നാലും നിൻ്റെ
ദേഹാപായം ഭയന്നൂ ഞാൻ

ദേവൻ തന്നെയാണെന്നാലും തവ
താതനുണ്ണി നീ കുഞ്ഞല്ലേ

പെട്ടെന്നുതന്നെ മൂടി നിന്നെ ഞാൻ
പേടകം തന്നിലന്നേരം
കാളിന്ദി കടന്നമ്പാടി തന്നിൽ
നിന്നെ വിട്ടിങ്ങു പോന്നല്ലോ

പിന്നീടുള്ളൊരു വൃത്താന്തമെല്ലാം
നന്ദൻ മൂലമറിഞ്ഞു ഞാൻ

എന്തെല്ലാം വിപത്തെത്ര സങ്കടം
പിന്നീടുണ്ടായ് നിനക്കുണ്ണീ

എന്തൊരാപത്തുവന്നാലും നിന്നെ-
യൊന്നുതൊട്ടുനോവിച്ചില്ലാ

എന്നും നിന്‍ ചുണ്ടില്‍ മിന്നിനില്‍ക്കുമാ
മന്ദഹാസം മറഞ്ഞില്ലാ

മുട്ടുകുത്തി നടന്നതും കണ്ണൻ
പെട്ടെന്നങ്ങു വളർന്നതും
വെണ്ണയും പാലും കട്ടതും കാട്ടിൽ
ഗോക്കളെമേയ്ക്കാൻപോയതും
മണ്ണുതിന്നതും പോരാഞ്ഞെന്നോണം
കാട്ടുതീയുണ്ണിയുണ്ടതും
കംസൻ വിട്ടുള്ള ദുഷ്ടക്കൂട്ടത്തെ
കൊന്നതും കേട്ടറിഞ്ഞു ഞാൻ

എന്നാലും നിൻ്റെയിന്നുള്ള രൂപ –
മൊന്നുകാണുവാനാശിപ്പു
എന്നുകാണുവാനാകും മാധവാ
നിൻ രൂപം നീയെന്നെത്തീടും

#കൃഷ്ണവിരഹം #വസുദേവവ്യഥ

നിൻപട്ടുപോലെയെന്നോർത്തുവിണ്ണോർ
മിന്നലാടയുടുക്കുന്നൂ

മിന്നിമായുന്നു ചന്തം മിന്നലി-
ലെന്നേ കാണുന്നു നിത്യവും

ചേലെഴുന്നൊരുമാരിവില്ലവർ
പീലിയെന്നോർത്തുചൂടുന്നൂ

നീലിമ വാനിലുണ്ടെന്നാകിലും
നിന്നെപ്പോലില്ലതിന്നേതും

നിൻ്റെ പുഞ്ചിരിക്കുള്ള ചന്തവും
ചന്ദ്രികയ്ക്കില്ല തെല്ലുമേ

നന്ദജാ, നിൻ്റെ സൌന്ദര്യം മന-
സ്സിന്നേകീടുന്നൂ സന്തോഷം

കണ്ണനെ കൊണ്ടുപോകാനായണഞ്ഞതാം
ക്രൂരനാർ, കംസൻ്റെ ദൂതനാണോ?

കുഞ്ഞുനാൾ തൊട്ടെൻ്റെ കൂട്ടായിരുന്നതാം
കണ്ണനെ കൊണ്ടെങ്ങുപോയിടുന്നൂ?

പട്ടണവാസികൾ ദുഷ്ടരാ, ണെത്രയോ
ദുഷ്ടതകാട്ടിയീഗോകുലത്തിൽ

പാലിൽക്കലർത്തുന്നു നഞ്ഞവർ നിർദ്ദയം,
പാതകമേതിനും കൂട്ടുനിൽക്കും

വായുരൂപത്തിലും കൊല്ലുവാനായ് വരും
വാഹനമായ് വന്നു കൊല്ലുമത്രേ

പാമ്പിനെ വിട്ടവർ കൊല്ലു, മുള്ളിൽ വിഷം
പാമ്പിനെക്കാളുമവർക്കുകൂടും

കൊക്കായ് വിഴുങ്ങിടാം, കാളയായ് കുത്തിടാം
ക്രൂരതയ്ക്കില്ലവർക്കറ്റമേതും

ഈ മട്ടിലുള്ളവർ വാഴുമിടത്തിലേ –
യ്ക്കിന്നെൻ്റെ കണ്ണനെക്കൊണ്ടുപോയോ

കഷ്ടം വിഷാദം സഹിക്കാവതല്ലയുൾ-
ത്തട്ടിലിന്നോർമ്മകൾ തിങ്ങിടുന്നു

വെണ്ണകട്ടുണ്ണുവാനൊപ്പം നടന്നതും
മണ്ണിൽക്കളിച്ചതുമോർത്തിടുന്നൂ

മണ്ണുതിന്നൂ കണ്ണനെന്നതുകേട്ടമ്മ
കണ്ണനെകെട്ടിയതോർത്തിടുന്നൂ

കുട്ടിയെന്നാലുമാക്കെട്ടും വലിച്ചവൻ
കാട്ടും കുറുമ്പുകളോർത്തിടുന്നൂ

മുട്ടുകുത്തിക്കളിച്ചീടുന്ന നേരത്തു
മുട്ടുകാൽ കൊണ്ടൊന്നുതൊട്ടനേരം
പട്ടണവാസി തൻ വമ്പൻ ശകടവും
പെട്ടെന്നുപൊട്ടിത്തകർന്നുവീണൂ

കാട്ടില്‍ ക്കളിക്കുന്നനേരത്തൊരുദിനം
പെട്ടെന്നുചുറ്റും പടര്‍ന്നുവന്‍തീ

കൂട്ടുകാരൊക്കെപരിഭ്രമിച്ചൂ, കണ്ണന്‍
കാട്ടുതീയെല്ലാം കെടുത്തി വേഗം

ഘോരനാം കാളിയനാഗത്തെയും പണ്ടു
ദൂരെയ്ക്കകറ്റിയിക്കൂട്ടുകാരന്‍

ഒന്നിച്ചിരുന്നന്നു കാനനം തന്നിലാ-
യന്നും ഭുജിച്ചതുമോര്‍ത്തിടുന്നൂ

വന്മാരിപെയ്തൊരുകാലത്തുഗോകുലം
വല്ലാതെകഷ്ടപ്പെടുന്ന കാലം
വന്മലയെക്കുടപോലെയാക്കി കണ്ണന്‍
വല്ലാത്ത സങ്കടം തീര്‍ത്തുതന്നൂ

വല്ലാതെ സങ്കടം തോന്നുന്നനേരത്തു
തെല്ലവനെക്കുറിച്ചോര്‍ത്താല്‍ മതി
ഇല്ലാതെയാകുന്നു ദുഃഖമത്തോഴനി-
ങ്ങല്ലയോ മേലിലീഗോകുലത്തില്‍

തെല്ലല്ല സങ്കടം ചൊല്ലാവതല്ല മേ
വല്ലാതെ വിങ്ങുന്നിതെന്മാനസം

എന്തുഞാന്‍ ചെയ്യുവതെന്നറിയുന്നീല
സന്താപമിന്നേറ്റമേറിടുന്നൂ

#കൃഷ്ണവിരഹം #സഖ്യഭക്തി

അഞ്ഞൂറല്ലായിരത്തിന്നുപരിയിവിടെ നാം 
കേട്ടു നല്‍ശ്ലോക, മൊന്നി-
ച്ചിഞ്ഞാനും ചൊല്ലി, യോര്‍ത്താല്‍ രസകര, മധുനാ
നിര്‍ത്തുകെന്നോര്‍ത്തിടുമ്പോള്‍  
നെഞ്ഞില്‍ തിങ്ങുന്നു ദുഃഖം, പുനരൊരുദിനമൊ-
ന്നീവിധം ചേര്‍ന്നു നന്നായ്
രഞ്ജിക്കും മട്ടുകൂടാ, മവസരമതിനായ്
വാണിയേകട്ടെ വീണ്ടും

വിദ്വാൻശ്രീഗോദവർമ്മൻ, സിതമണി, നടുവം,
തമ്പുരാന്മാ, രനേകം
വിദ്യാന്മാരീവിധം നല്ലൊരുമയൊടൊരുമി-
ച്ചോരുവിദ്യാലയത്തിൽ
വിദ്യാഭിക്ഷയ്ക്കുവന്നോനിവനിതുസമയം
വൈകിയെന്നാലുമിന്നും
വിദ്യാദാനം ലഭിപ്പൂ ഗുരുകുലമിതിനാ-
യെന്നുമേയെൻ പ്രണാമം

ഉറച്ചില്ല പാദം നിലത്തന്നു തൊട്ടേ-
യുറച്ചൂ മനസ്സില്‍ ത്രയീശന്റെ നാമം
ഉറക്കെപ്പറഞ്ഞീടു നാവേയതെന്നും
മറക്കാതെ, തെല്ലും മടിക്കാതെ ചൊല്ലൂ

കൂരാക്കൂരിരുളുള്ളരാത്രിയിരുളാൽ
പാരം വലഞ്ഞോർക്കുതൻ
കാരുണ്യപ്പുതുവെണ്ണിലാവരുളുവാൻ
താരേശനെത്തുന്നപോൽ
പാരാം കാരയിലെത്തിപോൽ സകരുണം
ശ്രീകൃഷ്ണ, നെന്നെൻ്റെയുൾ-
ത്താരിൽക്കാണുവതാകുമക്കരുണയെ –
ന്നോർത്തങ്ങിരുന്നൂ ബകൻ

ലീല

Posted: June 29, 2020 in അനുഷ്ടുപ്പ്

എന്തിനായെഴുതിക്കൂട്ടീ –
ടുന്നു നിൻ ലീല നിത്യവും
എന്തിനെന്നറിയുന്നില്ലാ
തോന്നും മട്ടു കുറിക്കയാം

എത്രയോ പേർ പറഞ്ഞില്ലേ
എത്ര നന്നായി ലീലകൾ
ചിത്രമെന്നാലുമെന്തിന്നായ്
വ്യർത്ഥമീവേല പാർക്കുകിൽ

സത്യമാണറിവില്ലേതും
വ്യർത്ഥമെന്നാകിലാവിധം
ഹൃത്തടത്തിലമർന്നോനേ-
യോർത്തെന്തോ പറയട്ടെ ഞാൻ