Archive for June 6, 2020

ധ്യാനം 

Posted: June 6, 2020 in മല്ലിക

പന്തളത്തു നൃപൻ്റെ സങ്കടമൊക്കെയും കളയാൻ പുരാ
വന്നണഞ്ഞവനേ തുണയ്ക്ക, നമിപ്പു നിന്റെ പദാംബുജം 
ചിന്തയിൽ സതതം തെളിഞ്ഞുവരേണമേ കൃപയായ്, ഹര –
ന്നന്നു മോഹിനിയിൽ പിറന്നവനേ, വിഷാദമകറ്റണേ

കുടത്തിൽ ജലം കൊണ്ടുപോയീടവേ മൺ-
കുടം തെല്ലുടച്ചാൽ പതിക്കുന്നപോലെ
ഇടയ്ക്കിറ്റുവെള്ളം പതിച്ചിങ്ങു, മേഘ-
ക്കിടാവെന്തറിഞ്ഞൂ, ഹരേ, ലീലയെല്ലാം

Lockdown

Posted: June 6, 2020 in ഇന്ദ്രവജ്ര

പുറന്തോടുമാറ്റിപ്പുറത്തെത്തുവാനായ്
കുറച്ചല്ല മോഹിപ്പതാമച്ചെറുക്കൻ
പുറത്തുള്ള സൌഖ്യം വെറും തോന്നലെന്നായ്
പറഞ്ഞാലുമാരുണ്ടതും വിശ്വസിക്കാൻ

പുറംപൂച്ചുകാട്ടുന്ന ലോകത്തെനോക്കി –
പുറത്തേയ്ക്കിറങ്ങാൻ കൊതിക്കുന്ന പാവം
അറിഞ്ഞെന്തു താൻ, താൻ വരുത്തുന്ന ദോഷം
കുറച്ചല്ലയെന്നാലതാരുണ്ടു കേൾക്കാൻ

പ്രചോദനം: വാട്ട്സപ്പ് വഴി കിട്ടിയ ഈ ചിത്രം

നന്നായ് വാക്കോതീടുലുണ്ടാം പ്രിയത്വം
നന്നെല്ലെന്നാലപ്രിയം വാഴ്വിലാർക്കും
ആർക്കേകുന്നൂ നേട്ടമക്കോകിലം, ചൊൽ-
കാർക്കായ് ദോഷം ഗർദ്ദഭം നൽകിടുന്നൂ

പ്രചോദനം:

കൊറോണയുണ്ടങ്ങു പുറത്തു ചുറ്റി-
ക്കറങ്ങുവാൻ പോകരുതെൻ്റെ കണ്ണാ
കുറുമ്പുകാട്ടാതെയിരിക്കയിപ്പോൾ
കുറച്ചുനേരം മമ മാനസത്തിൽ

കുടം കണക്കിൽ ജലമേന്തി മാന-
ത്തടിഞ്ഞുകൂടും മഴമേഘമേ നീ
ഇടയ്ക്കൊരല്പം മഴയായ് പകർന്നാൽ
നടന്നുപോകാനുമെളുപ്പമാകും