Archive for the ‘ഗീതകം’ Category

എത്തുന്നൂ തറവാടു നിന്നൊരാസ്ഥലത്തേയ്ക്കൊ-
ന്നിത്തവ്വിൽ മനം ചിത്രശലഭാകാരത്തോടെ

ഇന്നില്ലങ്ങമ്മൂമ്മയും മുത്തച്ഛൻ വല്യമ്മമാ-
രെന്നല്ലാ വല്യച്ഛന്മാരമ്മാമന്മാരുമില്ല

മാമ്പഴം വാരിക്കോരി തന്നതാം വയസ്സനാം
മാവില്ലാ വീണു പാവം കാലത്തിൻ കറക്കത്തിൽ

ഊഞ്ഞാലില്ലതുകെട്ടാൻ പറ്റിയ മരമില്ല
കുഞ്ഞുന്നാൾ ഞാൻ കണ്ടതാം കാഴ്ചകളേതുമില്ലാ

കുളിക്കാൻ കളിക്കാനും നീന്താനും പണ്ടുകണ്ട
കുളമില്ലെന്നുമല്ലാ മാറിയാനാടപ്പാടെ

ഒന്നിച്ചുകളിച്ചോരാമുറ്റവും ഭാഗം വച്ചി –
ട്ടിന്നവർക്കെന്നായ്, വീടും പണ്ടെന്നോ നിലം പൊത്തി

എന്തിനീവഴിക്കു താൻ വന്നുവെന്നല്പനേരം
ചിന്തിച്ചു ശലഭം തൻ വഴിക്കു പാറിപ്പോയി