Archive for the ‘വായിപ്പു സ്ഥലങ്ങൾ’ Category

*തിങ്കളൂര്‍ കൈലാസനാഥർ കോവില്‍ (ചന്ദ്രന്‍)*

തിങ്കളൂര്‍ എന്ന സ്ഥലനാമം ചന്ദ്രന്റെ ഊര് എന്ന അര്‍ത്ഥത്തില്‍ ചന്ദ്രന്റെ ക്ഷേത്രത്തെ സൂചിപ്പിക്കുന്നു. കുംഭകോണത്തെ മറ്റു പല നവഗ്രഹക്ഷേത്രങ്ങളിലെയും പോലെ ശിവന്‍ തന്നെ ആണ് പ്രധാന മൂര്‍ത്തി


ഈ ക്ഷേത്രത്തിലെ ശിവഭഗവാനെ പേരെടുത്തുപറയാത്തതിനാൽ പാടൽപ്പെട്രകോവിലായി പരിഗണക്കുന്നില്ല; തേവാരവായിപ്പുസ്ഥലമായാണ് ഈ കോവിൽ.
പണ്ട് പാലാഴി മഥനം കഴിഞ്ഞ് ലഭിച്ച അമൃത് മഹാവിഷ്ണു മോഹിനീരൂപത്തില്‍ ദേവന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഒരു അസുരന്‍ ദേവന്റെ വേഷത്തില്‍ നിന്ന് അത് കഴിച്ചു എന്നും ആ അസുരന്റെ കഴുത്ത് മഹാവിഷ്ണു ചക്രം കൊണ്ട് അറുത്തു എന്നും ആ അസുരന്റെ രണ്ട് ഭാഗങ്ങള്‍ രാഹുകേതുക്കളായി എന്നു പറയുമല്ലോ
അതില്‍ രാഹു ചന്ദ്രന്റെ വിഴുങ്ങാന്‍ പോയപ്പോള്‍ ചന്ദ്രന്‍ ആത്മരക്ഷാര്‍ത്ഥം ശിവനെ തപസ്സ് ചെയ്തു എന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട് വിഴുങ്ങിയാലും 15 ദിവസത്തില്‍ വീണ്ടും പൂര്‍ണ്ണരൂപം കൈക്കൊള്ളാന്‍ അനുഗ്രഹിച്ചു എന്നും ശിരസ്സില്‍ അലങ്കാരം ആയി സ്വീകരിച്ചു എന്നും പറയുന്നു.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ശിവഭക്തരായ 63 നായന്മാരില്‍ തന്നെ വളരെ പ്രാധാന്യമുള്ള മൂവരിൽ ഒരാളായ അപ്പരുടെ (തിരുനാവുക്കരസ് സ്വാമികള്‍) ഒരു കഥയും ഉണ്ട്
അപ്പര്‍ ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഭക്തനായ അപ്പൂതി അടികള്‍ (അതുവരെ അവർ പരസ്പരം കണ്ടിട്ടില്ല) അപ്പരുടെ പേരില്‍ തണ്ണീര്‍ പന്തലുകളും അതു പോലെ പല സൌകര്യങ്ങളും ചെയ്തു വെച്ചതായി കണ്ട് അത്ഭുതപ്പെട്ട് ചോദിച്ചുവത്രെ “എന്തേ സ്വന്തം പേരില്‍ ചെയ്യാതെ അപ്പരുടെ പേരില്‍ ചെയ്യുന്നത്” എന്ന്
ആ ചോദ്യം അപ്പരെ അവഹേളിക്കുന്ന തരത്തില്‍ എന്ന് തോന്നുകയാല്‍ വിഷമം തോന്നുകയും അപ്പൂതി അടികള്‍ ഭഗവാന്റെ അനുഗ്രഹം കിട്ടിയ അപ്പരെ അറിയാത്തത് കൊണ്ടാണ്, ഇങ്ങിനെ പറയുന്നത് എന്നു സൂചിപ്പിക്കുകയും സന്ന്യാസിവേഷത്തില്‍ (അപ്പര്‍) ഇങ്ങിനെ പറയുന്നതിനോടുള്ള അപ്രിയം പ്രകടിപ്പിക്കുകയും ചെയ്തുവത്രെ.
സ്വയം താന്‍ തന്നെയാണ്, അപ്പര്‍ എന്ന് പരിചയപ്പെടുത്തിയപ്പോള്‍ അപ്പൂതിയടികൾക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. അദ്ദേഹം അപ്പരെ സ്വഗൃഹത്തിലേക്ക് ക്ഷണിച്ചു
ഭക്ഷണത്തിനായി വാഴയില മുറിക്കാന്‍ പോയ അപ്പൂതി അടികളുടെ മകനെ പാമ്പു കടിച്ചു. ഈ വസ്തുത മറച്ച് അതിഥിയായ അപ്പർക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചെങ്കിലും പന്തികേട് മനസ്സിലാക്കിയ അപ്പർ കുട്ടിയെ അന്വേഷിച്ചു. അപ്പോൾ അപ്പൂതി അടികൾക്കു ഗത്യന്തരമില്ലാതെ സത്യം ബോധിപ്പിക്കേണ്ടിവന്നു. തുടർന്ന് അപ്പര്‍ ആ കുട്ടിയേയും കൂട്ടി ഈ ക്ഷേത്രത്തില്‍ വന്ന് ശിവനെ സ്തുതിക്കുകയും ആ കുട്ടിക്ക് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം
ആ സന്ദർഭത്തിൽ അപ്പർ പാടിയ സ്തുതി: https://youtu.be/oXK34UmZQXY

ഇവിടെ പ്രധാനമൂർത്തി ശിവഭഗവാനാണ്. അടുത്തുതന്നെ ശ്രീപാർവ്വതിയുടെ സന്നിധിയുമുണ്ട്. കൂടാതെ ഗണപതി, സുബ്രഹ്‌മണ്യൻ, ഗജലക്ഷ്‌മി, ചന്ദ്രൻ, ഭൈരവർ എന്നിവരുടെ സന്നിധികളുമുണ്ട്

ഈ ക്ഷേത്രം തഞ്ചാവൂർ ജില്ലയിലാണ്. തഞ്ചാവൂർ പട്ടണത്തിൽ നിന്നും ഏതാണ്ട് 18 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജസ്വാമികളുടെ സമാധിസ്ഥലമായ തിരുവയ്യാറിലേയ്ക്ക് ഇവിടെ നിന്നും 4 കിലോമീറ്റർ ദൂരമേ ഉള്ളൂ. തിരുവാരൂരിൽ ജനിച്ച ത്യാഗരാജസ്വാമികൾ വളരെ ചെറുപ്പത്തിൽ തിരുവയ്യാറിലേയ്ക്ക് വന്നു. പിന്നീട് സമാധിവരെ ഇവിടെ തന്നെയായിരുന്നുവത്രേ. തിരുവയ്യാറിലെ അദ്ദേഹത്തിൻ്റെ സമാധിസ്ഥലത്ത് എല്ലാവർഷവും നടന്നുവരാറുള്ള ത്യാഗരാജാരാധന മഹോത്സവം പ്രശസ്തമാണല്ലോ

*കീഴപെരുമ്പള്ളം നാഗനാഥസ്വാമി കോവില്‍ (കേതു)*

കേതുഭഗവാന്റെ ഈ ക്ഷേത്രം നാഗപട്ടിണം ജില്ലയിലാണ്. ഈ ക്ഷേത്രം തിരുവെങ്കാട് ശ്വേതാരണ്യേശ്വരർ കോവിലിൽ നിന്നും ഏതാണ്ട് 8 കിലോമീറ്റർ ദൂരത്തിൽ ആണ്.

ഇത് താരതമ്യേന ചെറിയ ക്ഷേത്രമാണ്.

സംഘകാലത്തിൽ ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനവും പ്രസിദ്ധ തുറമുഖവുമായിരുന്ന പൂം പുഹാറിലേയ്ക്ക് ഇവിടെ നിന്നും 3 കിലോമീറ്റർ ദൂരമേ ഉള്ളൂ. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ നായികാനായകന്മാരായ കണ്ണകിയും കോവലനും ഇവിടെയായിരുന്നുവത്രേ. പൂംപുഹാറിലെ ചിലപ്പതികാരത്തിലെ കഥാഭാഗങ്ങൾ കൊത്തിവച്ചിട്ടുള്ള ആർട്ട്സ്ഗാലറി ശ്രദ്ധേയമാണ്.

നാഗനാഥസ്വാമിയായ ശിവനാണ് ഇവിടെ പ്രധാനമൂര്‍ത്തി

പാലാഴിമഥനസമയത്ത് കടയാൻ കയറായിനിന്ന വാസുകി കടയപ്പെടുന്നതിന്റെ ക്ഷീണത്തിൽ സ്വയം അറിയാതെ വിഷം തുപ്പി. അത് അറിഞ്ഞ ശിവഭഗവാൻ ആ വിഷം, ലോകഹിതാർത്ഥം ഭുജിച്ച് കണ്ഠദേശത്തിൽ അടക്കി. താൻ തുപ്പിയ വിഷം ഭഗവാൻ കഴിച്ചത് അറിഞ്ഞ വാസുകി പശ്ചാത്താപിച്ച് ഇവിടെ വന്ന് ശിവനെ തപസ്സു ചെയ്തു. തുടർന്ന് ഭഗവാൻ ആ തപസ്സിൽ സംപ്രീതനായി പ്രത്യക്ഷപ്പെട്ടപ്പോൾ നാഗനാഥസ്വാമിയായി അവിടെ എന്നും ഭക്തർക്ക് ദർശനം കൊടുക്കാൻ ഭഗവാനോട് വാസുകി അഭ്യർത്ഥിച്ചുവത്രേ. ഈ ഐതിഹ്യത്തിന്റെ പിൻബലത്തിൽ അവിടെ വാസുകി ഉത്സവം നടന്നുപോരുന്നു.

പാലാഴിമഥനഫലമായി ലഭിച്ച അമൃത് മോഹിനീരൂപം പൂണ്ട് ദേവന്മാര്‍ക്ക് മാത്രമായി കൊടുക്കുമ്പോൾ ഒരു അസുരൻ ദേവനായ് വേഷം ധരിച്ച് സൂര്യചന്ദ്രന്മാരുടെ ഇടയില്‍ ഇരുന്ന് അമൃതം ഭുജിച്ചു, സൂര്യചന്ദ്രന്മാര്‍ അത് അമൃത് വിളമ്പുന്ന മോഹിനിയെ അറിയിച്ചു. അപ്പോള്‍ മോഹിനി വിളമ്പുന്ന കുഴുതല്‍ കൊണ്ട് പ്രഹരിച്ചു, അങ്ങിനെ അസുരന്റെ തലയും ഉടലും വേര്‍പെട്ടുവത്രേ. എന്നാൽ അതിനകം അമൃത് ഭുജിച്ചതിനാൽ മരണം സംഭവിച്ചില്ല. ശിരസ്സും ഉടലും വേർപെട്ട അസുരൻ ഇവിടെ വന്ന് ഭഗവാനെ തപസ്സു ചെയ്തു. അങ്ങിനെ ഭഗവാന്റെ അനുഗ്രഹത്താൽ കറുത്ത ശിരസ്സ് രാഹുവായും ചുവന്ന ഉടല്‍ കേതുവായും മാറിയത്രേ. മാത്രമല്ല അവർക്ക് ഭഗവാൻ നവഗ്രഹങ്ങളില്‍ അംഗങ്ങളാക്കി അവരെ പൂജാർഹരാക്കി. അതിനാൽ കേതു ഇവിടെ കൂപ്പുകൈയോടെ പ്രാര്‍ത്ഥനാനിരതനായി നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ

നിഴൽ ഗ്രഹമായ കേതുവിനെ ജ്ഞാനകാരകനായും മോക്ഷകാരകനായും അറിയപ്പെടുന്നു.

ഇവിടെ ഭഗവതി സൌന്ദര്യനായകിയായും വിനായകർ അനുഗ്രഹവിനായകരായും അറിയപ്പെടുന്നു. കൂടാതെ വള്ളീദേവസേനാസമേതനായ സുബ്രഹ്മണ്യന്റെയും ഭൈരവരുടെയും മഹാവിഷ്ണുവിന്റെയും ദുർഗ്ഗയുടെയും സൂര്യന്റെയും ശനീശ്വരന്റെയും സന്നിധിയുണ്ട്. എന്നാൽ മറ്റു പല ക്ഷേത്രങ്ങളിലേയും പോലെ നവഗ്രഹസന്നിധിയില്ല.

ഇവിടെ മൂവരിൽ ഒരാളായ അപ്പർ ഇവിടെ ശിവഭഗവാനെ പ്രാർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇവിടത്തെ മൂർത്തിയുടെ നാമമെടുത്ത് സ്തുതിക്കായ്കയാൽ പാടൽപെട്രകോവിലായിട്ടല്ല വായിപ്പു സ്ഥലമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.