Archive for May, 2022

ഭവസങ്കടമുളവാക്കിടുമൊരുവൻകടലിതിലായ്
ശിവഭക്തനുമലയുന്നതു ഹിതമല്ലിതുപറയാം
ഭവ! താവക കൃപയെങ്കലുമരുളീടുക സദയം
തവ തൃപ്പദമലരേകണമിവനെപ്പൊഴുമഭയം

ശരണാഗതനിവ, നീശ്വര! ചരണാംബുജയുഗളേ
രണം ഭവ! തരണം, ഭയമകലാൻ വഴിയതുതാൻ
തരണം ബഹുകഠിനം ബത! ഭവസാഗര, മതിനി-
ത്തരുണം വഴിവരണം, തുണ ശിവശങ്കരചരണം

ചെന്താമരക്കണ്ണൻ ചമ്രം പടിഞ്ഞുള്ളാം
ചെന്താമരയ്ക്കുള്ളിലുണ്ടു കാൺക
ചെന്താമരാക്ഷന്റെ കയ്യിലക്കാണുന്ന –
തെന്താണു വെണ്ണയും പൊൻവേണുവും

ഇടപ്പിള്ളിയെന്നോരിടം കേൾവിയേറെ-
പ്പെടാൻ ഹേതുവായ് നിൻ കവിത്വം കവീന്ദ്രാ !
അടങ്ങാത്ത നൈരാശ്യപാശത്തിലും വീ-
ണൊടുങ്ങില്ല സൽപ്പേർ, മറക്കില്ല കാലം

ഉദിച്ചൊട്ടുപൊങ്ങുന്നതിന്മുമ്പുതാഴെ –
പ്പതിച്ചോരുസൂര്യൻ കണക്കെങ്ങുപോയ് നീ ?
ചതിച്ചാരുനിന്നെപ്രിയത്തോടുനെഞ്ചിൽ
പ്പതിച്ചോരുബന്ധം സ്വയം പാശമായോ ?

വിയത്തിലുണ്ടു, ദൂരയുണ്ടടുത്തുമുണ്ടു നിത്യമെ –
ന്നകത്തുമുണ്ടു സർവ്വശക്തനീശ്വരൻ കൃപാമയൻ
കരുത്തവൻ തരുന്നതാണു ജീവനിങ്ങു വാഴ്വിലി –
ത്തരത്തിലാടുവാ, നുടൽ സ്വയം ചലിപ്പതായ് വരാ

വിയത്തിലല്ല, ദൂരെയല്ല, ഭൂവിലുള്ള കോവിലി –
ന്നകത്തുമല്ല നിത്യവും വസിച്ചിടുന്നതീശ്വരൻ
പണത്തിലല്ലതേകിടും പദത്തിലല്ല, ഹൃത്തിനുൾ –
ക്കരുത്തവൻ ഗുരുത്വമാണതാണു ശക്തി വാഴ്വിനും

വിയത്തിലുള്ള സൂര്യനാട്ടെ, ചന്ദ്രനാട്ടെ, താരമി-
ത്തരത്തിലെന്തുമാട്ടെയൊക്കെയേവമിങ്ങിരിക്കുവാൻ
കരുത്തു നൽകിടുന്നതാം ഗുരുത്വമേ! നമിപ്പു നിൻ
പദത്തിലെന്നുമേയിവൻ തുണയ്ക്കയെന്നെയെന്നുമേ

മതങ്ങൾക്കുവേണ്ടി സ്വയം ചത്തൊടുങ്ങും
മനുഷ്യന്റെയുള്ളിൽപ്പതുക്കെപ്പതുങ്ങും
മനസ്സാക്ഷിയാം ദൈവചൈതന്യമേ നീ
മനശ്ശാന്തിയായിത്തിളങ്ങേണമെന്നും

ധ്യാനം

Posted: May 29, 2022 in ശിഖരിണി

ഹരിക്കും സാക്ഷാൽശ്രീഹരനുമുളവാ –
യോരുതനയൻ
ഹരിക്കും ദുഃഖപ്പേമഴ തൊഴുക നീ –
യെന്റെ മനമേ!
സ്മരിക്കുന്നോർക്കയ്യൻ ശരണമരുളും
നിത്യ, മിഹ സം –
ഹരിക്കും നോവേകും രിപുവിനെയുടൻ
തന്നെ സദയം

കുറുമ്പുകാട്ടിവാഴ്വിലേറെനാളുവാണദേഹമാ –
ണുറുമ്പിനന്നമായിടുന്നതെന്നൊരുണ്മയോർക്കുകിൽ
വെറുംപകിട്ടുമാത്രമാണതെന്നറിഞ്ഞുകുമ്പിടാം
കറുമ്പനായ കണ്ണനെ, ത്തുണയ്ക്കുമക്കൃപാമയൻ

ശംഖം ചക്രം ഗദാപങ്കജമിവകളണി –
ഞ്ഞോരുഗോപാലബാലൻ
പങ്കം തീർത്തെന്റെയുള്ളിൽത്തെളിയണമ നിശം
സങ്കടം പാടെ നീങ്ങാൻ
സംഗം വിട്ടെന്റെയുള്ളം ഹരിപദകമലം
തന്നിലായ് ചേർന്നിടാൻ സത്-
സംഗം നൽകട്ടെ സാക്ഷാൽ ഗുരുപവനപുര –
ത്തപ്പനീഭക്തനെന്നും

ഇന്നാളെന്നൊരു ഭേദമില്ല, മധുവിൻ
സ്വാദാസ്വദിച്ചീടുവാ-
നെന്നാളും കഴിയും നമുക്കു, മൊഴിയും
മറ്റുള്ള ഭേദങ്ങളും
ചൊന്നാലും ചെറു വിഘ്നവും വരുവത –
ല്ലുൾത്താരി, നെല്ലാവരും
നന്നായ് തന്നെ രസിച്ചിടും സുഖദമാം
പാട്ടെന്നുമിമ്മട്ടുതാൻ

കാരുണ്യം ജലമായ് വഹിച്ചുവരുമ –
ന്നേരത്തുമേഘത്തിനും
കാർവർണ്ണം നിറയും, ചൊരിഞ്ഞ മഴയൊ –
ത്തില്ലാതെയാകും ദ്രുതം
കാർവർണ്ണന്റെ മനസ്സിലെക്കരുണയോ
മാറില്ല, മായില്ല, യ-
ക്കാണും നീലിമ നിത്യമാ, ണശരണർ –
ക്കാലംബമാബാലകൻ