Archive for November, 2020

ശിവ! ശിവ! ശിവനെന്നും പാർവ്വതീദേവിയെന്നും
കവനമികവെഴുന്നോേരെന്നുമോതുന്ന തത്ത്വം
ശിവദമൊരുപദാർത്ഥം തന്നെയെന്നായ് നിനച്ചി-
ട്ടിവനിഹ തൊഴുതിടാമർദ്ധനാരീശ്വരം തം

നന്മയെൻ ജീവനും നാടിനും നൽകുന്ന
ചിന്മയരൂപനേ അയ്യപ്പനേ
എന്മനസ്സാകുമീ ചെന്താമരപ്പൂവിൽ
എന്നുമേ വാഴുന്ന ചൈതന്യമേ

പുത്രരില്ലാതുള്ള പന്തളരാജനു
പുത്രനായ് പ്രത്യക്ഷനായവനേ
അദ്വൈതസാരമാം തത്ത്വമസീമന്ത്രം
വ്യക്തമായോതി തരുന്നവനേ

കർമ്മമാർഗ്ഗം വഴി മുക്തിയേകീടുന്ന
ധർമ്മശാസ്താവേ നമിച്ചിടുന്നൂ
കർമ്മരംഗങ്ങളിലെന്നും തുണയ്ക്കണേ
നിന്മുന്നിൻ വന്ദിച്ചുനിന്നിടുന്നൂ

ത്രയീശാ

Posted: November 30, 2020 in സ്രഗ്ദ്ധര

ഘോരാരണ്യം കണക്കായഖിലവുമിവനുൾ –
ഭീതിയേകുന്നു, ചിത്തേ
യോരോരോ ചിന്തയെത്തിച്ചിതറിടുമിരുളെൻ
കണ്ണുനീരും മറയ്ക്കും
ആരോടെന്നില്ല ചൊല്ലും ചിലതിഹ പതിവാ –
യീവിധം മാല കോർത്തി –
ട്ടോരോന്നും വച്ചിടുന്നൂ തവ പദകമലം
തന്നിലായെൻ ത്രയീശാ

ആർത്തനാണടിയനാശ്രയം ഭവാൻ
കാർത്തികേയ, കരുണാംബുധേ സദാ
ആർത്തി തീർത്തരുൾക ശാന്തി, സന്തതം
കാത്തുകൊൾക സദയം ദയാനിധേ

പഞ്ചാക്ഷരി

Posted: November 30, 2020 in Malayalam

ഓങ്കാരമന്ത്രമായെന്നകതാരിലെ
പങ്കമകറ്റുന്ന നാമമോതൂ

നാവേ ജപിക്കുക സ്വാമി തൻ നാമങ്ങൾ
ആവോളം, കാക്കുമാനാമമന്ത്രം

മല്ലാരിപുത്രൻ്റെ നാമം ജപിക്കുവാൻ
തെല്ലുമേ ശങ്കിച്ചിടൊല്ല നാവേ

ശിഷ്ടരെകാക്കുന്ന ശങ്കരപുത്രൻ്റെ
അഷ്ടോത്തരം ചൊൽകയെൻ്റെ നാവേ

വാടുമെന്മാനസപ്പൂവിനെ കാറ്റായ് ത-
ലോടുമെന്നയ്യൻ്റെ നാമമോതൂ

യാതനയേകുമീ വാഴ്വിൽ തുണയ്ക്കുന്ന
ചൈതന്യരൂപൻ്റെ നാമമോതൂ

എന്താണു കണ്ണുനിറയുന്നതു, നെഞ്ചിലേറും
സന്തോഷമാണു മിഴിനീർകണമായതിപ്പോൾ
സന്താപഹാരി ഭഗവാൻ ശിശുവായി മുന്നിൽ
വന്നാലെടുക്കുവതിനെന്മനമാഗ്രഹിക്കും

സമ്മോഹനം വിമലമാം തവ ലീല, പാടു –
ന്നെന്മാനസം തരളമായതു കണ്ണനുണ്ണീ
ഹിന്തോളരാഗമതിലൂറിവരുന്നനേരം
നിന്മന്ദഹാസമൊരുമാത്രതെളിഞ്ഞിടുന്നൂ

നീലാംബരത്തിലൊരുതെല്ലുതെളിഞ്ഞുമായും
നീലാഭചിന്തുമുരുകാന്തി നിറഞ്ഞരൂപം
നീലാർണ്ണവത്തിരകളാചരണം തലോടും
നീലാംബരീലഹരിയിൽ ഭഗവാൻ ലയിക്കും

മനസ്സാമിപ്പൂവിന്നതളിഹ വരും
ചിന്ത, യിവ ഞാൻ
നിനക്കായേകുന്നേൻ ചരണയുഗളം
തന്നിലധുനാ
നനയ്ക്കാനെത്തുന്നൂ മിഴിയിണയിലി-
ങ്ങശ്രു, ഹൃദയം
നിനയ്ക്കുന്നൂ ശംഭോർചരണമഭയം
ദേഹി സദയം

കണ്ണില്‍ക്കണ്ണീരുതിങ്ങും, ചിലകുറി മഴവില്‍ 
പീലിപോല്‍ മിന്നിമായും 
കണ്ണാ, നിന്‍ ലീലയോര്‍ത്താല്‍, വെറുതെയുരുവിടും 
നാവുടന്‍ നാമമന്ത്രം 
വര്‍ണ്ണിക്കാനാഗ്രഹിക്കും തവ മഹിമകളെ-
ന്നാലുമാവില്ല, തെല്ലുള്‍-
ക്കണ്ണില്‍ക്കാണും പ്രകാശം പകരുമുരുസുഖം 
പാടുവാന്‍ പാടുതന്നെ

അടുത്തിടും ദുഃഖശതങ്ങളെല്ലാം 
തടുത്തുകാത്തീടണമെന്നുമെന്നെ
ഉടുക്കുപോലെന്മനമൊന്നെടുക്കൂ
കടുത്തുരുത്തിക്കരവാഴുമീശാ

ആരും കാണാതെ കാട്ടിൽക്കഴിയുമളവിലി-
പ്പുഷ്പമേകും സുഗന്ധം
തീരും മുന്നേയെടുക്കാനകലെയമരുമ –
ത്തെന്നലിങ്ങെത്തിടുന്നൂ
കാരുണ്യത്തോടെയിപ്പൂമണമഥ വിതറും
ചുറ്റുമക്കാറ്റുപോകും
നേരം, മറ്റാർക്കുമാവില്ലിതുപടി, പറയാം,
വന്ദനം ഗന്ധവാഹിൻ