Archive for November 9, 2020

കവിമനസ്സിലെച്ചിന്തയുൾത്തടം
കവിയുമാറണഞ്ഞെന്നപോലവേ
ഇവിടെ ഞാൻ കുറിക്കുന്ന വാക്കുനൽ-
‘ക്കവിതപോൽ സദാ മോദമേകണം’

ശുകനുതാതനാം വ്യാസമാമുനി
സുതനകന്നുപോകുന്നവേളയിൽ
മകനെയോർത്തഹോകേണുവുത്തരം
പകരമോതി പോൽ വൃക്ഷജാലവും

പ്രചോദനം (മൊഴിമാറ്റമല്ല):
യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്‍മയതയാ തരവോഭിനേദു-
സ്തം സര്‍വ്വഭൂതഹൃദയം മുനിമാനതോതസ്മി

ധ്യാനം 

Posted: November 9, 2020 in വനമാലം

മുരുകാ നിൻ ചരണയുഗത്തിൽ ശരണമടഞ്ഞീടുവതിന്നായ്
വരുമെന്നിൽ ചൊരിയണമേ നീ തവ കൃപയെന്നും വഴിപോലെ
കരുണാർദ്രം തുണയരുളേണം ഭയമിവനറ്റീടുവതിന്നായ്
തിരുനാമസ്മരണയുണർത്തീട്ടഭയപദം മേ തരികെന്നും.

ധ്യാനം 

Posted: November 9, 2020 in ലളിത

അർക്കൻ‌മറഞ്ഞു പടരുന്നു കൂരിരുൾ
പൂക്കുന്നുമേലെ ശുഭതാരകങ്ങളും
തൃക്കാൽക്കലിന്നു തിരിവച്ചുകുമ്പിടാം
മുക്കണ്ണ! നെന്നെ കനിവോടെ കാക്കണേ

സംഗമേശപ്രഭോ കാത്തുരക്ഷിക്ക ദു-
സ്സംഗമെല്ലാമകറ്റേണമേ നിത്യവും
സംഗമില്ലാതെ വാണീടുവാനായി സ-
ത്സംഗഭാഗ്യം തരൂ ജീവനെക്കാലവും

ആപത്തുകളെല്ലാമകലാനായ് തുണയേകും
ശ്രീപാർവ്വതിതൻപാദയുഗം താനഖിലർക്കും
ആ പത്തുകളിൽ ക്കൂപ്പി വണങ്ങൂ മനമേ നീ
താപത്രയമേശാതെ വസിച്ചീടുവതിന്നായ്

ആരാണു, ചൊൽക, വിനയാന്വിതനിങ്ങു സത്യം
പാരിൽ തിരക്കുമൊരുശാസ്ത്രവിദഗ്ദ്ധനാണോ?
നേരിങ്ങു പണ്ടെഴുതിവച്ചൊരുബുക്കിലാണെ-
ന്നേരത്തുമോതിയമരുന്നൊരുമൂഢനാണോ?

ഭക്തൻ്റെ നെഞ്ചാം കമലത്തിലെന്നും
നൃത്തം ചവിട്ടുന്ന മരുത്പുരേശൻ
ഹസ്തത്തിലോടക്കുഴൽ വെണ്ണയും ചേർ-
ന്നുൾത്താരിലാടുന്നതു കണ്ടിടാവൂ

പ്രചോദനം: ഗുരുവായൂരപ്പൻ്റെ ഇന്നലത്തെ അലങ്കാരം വർണ്ണിച്ചുകൊണ്ടുള്ള വാട്ട്സപ്പ് മെസ്സേജ്

തുമ്പിക്കൈത്തലയില്‍ വച്ചെന്‍
തമ്പുരാന്‍ വരമേകണം
തുമ്പമെല്ലാമകറ്റും ശ്രീ-
ശംഭുപുത്രനു വന്ദനം