Archive for November 11, 2020

ഉത്സവക്കാലമിങ്ങെത്തുന്നു, കൂടുന്നു
ഉത്സാഹമേറ്റവുമെന്മനസ്സിൽ
പൂർണ്ണത്രയീശൻ്റെ ദർശനപുണ്യമീ
വണ്ണമെനിക്കും ലഭിച്ചിടുന്നൂ

പഞ്ചാരി, കോടങ്കി, ശാർദ്ദൂലം, രാത്രിയിൽ
കച്ചേരിയൊപ്പം കഥകളിയും
നെഞ്ചേറ്റി നാട്ടിൽ കഴിഞ്ഞൊരു ബാല്യമെൻ
നെഞ്ചിൽ തെളിയുന്ന നാൾകളായി

അമ്പലമുറ്റത്തണഞ്ഞു കാണിക്കയായ്
തമ്പുരാനേയെന്തു നൽകിടേണ്ടൂ
നിന്നെക്കുറിച്ചുള്ള ചിന്തകൾ മാലയായ്
നിന്മുന്നിൽ വച്ചു നമിച്ചു നിൽക്കാം

ധ്യാനം 

Posted: November 11, 2020 in മത്തമയൂരം

ചിക്കെന്നുള്ളില്‍ ഭീതി പടര്‍ത്തുന്നണുവര്‍ഗ്ഗം
ചീര്‍ക്കും ദുഃഖം മര്‍ത്ത്യനു നല്കുന്നിതുകാലം
വൈക്കത്തപ്പാ കാത്തരുളേണം ഭഗവാനേ
വെക്കം ഭക്ത്യാ കൂപ്പിനമിക്കാമടിയങ്ങള്‍ 

ഗുരുവായുരപ്പാ

Posted: November 11, 2020 in Malayalam

തിരുനാമമില്ലേ പലതര്‍ത്ഥമെല്ലാം
നിരുപിക്കുവാനും കഴിയില്ലയെന്നാല്‍
ഉരുവിട്ടിടുമ്പോളുരുമോദമെന്നില്‍
ഉരുവായിടുന്നൂ ഗുരുവായുരപ്പാ

തിരുലീലയില്ലേ പലതൊക്കെയോതാ-
നൊരുവന്നുമാവില്ല മരുത്പുരേശാ
ഒരുമാത്ര ചൊല്ലാതെയിരിക്കുവാനായ്
നിരുപിക്കിലാവുന്നതുമില്ല നൂനം

ഇരുളൊക്കെമാറ്റുന്നൊരു നീലവെട്ടം
ഒരുമാത്രകണ്ടോരറിയും സുഖത്തെ
ഒരുവന്നുമോതാന്‍ കഴിയില്ലയെന്നാല്‍
ഒരുവാക്കുമോതാതെയിരിക്ക വയ്യ

പെട്ടെന്നേറ്റം പ്രസാദിച്ചെ-
ന്നിഷ്ടമേകുന്ന ദേവി നീ
സ്പഷ്ടമെന്നമ്മ താന്‍ ഞാന്‍ കൈ-
വിട്ടാലും കാത്തിടുന്നവള്‍ 

കുട്ടി ഞാനോടിയേക്കാം കൈ-
വിട്ടെന്നാലും തുണയ്ക്കുവാന്‍
കൂട്ടിനെത്തും, ചിരിക്കുന്നെന്‍
കുട്ടിത്തം കണ്ടു നിത്യവും

പതിനഞ്ചാന, കോടങ്കി,
പുലി, കർണ്ണങ്ങൾ കേൾക്കുവാൻ
കൊതിക്കും മേളവും ചേരും
തിരുവുത്സവമാകയായ്

തഴ, വെഞ്ചാമരം, ചേരും
മട്ടായിട്ടാലവട്ടവും
കൂട്ടാനകൾക്കിതാണല്ലോ
ചിട്ട കാണുന്നതങ്ങു നാം

തിടമ്പേന്തീടുമാനയ്ക്കായ്
വെള്ളിക്കുട വിളങ്ങിടും
തൃക്കേട്ട മുതൽ തങ്കത്തിൻ
കുടയും കാണ്മതായിടും

തുലാച്ചോതിയിലാണല്ലോ
കൊടിയേറുന്നതിക്കുറി
ആറാട്ടു പതിവിന്മട്ടിൽ
വൃശ്ചികത്തിരുവോണവും

എട്ടുനാളുത്സവം കൂടീ –
ട്ടൊട്ടേറെക്കാലമായി ഞാൻ
കേട്ടിടാമെങ്കിലും ഘോഷം
സ്പഷ്ടമായ് കാതിലിപ്പൊഴും

കൊറോണയേറുന്നതിനാലെ നാട്ടില്‍
കുറച്ചിടാമുത്സവഘോഷമെല്ലാം
കുറഞ്ഞിടാ ഭക്തനുരക്ഷയേകാ-
നുറപ്പുപൂര്‍ണ്ണത്രയിനാഥനേതും

പൂര്‍ണ്ണത്രയീശ, പരിപാവനമായ നിന്റെ
പാദാരവിന്ദയുഗളങ്ങളിലെത്തുവാനായ്
പാറിപ്പറന്നുവരുമെന്റെമനസ്സിനാതൃ-
പ്പാദത്തിലുള്ള മധു നല്കിയനുഗ്രഹിക്കൂ