Archive for the ‘പാടൽപെട്രതിരുക്കോവിലുകൾ’ Category

*ആലങ്കുടി ആപത്സഹായേശ്വര്‍ കോവില്‍ (ഗുരു)*

ഗുരുവിന്റെ ക്ഷേത്രമാണ് ആലങ്കുടിയിലെ ആപത്സഹായേശ്വര്‍ കോവില്‍ അഥവാ ഗുരുസ്ഥലം. കുംഭകോണത്തിൽ നിന്നും 18 കിലോമീറ്ററും തിരുനാഗേശ്വരം ക്ഷേത്രത്തിൽ നിന്നും 20 കിലോമീറ്ററും ദൂരത്തിൽ ആണ്. ഈ ക്ഷേത്രത്തിലെയും പ്രധാനമൂർത്തി ശിവനാണ്.

ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതിനായി പാലാഴി കടയുമ്പോൾ ആദ്യം വന്നത്  ഹലാഹലം എന്ന മഹാവിഷമാണ്. അത് ലോകനാശത്തിനുതന്നെ കാരണമാകും എന്ന അറിഞ്ഞ ദേവന്മാർ ശിവനെ ശരണം പ്രാപിച്ചു. അപ്പോൾ ആ വിഷം ശിവൻ സ്വയം കഴിച്ചു. ആപത്ഘട്ടത്തില്‍ സഹായിച്ചതിൻ്റെ സ്മരണയിൽ ഇവിടെ ശിവൻ ആപത്സഹായേശ്വരനായി അറിയപ്പെടുന്നു.   അത് പാനം ചെയ്ത ശിവസങ്കല്പം … ആലം (വിഷം ) കുടിച്ച ഇടം എന്ന നിലയിലാണ് ആലങ്കുടി എന്ന സ്ഥലപ്പേരും വന്നത്.
കൂടാതെ ഇവിടെ കാശിയാരണ്യേശ്വരരായും ശിവഭഗവാൻ അറിയപ്പെടുന്നു. ശ്രീപാർവ്വതി ഇളവാർക്കുഴലിയമ്മനായി അറിയപ്പെടുന്നു. ബ്രഹ്മാവും സപ്തർഷികളും ദക്ഷനും ഇവിടെ ശിവനെ തപസ്സു ചെയ്തിട്ടുണ്ടത്രേ

63 നായന്മാരില്‍ പ്രമുഖനായ തിരുജ്ഞാനസംബന്ധര്‍ ഈ ക്ഷേത്രത്തെ പാടി സ്തുതിച്ചിട്ടുണ്ട്. അതിനാൽ ഈ ക്ഷേത്രം പാടൽപ്പെട്രകോവിലായി കരുതപ്പെടുന്നു. 

തിരുജ്ഞാനസംബന്ധർ തേവാരം: https://youtu.be/nwHReD8hdsc

സുന്ദരർ ഈ ക്ഷേത്രത്തിലേയ്ക്ക് വരുമ്പോൾ പുഴ കരകവിഞ്ഞ് ഒഴുകുകകായിരുന്നുവത്രേ. അപ്പോൾ ഭഗവാൻ സ്വയം തോണിയുമായി പോയി പുഴ കടക്കാൻ സഹായിച്ചു, ദക്ഷിണാമൂര്‍ത്തിയുടെ രൂപത്തിൽ ജ്ഞാനോപദേശവും കൊടുത്തുവത്രേ. പുഴ കടക്കുമ്പോൾ തോണി മറിയാതെ കാത്തത് ഗണപതിയാണത്രേ. അതിനാൽ ഇവിടെ വിനായകർ കലങ്കാതെ കാത്ത വിനായകരായി അറിയപ്പെടുന്നു.

ഒരിക്കൽ ഇവിടത്തെ സുന്ദരരുടെ വിഗ്രഹം തിരുവാരൂരെ രാജാവ് എടുത്തുകൊണ്ടുപോയത്രേ. ഒരു പൂജാരി രാജാവറിയാതെ ആ വിഗ്രഹം   തിരിച്ചുകൊണ്ടുപോരുമ്പോൾ വഴിയിൽ രാജഭഗന്മാർ തടഞ്ഞു. അപ്പോൾ അത് തന്റെ കുട്ടിയാണ്. മസൂരി ബാധിച്ചതാണ് എന്ന് പറഞ്ഞുവത്രേ. അതിനുശേഷം വിഗ്രഹത്തെ മൂടിയിരുന്ന പുതപ്പു മാറ്റി നോക്കിയപ്പോൾ ആ വിഗ്രഹത്തിൽ മസൂരിക്കല കണ്ടുവത്രേ.

ശിവന്റെയും ശ്രീപാർവ്വതിയുടെയും വിനായകരുടെയും ദക്ഷിണാമൂർത്തി രൂപത്തിലുള്ള ഗുരുവിന്റെയും സന്നിധി കൂടാതെ മുരുകൻ, ലക്ഷ്മി, നാൽവർ, കാശി വിശ്വനാഥർ, വിശാലാക്ഷി, നവഗ്രഹങ്ങൾ എന്നിങ്ങിനെ മറ്റു പ്രതിഷ്ഠകളും കാണാം

(അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇവിടെ നല്ല ഫോട്ടോ എടുക്കാനായില്ല. ഈ ചിത്രം വിക്കിപീഡിയയിൽ നിന്നും)

തിരുനാഗേശ്വരം (രാഹു)

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രവും ചോഴാസാമ്രാജ്യത്തിന്റെ ക്ഷേത്രനിര്‍മ്മിതിസമ്പ്രദായം അനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രം നിർമ്മിച്ചത് ആദിത്യക രികാലചോഴനാണ് എന്ന് കരുതപ്പെടുന്നു. പൊന്നിയിൻ സെൽവനിൽ വിക്രം അവതരിപ്പിക്കുന്ന പൊന്നിയിൽ സെൽവന്റെ ജ്യേഷ്ഠനായ ആദിത്യകരികാലനാണ് ഈ ചോഴമന്നൻ

രാഹുവിനെ പോലെ കൊടുക്കുന്നവനും ഇല്ല , കേതുവിനെ പോലെ കെടുത്തുന്ന വനും ഇല്ല എന്നാണ് ഇവിടങ്ങളിലെ വിശ്വാസം

തിരുനാഗേശ്വരം അഥവാ രാഹുസ്ഥലം എന്ന രാഹുവിന്റെ ക്ഷേത്രവും തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്തിനടുത്താണ്. കുംഭകോണത്തിൽ നിന്നും ഏതാണ്ട് 6 കിലോമീറ്ററും കഞ്ചനൂർ അഗ്നീശ്വരൻ കോവിലിൽ നിന്നും 14 കിലോമീറ്ററും ആടുതുറൈ സൂര്യനാർ കോവിലിൽ നിന്നും 11 കിലോമീറ്ററും ദൂരം വരും ഇവിടേയ്ക്ക്.ഏതാണ്ട് കുംഭകോണം കാരയ്ക്കൽ റൂട്ടിൽ തന്നെയാണ് ഈ ക്ഷേത്രം. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളിൽ ഒന്നായ ഉപ്പിലിയപ്പൻ ക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്

ഇവിടെയും ശിവന്‍ തന്നെയാണ് പ്രധാനപ്രതിഷ്ഠ; ഭഗവതി സ്വയം ഭൂവായും ഉണ്ട്. പ്രസന്നനായി പുഞ്ചിരിച്ചുകൊണ്ട് നാഗവല്ലി, നാഗകന്യ എന്നീ ഭാര്യമാരോട് കൂടി മനുഷ്യരൂപത്തിലാണ് ഇവിടെ രാഹുവിന്റെ പ്രതിഷ്ഠ.

പാലാഴിമഥനഫലമായി ലഭിച്ച അമൃത് മോഹിനി ദേവന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഒരു അസുരന്‍ ദേവനായ് വേഷം ധരിച്ച് സൂര്യചന്ദ്രന്മാരുടെ ഇടയില്‍ ഇരുന്ന് അമൃതം ഭുജിച്ചു, സൂര്യചന്ദ്രന്മാര്‍ അറിയിച്ചപ്പോള്‍ മോഹിനി ആ അസുരന്റെ ശിരസ്സ് ച്ഛേദിച്ചു. ശിരസ്സ് രാഹുവായും ഉടല്‍ കേതുവായും മാറി. അതിൽ തല വീണ സ്ഥലമാണത്രേ ഇവിടം. തുടർന്ന് രാഹു ദോഷമുക്തിയ്ക്കായി ശിവനെ തപസ്സ് ചെയ്തത് ഇവിടെയാണ്. അങ്ങിനെ തപസ്സ് ചെയ്തതിന്റെ ഫലമായാണത്രേ നവഗ്രഹങ്ങളില്‍ അംഗമായതും പൂജാര്‍ഹരായതും. ആദിശേഷനും തക്ഷകനും കാര്‍ക്കോടകനും അടക്കം അഷ്ടനാഗങ്ങളും ഇവിടെ ശിവനെ തപസ്സ് ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ഇവിടെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ സന്നിധിയുണ്ട്. അതുപോലെ ശ്രീപാർവ്വതിയോടൊപ്പം തന്നെ സ്വരസ്വതീദേവിയും ലക്ഷ്മീദേവിയും ഉണ്ട്.

ഭൃംഗി എന്ന ഒരു മഹർഷി ഭഗവതിയെ ശ്രദ്ധിക്കാതെ ശിവഭഗവാനെ മാത്രം പ്രാർത്ഥിച്ചുവത്രേ. ഭഗവതി അതിൽ കോപിച്ച് അദ്ദേഹത്തെ ശിക്ഷിച്ചു. പിന്നീട് അതിൽ പശ്ചാത്തപിച്ചു. അപ്പോൾ ഭഗവതിയോട് ഈ ചമ്പകവനത്തിൽ വന്ന് തപസ്സ് ചെയ്യാൻ പറഞ്ഞു. കൂടെ ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും അയച്ചുവത്രേ.

ശിവഭഗവാൻ നാഗനാഥരായും നാഗേശ്വരരായും ചമ്പകാരണ്യേശ്വരരായും ഭഗവതി ഗിരികുചാംബാളായും പിറൈചൂടിയമ്മനായും പിറൈയൊളിയംബാളായും പിറൈയണിയമ്മയായും അറിയപ്പെടുന്നു (പിറൈ = ചന്ദ്രൻ) ഗൌതമമഹർഷി കൊടുത്ത ശാപം മാറാൻ ഇന്ദ്രൻ ഭഗവതിയെ ഇവിടെ തപസ്സു ചെയ്തിട്ടുണ്ട്.

കൂടാതെ ആദിവിനായകർ നൃത്തഗണപതി, ചെമ്പകവിനായകർ, നന്ദി, വല്ലീദേവയാനീ സമേതനായ മുരുകൻ, നടരാജർ, ദക്ഷിണാമൂർത്തി, സോമസ്കന്ദർ, ചന്ദ്രൻ, സൂര്യൻ: നവഗ്രഹങ്ങൾ, മഹാഭൈരവർ, അറുപത്തിമൂവർ, നാൽവർ, ബാലശാസ്താവ്, ദുർഗ്ഗാ, ശേക്കിയാർ കുടുംബം എന്നിങ്ങിനെ നിരവധി സന്നിധികൾ ഉണ്ട്.

അഗസ്ത്യർ, പരാശരർ, ഗൌതമർ, വ്യാഘ്രപാദർ, പതഞ്ജലി, മാർക്കണ്ടേയർ എന്നിവർ ഭഗവാനെ ഇവിടെ തപസ്സു ചെയ്തിട്ടുണ്ടത്രേ. വിനായർക്ക് ഗണങ്ങളുടെ നേതൃസ്ഥാനം ഇവിടെ തപസ്സനുഷ്ഠിച്ചതിന്റെ ഫലമായി ലഭിച്ചതാണ് എന്നും വിശ്വസിക്കപ്പെടുന്നു.

ശിവഭക്തരായ 63 നായന്മാരില്‍ മൂവരും ഈ ക്ഷേത്രത്തെ സ്തുതിച്ച് പാടിയിട്ടുണ്ട്. അതിനാൽ ഈ കോവിൽ പാടൽപ്പെട്രകോവിലായി കണക്കാക്കപ്പെടുന്നു

അപ്പർ തേവാരം: https://www.youtube.com/watch?v=7QuIhBoeSlY

തിരുജ്ഞാനസംബന്ധർ തേവാരം: https://www.youtube.com/watch?v=KojNUmfRXAg

സുന്ദരർ തേവാരം: https://www.youtube.com/watch?v=oeacU7T0HCw

പെരിയപുരാണം എഴുതിയ ശേക്കിയാർ സകുടുംബം ഇവിടെ ഭഗവാനെ പൂജിച്ചിട്ടുണ്ട്. നന്ദിക്ക് ഇവിടെ തപസ്സു ചെയ്തതിന്റെ ഫലമായാണ് ഈശ്വരപദമായി അധികാരനന്ദി എന്ന സ്ഥാനം ലഭിച്ചതത്രേ.

അരുണഗിരിനാഥർ ഇവിടത്തെ മുരുകനെ സ്തുതിച്ചുപാടിയിട്ടുണ്ട്.

കഞ്ചനൂർ അഗ്നീശ്വരർ കോവില്‍ (ശുക്രൻ)

തഞ്ചാവൂർ ജില്ലയിൽ കഞ്ചനൂർ എന്ന സ്ഥലത്താണ് നവഗ്രഹങ്ങളിൽ ശുക്രന്റെ ക്ഷേത്രമായ അഗ്നീശ്വരൻ കോവിൽ. മദ്ധ്യകാലത്തെ ചോഴസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്

ഇവിടെയും പ്രധാനമൂര്‍ത്തി ശിവൻ തന്നെ. 

യാഗം ചെയ്യുമ്പോൾ അഗ്നി ദേവന്മാരുടെ മുഖമായി നിവേദ്യം സ്വീകരിക്കുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ
ഒരിക്കൽ ബ്രഹ്മാവ് നടത്തിയ യാഗത്തിൽ ഹവിസ്സ് ദേവന്മാർക്ക് കൊടുക്കാതെ അഗ്നി സ്വയം ഭുജിച്ചുവത്രേ. തുടർന്ന് ബ്രഹ്മശാപത്താൽ പാണ്ടുരോഗം ബാധിച്ച അഗ്നിക്ക് ഇവിടെ ഭഗവാനെ തപസ്സു ചെയ്താണത്രേ ശാപമോക്ഷം സിദ്ധിച്ചത്. അക്കാലത്ത് അഗ്നി സ്വയം നിർമ്മിച്ചതാണത്രേ ഇവിടത്തെ അഗ്നിതീർത്ഥം. അഗ്നിയാൽ പൂജിക്കപ്പെട്ടതിനാൽ ഭഗവാൻ അഗ്നീശ്വരനായി അറിയപ്പെടുന്നു

യാഗം പൂർത്തിയാക്കാൻ പറ്റാതെ പോയ ബ്രഹ്മാവും ഇവിടെ വന്ന് ഭഗവാനെ പൂജിച്ചു. ഇവിടെയാണത്രേ ബ്രഹ്മാവ് ശിവപാര്‍വ്വതിമാരുടെ വിവാഹം ദര്‍ശിച്ചതും.

ദേവാസുരയുദ്ധം നടക്കുമ്പോൾ അസുരഗുരുവായ ശുക്രാചാര്യര്‍ മരിച്ചുപോയ അസുരന്മാരെ ഒക്കെ മൃതസഞ്ജീവനീമന്ത്രത്തിന്റെ ശക്തിയാല്‍ പുനരുജ്ജീവിപ്പിച്ചു. അപ്പോൾ ദേവന്മാര്‍ ശിവനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ രക്ഷയ്ക്കായി ശിവന്‍ ശുക്രാചാര്യരെ വിഴുങ്ങിയത്രേ.  അതുകൊണ്ട് ഇവിടെ ശുക്രാചാര്യര്‍ ശിവന്റെ ഉള്ളിൽ തന്നെ ഉണ്ട് എന്നാണ് വിശ്വാസം.

പരാശരമഹര്‍ഷിക്ക് ഒരിക്കൽ ചിത്തഭ്രമം ബാധിച്ചു. തുടർന്ന് അദ്ദേഹം ഇവിടെ  ഭഗവാനെ തപസ്സു ചെയ്തു. ആ തപസ്സിൽ പ്രീതനായ ഭഗവാൻ മുക്തിതാണ്ഡവദർശനം കൊടുത്ത് അനുഗ്രഹിക്കുകയും മോക്ഷം കൊടുക്കുകയും ചെയ്തുവത്രേ.

വാമനാവതാരത്തില്‍ മഹാബലിയുടെ ശിരസ്സില്‍ കാലു വെച്ചപ്പോള്‍ ശുക്രാചാര്യര്‍ മഹാവിഷ്ണുവിനെ ശപിച്ചു. മഹാവിഷ്ണു ശാപമോക്ഷത്തിനായി ശിവനെ തപസ്സ് ചെയ്തു മോക്ഷം പ്രാപിച്ചതും ഇവിടെ എന്ന് വിശ്വസിക്കപ്പെടുന്നു

കംസനും ഇവിടെ ശിവനെ തപസ്സു ചെയ്തിട്ടുണ്ടത്രേ. തന്റെ ദേഹാസ്വാസ്ഥ്യം മാറ്റാനാണ് കംസൻ ഇവിടെ ഭഗവാനെ തപസ്സു ചെയ്തത്. പണ്ട് കംസനൂർ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കാലക്രമത്തിൽ കഞ്ചനൂർ ആയതാണത്രേ. കൂടാതെ ബ്രഹ്മപുരം അഗ്നിപുരം പലാശവനം എന്നെല്ലാംഅറിയപ്പെട്ടിരുന്നുവത്രേ ഇവിടം.

ഈ ക്ഷേത്രത്തെ കുറിച്ച് വേറെയും രസകരമായ ഐതിഹ്യങ്ങൾ ഉണ്ട്. അത് നാളെ പറയാം

(തുടരും …)



ഇവിടെ പണ്ട് ശിവഭക്തനായ കൃഷിക്കാരനുണ്ടായിരുന്നു. അദ്ദേഹം കൃഷി ചെയ്തിരുന്നത് ചുരയ്ക്ക ആയിരുന്നു. അദ്ദേഹം എന്നും ഒരു ചുരയ്ക്ക ഭഗവാന് നിവേദിച്ചുപോന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ ഒരു അതിഥി വന്നു. അപ്പോൾ ആകെ ഒരു ചുരയ്ക്കയേ ഉണ്ടായിരുന്നുള്ളൂ. അത് അതിഥിക്ക് ഭക്ഷണത്തിനായി എടുത്താൽ പിന്നെ വിത്തിനായി ചുരയ്ക്ക കാണില്ല. അപ്പോൾ അതിഥി പാതി ചുരയ്ക്ക വിത്തിനും പാതി കറിയ്ക്കായും എടുക്കാൻ പറഞ്ഞു. അങ്ങിനെ ആ ഭക്തന്റെ ആതിഥ്യം സ്വീകരിച്ച് ഭഗവാൻ മടങ്ങിയത്രേ. ആ ഭക്തൻ ചുരയ്ക്കഭക്തനായി അറിയപ്പെടുന്നു

ഇവിടെ സുദർശനൻ എന്ന ഒരു ഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അദ്ദേഹം വൈഷ്ണവരുടെ ഇടയിൽ പിറന്നതാണെങ്കിലും തികഞ്ഞ ശിവഭക്തനായിരുന്നു. വീട്ടുകാർ ഭക്തിക്ക് വിഘ്നമായി നിന്നപ്പോൾ അദ്ദേഹം അമ്പലത്തിലെത്തി ഭഗവാനെ ശരണം പ്രാപിച്ചു. ഭഗവാൻ പത്നീസമേതം ദക്ഷിണാമൂർത്തിയായി പ്രത്യക്ഷപ്പെട്ട് ശിവജ്ഞാനം ഉപദേശിച്ചു, ഹരിദത്തശിവാചാര്യൻ എന്ന് സന്യാസ ദീക്ഷാനാമവും നൽകിയത്രേ. ഇദ്ദേഹത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങൾ ഈ പ്രദേശത്ത് പ്രചാരത്തിൽ ഉണ്ട്.

പെരിയപുരാണം പ്രകീർത്തിക്കുന്ന ശിവഭക്തരായ അറുപത്തിമൂവരിൽ ഒരാളായ മാനക്കഞ്ചാറനായനാർ ഈ നാട്ടുകാരനായിരുന്നുവത്രേ. അദ്ദേഹത്തിന്റെ മകളുടെ കല്യാണദിവസം ശിവഭഗവാൻ സന്യാസിവേഷത്തിൽ വന്ന് ആ കുട്ടിയുടെ മുടി ആവശ്യപ്പെടുവത്രേ. അത് സംശയലേശമെന്യേ ആ ശിവഭക്തനായി മുറിച്ചു. ഉടനെ ഭഗവാൻ സന്യാസീരൂപം വെടിഞ്ഞ് ശ്രീപാർവ്വതീദേവിയോടൊപ്പം പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രേ. വരൻ അറുപത്തിമൂവരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എയർകോൻ കലിക്കാമനായനാർ ആയിരുന്നു ഇരുവരും സുന്ദരരുടെ സമകാലീനരായിരുന്നു.

മാത്രമല്ല, ശിവഭക്തരായ മൂവരില്‍ ഒരാളായ അപ്പര്‍ പാടി സ്തുതിച്ച ക്ഷേത്രം ആണ് ഇത്. അതിനാൽ ഈ ക്ഷേത്രം പാടൽപ്പെട്രകോവിലായി അറിയപ്പെടുന്നു
അപ്പർ തേവാരം: https://youtu.be/xs4zQhnHoj8

ഇവിടെ പരാശരമഹർഷിക്ക് മുക്തിതാണ്ഡവദർശനം കൊടുത്ത സ്ഥലത്ത് നടരാജരുടെയും ശിവകാമിയുടെയും സന്നിധി കാണാം അത് മുക്തിമണ്ഡപമായി അറിയപ്പെടുന്നു

ഇവിടെ ഭഗവതി കർപ്പകാംബാൾ ആയി അറിയപ്പെടുന്നു. കൂടാതെ വിനായകർ , സുബ്രഹ്മണ്യൻ, വിഷ്ണു, ലക്ഷ്മി, അറുപത്തിമൂവർ , ഹരിദത്തൻ എന്നിങ്ങിനെ നിരവധി സന്നിധികൾ ഇവിടെയുണ്ട്. അരുണഗിരിനാഥർ ഇവിടെ മുരുകനെ സ്തുതിച്ചുപാടിയിട്ടുണ്ട്

ഈ ക്ഷേത്രം മയിലാടുതുറൈയിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിലും കുംഭകോണത്തിൽ നിന്നും ഏതാണ്ട് 18 കിലോമീറ്റർ ദൂരത്തിലും ആടുതുറൈയിൽ നിന്നും ഏതാണ്ട് 5 കിലോമീറ്റർ ദൂരത്തിലും ആണ് സ്ഥിതിചെയ്യുന്നത്. ആടുതുറൈയിൽ തന്നെ ആപത്സഹായേശ്വരൻ കോവിൽ എന്ന മറ്റൊരു പാടൽപ്പെട്രകോവിലും ഉണ്ട് എന്ന് ശ്രദ്ധിക്കുക. നവഗ്രഹക്ഷേത്രങ്ങളിലെ സൂര്യനാർ കോവിലും ഇവിടെ വളരെ അടുത്താണ്



തിരുനല്ലാർ ദര്‍ഭാരണ്യേശ്വര്‍ ക്ഷേത്രം (ശനീശ്വരൻ)

ശനീശ്വരന്റെ അമ്പലം പോണ്ടിച്ചേരിയിലെ കാരയ്ക്കല്‍ ജില്ലയില്‍ തിരുനല്ലാര്‍ എന്ന സ്ഥലത്താണ്. ഏറ്റവും അടുത്തുള്ള പട്ടണം കാരയ്ക്കൽ ആണ്. ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും ബാംഗളൂരിൽ നിന്നും എറണാകുളത്ത് നിന്നും കാരയ്ക്കൽ വരെ ട്രെയിൻ ഉണ്ട്. കാരയ്ക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 6 കിലോമീറ്റർ ദൂരത്തിൽ ആണ് ഈ ക്ഷേത്രം. ഇവിടേയ്ക്ക് കീഴപെരുമ്പളത്തിൽ നിന്നും 30 കിലോമീറ്ററും തിരുവെങ്കാടിൽ നിന്നും 40 കിലോമീറ്ററും ദൂരമുണ്ട്

ഈ ക്ഷേത്രവും വളരെ പഴക്കമേറിയതാണ്. ഇവിടെയും ശിവന്‍ തന്നെ ആണ് പ്രധാനമൂര്‍ത്തി. ഈ ക്ഷേത്രത്തിലെ സ്ഥലവൃക്ഷം ദർഭയാണ്. പണ്ട് ഈ പ്രദേശം ദര്‍ഭപുല്ലുകളുടെ കാടായിരുന്നുവത്രേ. അതിനാൽ ഈ സ്ഥലം ദര്‍ഭാരണ്യം എന്നും ഭഗവാൻ ദർഭാരണ്യേശ്വരായും അറിയപ്പെടുന്നു. ഭഗവതി പ്രാണേശ്വരിയായും ഭോഗമാർത്ത പൂണ്മുലൈയാളായും സ്തുതിക്കപ്പെടുന്നു!

ഇത് സപ്തവിടങ്കക്ഷേത്രമായും അറിയപ്പെടുന്നു. ശിലയിൽ കൊത്തിയുണ്ടാക്കാതെ, സ്വയംഭൂവായി ഉണ്ടായതാണത്രേ വിടങ്കവിഗ്രഹം. ഇത് മഹാവിഷ്ണു പൂജിച്ചിരുന്ന വിഗ്രഹമാണത്രേ. അത് മകനായ മന്മഥന് കൊടുത്തു. മന്മഥൻ ബ്രഹ്മാവിനും ബ്രഹ്മാവ് ഇന്ദ്രനും കൊടുത്തു. ഒരിക്കൽ മുചുകുന്ദചക്രവർത്തി യുദ്ധത്തിൽ ഇന്ദ്രനെ സഹായിച്ചു. ഇന്ദ്രൻ പ്രതിഫലം എന്തുവേണം എന്ന് ചോദിച്ചപ്പോൾ ആ ത്യാഗരാജവിഗ്രഹം ആവശ്യപ്പെട്ടു. ഇന്ദ്രൻ ഒരേപോലത്തെ ഏഴ് വിഗ്രഹം കൊടുത്തു. ആ വിഗ്രഹങ്ങൾ ഏഴിടത്തായി പ്രതിഷ്ഠിച്ചു. ആ ക്ഷേത്രങ്ങളാണ് സപ്തവിടങ്കക്ഷേത്രങ്ങൾ . മുചുകുന്ദമഹാരാജാവിന് കൊടുത്ത വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഏഴു സ്ഥലങ്ങളാണ് സപ്തവിടങ്കസ്ഥലങ്ങൾ.ഇവിടങ്ങളിൽ ത്യാഗരാജർ സോമസ്കന്ദരായാണ് ദർശനം തരുന്നത്.

സപ്തവിടങ്കസ്ഥലങ്ങൾ ഇവയാണ്:

  1. തിരുവാരൂരിൽ അജപാനടനം
  2. തിരുനല്ലാരിൽ ഉന്മത്തനടനം
  3. നാഗപട്ടണത്തിൽ വിലത്തിനടനം
  4. തിരുക്കരയിൽ കുക്കുടനടനം
  5. തിരുക്കുവലയിൽ ഭൃംഗനടനം
  6. തിരുവാമൂരിൽ കമലനടനം
  7. വേദാരണ്യത്തിൽ ഹംസപദനടനം

ഇവിടെ ശനീശ്വരന്റെ പ്രതിഷ്ഠ അഭയമുദ്രയോടെ ആണ്. ഇവിടെ ശനീശ്വരൻ ദർഭാരണ്യേശരരുടെ ആജ്ഞപ്രകാരം ഭഗവനെ തൊഴാൻ വരുന്ന ഭക്തരുടെ വിഷമങ്ങളെ തീർത്ത് കാത്തുരക്ഷിക്കുന്നു

നളമഹാരാജാവ് ശനിദോഷപീഡിതനായി കാട്ടിൽ അലഞ്ഞ കാലത്ത് ഇവിടെ ശിവഭഗവാനെയും ശനീശ്വരനെയും തപസ്സ് ചെയ്തതിൻ്റെ ഫലമായാണ് അതിൽ നിന്നും മുക്തനായി. അതുകൊണ്ടാണത്രേ ഇവിടം തിരുനല്ലാർ എന്നും ഭഗവാൻ തിരുനല്ലാറ്റ്രേശ്വരനായും നളേശ്വരനായും അറിയപ്പെടുന്നത്. അക്കാലത്ത് നളൻ നിർമ്മിച്ച അമ്പലക്കുളം നളതീർത്ഥമായി അറിയപ്പെടുന്നു. ഇവിടെ നളൻ്റെയും നളൻ പൂജിച്ച ശിവലിംഗത്തിൻ്റെയും പ്രതിഷ്ഠയുമുണ്ട്.

ഇവിടെ വിഷ്ണുഭഗവാനും, ബ്രഹ്‌മനും, ഇന്ദ്രനും, അഷ്ടദിക്പാലകരും, അഗസ്ത്യരും, പുലസ്ത്യരും ഭഗവാനെ സ്തുതിച്ചിട്ടുണ്ടത്രേ

63 നായന്മാരില്‍ പ്രമുഖരായ അപ്പരും തിരുജ്ഞാനസംബന്ധരും സുന്ദരമൂര്‍ത്തിസ്വാമികളും ഈ ക്ഷേത്രത്തെ സ്തുതിച്ചു പാടിയിട്ടുണ്ട്. അതിനാൽ ഈ ക്ഷേത്രം പാടൽപ്പെട്രകോവിലായി അറിയപ്പെടുന്നു.

തിരുജ്ഞാനസംബന്ധരുടെ ഈ തേവാരം ശനിദോഷപരിഹാരത്തിന് വളരെ വിശിഷ്ടമായി കരുതപ്പെടുന്നു
https://youtu.be/WB8X-Z6x-20

അപ്പർ തേവാരം https://youtu.be/4JyXoyxeKkY

സുന്ദരർ തേവാരം https://youtu.be/WcJJyofsW1s

പാണ്ഡ്യരാജസദസ്സിൽ ജൈനമതക്കാരുമായുള്ള സംവാദത്തിൽ പരീക്ഷയുടെ ഭാഗമായി ജൈനമതഗ്രന്ഥം തീയ്യിലിട്ടപ്പോൾ എരിഞ്ഞുപോയത്രേ. എന്നാൽ ദർഭാരണ്യേശ്വരനെ സ്തുതിക്കുന്ന ഈ തേവാരം തീയ്യിലിട്ടപ്പോൾ തീ പിടിക്കാതെ പച്ചയായി തന്നെയിരുന്നു. അതിനാലാണത്രേ ഈ തേവാരം “പച്ചൈപതികം” എന്ന് അറിയപ്പെടുന്നു

അരുണഗിരിനാഥർ ഇവിടെ മുരുകനെ സ്തുതിച്ചുപാടിയിട്ടുണ്ട്

ഇവിടെ വിനായകരുടേയും മുരുകൻ്റെയും ദക്ഷിണാമൂർത്തിയുടേയും ലക്ഷ്മിയുടേയും ദുർഗ്ഗയുടേയും ഭിക്ഷാടനരുടേയും ഭൈരവരുടേയും അറുപത്തിമൂവരുടേയും സന്നിധികൾ ഉണ്ട്

തിരുവെങ്കാട് ശ്വേതാരണ്യേശ്വര്‍ കോവില്‍ (ബുധൻ)

നവഗ്രഹക്ഷേത്രങ്ങളിൽ ബുധന്റെ ക്ഷേത്രം ശീര്‍കാഴിയ്ക്ക് അടുത്ത് തിരുവെങ്കാട് എന്ന സ്ഥലത്തെ ശ്വേതാരണ്യേശ്വര്‍ കോവിലാണ്.ശീർകാഴിയിൽ നിന്നും 14 കിലോമീറ്ററും വൈത്തീശ്വരൻ കോവിലിൽ നിന്നും 15 കിലോമീറ്ററും ദൂരമുണ്ട് ഇവിടേയ്ക്ക്.

ഇവിടെയും പ്രധാനമൂര്‍ത്തി ശിവന്‍ ആണ്. തിരുവെങ്കാട് (തിരു+വെണ്‍ +കാട്) ദിവ്യമായ വെളുത്ത കാടിനെ സൂചിപ്പിക്കുന്നു. അതിനാൽ ഈ പ്രദേശത്തിനുള്ള നാമം സംസ്കൃതത്തിൽ ശ്വേതാരണ്യം എന്നാണ്. ഭഗവാൻ അവിടെയുള്ള ഈശ്വരന്‍ എന്ന നിലയില്‍ ശ്വേതാരണ്യേശ്വര്‍ (ശ്വേത+ആരണ്യ + ഈശ്വര്‍) ആയി അറിയപ്പെടുന്നു.

ശ്രീപാർവ്വതി ബ്രഹ്‌മാവിന് ജ്ഞാനം കൊടുത്തത് ഇവിടെയാണത്രേ. അതിനാൽ ഭഗവതി ബ്രഹ്മവിദ്യാംബിക ആയി അറിയപ്പെടുന്നു. ഇവിടെ ഭഗവതി ഒരു കുട്ടിയെ ഇടുപ്പിൽ ഇടുക്കിപ്പിടിച്ചാണ് നിൽക്കുന്നത്. അതിനാൽ പിള്ളൈ ഇടുക്കിയമ്മൻ ആയി അറിയപ്പെടുന്നു. ആ കുട്ടി ശീർകാഴിയിൽ വച്ച് ഭഗവതി ജ്ഞാനപ്പാൽ കൊടുത്ത തിരുജ്ഞാനസംബന്ധരാണത്രേ. തിരുജ്ഞാനസംബന്ധർ ഇവിടെ വന്നപ്പോൾ എല്ലാം ശിവമയമായികണ്ട് കാലുകുത്താൻ മടിച്ചിരുന്നു. അപ്പോൾ ഭഗവതി സ്വയം ചെന്ന് എടുത്തതാണത്രേ

ഇവിടത്തെ മറ്റൊരു പ്രത്യേകത അഘോരമൂര്‍ത്തിയാണ്. ഇവിടെ പണ്ട് മരുത്വാസുരന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. ആ അസുരൻ ബ്രഹ്‌മാവിനെ തപസ്സ് ചെയ്തുവരം വാങ്ങി, ആ വരബലത്താൽ മുനിമാരെയും ഭക്തരെയും ഉപദ്രവിക്കാൻ തുടങ്ങി. അപ്പോൾ അസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ അവർ ശിവനെ അഭയം പ്രാപിച്ചു. ഭഗവാൻ നന്ദിയെ അയച്ചു. നന്ദി അസുരനെ തോല്പിച്ച് കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് അസുരന്‍ ശിവനെ തന്നെ തപസ്സ് ചെയ്ത് ശൂലം വരമായ് നേടി. പിന്നീട് ആക്രമിക്കാൻ ചെന്നപ്പോൾ നന്ദിയ്ക്കും തോല്പിക്കാൻ പറ്റാതെയായി. അസുരൻ ഉപദ്രവം തുടർന്നപ്പോള്‍ ശിവന്‍ അഘോരമൂർത്തിയായയി അവതരിച്ച് അസുരനെ വധിച്ചുവത്രേ

ഇവിടെ ബുധന്റെ പ്രതിഷ്ഠ ഉണ്ട്. ദേവഗുരുവായ ബൃഹസ്പതിയുടെ ഭാര്യ താരയ്ക്ക് ചന്ദ്രനുമായി ഒരു അവിഹിതബന്ധമുണ്ടായിരുന്നുവത്രേ. ആ ബന്ധത്തിലുണ്ടായ കുട്ടിയാണ് ബുധൻ. ഈ അവിഹിതബന്ധത്തെ കുറിച്ച് അറിഞ്ഞ ബ്രഹ്മാവും ശിവനും താരയോട് തിരിച്ച് ഗുരുവിന്റെ അടുത്തേയ്ക്ക് പോകാൻ പറഞ്ഞു. അപ്പോൾ താര തന്റെ മകനായ ബുധനെ ചന്ദ്രന്റെ കൈവശം ഏല്പിച്ചാണ് മടങ്ങിയത്. എന്നാൽ ബുധന്റെ ഉള്ളിൽ ചന്ദ്രനോട് ദേഷ്യമായിരുന്നു. അക്കാലത്ത് ബുധൻ ശിവനെ തപസ്സു ചെയ്തു. ആ തപസ്സിൽ സന്തുഷ്ടനായ ശിവൻ ബുധന് നവഗ്രഹങ്ങളിൽ ഒരാളായി സ്ഥാനം നൽകി അനുഗ്രഹിച്ചു. അങ്ങിനെ ബുധൻ ശിവഭഗവാനെ തപസ്സു ചെയ്ത സ്ഥലമാണത്രേ ഇത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രവും ചോഴാസാമ്രാജ്യത്തിലെ ക്ഷേത്രനിര്‍മ്മാണരീതി അനുസരിച്ചുള്ളതാണ്. ഈ ക്ഷേത്രത്തില്‍ നാൽവരും (അപ്പര്‍, തിരുജ്ഞാനസംബന്ധര്‍, സുന്ദരമൂര്‍ത്തി, മാണിക്ക്യവാചകർ) ശിവഭഗവാനെ പാടി സ്തുതിച്ചിട്ടുണ്ട്

തിരുജ്ഞാനസംബന്ധർ തേവാരം: (തിരുക്കടൈക്കാപ്പ് )
https://youtu.be/jpM70quwhyM

അപ്പർ തേവാരം:
https://youtu.be/vgduXrAzWGg

സുന്ദരർ തേവാരം:
https://youtu.be/sausUuELXgc

ഇവിടെ ഇന്ദ്രനും ഐരാവതവും ബുധനും സൂര്യനും ശിവനെ തപസ്സ് ചെയ്തതായി പറയപ്പെടുന്നു. യമന്റെ അടുത്തു നിന്നും മാര്‍ക്കേണ്ഡേയനെ രക്ഷിച്ച കഥയുമായി സാമ്യമുള്ള ശ്വേതകേതുവിന്റെ കഥയും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്ക്കുന്നു

ശിവന്‍ ചിദംബരത്തില്‍ നൃത്തം ചെയ്യുന്നതിനു മുമ്പ് ഇവിടെ ആനന്ദതാണ്ഡവം, ലളിതതാണ്ഡവം, സംഹാരതാണ്ഡവം എന്നിങ്ങിനെ ഏഴുതരം താണ്ഡവം ആടിയിട്ടുണ്ടത്രേ. അതിനാൽ ഈ ക്ഷേത്രം ആദിചിദംബരം ആയും നവനൃത്തശാലയായും പറയപ്പെടുന്നു.

ഈ ക്ഷേത്രത്തിലെ അമ്പലക്കുളങ്ങൾ സൂര്യതീർത്ഥം ചന്ദ്രതീർത്ഥം അഗ്നിതീർത്ഥം എന്നും അറിയപ്പെടുന്നു

അച്യുതകളപ്പാളർ എന്ന ഒരു ശിവഭക്തനും പത്നിയും മക്കളില്ലാതെ വിഷമിക്കുകയായിരുന്നു. അവർ കുലഗുരുവായ സകലാഗമപണ്ഡിതർ തിരുവെങ്കാട് ചെന്ന് ശിവഭഗവാനെ ഭജിക്കാൻ ഉപദേശിച്ചു. തുടർന്ന് അവർ തിരുവെങ്കാടിൽ എത്തി മുക്കുളങ്ങളിൽ മുങ്ങി ശിവനെ ഭജിച്ചു കഴിയുമ്പോൾ ഒരു ഉണ്ണിയുണ്ടായി. ആ ഉണ്ണിക്ക് അവർ ശ്വേതവനപ്പെരുമാൾ എന്ന പേരിട്ടു. അതിനുശേഷം സ്വദേശത്തിലെത്തി. ഒരിക്കൽ ആ ഉണ്ണിയുടെ അമ്മാവൻ അമ്മയുടെ നാടായി തിരുവെണ്ണൈനല്ലൂർക്ക് കൊണ്ടുപോയി. അവിടെ കളിച്ചുകൊണ്ടിരിക്കുമ്പോൾ പരഞ്ജ്യോതി എന്ന സന്യാസി ശിവജ്ഞാനം പകർന്നുകൊടുത്തു, ശിവദർശനം ലഭിച്ചവൻ എന്ന അർത്ഥത്തിൽ മെയ് കണ്ടാർ എന്ന ദീക്ഷാനാമവും കൊടുത്തു. തുടർന്ന് ശിവഭക്തിയിലാണ്ടുകഴിഞ്ഞ അദ്ദേഹത്തിൻ്റെ കൃതിയാണ് ശിവജ്ഞാനബോധം
https://archive.org/details/Siva-Nana-Bodham/mode/2up

*വൈത്തീശ്വരന്‍ കോവില്‍ (ചൊവ്വ)*

ശിവഭക്തിപരമായ നവഗ്രഹക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രമായി കണക്കാക്കപ്പെടുന്നത് ശീര്‍കാഴിയ്ക്ക് അടുത്തുള്ള വൈത്തീശ്വരന്‍ കോവിലാണ്. മയിലാടുതുറൈ ജില്ലയിലാണ് ഈ ക്ഷേത്രം. ശീർകാഴിയിൽ നിന്നും 7 കിലോമീറ്ററും ചിദംബരത്തിൽ നിന്നും 27 കിലോമീറ്ററും മയിലാടുതുറയിൽ നിന്നും 15 കിലോമീറ്ററും ദൂരത്തിൽ ആണ്. ചെന്നൈ എഗ്മോർ – തഞ്ചാവൂർ റൂട്ടിലെ ശീർകാഴി ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.


ശിവഭക്തരായ അറുപത്തിമൂവരിൽ പ്രധാനികളായ മൂവരിൽ അപ്പരും തിരുജ്ഞാനസംബന്ധരും ഈ ക്ഷേത്രത്തെ സ്തുതിച്ച് പാടിയിട്ടുണ്ട്. അതിനാൽ ഈ ക്ഷേത്രം പാടൽപ്പെട്രകോവിലായി കണക്കാക്കപ്പെടുന്നു.
അപ്പർ പാടിയ തേവാരം: https://youtu.be/w79tB9dDSds
തിരുജ്ഞാനസംബന്ധർ പാടിയ തേവാരം: https://youtu.be/d4teUc-HwmA

ഇവിടെ പ്രധാനമൂര്‍ത്തി ശിവഭഗവാന്‍ തന്നെയാണ്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. അതുകൊണ്ട് തന്നെ വൈദ്യശ്രേഷ്ഠൻ എന്ന നിലയിൽ വൈത്തീശ്വരന്‍ എന്ന് വിളിക്കപ്പെടുന്നു. മരുന്നും ആയി നില്ക്കുന്ന ഭഗവതി ഭഗവതി തയ്യൽ നായകി ആയി അറിയപ്പെടുന്നു.

അംഗാരകൻ്റെ (ചൊവ്വ) രണ്ട് പ്രതിഷ്ഠയുണ്ട്. ഒന്ന് ഉത്സവമൂര്‍ത്തിയായി വൈത്തീശ്വരസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.
ധന്വന്തരീമൂർത്തി സമാധിയടഞ്ഞത് ഇവിടെ ശിവനെ തപസ്സ് ചെയ്താണത്രേ. അതിനാൽ ധന്വന്തരിപ്രതിഷ്ഠയും ഉണ്ട്.

ചൊവ്വയ്ക്ക് കുഷ്ഠരോഗം ബാധിച്ചപ്പോള്‍ ഇവിടെ ശിവനാണത്രെ അത് ചികിത്സിച്ച് മാറ്റിയത്.
സുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ ദേവന്മാരും അസുരന്മാരും ആയുള്ള യുദ്ധത്തില്‍ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിവന്‍ വൈദ്യഭാവത്തില്‍ വന്നു എന്നും സങ്കല്പം ഉണ്ട്.

ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ആറുമുഖമുള്ള സുബ്രഹ്‌മണ്യൻ അമ്മയായ ശ്രീപാർവ്വതിയുടെ അപേക്ഷപ്രകാരം ഒരു മുഖം മാത്രമായി പ്രത്യക്ഷപ്പെട്ടു. സുബ്രഹ്മണ്യൻ ശിങ്കാരവേലനായി അറിയപ്പെടുന്നു. അപ്പോൾ ദേവി സന്തോഷത്തോടെ നൽകിയ വേലുപയോഗിച്ചായിരുന്നു ശത്രുനിഗ്രഹം

ഇവിടം നാഡിജ്യോത്സ്യത്തിന് പ്രശസ്തമാണ്. ജ്യോതിഷത്തിലും ചൊവ്വയുടെ നാഥനായി സുബ്രഹ്മണ്യനെ പറയുന്നുണ്ടല്ലോ.

ഇവിടുത്തെ അമ്പലക്കുളം സിദ്ധാമൃതമായി അറിയപ്പെടുന്നു. ഇവിടെ കുളിക്കുന്നത് അസുഖം വിശിഷ്യാ ത്വത് രോഗങ്ങള്‍ മാറാന്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്നു. അംഗാരകന്‍ അസുഖം മാറാന്‍ കുളിച്ചത് ഈ കുളത്തിലാണത്രെ

കർണ്ണാടകസംഗീതലോകത്തിലെ ത്രിമൂർത്തികളിൽ ഒരാള മുത്തുസ്വാമി ദീക്ഷിതരുടെ അച്ഛനും അമ്മയും ഇവിടെ പ്രാർത്ഥിച്ചതിൻ്റെ ഫലമായാണ് അദ്ദേഹം ജനിച്ചത്. അതിനാൽ ഇവിടത്തെ ഭഗവാനോടുള്ള ആദരസൂചകമായാണത്രേ അവർ കുട്ടിക്ക് മുത്തുസ്വാമി (മുത്തുകുമരസ്വാമി) എന്ന് നാമകരണം ചെയ്തതുതന്നെ

രാവണൻ സീതാദേവിയെ അപഹരിച്ചപ്പോൾ തടയാൻ ജടായു ചെന്നുവല്ലോ. തുടർന്ന് രാവണൻ്റെ വെട്ടേറ്റു മരിച്ച ജടായുവിന് ശ്രീരാമൻ അന്ത്യോപചാരങ്ങൾ ചെയ്തത് ഇവിടെയാണത്രേ. ഇവിടെ ജടായുകുണ്ഡവും അരികിലായി ശ്രീരാമൻ്റെ പ്രതിഷ്ഠമുണ്ട്. ശ്രീരാമൻ ഇവിടെ ശിവനെ തപസ്സ് ചെയ്തിട്ടുണ്ട്

സൂര്യദേവനും ഇവിടെ ഭഗവാനെ തപസ്സ് ചെയ്തിട്ടുണ്ട്. നവഗ്രഹങ്ങൾ എല്ലാം ഒരേ നിരയിൽ ആണെന്ന ഒരു പ്രത്യേകത ഉണ്ട്.

തേവാരങ്ങളിൽ ഈ ക്ഷേത്രം പുള്ളിരുക്കുവേലൂർ എന്ന് വിളിക്കപ്പെടുന്നു. പുള്ള് എന്ന വാക്ക് ജടായും എന്ന പക്ഷിയേയും ഇരുക്ക് എന്നത് ഋഗ്വേദത്തേയും വേൽ എന്നത് സുബ്രഹ്മണ്യൻ്റെ വേലിനേയും ഊർ എന്നത് സൂര്യനേയും സൂചിപ്പിക്കുന്നു

അരുദ്രദർശനം

ആദിശേഷനൊരിക്കൽ തന്റെ മേലെ ഇരിക്കുന്ന വിഷ്ണുഭഗവാന്റെ ഭാരം അധികമാകുന്നതായി അനുഭവപ്പെട്ടു. അത് മനസ്സിലാക്കിയ മഹാവിഷ്ണു അതിനുള്ള കാരണവും വെളിപ്പെടുത്തി. താൻ ശിവഭഗവാന്റെ ആനന്ദനർത്തനത്തിന്റെ സ്മരണയിൽ സ്വയം മറന്നിരുന്നതാണ് തന്റെ ഭാരം കൂടുതലായി അനുഭവപ്പെടാൻ കാരണം എന്ന് പറഞ്ഞു.

ആനന്ദനർത്തനത്തെ കുറിച്ച് പറഞ്ഞപ്പോൾ അനന്തൻ കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് അതിന്റെ സാഹചര്യം മഹാവിഷ്ണു ഇങ്ങിനെ വർണ്ണിച്ചു.

ദാരുകവനത്തിൽ വേദപണ്ഡിതന്മാരായ എന്നാൽ ഭക്തിയില്ലാത്ത ചില മുനിമാർ യാഗം നടത്തുകയായിരുന്നു. അവരുടെ അഹങ്കാരം ശമിപ്പിക്കാനും ജ്ഞാനം കൊടുക്കാനും ആയി ശിവഭഗവാൻ ഭിക്ഷാടനരായും മഹാവിഷ്ണു മോഹിനിയായും ആ കാട്ടിൽ എത്തി. ഇവരുടെ രൂപത്തിൽ ആകൃഷ്ടരായി മുനിമാരിൽ പലരും മോഹിനിയുടെ പിറകെയും അവരുടെ പത്നിമാർ ഭിക്ഷാടനനുടെ പിറകെയും പോയി. എന്നാൽ അതിൽ അകപ്പെടാതിരുന്ന മുനിമാർ ആഭിചാരകർമ്മങ്ങളിൽ ഏർപ്പെട്ടു.

അവർ യാഗാഗ്നിയിൽ നിന്നും പുലിയെ സൃഷ്ടിച്ച് ശിവഭഗവാന്റെ നേർക്ക് വിട്ടു. ഭഗവാൻ പുലിയെ വധിച്ച് പുലിത്തോൽ ധരിച്ചു.

തുടർന്ന് അവർ നാഗങ്ങളെ അയച്ചു. ഭഗവാൻ അവയെ ആഭരണങ്ങളാക്കി.

പിന്നീട് അവർ അപസ്മാരം എന്ന ദുഷ്ടശക്തിയെ ഭഗവാന്റെ നേർക്കയച്ചു. ഭഗവാൻ അതിനെ കാൽക്കീഴിലാക്കി.

പിന്നെ യാഗാഗ്നിയെ ഭഗവാന്റെ നേർക്ക് വിട്ടു. അത് ഭഗവാൻ കൈയിൽ സ്വീകരിച്ചു.

പിന്നീട് അവർ വേദമന്ത്രങ്ങളെ ഭഗവാന്റെ നേർക്കയച്ചു. ഭഗവാൻ അവയെ ചിലങ്കയാക്കി.

എല്ലാ പ്രതിരോധവും നഷ്ടപ്പെട്ട അവർ ഭഗവാനെ തന്നെ ശരണം പ്രാപിച്ചു. തുടർന്ന് ഭഗവാൻ ചെയ്ത ആനന്ദനർത്തനം കണ്ടുനിന്ന അവർക്ക് ആത്മജ്ഞാനമുദിച്ചു. ഭഗവാനെ നമസ്കരിച്ചു.

ഈ വർണ്ണന കേട്ട അനന്തന് ആനന്ദനർത്തനം കാണാൻ ആഗ്രഹം ജനിച്ചു. വിഷ്ണുഭഗവാൻ അനന്തനോട് കൈലാസത്തിൽ ശിവഭഗവാനെ തപസ്സു ചെയ്യാൻ ഉപദേശിച്ചു. ആ ഉപദേശപ്രകാരം അനന്തൻ ചെയ്ത തപസ്സിൽ സംതൃപ്തനായി, ശിവഭഗവാൻ മനുഷ്യശിശുവായി രൂപമെടുത്ത് ഭൂമിയിൽ തില്ലൈവനത്തിൽ വ്യാഘ്രപാദമഹർഷിയുടെ അടുത്തേയ്ക്ക് എത്താൻ ഉപദേശിച്ചു. പകുതി മനുഷ്യനായും പകുതി സർപ്പമായും ഉള്ള രൂപം കല്പിച്ചുകൊടുത്തു.

ഭഗവത്പ്രേരണപ്രകാരം അത്രിമഹർഷി ധ്യാനിച്ചിരിക്കുമ്പോൾ കൈയ്യിൽ ആദിശേഷൻ ശിശുരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മഹർഷി ഭയന്ന് താഴേയ്ക്കിട്ടു. അങ്ങിനെയാണത്രേ (അഞ്ജലിയിൽ നിന്ന് പതിക്കയാൽ) പതഞ്ജലി എന്ന പേര് സിദ്ധിച്ചത്

തുടർന്ന് ഭഗവാന്റെ നിർദ്ദേശപ്രകാരം പതഞ്ജലിമഹർഷി ആനന്ദനടനം കാണാൻ ആഗ്രഹിച്ച് വ്യാഘ്രപാദർ ഭഗവാനെ പ്രാർത്ഥിച്ചുകഴിയുന്ന തില്ലൈവനത്തിൽ എത്തിച്ചേർന്നു, അവിടെ വ്യാഘ്രപാദർ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ആനന്ദനടനകാലംവരെ രണ്ടുപേരും ഭഗവാനെ പൂജ ചെയ്തുകഴിഞ്ഞു.

ആനന്ദനടനമുഹൂർത്തം വന്നപ്പോൾ വിഷ്ണുഭഗവാനും ബ്രഹ്മാവും ഇന്ദ്രാദിദേവകളും മഹർഷിമാരും തില്ലൈവനത്തിൽ എത്തിച്ചേർന്നു. അധികം വൈകാതെ തന്നെ നന്ദികേശ്വരൻ വന്ന് വ്യാഘ്രപാദമഹർഷിയെയും പതഞ്ജലിമഹർഷിയെയും ദേവകളും മഹർഷിമാരും സന്നിഹിതരായ നൃത്തസഭയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് അജ്ഞാനത്തിന്റെ ആവരണം നീങ്ങി ശിവഭഗവാൻ പാർവ്വതീസമേതനായി പ്രത്യക്ഷപ്പെട്ടു. എങ്ങും പഞ്ചാക്ഷരമന്ത്രം മുഴങ്ങിക്കേട്ടു. ആ സുമുഹൂർത്തത്തിൽ പുലിത്തോലുടുത്ത്, വേദധ്വനി മുഴക്കുന്ന ചിലങ്കകൾ കെട്ടി, കാളകൂടം കണ്ഠമണിപോലെ തിളങ്ങുന്ന തരത്തിൽ, ചന്ദ്രനെയും ഗംഗയെയും ധരിച്ച്, വാസുകിയെ പൂണൂലാക്കി, ബ്രഹ്മകപാലമാലയും അണിഞ്ഞ്, ഢക്കയും തീയും കയ്യിലേന്തി പുഞ്ചിരി തൂകി , അഭയവരദമുദ്രകളോടെ, ജടയെല്ലാദിശയിലും പറക്കുംവിധം അപസ്മാരം എന്ന ദുഷ്ടശക്തിയുടെ മേലേറി ഭഗവാൻ നടനമാടി . സദസ്യരും ലോകം തന്നെയും സ്വയം മറന്ന് അതിനൊപ്പം ആടി. അതു കണ്ടുനിന്ന വ്യാഘ്രപാദരോടും പതഞ്ജലിയോടും എന്ത് വരം വേണം എന്ന് ചോദിച്ചപ്പോൾ ഭക്തജനങ്ങൾക്ക് അവിടെ ഈ ദർശനം കാണാനാകണം എന്ന ആഗ്രഹം അറിയിച്ചു. അതിനാൽ ഭഗവാൻ എന്നും നടരാജനായി അവിടെ ദർശനം തരുന്നു

ആ അഭുമദർശനത്തിൻ്റെ അനുസ്‌മരണമായി അരുദ്രദർശനം ധനുമാസതിരുവാതിരക്കാലം തമിഴ്നാട്ടിലെ ശിവഭക്തർ കൊണ്ടാടുന്നു
#ഐതിഹ്യം

ആനന്ദനടനം

തുടർന്ന് ഭഗവാന്റെ നിർദ്ദേശപ്രകാരം പതഞ്ജലിമഹർഷി ആനന്ദനടനം കാണാൻ ആഗ്രഹിച്ച് വ്യാഘ്രപാദർ ഭഗവാനെ പ്രാർത്ഥിച്ചുകഴിയുന്ന തില്ലൈവനത്തിൽ എത്തിച്ചേർന്നു, അവിടെ വ്യാഘ്രപാദർ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ആനന്ദനടനകാലംവരെ രണ്ടുപേരും ഭഗവാനെ പൂജ ചെയ്തുകഴിഞ്ഞു.

ആനന്ദനടനമുഹൂർത്തം വന്നപ്പോൾ വിഷ്ണുഭഗവാനും ബ്രഹ്മാവും ഇന്ദ്രാദിദേവകളും മഹർഷിമാരും തില്ലൈവനത്തിൽ എത്തിച്ചേർന്നു. അധികം വൈകാതെ തന്നെ നന്ദികേശ്വരൻ വന്ന് വ്യാഘ്രപാദമഹർഷിയെയും പതഞ്ജലിമഹർഷിയെയും ദേവകളും മഹർഷിമാരും സന്നിഹിതരായ നൃത്തസഭയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് അജ്ഞാനത്തിന്റെ ആവരണം നീങ്ങി ശിവഭഗവാൻ പാർവ്വതീസമേതനായി പ്രത്യക്ഷപ്പെട്ടു. എങ്ങും പഞ്ചാക്ഷരമന്ത്രം മുഴങ്ങിക്കേട്ടു. ആ സുമുഹൂർത്തത്തിൽ പുലിത്തോലുടുത്ത്, വേദധ്വനി മുഴക്കുന്ന ചിലങ്കകൾ കെട്ടി, കാളകൂടം കണ്ഠമണിപോലെ തിളങ്ങുന്ന തരത്തിൽ, ചന്ദ്രനെയും ഗംഗയെയും ധരിച്ച്, വാസുകിയെ പൂണൂലാക്കി, ബ്രഹ്മകപാലമാലയും അണിഞ്ഞ്, ഢക്കയും തീയും കയ്യിലേന്തി പുഞ്ചിരി തൂകി , അഭയവരദമുദ്രകളോടെ, ജടയെല്ലാദിശയിലും പറക്കുംവിധം അപസ്മാരം എന്ന ദുഷ്ടശക്തിയുടെ മേലേറി ഭഗവാൻ നടനമാടി . സദസ്യരും ലോകം തന്നെയും സ്വയം മറന്ന് അതിനൊപ്പം ആടി. അതു കണ്ടുനിന്ന വ്യാഘ്രപാദരോടും പതഞ്ജലിയോടും എന്ത് വരം വേണം എന്ന് ചോദിച്ചപ്പോൾ ഭക്തജനങ്ങൾക്ക് അവിടെ ഈ ദർശനം കാണാനാകണം എന്ന ആഗ്രഹം അറിയിച്ചു. അതിനാൽ ഭഗവാൻ എന്നും നടരാജനായി അവിടെ ദർശനം തരുന്നു.

#ഐതിഹ്യം

പതഞ്ജലി മഹർഷി

ആദിശേഷനൊരിക്കൽ തന്റെ മേലെ ഇരിക്കുന്ന വിഷ്ണുഭഗവാന്റെ ഭാരം അധികമാകുന്നതായി അനുഭവപ്പെട്ടു. അത് മനസ്സിലാക്കിയ മഹാവിഷ്ണു അതിനുള്ള കാരണവും വെളിപ്പെടുത്തി. താൻ ശിവഭഗവാന്റെ ആനന്ദനർത്തനത്തിന്റെ സ്മരണയിൽ സ്വയം മറന്നിരുന്നതാണ് തന്റെ ഭാരം കൂടുതലായി അനുഭവപ്പെടാൻ കാരണം എന്ന് പറഞ്ഞു.

ആനന്ദനർത്തനത്തെ കുറിച്ച് പറഞ്ഞപ്പോൾ അനന്തൻ കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് അതിന്റെ സാഹചര്യം മഹാവിഷ്ണു ഇങ്ങിനെ വർണ്ണിച്ചു.


ദാരുകവനത്തിൽ വേദപണ്ഡിതന്മാരായ എന്നാൽ ഭക്തിയില്ലാത്ത ചില മുനിമാർ യാഗം നടത്തുകയായിരുന്നു. അവരുടെ അഹങ്കാരം ശമിപ്പിക്കാനും ജ്ഞാനം കൊടുക്കാനും ആയി ശിവഭഗവാൻ ഭിക്ഷാടനരായും മഹാവിഷ്ണു മോഹിനിയായും ആ കാട്ടിൽ എത്തി. ഇവരുടെ രൂപത്തിൽ ആകൃഷ്ടരായി മുനിമാരിൽ പലരും മോഹിനിയുടെ പിറകെയും അവരുടെ പത്നിമാർ ഭിക്ഷാടനനുടെ പിറകെയും പോയി. എന്നാൽ അതിൽ അകപ്പെടാതിരുന്ന മുനിമാർ ആഭിചാരകർമ്മങ്ങളിൽ ഏർപ്പെട്ടു.

അവർ യാഗാഗ്നിയിൽ നിന്നും പുലിയെ സൃഷ്ടിച്ച് ശിവഭഗവാന്റെ നേർക്ക് വിട്ടു. ഭഗവാൻ പുലിയെ വധിച്ച് പുലിത്തോൽ ധരിച്ചു.

തുടർന്ന് അവർ നാഗങ്ങളെ അയച്ചു. ഭഗവാൻ അവയെ ആഭരണങ്ങളാക്കി.

പിന്നീട് അവർ അപസ്മാരം എന്ന ദുഷ്ടശക്തിയെ ഭഗവാന്റെ നേർക്കയച്ചു. ഭഗവാൻ അതിനെ കാൽക്കീഴിലാക്കി.

പിന്നെ യാഗാഗ്നിയെ ഭഗവാന്റെ നേർക്ക് വിട്ടു. അത് ഭഗവാൻ കൈയിൽ സ്വീകരിച്ചു.

പിന്നീട് അവർ വേദമന്ത്രങ്ങളെ ഭഗവാന്റെ നേർക്കയച്ചു. ഭഗവാൻ അവയെ ചിലങ്കയാക്കി.

എല്ലാ പ്രതിരോധവും നഷ്ടപ്പെട്ട അവർ ഭഗവാനെ തന്നെ ശരണം പ്രാപിച്ചു. തുടർന്ന് ഭഗവാൻ ചെയ്ത ആനന്ദനർത്തനം കണ്ടുനിന്ന അവർക്ക് ആത്മജ്ഞാനമുദിച്ചു. ഭഗവാനെ നമസ്കരിച്ചു.

ഈ വർണ്ണന കേട്ട അനന്തന് ആനന്ദനർത്തനം കാണാൻ ആഗ്രഹം ജനിച്ചു. വിഷ്ണുഭഗവാൻ അനന്തനോട് കൈലാസത്തിൽ ശിവഭഗവാനെ തപസ്സു ചെയ്യാൻ ഉപദേശിച്ചു. ആ ഉപദേശപ്രകാരം അനന്തൻ ചെയ്ത തപസ്സിൽ സംതൃപ്തനായി, ശിവഭഗവാൻ മനുഷ്യശിശുവായി ഭൂമിയിൽ തില്ലൈവനത്തിൽ വ്യാഘ്രപാദമഹർഷിയുടെ അടുത്തേയ്ക്ക് എത്താൻ ഉപദേശിച്ചു. പകുതി മനുഷ്യനായും പകുതി സർപ്പമായും ഉള്ള രൂപം കല്പിച്ചുകൊടുത്തു.

ഭഗവത്പ്രേരണപ്രകാരം അത്രിമഹർഷി ധ്യാനിച്ചിരിക്കുമ്പോൾ കൈയ്യിൽ ആദിശേഷൻ ശിശുരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മഹർഷി ഭയന്ന് താഴേയ്ക്കിട്ടു. അങ്ങിനെയാണത്രേ (അഞ്ജലിയിൽ നിന്ന് പതിക്കയാൽ) പതഞ്ജലി എന്ന പേര് സിദ്ധിച്ചത്

( തുടരും …)



വെക്കം മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാഘ്രപാദമഹർഷിയുടെ പേര് വളരെ പ്രസിദ്ധമാണല്ലോ.


ഖരൻ എന്ന് പേരുള്ള അസുരന് ചിദംബരത്തിൽ തപസ്സുചെയ്ത് കിട്ടിയ മൂന്ന് ശിവലിംഗങ്ങളാണ് വെക്കത്തും ഏറ്റുമാനൂരും കടുത്തുരുത്തിയിലും സ്ഥാപിച്ചതത്രേ. അദ്ദേഹം വെക്കത്തെ ശിവലിംഗം വ്യാഘ്രപാദമഹർഷിയെ പൂജിക്കാൻ ഏല്പിച്ചാണ് മറഞ്ഞത്

ആ വ്യാഘ്രപാദമഹർഷിയെ കുറിച്ചുള്ള ഐതിഹ്യമാണ് ഇത്

പിതാവിൽ നിന്നും വേദോപദേശങ്ങൾ കേട്ടു വളർന്ന ഇദ്ദേഹത്തിന് കുഞ്ഞുനാളിലേ ശിവദർശനത്തിന് മോഹം ഉദിച്ചു. തുടർന്ന് അദ്ദേഹം പിതാവിന്റെ ഉപദേശപ്രകാരം കാവേരീതീരത്തുള്ള തില്ലൈവനത്തിൽ (ചിദംബരം) എത്തി. അവിടെ സ്വയംഭൂവായ ശിവലിംഗം കണ്ട് അവിടെ കുടിൽ കെട്ടി ഭഗവാനെ പൂജിച്ചുവന്നു. എന്നാൽ നല്ല പൂക്കൾ കിട്ടാതെ വിഷമിച്ചു. വെളുക്കുന്നതിന് മുമ്പ് പൂ പറിക്കാം എന്ന് വച്ചാൽ ഇരുട്ടുകാരണം ബുദ്ധിമുട്ടാണ്. വെളിച്ചം വന്നാൽ വണ്ടുകൾ തേൻകുടിച്ച പൂക്കളായിരിക്കും. എന്നിങ്ങിനെ വിഷമിച്ചിരിക്കെ ഭഗവാൻ സ്വയം പ്രത്യക്ഷപ്പെട്ട് വിഷാദത്തിന്റെ കാരണം ആരാഞ്ഞു. അദ്ദേഹം തന്റെ വിഷമം അറിയിച്ചപ്പോൾ ഭക്തിയിൽ സന്തുഷ്ടനായി പുലിയുടെ പോലുള്ള പാദങ്ങളും ഇരുട്ടിലും കാണാനാകുന്ന കാഴ്ചശ്ശക്തിയും കൊടുത്തു . അങ്ങിനെയാണത്രേ അദ്ദേഹം വ്യാഘ്രപാദരായി അറിയപ്പെട്ടത്

വ്യാഘ്രപാദമഹർഷിയും ഉപമന്യുവും

വരലബ്ധിക്കുശേഷം ശിവഭക്തിയിലാണ്ടുകഴിയുന്ന വ്യാഘ്രപാദരെ കാണാൻ പിതാവ് ചെന്നു. തുടർന്ന് പിതാവിന്റെ നിർദ്ദേശപ്രകാരം വസിഷ്ഠമഹർഷിയുടെ മകളെ വിവാഹം കഴിച്ചു. ആ ദമ്പതിമാർക്ക് ഉപമന്യു എന്ന പുത്രനുണ്ടായി.

ആ പുത്രനെ വ്യാഘ്രപാദരുടെ ആശ്രമത്തിലെ പരിമിതമായ സൌകര്യങ്ങളിൽ വളർത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വസിഷ്ഠർ സ്വന്തം ആശ്രമത്തിൽ വളർത്തി. അവിടെയാകുമ്പോൾ കാമധേനുവുണ്ടല്ലോ. കാമധേനുവിന്റെ പാലു ആ ബാലൻ കുടിച്ചു വളർന്നു

മകനെ പിരിഞ്ഞുകഴിയുന്ന ദുഃഖം വലയ്ക്കയാൽ അവർ കുട്ടിയെ വിളിച്ചുകൊണ്ടുവന്നു. എന്നാൽ കുട്ടി പശുവിൻ പാൽ ആഗ്രഹിച്ച് കരഞ്ഞപ്പോൾ കൊടുക്കാനായില്ല.
എന്റെ കാമധേനുവും സമ്പത്തും ഭഗവാൻ മാത്രമാണെന്ന് പറഞ്ഞ് വ്യാഘ്രപാദർ കരയുന്ന കുട്ടിയെ ഭഗവാന്റെ മുന്നിലെത്തിച്ചു. ഭഗവാൻ ആ കുട്ടിയ്ക്കായി പാൽക്കടൽ തന്നെ സൃഷ്ടിച്ചുവത്രേ!