Archive for the ‘നവഗ്രഹക്ഷേത്രങ്ങൾ’ Category

കഞ്ചനൂർ അഗ്നീശ്വരർ കോവില്‍ (ശുക്രൻ)

തഞ്ചാവൂർ ജില്ലയിൽ കഞ്ചനൂർ എന്ന സ്ഥലത്താണ് നവഗ്രഹങ്ങളിൽ ശുക്രന്റെ ക്ഷേത്രമായ അഗ്നീശ്വരൻ കോവിൽ. മദ്ധ്യകാലത്തെ ചോഴസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്

ഇവിടെയും പ്രധാനമൂര്‍ത്തി ശിവൻ തന്നെ. 

യാഗം ചെയ്യുമ്പോൾ അഗ്നി ദേവന്മാരുടെ മുഖമായി നിവേദ്യം സ്വീകരിക്കുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ
ഒരിക്കൽ ബ്രഹ്മാവ് നടത്തിയ യാഗത്തിൽ ഹവിസ്സ് ദേവന്മാർക്ക് കൊടുക്കാതെ അഗ്നി സ്വയം ഭുജിച്ചുവത്രേ. തുടർന്ന് ബ്രഹ്മശാപത്താൽ പാണ്ടുരോഗം ബാധിച്ച അഗ്നിക്ക് ഇവിടെ ഭഗവാനെ തപസ്സു ചെയ്താണത്രേ ശാപമോക്ഷം സിദ്ധിച്ചത്. അക്കാലത്ത് അഗ്നി സ്വയം നിർമ്മിച്ചതാണത്രേ ഇവിടത്തെ അഗ്നിതീർത്ഥം. അഗ്നിയാൽ പൂജിക്കപ്പെട്ടതിനാൽ ഭഗവാൻ അഗ്നീശ്വരനായി അറിയപ്പെടുന്നു

യാഗം പൂർത്തിയാക്കാൻ പറ്റാതെ പോയ ബ്രഹ്മാവും ഇവിടെ വന്ന് ഭഗവാനെ പൂജിച്ചു. ഇവിടെയാണത്രേ ബ്രഹ്മാവ് ശിവപാര്‍വ്വതിമാരുടെ വിവാഹം ദര്‍ശിച്ചതും.

ദേവാസുരയുദ്ധം നടക്കുമ്പോൾ അസുരഗുരുവായ ശുക്രാചാര്യര്‍ മരിച്ചുപോയ അസുരന്മാരെ ഒക്കെ മൃതസഞ്ജീവനീമന്ത്രത്തിന്റെ ശക്തിയാല്‍ പുനരുജ്ജീവിപ്പിച്ചു. അപ്പോൾ ദേവന്മാര്‍ ശിവനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ രക്ഷയ്ക്കായി ശിവന്‍ ശുക്രാചാര്യരെ വിഴുങ്ങിയത്രേ.  അതുകൊണ്ട് ഇവിടെ ശുക്രാചാര്യര്‍ ശിവന്റെ ഉള്ളിൽ തന്നെ ഉണ്ട് എന്നാണ് വിശ്വാസം.

പരാശരമഹര്‍ഷിക്ക് ഒരിക്കൽ ചിത്തഭ്രമം ബാധിച്ചു. തുടർന്ന് അദ്ദേഹം ഇവിടെ  ഭഗവാനെ തപസ്സു ചെയ്തു. ആ തപസ്സിൽ പ്രീതനായ ഭഗവാൻ മുക്തിതാണ്ഡവദർശനം കൊടുത്ത് അനുഗ്രഹിക്കുകയും മോക്ഷം കൊടുക്കുകയും ചെയ്തുവത്രേ.

വാമനാവതാരത്തില്‍ മഹാബലിയുടെ ശിരസ്സില്‍ കാലു വെച്ചപ്പോള്‍ ശുക്രാചാര്യര്‍ മഹാവിഷ്ണുവിനെ ശപിച്ചു. മഹാവിഷ്ണു ശാപമോക്ഷത്തിനായി ശിവനെ തപസ്സ് ചെയ്തു മോക്ഷം പ്രാപിച്ചതും ഇവിടെ എന്ന് വിശ്വസിക്കപ്പെടുന്നു

കംസനും ഇവിടെ ശിവനെ തപസ്സു ചെയ്തിട്ടുണ്ടത്രേ. തന്റെ ദേഹാസ്വാസ്ഥ്യം മാറ്റാനാണ് കംസൻ ഇവിടെ ഭഗവാനെ തപസ്സു ചെയ്തത്. പണ്ട് കംസനൂർ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കാലക്രമത്തിൽ കഞ്ചനൂർ ആയതാണത്രേ. കൂടാതെ ബ്രഹ്മപുരം അഗ്നിപുരം പലാശവനം എന്നെല്ലാംഅറിയപ്പെട്ടിരുന്നുവത്രേ ഇവിടം.

ഈ ക്ഷേത്രത്തെ കുറിച്ച് വേറെയും രസകരമായ ഐതിഹ്യങ്ങൾ ഉണ്ട്. അത് നാളെ പറയാം

(തുടരും …)



ഇവിടെ പണ്ട് ശിവഭക്തനായ കൃഷിക്കാരനുണ്ടായിരുന്നു. അദ്ദേഹം കൃഷി ചെയ്തിരുന്നത് ചുരയ്ക്ക ആയിരുന്നു. അദ്ദേഹം എന്നും ഒരു ചുരയ്ക്ക ഭഗവാന് നിവേദിച്ചുപോന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ ഒരു അതിഥി വന്നു. അപ്പോൾ ആകെ ഒരു ചുരയ്ക്കയേ ഉണ്ടായിരുന്നുള്ളൂ. അത് അതിഥിക്ക് ഭക്ഷണത്തിനായി എടുത്താൽ പിന്നെ വിത്തിനായി ചുരയ്ക്ക കാണില്ല. അപ്പോൾ അതിഥി പാതി ചുരയ്ക്ക വിത്തിനും പാതി കറിയ്ക്കായും എടുക്കാൻ പറഞ്ഞു. അങ്ങിനെ ആ ഭക്തന്റെ ആതിഥ്യം സ്വീകരിച്ച് ഭഗവാൻ മടങ്ങിയത്രേ. ആ ഭക്തൻ ചുരയ്ക്കഭക്തനായി അറിയപ്പെടുന്നു

ഇവിടെ സുദർശനൻ എന്ന ഒരു ഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അദ്ദേഹം വൈഷ്ണവരുടെ ഇടയിൽ പിറന്നതാണെങ്കിലും തികഞ്ഞ ശിവഭക്തനായിരുന്നു. വീട്ടുകാർ ഭക്തിക്ക് വിഘ്നമായി നിന്നപ്പോൾ അദ്ദേഹം അമ്പലത്തിലെത്തി ഭഗവാനെ ശരണം പ്രാപിച്ചു. ഭഗവാൻ പത്നീസമേതം ദക്ഷിണാമൂർത്തിയായി പ്രത്യക്ഷപ്പെട്ട് ശിവജ്ഞാനം ഉപദേശിച്ചു, ഹരിദത്തശിവാചാര്യൻ എന്ന് സന്യാസ ദീക്ഷാനാമവും നൽകിയത്രേ. ഇദ്ദേഹത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങൾ ഈ പ്രദേശത്ത് പ്രചാരത്തിൽ ഉണ്ട്.

പെരിയപുരാണം പ്രകീർത്തിക്കുന്ന ശിവഭക്തരായ അറുപത്തിമൂവരിൽ ഒരാളായ മാനക്കഞ്ചാറനായനാർ ഈ നാട്ടുകാരനായിരുന്നുവത്രേ. അദ്ദേഹത്തിന്റെ മകളുടെ കല്യാണദിവസം ശിവഭഗവാൻ സന്യാസിവേഷത്തിൽ വന്ന് ആ കുട്ടിയുടെ മുടി ആവശ്യപ്പെടുവത്രേ. അത് സംശയലേശമെന്യേ ആ ശിവഭക്തനായി മുറിച്ചു. ഉടനെ ഭഗവാൻ സന്യാസീരൂപം വെടിഞ്ഞ് ശ്രീപാർവ്വതീദേവിയോടൊപ്പം പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രേ. വരൻ അറുപത്തിമൂവരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എയർകോൻ കലിക്കാമനായനാർ ആയിരുന്നു ഇരുവരും സുന്ദരരുടെ സമകാലീനരായിരുന്നു.

മാത്രമല്ല, ശിവഭക്തരായ മൂവരില്‍ ഒരാളായ അപ്പര്‍ പാടി സ്തുതിച്ച ക്ഷേത്രം ആണ് ഇത്. അതിനാൽ ഈ ക്ഷേത്രം പാടൽപ്പെട്രകോവിലായി അറിയപ്പെടുന്നു
അപ്പർ തേവാരം: https://youtu.be/xs4zQhnHoj8

ഇവിടെ പരാശരമഹർഷിക്ക് മുക്തിതാണ്ഡവദർശനം കൊടുത്ത സ്ഥലത്ത് നടരാജരുടെയും ശിവകാമിയുടെയും സന്നിധി കാണാം അത് മുക്തിമണ്ഡപമായി അറിയപ്പെടുന്നു

ഇവിടെ ഭഗവതി കർപ്പകാംബാൾ ആയി അറിയപ്പെടുന്നു. കൂടാതെ വിനായകർ , സുബ്രഹ്മണ്യൻ, വിഷ്ണു, ലക്ഷ്മി, അറുപത്തിമൂവർ , ഹരിദത്തൻ എന്നിങ്ങിനെ നിരവധി സന്നിധികൾ ഇവിടെയുണ്ട്. അരുണഗിരിനാഥർ ഇവിടെ മുരുകനെ സ്തുതിച്ചുപാടിയിട്ടുണ്ട്

ഈ ക്ഷേത്രം മയിലാടുതുറൈയിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിലും കുംഭകോണത്തിൽ നിന്നും ഏതാണ്ട് 18 കിലോമീറ്റർ ദൂരത്തിലും ആടുതുറൈയിൽ നിന്നും ഏതാണ്ട് 5 കിലോമീറ്റർ ദൂരത്തിലും ആണ് സ്ഥിതിചെയ്യുന്നത്. ആടുതുറൈയിൽ തന്നെ ആപത്സഹായേശ്വരൻ കോവിൽ എന്ന മറ്റൊരു പാടൽപ്പെട്രകോവിലും ഉണ്ട് എന്ന് ശ്രദ്ധിക്കുക. നവഗ്രഹക്ഷേത്രങ്ങളിലെ സൂര്യനാർ കോവിലും ഇവിടെ വളരെ അടുത്താണ്



തമിഴ്നാട്ടിലെ കുംഭകോണത്തിന്റെ ചുറ്റുമായുള്ള നവഗ്രഹക്ഷേത്രങ്ങളിൽ സൂര്യൻ്റെ ക്ഷേത്രമാണ് ഇത്. സൂര്യൻ പ്രധാനപ്രതിഷ്ഠയായുള്ള ഇന്ത്യയിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്

ഇവിടെ പ്രധാനമൂര്‍ത്തി സൂര്യനാണ്, ഉഷ, പ്രത്യൂഷ (ഛായ എന്നും പറയുന്നു) എന്നീ ഭാര്യമാരോടൊപ്പം …ചുറ്റും മറ്റു ഗ്രഹങ്ങളുടെ പ്രതിഷ്ഠയും കാണാം; അവയെല്ലാം വാഹനമില്ലാതെയാണ് ഇവിടെ.

കലവ എന്ന മുനിയ്ക്ക് ഭാവി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവത്രെ. അത് മൂലം തനിക്ക് കുഷ്ഠരോഗം വരാനുള്ള സാദ്ധ്യത നേരത്തെ അറിഞ്ഞു. അദ്ദേഹം നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തി അത് മാറ്റി.ആ ഉപകാരസ്മരണയ്ക്കായി മുനി നവഗ്രഹങ്ങളെ ഉപാസിക്കാന്‍ നിര്‍മ്മിച്ച അമ്പലം ആണത്രെ ഇത്

ബ്രഹ്മാവ് അതില്‍ കോപിച്ച് (വിധി മാറ്റിക്കൂടത്രേ) നവഗ്രഹങ്ങളെ ശപിച്ചു;. ശാപമോക്ഷത്തിനായി അപേക്ഷിച്ച നവഗ്രഹങ്ങളോറ്റ് തപസ്സ് ചെയ്യാന്‍ പറഞ്ഞു; അങ്ങിനെ അവർ ഇവിടെ തപസ്സ് ചെയ്തു.

ഇവിടെ ശിവഭഗവാൻ (വിശ്വനാഥർ), ഭഗവതി (വിശാലാക്ഷി), നടരാജൻ, വിനായകർ, മുരുകൽ എന്നിങ്ങിനെ മറ്റുപ്രതിഷ്ഠകളും ഉണ്ട്
ഈ ക്ഷേത്രം കുംഭകോണത്തിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തിൽ ആടുതുറൈയ്ക്കടുത്ത് തിരുമംഗലക്കുടി എന്ന ഗ്രാമത്തിലാണ്
(തുടരും..)



അപ്പർ പാടിയ തേവാരം: https://www.youtube.com/watch?v=JYaUqbRkotQ
ഈ ക്ഷേത്രത്തിൽ ശിവഭഗവാൻ കൈലാസനാഥർ ആയി അറിയപ്പെടുന്നു.ഇവിടെ കുട്ടികൾക്ക് ചോറൂണ് കൊടുക്കുന്നത് വളരെ വിശേഷമാണത്രേ.മാനസികവും കുടൂംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ഈ ക്ഷേത്രദർശനം ഫലപ്രദമാണത്രേ.

ഈ ക്ഷേത്രത്തിലേയ്ക്ക് തിരുവയ്യാറിൽ നിന്നും ഏതാണ്ട് 4 കിലോമീറ്റർ ദൂരമേയുള്ളൂ.തഞ്ചാവൂരിൽ നിന്നും ഏതാണ്ട് 16 കിലോമീറ്ററും കുംഭകോണത്തിൽ നിന്നും 33 കിലോമീറ്റരും ദൂരം വരും ഇവിടേയ്ക്ക്
(തുടരും..)


അറുപത്തിമൂവരിൽ ഒരാളായ അപ്പൂതി അടികളുടെ ജന്മദേശമാണ് ഇത്. ശിവഭക്തനായ ഒരു വ്യാപാരിയായിരുന്നു അദ്ദേഹം. അദ്ദേഹം അപ്പരുടെ ( തിരുനാവുക്കരസ്) സമകാലീനനായിരുന്നു. അദ്ദേഹം അപ്പരെ കുറിച്ച് അറിഞ്ഞശേഷം അപ്പരുടെ ആരാധകനായി തീർന്നു. മകനും തിരുനാവുക്കരസ് എന്നാണ് പേരിട്ടത്.
അപ്പൂതി അടികൾ ഈശ്വരസേവയിലും മാനവസേവയിലും ആയി കാലം കഴിച്ചു പോന്നു. എന്നാൽ ഈ സേവനങ്ങളെല്ലാം തന്നെ തന്റെ പേരിലല്ല, തിരുനാവുക്കരസ് സ്വാമികളുടെ പേരിലായിരുന്നു ചെയ്തു പോന്നത്. ഒരിക്കൽ അപ്പർ ഈ വഴി യാത്ര ചെയ്യാനിടയായി. തന്റെ പേരിൽ ഇത്രയധികം സേവനങ്ങൾ കണ്ട് എന്തുകൊണ്ടാണ് സ്വന്തം പേരിൽ ചെയ്യാതെ ഈ പേരിൽ ചെയ്യുന്നത് എന്ന് ചോദിച്ചു.
ഈ ചോദ്യം അപ്പൂതി അടികൾക്ക് വിഷമം ഉണ്ടാക്കി. അപ്പരുടെ മഹത്ത്വം അറിയാത്തതുകൊണ്ടാണ് താങ്കൾ ഇത് ചോദിക്കുന്നത് എന്ന് പറഞ്ഞു. അപ്പോൾ താൻ തന്നെയാണ് അപ്പർ എന്ന് പരിചയപ്പെടുത്തി.
അതീവസന്തുഷ്ടനായ അപ്പൂതി അടികൾ അപ്പരെ സ്വഗൃഹത്തിലേയ്ക്ക് ക്ഷണിച്ചു. അപ്പർക്ക് ഭോജനത്തിനായി ഇല മുറിക്കാൻ പോയ അപ്പൂതി അടികളുടെ മകനെ പാമ്പ് കടിച്ചു. മകൻ മുറിച്ചെടുത്ത ഇലയും കൊണ്ട് വീട്ടിലെത്തി. അധികം വൈകാതെ മരിച്ചുപോയി.
മരണവാർത്ത അറിഞ്ഞാൽ അപ്പർ ഭക്ഷണം കഴിച്ചേക്കില്ല എന്ന ഭയത്തിൽ ആതിഥേയർ സത്യം മറച്ച് ഭക്ഷണം കൊടുക്കാൻ ഒരുങ്ങി. അപ്പർ മകനെ അന്വേഷിച്ചു. അപ്പോൾ നിവൃത്തിയില്ലാതെ വാസ്തവം പറയേണ്ടിവന്നു.
തുടർന്ന് ആ കുട്ടിയെ അടുത്തുതന്നെയുള്ള ഈ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തേവാരം പാടി. ശിവകൃപയാൽ കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതുപോലെ എഴുന്നേറ്റുവത്രേ.
(തുടരും …)

3.22 തിങ്കളൂർ
തമിഴ്നാട്ടിലെ കുംഭകോണത്തിന്റെ ചുറ്റുമായുള്ള നവഗ്രഹക്ഷേത്രങ്ങളിൽ ചന്ദ്രന്റെ ക്ഷേത്രമാണ് ഇത്.
ചന്ദ്രൻ ഭാര്യമായ നക്ഷത്രങ്ങളിൽ രോഹിണിയോടു മാത്രം പ്രിയം കാണിച്ചപ്പോൾ മറ്റു ഭാര്യമാർക്ക് വിഷമമായി. അവർ അവരുടെ പിതാവായ ദക്ഷപ്രജാപതിയെ സമീപിച്ച് സങ്കടം ഉണർത്തിച്ചപ്പോൾ അദ്ദേഹം ചന്ദ്രനെ ശപിച്ചു. തുടർന്ന് ചന്ദ്രനുണ്ടായ ദേഹക്ഷയം കണ്ട് വിഷമിച്ച് അവർ സങ്കടമുണർത്തിച്ചപ്പോൾ ശാപമോക്ഷത്തിനായി ശിവനെ തപസ്സ് ചെയ്യാൻ പറഞ്ഞു. അങ്ങിനെ അദ്ദേഹം തപസ്സ് ചെയ്ത സ്ഥലമാണ് ഇത് എന്ന് പറയപ്പെടുന്നു. അപ്പോൾ ശിവൻ നൽകിയ അനുഗ്രഹഫലമായാണ് ദേഹം ശേഷിച്ചാലും വീണ്ടും വളർന്ന് പൂർണ്ണത പ്രാപിക്കാനാവുന്നത്.
പാലാഴിമഥനസമയത്ത് വന്ന അമ്യത് മോഹിനി ദേവന്മാർക്കായി കൊടുക്കുമ്പോൾ ദേവരൂപത്തിലിരുന്ന അസുരനെ സൂര്യചന്ദ്രന്മാർ ചൂണ്ടിക്കാണിച്ചു എന്ന് പുരാണങ്ങൾ പറയുന്നു. തുടർന്ന വിഷ്ണുഭഗവാന്റെ സുദർശനം കൊണ്ട് രണ്ടായി മുറഞ്ഞെങ്കിലും അമൃതം ഭുജിച്ചതിനാൽ
മരണം ഇല്ലാതായ അവർ സൂര്യചന്ദ്രന്മാർക്ക് നേരെ തിരിഞ്ഞു. തന്നെ വിഴുങ്ങാൻ വന്നപ്പോൾ ശിവഭഗവാനെ അഭയം പ്രാപിച്ച് തപസ്സ് ചെയ്തതും ഇവിടെയാണത്രേ . വിഴുങ്ങിയാലും മോചനവും പൂർണ്ണദേഹപ്രാപ്തിയും വരമായി കൊടുക്കുകയും തന്റെ ശിരോലങ്കാരമായി സ്വീകരിക്കുകയും ചെയ്തു.
(തുടരും …)