Archive for December, 2019

ധ്യാനം

Posted: December 31, 2019 in രഥോദ്ധത

ശങ്കരീ സദയമെന്നുമെന്മനോ –
പങ്കജത്തിലമരേണമേ തൊഴാം
പങ്കമൊക്കെയകലാൻ തുണയ്ക്ക, നി-
ശ്ശങ്കമേക വഴിയെന്നുമീശ്വരീ

മാറുന്നതില്ല ചുമരെന്നുമതിൽ കലണ്ടർ
മാറുമ്പൊഴും, സിനിമ പോലിഹ കാണ്മതെല്ലാം
മാറുന്നു, മാറ്റമിയലാ തിര തന്നിലെല്ലാം
മാറുന്ന കാഴ്ചയതു താൻചലച്ചിത്രമോർത്താൽ

യാത്രയാവതു ദശാബ്ദമാണതി –
ന്നൊത്തുവന്ന പല പൊൻകിനാക്കളും
എത്രവേഗമകലേയ്ക്കകന്നുപോ-
യെത്രപേർ, മിഴി നിറയ്ക്കുമശ്രുവും

എത്തിടുന്നു പുതുവർഷമിന്നതി –
ന്നൊത്തു താൻ പുതുദശാബ്ദവും വരും
ഹൃത്തടത്തിലവമോദമെപ്പൊഴും
ചേർത്തിടട്ടെ, തുണയാട്ടെയീശ്വരൻ

+’നിരനിര’യായിക്കനവുകളേറെ
ത്തരുവതിനെത്തും പുതിയ ദശാബ്ദം
വരുമിതുനാളുള്‍ത്തളിരിനുമോദം
തരുവതിനാശംസകളിഹനേരാം

+ പരല്‍പ്പേര് 2020

ധ്യാനം 

Posted: December 31, 2019 in മാനിനി

ശിവ, രമയും വിധി തൻ കളത്രവും
ശിവജയുമായ് കുടജാദ്രിവാസിനീ
ഇവനകമേ തെളിയേണമെന്നുമേ
തവ ചരണം ശരണം തരേണമേ

ധ്യാനം 

Posted: December 30, 2019 in വിയോഗിനി

ശിവജേ! മമ ജീവനെന്നുമേ
ശിവമേകും കരുണാപ്രഭാവമേ
തവ പാദയുഗേ നമിച്ചിടാ-
മിവനെന്നും തുണയാക കാളികേ

വാതാലയേശനണയാൻ മമ മാനസത്തിൻ
വാതായനം സതതമിങ്ങു തുറന്നു വയ്ക്കാം
ശ്രീ താവിടും ചരണമെൻ ഹൃദി കാണ്മതാകാൻ
നീ താൻ മരുത്പുരപതേ! തുണയായ് വരേണം

മീനാക്ഷീസുന്ദരേശദ്വയമിവനരുളൂ
ദർശനം ക്ഷേത്രഭൂവിൽ
ഞാനെത്തും നേരമുള്ളിൽ ത്തെളിയണമൊളിയായ്
നിത്യവും ത്വത്ക്കടാക്ഷം
ആനന്ദം മാനസത്തിൽ കിനിയണ, മതിനായ്
ഘോരസംസാരദുഃഖം
താനേ വറ്റീടുവാനത്തിരുമിഴിയിവനിൽ
ച്ചേരണം സാനുകമ്പം

ദര്‍ശനശേഷം: 

മീനാക്ഷീ! ഭക്തനായ് നീ സകരുണമരുളും
ദിവ്യമാം ദർശനത്തി –
ന്നാനന്ദം കിട്ടിയിന്നൊന്നടിയനുമധുനാ
നിൻ കടാക്ഷപ്രഭാവാത്
സാനന്ദം സുന്ദരേശൻതിരുവടിയൊടു ചേർ-
ന്നാടിടും ദേവി! നൃത്തം
ഞാനുള്ളിൽ ക്കാണുവാനായ് തെളിയണമിവനുൾ –
ത്താരിലും നിത്യമമ്മേ!

ധ്യാനം 

Posted: December 29, 2019 in സമ്മത

ഗുഹ കണക്കിലാണെന്റെ മാനസം
ഗുഹ! ഭവാനതിന്നുള്ളിലെത്തണേ
ഗ്രഹണദോഷമപ്പാടെ നീക്കി മത് –
ഗൃഹമിതൊന്നു നിൻ കോവിലാക്കണേ

രംഗനാഥകമനീയദർശനം
രംഗനാഥനിവനേകിയീവിധം
പങ്കജാക്ഷകരുണാമൃതം മന-
സ്സിങ്കലേക സദയം ഹരേ ഭവാൻ

തിരുവരംഗമാം കോവിൽ സ്സദാ
മരുവിടുന്നവൻ രംഗനായകൻ
കരുണയോടുഹൃത്താരിലെപ്പൊഴും
മരുവിടേണമേ ഭക്തവത്സലാ

ശ്രീരംഗനാഥനമരും നഗരത്തിലെത്തി –
ച്ചേരാൻ കഴിഞ്ഞു ഭഗവത്ക്കരുണാബലത്താൽ
ചേരും പ്രകാരമൊരുദർശനഭാഗ്യമേകൂ
കാരുണ്യരൂപ! ശരണാഗതനെന്റെ ജീവൻ