Archive for April, 2023

CODA day

Posted: April 30, 2023 in രഥോദ്ധത

കേഴ്വിശക്തിയിയലാതെ, കുട്ടികൾ
കേണിടുന്നതറിയാതിരിക്കിലും
കൂടെനിന്ന ജനനിക്കു താതനും
കാണ്മതായ കരുണയ്ക്കു കൂപ്പുകൈ
#coda
#codaday

തേക്കിന്റെ കാടന്നു  വെട്ടാനൊരുങ്ങവേ
തുള്ളിവന്നെത്തുന്ന കോമരത്തിൻ തല
തമ്പുരാൻ വെട്ടിയക്കാടും നിരത്തി തൻ
തൃശ്ശിവപ്പേരൂരിൻ പൂരപ്പറമ്പാക്കി

തുമ്പം വരുമെന്നാലവ മാറ്റീടണമൊറ്റ –
ക്കൊമ്പൻ കൃപയോടെൻ ഹൃദി വാണീടണമെന്നും
തുമ്പിക്കരമൊന്നീതലയിൽ ചേർക്കണമെന്നുൾ –
ക്കമ്പം കളയാനായ്, ഗണനാഥൻ തുണയെന്നും

ചിത്തരംഗത്തിലായ് നിത്യമാടുന്നതാം
നർത്തകൻ നർത്തനം ചെയ്യുന്നവേളയിൽ
നൃത്തം ചവിട്ടുന്നു മാനസപ്പൂവതിൽ
തത്തുന്നതേൻതുള്ളി വാക്കായി മാറുന്നു

സിതമണിമഹനെന്നായ് പേരെഴും വിപ്രവര്യൻ
സഹൃദയജനമെല്ലാമാസ്വദിക്കുന്നമട്ടിൽ
സരസമെഴുതി തൃശ്ശൂർ പൂരവാർത്താവിശേഷം
സരളതരമതിന്നും ഭാഷ തൻ ഭൂഷ തന്നെ

പൂരം

Posted: April 29, 2023 in Uncategorized

പൂരമെന്നോതിയാൽ ത്രിശ്ശിവപേരൂരിൻ
പേരെഴും പൂരമിക്കാലത്തു കാണുവാൻ
ദൂരെ നിന്നെത്തിടും കാണികൾ വിസ്മയം
പൂരപ്പറമ്പിലെയാഘോഷഘോഷങ്ങൾ

ശക്തൻ തന്നെ തുടങ്ങിയാശിവപുര –
പ്പൂരം പുരാ, കാണുവാ-
നെത്തുന്നൂ ജനകോടിയിന്നുമവിടെ –
യ്ക്കെന്നല്ലി കാണുന്നു നാം
ചിത്രം! മേളവുമാനയും, കുടകൾ തൻ
മാറ്റം, വെടിക്കെട്ടുമായ്
ചിത്തേ തോഷമനന്തമായരുളുമീ –
യാഘോഷഘോഷം സദാ

ചിത്തരംഗമതുപോലെലോകവും
നൃത്തവേദി നടരാജനെന്നുമേ
നർത്തനം തുടരുമീശ്വരന്റെ സ-
ങ്കീർത്തനം ശ്രുതികളോതുമെപ്പൊഴും

നിരനിരയായിക്കനവുകളുള്ളിൽ
നിരവധി വർണ്ണപ്പൊലിമ തരുംപോൽ
ശിവപുരി തന്നിൽത്തെളിവൊടു നന്നായ്
ശിവശിവ! കണ്ടീടുക കുടമാറ്റം

ശങ്കരൻ ശങ്കരീവല്ലഭൻ നെഞ്ചിലെ-
പ്പങ്കമെല്ലാം കളഞ്ഞാശ്രയം നൽകുവോൻ
സങ്കടം പോക്കണം കാക്കണം മാനസ –
ത്തിങ്കലെല്ലായ്പൊഴും വാണുകാത്തീടണം