Archive for April 18, 2023

ആപത്തകറ്റി, മമ പാപം പൊറുത്തു, പരിതാപം കളഞ്ഞു തുണയായ്
ശ്രീപോർക്കലീ വരിക, തൃപ്പാദതാരനിശമുൾപ്പൂവിലായ് തെളിയുവാൻ
കാപട്യമായ മറയപ്പാടെ നീക്കിടുക, നിൻ പുണ്യനാമജപമാം
തൃപ്പാദസേവ വഴിയിപ്പാമരന്നരുൾക തൃപ്പത്തിലെന്നുമഭയം

വേണ്ട തെല്ലുഭയമങ്ങു കൊണ്ടലിൽ
ക്കണ്ട മിന്നലിനെയോർത്തു പൈക്കളേ!
അണ്ടർകോനഴകെഴുന്ന മാലയും
കൊണ്ടുവന്നതണിയിക്കയാണു മേ

പാരായ് തെളിഞ്ഞതിനു നാരായവേരിവിടെയാരാഞ്ഞുപോക, തുണയായ്
നേരായ മാർഗ്ഗമിഹ ചേരാൻ വെളിച്ചമഥ പാരാതെ നൽകിയണയും
നാരായണന്റെ കൃപ, തീരാത്ത ദുഃഖനിരയാരാലകറ്റു, മതിനാൽ
പോരായ്മ മാറി, മിഴിനീരാകെ വറ്റി, യകതാരാകെ ശാന്തി നിറയും

അഴുക്കിലാണ്ടുള്ള മനസ്സിനേ നേർ –
വഴിക്കു നന്നായി നയിക്കുവാനായ്
വരേണമേ, തേറ്റയിലേറ്റി മേലേ –
യ്ക്കുയർത്തണേ, യോഗവരാഹമൂർത്തേ!

നിഴലാട്ടത്തിലാടീടും
നിഴലേവം തെളിഞ്ഞിടാൻ
ഒളിവീശുന്നതാം കാണാ-
പ്പൊരുളേതാരറിഞ്ഞതും

കാവേരീനദിയുടെ തീരപ്രദേശത്ത് നവഗ്രഹങ്ങളിൽ ഓരോ ഗ്രഹത്തിൻ്റേയും ക്ഷേത്രങ്ങൾ ഉണ്ട്. ഇവയിൽ മിക്കതും കുംഭകോണത്തിൻ്റെ ചുറ്റുവട്ടത്തിൽ ആണ്. ചിലത് ചിലപ്പതികാരത്തിൽ പ്രതിപാദിക്കുന്ന കാവേരിപ്പുമ്പട്ടണത്തിനടുത്തും മയിലാടുതുറൈയിലും ഒക്കെ ആയിട്ടാണ്. ഈ ക്ഷേത്രങ്ങൾ തമിഴ്നാട്ടിൽ പ്രശസ്തമാണെങ്കിലും കേരളത്തിൽ അത്രകണ്ട് പ്രചാരത്തിൽ ഇല്ല. അവയിൽ പാടൽപ്പെട്രകോവിലുകളും വായിപ്പുക്ഷേത്രങ്ങളും ഉണ്ട്

വൈത്തീശ്വരൻ കോവിൽ (ചൊവ്വ)
തിരുവെങ്കാട് ശ്വേതാരണ്യേശ്വർ കോവിൽ (ബുധൻ)
കീഴ്പെരുമ്പള്ളം നാഗനാഥസ്വാമി കോവിൽ (കേതു)
തിരുനെല്ലാർ ദർഭാരണ്യേശ്വരർ കോവിൽ (ശനീശ്വരർ)
തിരുനാഗേശ്വരം (രാഹു)
കാഞ്ചനൂർ അഗ്നീശ്വരർ കോവിൽ (ശുക്രൻ)
ആടുതുറൈ സൂര്യനാർ കോവിൽ (സൂര്യൻ)
ആലങ്കുടി ആപത്സഹായേശ്വരർ (ഗുരു)
തിങ്കളൂർ (ചന്ദ്രൻ)

ഇതിൽ സൂര്യനാർ കോവിൽ ഒഴിച്ചുള്ള ക്ഷേത്രങ്ങളിൽ ശിവഭഗവാൻ തന്നെയാണ് പ്രധാനമൂർത്തി.

പൊതുവേ ഈ ക്ഷേത്രങ്ങൾ കുംഭകോണത്തിനടുത്തുള്ള നവഗ്രഹക്ഷേത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും വൈത്തീശ്വരൻ കോവിലിലേയ്ക്കും തിരുവെങ്കാട് ശ്വേതാരണ്യേശ്വരർ കോവിലിലേയ്ക്കും കുംഭകോണത്തിൽ നിന്നും 50/60 കിലോമീറ്റർ ദൂരം ഉണ്ട്

ഇവയിൽ പലതും ഉൾനാടുകളിൽ ആയതുകൊണ്ടും പലപ്പോഴും ഉൾനാടൻ വഴികളിലൂടെ വേണം യാത്ര ചെയ്യാൻ എന്നതുകൊണ്ടും ചില വഴികൾ വീതിയാക്കുന്നതിൻ്റെ തിരക്കുകാരണവും ഒരു ദിവസം കൊണ്ട് എല്ലാടത്തും എത്തിപ്പറ്റാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും യാത്ര വേനൽക്കാലത്താണെങ്കിൽ. മാത്രമല്ല, പല ക്ഷേത്രങ്ങളിലും നല്ല തിരക്കും കാണും. തൊഴാൻ നിരവധി ഉപദൈവപ്രതിഷ്ഠകളും ഉണ്ട് പല ക്ഷേത്രങ്ങളിലും.

അതുകൊണ്ട് കുംഭകോണത്ത് ഒരു ദിവസം തങ്ങുന്നതാവും അഭികാമ്യം. കേരളത്തിൽ നിന്നും വരുന്ന പക്ഷം തഞ്ചാവൂർ വഴി തിങ്കളൂർ എത്തി അവിടെ നിന്നും തുടങ്ങി, കുംഭകോണം ചുറ്റുവട്ടത്ത് ഉള്ള നവഗ്രഹക്ഷേത്രങ്ങളിൽ തൊഴുത് കിഴക്കൻ കടൽ തീരത്തിനു സമീപമുള്ള ക്ഷേത്രങ്ങളിൽ എത്തുന്നതാവും നന്ന്. മറിച്ച് ചെന്നൈ/ചിദംബരം ഭാഗത്ത് നിന്നും വരുന്നവർക്ക് വൈത്തീശ്വരക്ഷേത്രത്തിൽ നിന്നും ദർശനം തുടങ്ങാം. ഇതിൽ മിക്കവാറും എല്ലാ ക്ഷേത്രങ്ങളും തമിഴ്നാട്ടിൽ ആണെങ്കിലും ദർഭാരണ്യേശ്വർ ക്ഷേത്രം പോണ്ടിച്ചേരി സംസ്ഥാനത്തിൽ ആണെന്നതും ശ്രദ്ധിക്കാം

പാടൽപ്പെട്രകോവിലുകളും വായിപ്പുക്ഷേത്രങ്ങളും
നൂറ്റാണ്ടുകൾക്ക് മുമ്പ് ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന 63 ശിവഭക്തരായ സിദ്ധപുരുഷന്മാർ അറുപത്തിമൂവർ എന്ന് അറിയപ്പെടുന്നു. അവർ ഓരോരുത്തരെ കുറിച്ചുപറയുമ്പോൾ നായനാർ എന്ന് പറയുന്നു; അവരെ എല്ലാവരെയും ചേർത്ത് നായന്മാർ എന്നും പറയുന്നു. അവർ എഴുതിയ ശിവസ്തുതികൾ തേവാരങ്ങൾ എന്ന് അറിയപ്പെടുന്നു. ആ തേവാരങ്ങളിൽ പേരെടുത്തുപറഞ്ഞ് സ്തുതിച്ചിട്ടൂള്ള ക്ഷേത്രങ്ങൾ പാടൽപ്പെട്രകോവിലുകൾ ആയി പറയപ്പെടുന്നു. പേരെടുത്തുപറഞ്ഞിട്ടില്ലെങ്കിലും അവർ സ്തുതിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ആണ് വായിപ്പു സ്ഥലങ്ങൾ അഥവാ തേവാരവായിപ്പു സ്ഥലങ്ങൾ ആയി അറിയപ്പെടുന്നത്

വരും ദിനങ്ങളിൽ ഈ ക്ഷേത്രങ്ങളിലൂടെ ഒരു മാനസികമായ തീർത്ഥയാത്ര വഴി ഈ ക്ഷേത്രങ്ങളെ അല്പം ഒന്ന് പരിചയപ്പെടുത്താം എന്ന് കരുതുന്നു.