Archive for April 9, 2023

സുരവരസുതനാകും യേശുദേവൻ, കൃപാർദ്രം
ധരയിലവതരിച്ചോൻ, പാപികൾക്കും കൊടുത്തൂ
നരകഗതി തടുക്കാൻ സ്നേഹമാർഗ്ഗം, നമിക്കാം
നിരവധിയുരു, ജീവന്നാശ്രയം യേശുപാദം

ദൈവത്തിൻ സുതനായക്കന്യയ്ക്കു സത്പുത്രനായ്
ഭൂവിതിൽ വാഴുന്നോർതൻ പാപമൊട്ടകറ്റുവാൻ

പൂവതിൽ ഗന്ധം ചുറ്റു പരത്തും പോലെ സ്നേഹം
നോവാറ്റിപ്പകരുവാൻ വന്നവൻ കാത്തരുൾക

കുരിശ്ശിൽ കിടക്കുമ്പോൾ മുള്ളാണിമെയ്യിൽക്കുത്തി –
ക്കേറുമ്പോൾ നിണം നെഞ്ചിൻ കൂടും വിട്ടൊഴുകുമ്പോൾ

ക്രൂശിക്കും ജനങ്ങൾതൻ പാപവും പൊറുത്തീടും
കാരുണ്യത്തിടമ്പേ! നിൻ കാൽക്കൽ ഞാൻ നമിക്കുന്നു

മൂന്നാംനാളുയർത്തേറ്റു ദർശനം ഭക്തർക്കേകാൻ
വന്ന നിന്മാഹാത്മ്യത്തെ വാഴ്ത്തുന്നു സജ്ജനങ്ങൾ

എന്നെന്നും കൃപാവർഷം ലോകത്തിന്നേകീടുവാൻ
വന്നതാമീശോ! നിന്റെ വാത്സല്യം ജയിക്കട്ടെ

അത്യുന്നതത്തിലമരും കരുണാമയൻതൻ
പുത്രൻ സ്വയം മനുജരൂപമെടുത്തുവന്നൂ
പ്രത്യാശ നോവിലുലയുന്നവനേകുവാൻ
പ്രത്യക്ഷമായ ഭഗവത്സുതനേശുദേവൻ

നാകലോകസുഖമൊട്ടുവിട്ടു, ഭൂ –
ലോകവാസികളിലാർദ്രനായ് പുരാ
ശോകമാറ്റുവതിനായണഞ്ഞതാം
ലോകനാഥസുതനേശുവെത്തൊഴാം

ക്രൂശിലേറ്റി ചിലരെന്നിരിക്കിലും
ക്ലേശമേതുമിയലാതെവാണതാം
ഈശ്വരന്റെ സുതനായ തമ്പുരാ –
നേശുനാഥനരുളട്ടെ മംഗളം

മൃത്യു തീണ്ടിടുവതല്ല നിർണ്ണയം
നിത്യനാണു മിശിഹാ കൃപാമയൻ
സത്യമെന്നുമിതുകാട്ടുവാൻ സ്വയം
മർത്യനായവതരിച്ചു ഭൂമിയിൽ

പ്രേമമാണുലകിനാശ്രയം സദാ
ക്ഷേമമേകുമതുമാത്രമെന്നുമായ്
സാമ്യമറ്റ കൃപയാൽ പറഞ്ഞതാ –
മാമഹത്ത്വമുടനോർത്തുകൂപ്പിടാം


,