Archive for the ‘യാത്രാനുഭവം’ Category

ഗ്രീക്ക് പുരാണങ്ങളെ കുറിച്ചും തത്ത്വചിന്തകരെ കുറിച്ചും കൂടുതൽ അറിയാനുള്ള ജിജ്ഞാസയാണ് എന്നെ ഏതൻസിൽ എത്തിച്ചത്. പണ്ടു വായിച്ചതും യാത്രാവേളയിൽ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ കഥകളും വിവരങ്ങളും ആണ് ഞാൻ ഇവിടെ കുറിച്ചത്.

കല, സാഹിത്യം, പുരാണങ്ങൾ, തത്ത്വചിന്തകൾ, ചരിത്രം മുതലായവകളിൽ കൂടി ലോകമാനവസംസ്കാരത്തെ കൂടുതൽ അറിയാനുള്ള ശ്രമം ഞാൻ തുടരുന്നു. അപൂർണ്ണമായ അറിവിനെ കഴിയുന്നത്ര പൂർണ്ണതയിലേയ്ക്ക് എത്തിക്കാനുള്ള . യാത്ര ഒരു തരത്തിൽ എനിക്ക് തീർത്ഥയാത്ര തന്നെയാണ്.

കണ്ടതിനെക്കാളേറെ കാണാനുണ്ട്. വായിച്ചതിനെക്കാളേറെ വായിക്കാനുണ്ട്. അറിഞ്ഞതിനെക്കാളേറെ അറിയാനുണ്ട്. ഇനി ഒരു യാത്ര ഗ്രീസിലേയ്ക്ക് സാദ്ധ്യമാകുമോ എന്ന് അറിയില്ല. എന്നാൽ ഈ യാത്രയിൽ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതും എല്ലാം എന്റെ തുടർവായനകളെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും മുഴുവായി ഇവിടെ പകർത്താനായില്ല എങ്കിലും അലക്സാണ്ടർ സൂചിപ്പിച്ച “പ്രതീക്ഷ” ബാക്കിയാക്കി ഈ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.

(ശുഭം)

ഏതൻസും ഡൽഫിയും – ഒരു യാത്രാനുഭവം – Part 13

ആധുനികലോകത്തിലെ ആദ്യ ഒളിമ്പിക്സ് മത്സരങ്ങൾ നടന്നത് 1896 ൽ ഏതൻസിലാണ്. അതിലെ ആരംഭസമാപനച്ചടങ്ങുകൾക്കും ചില മത്സരങ്ങൾക്കും വേദിയായ പാനൈതനിക് സ്റ്റേഡിയം എന്ന് അറിയപ്പെടുന്നു. പൂർണ്ണമായും മാർബിളിൽ നിർമിച്ച ലോകത്തിലെ ഏകസ്റ്റേഡിയമാണത്രേ ഇത്.

ക്രിസ്തുവിന് മുമ്പ് നിർമ്മിക്കപ്പെട്ടതാണത്രേ ഈ സ്റ്റേഡിയം. ആ കാലത്ത് മതപരവും കായികവുമായ നിരവധി ആഘോഷങ്ങൾ ഇവിടെ നാലുവർഷത്തിൽ ഒരിക്കൽ എന്ന കണക്കിൽ അരങ്ങേറാറുണ്ടായിരുന്നുവത്രേ കാലക്രമത്തിൽ നാശോന്മുഖമായി. തുടർന്ന് ഹെറോഡസ് അറ്റിക്കസ് എന്ന റോമൻ ചക്രവർത്തി അത് മാർബിളിൽ പുനർനിർമ്മിച്ചു. ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടിൽ ഈ ആഘോഷങ്ങൾ നിരോധിക്കപ്പെട്ടു. പിന്നീട് ക്രമത്തിൽ ഈ സ്റ്റേഡിയവും അവഗണനയ്ക്ക് പാത്രമായി.

പിന്നീട് 1836 ൽ പുരാവസ്തുഗവേഷണത്തിന്റെ ഭാഗമായാണ് കണ്ടെത്തിയത്.

1896 ലെ ഒളിമ്പിക്സിൽ ഏതാണ്ട് 60,000 കാണികൾ ഈ സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നുവത്രേ. 14 ലോകരാജ്യങ്ങൾ പങ്കെടുത്തു. അമേരിക്ക ആസ്ത്രേലിയ ചിലിയ ഒഴിച്ച് പങ്കെടുത്തവ എല്ലാം തന്നെ യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നു. അക്കാലത്ത് ആദ്യമായാണ് ഇത്രയും വിപുലമായ അന്താരാഷ്ട്രതലത്തിൽ മത്സരങ്ങൾ അരങ്ങേറുന്നത്

(തുടരും…)



ഹേഡ്രിയൻ എന്ന പ്രശസ്തനായ റോമൻ ചക്രവർത്തി ഗ്രീക്ക് പുരാണങ്ങളുടെയും തത്ത്വചിന്തകളുടെയും ആരാധകനായിരുന്നു. അദ്ദേഹം എതൻസിൽ വന്നപ്പോൾ നിർമ്മിച്ചതാണത്രേ ഹേഡ്രിയൻ കമാനം/ആർച്ച്. 18 മീറ്റർ ഉയരവും 13 മീറ്റർ വീതിയും ഉള്ളതാണ് ഈ സ്മാരകം. AD രണ്ടാം ശതകത്തിലാണ് ഇത് നിർമ്മിച്ചത്.

തിസ്യൂസിന്റെ കാലത്തെ പുരാതന ഏതൻസിനെയും ഹേഡ്രിയന്റെ കാലത്തു നിർമ്മിച്ച പുതിയ നഗരത്തെയും കൂട്ടിയിണക്കുന്ന വഴിയിൽ ആണ് ഇത് നിലകൊള്ളുന്നത്. അതിന്റെ പഴയനഗരത്തിലേയ്ക്ക് തുറക്കുന്ന ഭാഗത്ത് “ഏതൻസ് തിസ്യൂസിന്റെ പഴയ നഗരം” എന്നും മറുഭാഗത്ത് ” ഹേഡ്രിയന്റെ നഗരം, തിസ്യൂസിന്റെ അല്ല” എന്ന് എഴുതിയിട്ടുണ്ടത്രേ.

ഈ കമാനത്തിൽ കൂടി നോക്കിയാൽ അക്രോപോലിസ് കാണാനാവും.

ഈ സ്മാരകത്തിന്റെ അടുത്തുതന്നെയായി സീയൂസിന്റെ ക്ഷേത്രവും ഉണ്ട്.

(തുടരും…)

മനുഷ്യസ്ത്രീയിൽ പിറന്ന് ദിവ്യത്വമാർന്ന ഒരേ ഒരു ഗ്രീക്ക് ദേവതയാണത്രേ ഡയനൈസ്. ഇദ്ദേഹം നാടകങ്ങളുടെയും ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും സസ്യജാലങ്ങളുടെയും വീഞ്ഞിന്റെയും ദേവതയാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട കഥകളും വളരെ നാടകീയമാണ്.

ദേവരാജാവായ സീയൂസ് സെമിലീ എന്ന രാജകുമാരിയുമായി പ്രണയത്തിലായി. അതറിഞ്ഞ സീയൂസിന്റെ പത്നി കോപിഷ്ഠയായി. നിജസ്ഥിതി അറിയാൻ ഒരു വൃദ്ധയുടെ രൂപത്തിൽ സെമിലിയെ സേവിക്കാൻ എത്തി. അതിനകം സെമിലി ഗർഭിണിയായിക്കഴിഞ്ഞിരുന്നു. വൃദ്ധ സെമിലിയോട് സീയൂസിനോട് പൂർണ്ണരൂപം കാണിച്ചുതരാൻ നിർബന്ധിക്കണം എന്ന് പറഞ്ഞു. സെമിലിക്ക് താങ്ങാനാവില്ല എന്ന കാരണത്താൽ സീയൂസ് മടിച്ചു. എന്നാൽ ഒടുവിൽ കാമുകിയുടെ സ്നേഹപൂർവ്വമായ അപേക്ഷയ്ക്കു വഴങ്ങി ദിവ്യരൂപം സ്വീകരിച്ചപ്പോൾ അതിന്റെ ആഘാതം സഹിക്കാനാവാതെ മരിച്ചു. എന്നാൽ ഗർഭസ്ഥശിശു മരിക്കാതിരിക്കാൻ സീയൂസ് ഗർഭത്തെ തന്റെ തുടയ്ക്കുള്ളിലടക്കി യഥാകാലം ഒരു പുത്രന് ജന്മം കൊടുത്തു. അതിനാൽ ഡയനൈസ് ദ്വിജനാണത്രേ, രണ്ടു തവണ ജനിച്ചവൻ! തുടർന്ന് മരണദേവതയായ ഹേഡിസിന്റെ (പ്ലൂട്ടോ) സഹായത്തോടെ തന്റെ അമ്മയ്ക്ക് വീണ്ടും ജീവൻ കൊടുത്തുവത്രേ.
ഡയനൈസിന്റെ ആരാധനയുടെ ഭാഗമായി ഡയനൈസിയ എന്ന പേരിൽ ആഘോഷം പതിവായിരുന്നു. ഏതൻസിലെ അക്രോപോലിസിൽ ഡയനൈസിന്റെ തീയറ്റർ കാണാം. കാളയെ ഡയനൈസിന് കൊടുത്താണ് ആഘോഷത്തിന്റെ തുടക്കം. പിന്നെ ട്രാജഡികളും കോമഡികളും മത്സരങ്ങളായി അരങ്ങേറും. ആദ്യനാടകം നാടകകൃത്തും അഭിനേതാവുമായ തെസ്പിസിന്റെ ആകും . ആ തെസ്പിസ് എന്ന പേരിൽ നിന്നാണത്രേ തെസ്പിയൻ എന്ന വാക്കിന്റെ ഉത്ഭവം.

സമ്പന്നന്മാരാണ് അവയുടെ ചിലവുകൾ വഹിക്കുന്നത്. വിജയികൾ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിക്കുകയും തത്സംബന്ധിയായ വിവരങ്ങൾ ആലേഖനം ചെയ്യുകയും ചെയ്യും. ഈ നാടകങ്ങൾക്ക് ആടിനെ ആണ് സമ്മാനമായി നൽകിയിരുന്നത്. അങ്ങിനെ ആണത്രേ ട്രാജഡി (tragos ‘goat’ + ōidē ‘song, ode’) എന്ന വാക്ക് ഉണ്ടായത്.

(തുടരും…)



മഹാനായ അലക്സാണ്ടറെ കുറിച്ചും പറയുമ്പോൾ ഓർക്കേണ്ട മറ്റൊരു ചിന്തകനാണ് ഡയോജനീസ്. സിനോപി എന്ന സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ടാണ്. തുടർന്ന് ഡൽഫി ഒറാക്കിളിന്റെ പ്രേരണയാലാണത്രേ അദ്ദേഹം ഏതൻസിൽ എത്തിച്ചേർന്നത്. അക്കാലങ്ങളിൽ പ്രശസ്തനായിരുന്ന പ്ലേറ്റോയെയും അദ്ദേഹം സോക്രട്ടീസിന്റെ ഉപദേശങ്ങൾ വ്യാഖ്യാനിച്ചിരുന്ന രീതിയെയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. പലപ്പോഴും റാന്തലും കൊണ്ട് നഗരത്തിൽ ചുറ്റിയിരുന്നു. ചോദിച്ചാൽ താൻ മനുഷ്യനെ തിരയുകയാണെന്ന് പറയുമത്രേ.

പല രാജ്യങ്ങളും കീഴടക്കിയ അലക്സാണ്ടർ എത്തിയപ്പോൾ ലൈസിയത്തിൽ ഇദ്ദേഹം കണ്ടതായേ നടിച്ചില്ല. തുടർന്ന് ഇദ്ദേഹത്തിനെ ഒറ്റയ്ക്ക് കാണാൻ തിരഞ്ഞുപോയപ്പോൾ ഒരു ബാരലിന്റെ ഉള്ളിൽ വെയിലുകായുകയായിരുന്നു. താൻ മഹാനായ അലക്സാണ്ടർ ആണ് എന്ന് പരിചയപ്പെടുത്തിയപ്പോൾ താൻ നായയായ ഡയോജനീസ് എന്ന് പറഞ്ഞു. വ്യത്യസ്തമായ പെരുമാറ്റത്തിൽ ആകൃഷ്ടനായ അലക്സാണ്ടർ തന്നെ ഭയക്കുന്നില്ലേ എന്ന് ചോദിച്ചു. അപ്പോൾ ഡയോജനീസ് താങ്കൾ നല്ലവനോ കെട്ടവനോ എന്ന് ചോദിച്ചു. അലക്സാണ്ടർ താൻ നല്ലവനാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിന് ഭയപ്പെടണം എന്നായിരുന്നു മറുപടി. ആ മറുപടി ഇഷ്ടപ്പെട്ട അലക്സാണ്ടർ താൻ എന്തു ചെയ്തുതരണം. സൂര്യവെളിച്ചം മറയ്ക്കാതെ അല്പം മാറിനിന്നാൽ മതി എന്ന് പറഞ്ഞു. മറുപടി കേട്ട സൈനികർ കോപിഷ്ഠരായി എന്ത് ശിക്ഷ കൊടുക്കണം എന്ന് അലക്സാണ്ടറോട് ചോദിച്ചപ്പോൾ ഒന്നും ചെയ്യേണ്ടേ. താൻ അലക്സാണ്ടർ ആയിരുന്നില്ലെങ്കിൽ ഡയോജനീസ് ആയേനേ എന്ന് പറഞ്ഞുവത്രേ.

ഒരിക്കൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ മരണശേഷം അദ്ദേഹത്തിന്റെ ദേഹം എന്തുചെയ്യണം എന്ന് ചോദിച്ചു. നഗരാതിർത്തിക്ക് വെളിയിൽ എറിഞ്ഞുകൊടുക്കാൻ പറഞ്ഞുവത്രേ. കാട്ടുമൃഗങ്ങൾ ഉപദ്രവിക്കില്ലേ എന്ന് ചോദിച്ചപ്പോൾ വടി കൂടി തന്നുവിട്ടാൽ മതി എന്ന് പറഞ്ഞു. മരണശേഷം ദേഹത്തിൽ അതിന് ബോധമുണ്ടാവില്ലല്ലോ എന്നായി ശിഷ്യർ. പിന്നെ എന്തായാലെന്ത് എന്നായി അദ്ദേഹം

(തുടരും…)

Lyceum
Socrates’s prison



ഏതൻസിനെ കുറിച്ച് പറയുമ്പോൾ എനിക്ക് മറക്കാനാവാത്തത് ലൈസിയം എന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ്.

സോക്രട്ടീസിനു മുമ്പും അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും നിരവധി ചിന്തകന്മാരുടെയും അവരുടെ ശിഷ്യന്മാരുടെയും സംഭാവനകളാൽ സമ്പന്നമായിരുന്നു ഈ ലൈസിയം. ഇവിടെ തത്വചിന്താപരമായ ചർച്ചകൾക്കൊപ്പം കായികാഭ്യാസങ്ങളും ഉണ്ടായിരുന്നു എന്നും ശ്രദ്ധിക്കുക.

അതിൽ നമുക്ക് ഏറെ പരിചിതമായ പേരുകൾ സോക്രട്ടീസ്, അദ്ദേഹത്തിന്റെ ശിഷ്യനായ പ്ലേറ്റോ, അദ്ദേഹത്തിന്റെ ശിഷ്യനായ അരിസ്റ്റോട്ടിൽ എന്നിവരാണല്ലോ. ഈ അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ അലക്സാണ്ടർ ആണ് പല തവണ പേർഷ്യൻ  ആക്രമണങ്ങളാൽ പരവശമായിരുന്ന ഗ്രീസിന്റെ പേര് താൽക്കാലികമായെങ്കിലും വിദൂരദേശങ്ങളിൽ വരെ എത്തിച്ചത്. ഒരോ നാടും കീഴടക്കവേ ഒന്നും തന്റേതാക്കാതെ മറ്റുള്ളവർക്കായി കൊടുത്താണ് അലക്സാണ്ടർ മുന്നറിയതത്രേ. തനിക്കായി എന്തുണ്ട് എന്നു ചോദിച്ചപ്പോൾ “പ്രതീക്ഷ” എന്ന് പറഞ്ഞുവത്രേ.


ഏതൻസ്കാരനായിരുന്നില്ല അരിസ്റ്റോട്ടിൽ. അതിനാൽ ശിഷ്യഗണങ്ങളുമായി ഒത്തുകൂടിയിരുന്നത് ഈ ലൈസിയത്തിലാണത്രേ ഒത്തുകൂടിയിരുന്നത്. വത്തിക്കാനിൽ ഇറ്റാലിയൻ നവോത്ഥാനകാലത്തെ കലാകാരൻ റാഫേൽ വരച്ചിട്ടുള്ള ഏതൻസ് വിദ്യാലയത്തിന്റെ ചിത്രം ഈ ലൈസിയത്തെ ആണ് സൂചിപ്പിക്കുന്നത്

ഇതിനൊപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് നഗരമദ്ധ്യത്തിലുള്ള സോക്രട്ടീസിന്റെ കാരാഗൃഹം. ഇവിടെയാണത്രേ അദ്ദേഹം വിചാരണയും ശിക്ഷയും കാത്തുകഴിഞ്ഞതും വിഷം കഴിച്ചു മരിച്ചതും


(തുടരും…)



ശക്തനായ തിസ്യൂസിന്റെ രംഗപ്രവേശം ഏജിയന്റെ കാലശേഷം രാജാധികാരം പ്രതീക്ഷിച്ചിരുന്ന രാജസഹോദരനും മക്കൾക്കും തീരെ ഇഷ്ടമായില്ല. തന്ത്രപരമായി രണ്ടുപേരെയും കോട്ടയുടെ പുറത്തെത്തിച്ച് അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു. അപായം മണത്തറിഞ്ഞ തിസ്യൂസ് പദ്ധതിയിടുന്ന ഇടത്തെത്തി അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ അവരെ വധിച്ചു.

അക്കാലത്ത് ഏതൻസ് മറ്റൊരു വലിയ പ്രശ്നം അഭിമുഖീകരിക്കുകയായിരുന്നു. ക്രെറ്റെ ദ്വീപിലുളള മിനോസ് രാജാവുമായുള്ള ഒരു യുദ്ധം തോറ്റിരുന്നു. സന്ധിയുടമ്പടിയുടെ ഭാഗമായി ഏഴുവർഷം കൂടുമ്പോൾ ഏഴു യുവതികളെയും ഏഴുയുവാക്കളെയും അയയ്ക്കേണ്ടതുണ്ടായിരുന്നു. അത് ക്രെറ്റെ നിവാസികളെ ഭയപ്പെടുത്തി ഒരു കോട്ടയ്ക്കകത്ത് വാണിരുന്ന മിനോട്ടർ എന്ന ഭീകരന് ബലിയായിട്ടായിരുന്നു.

അക്കുറി യാത്രാസംഘത്തിന്റെ ഭാഗമായി തിസ്യൂസ് രാജകുമാരനും പുറപ്പെട്ടു. കറുത്തപായയുള്ള പായക്കപ്പലിൽ ആയിരുന്നു യാത്ര . വിജയശ്രീലാളിതനായാണ് മടക്കം എങ്കിൽ പകരം വെളുത്തപായ കെട്ടണം എന്ന് പിതാവ് നിർദ്ദേശിച്ചിരുന്നു

മിനോട്ടറിനെ വധിച്ചാൽ പോലും ഒരിക്കൽ അകത്തുകടന്നാൽ പുറത്തേയ്ക്കുവരാൻ സാധിക്കാത്തവിധത്തിലായിരുന്നു കോട്ട. തിസ്യൂസിനെ കണ്ട് പ്രണയാതുരയായ ക്രെറ്റെ രാജകുമാരി അദ്ദേഹത്തിന് ഒരു നൂൽപന്ത് സമ്മാനിച്ചു. പോകുന്ന വഴികൾ നൂലുകൊണ്ട് അടയാളപ്പെടുത്തി അകത്തുകടന്ന അദ്ദേഹം മിനോട്ടറിനെ വകവരുത്തി പുറത്തുകടന്നു. തിരിച്ച് തന്റെ നാട്ടിലേയ്ക്ക് മടങ്ങുന്നവേളയിൽ അച്ഛന്റെ നിർദ്ദേശം പാടെ മറന്നു

മകന്റെ വരവും പ്രതീക്ഷിച്ച് കുന്നിന്റെ മുകളിൽ കടലിലേയ്ക്ക് കണ്ണുംനട്ടുനിന്ന രാജാവ് കറുത്തപായ കെട്ടിയ കപ്പലാണ് വരുന്നത് കണ്ടത്. പ്രതീക്ഷകളെല്ലാം നശിച്ച രാജാവ് അവിടെ നിന്നും കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനാലാണത്രേ ആ കടൽ ഏജിയൻ കടലായി അറിയപ്പെടുന്നത്.

തുടർന്ന് അധികാരമേറ്റ തിസ്യൂസ് ഏറ്റവും ശക്തനായ രാജാവായി മാറി. എന്നാൽ ഇദ്ദേഹത്തിന്റെ അവസാനകാലങ്ങൾ ദുഃഖപൂർണമായിരുന്നു. ഹെഫാസ്റ്റസിന്റെ ക്ഷേത്രത്തിലാണത്രേ ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമം


(തുടരും…)

പുത്രനുണ്ടായി അധികം വൈകാതെ ഏജിയൻ ഏതൻസിലേയ്ക്ക് തിരിച്ചു. പോകുന്നതിന് മുമ്പ് തന്നെ ചെരുപ്പും വാളും ഒരു വലിയ പാറയ്ക്കുതാഴെ വച്ചാണ് മടങ്ങിയത്. പുത്രൻ ശക്തിമാനായ യുവാവായി വളർന്നാൽ ഇവ സ്വയം എടുത്ത് തന്നെ അടുത്തേയ്ക്ക് വരണം എന്ന് പത്നിക്ക് നിർദ്ദേശവും നൽകി.

കാലക്രമത്തിൽ യുവാവായ തിസ്യൂസ് ഈ ചെരുപ്പും വാളമായി തന്റെ പിതാവിന്റെ രാജ്യമായ ഏതൻസിലേയ്ക്ക് പുറപ്പെട്ടു. അപ്പോളേയ്ക്കും സൂര്യദേവനായ ഹെലിയോസിന്റെ പേരക്കുട്ടിയും ക്രൂരയും ദുർമന്ത്രവാദിനിയും ആയ മെഡിയ ഏജിയന്റെ പട്ടമഹിഷിയായി ചേർന്നിരുന്നു.

താരതമ്യേന അപകടം കുറഞ്ഞ ക കടൽമാർഗ്ഗമല്ല അപായങ്ങൾ പതിയിരിക്കുന്ന കരമാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. ആ വഴി എതൻസിലെത്താൻ ആറ് ദുർഘടമായ കവാടങ്ങൾ കടക്കേണ്ടിയിരുന്നു. അത് രാജകുമാരന്റെ വീരോചിതമായ യാത്രയ്ക്ക് എന്തുകൊണ്ടും ചേരുന്നതായിരുന്നു

ആദ്യത്തെ കവാടത്തിൽ ഗദാധാരിയായ ഒരു ഭീകരനായിരുന്നു കാവൽ. ആ ഭീകരനെ വധിച്ച് അയാളുടെ ഗദയും കൊണ്ട് തിസ്യൂസ് പുറത്തുകടന്നു.

രണ്ടാമത്തെ കവാടത്തിലെ ഭീകരൻ യാത്രക്കാരെ രണ്ടു പൈൻമരങ്ങൾ ചെരിച്ച് അവയിൽ കെട്ടിവയ്ക്കുമായിരുന്നു. തുടർന്ന് അവ നിവരുമ്പോൾ യാത്രക്കാരുടെ ദേഹം രണ്ടായി പിളരുന്നതും കണ്ട് ആനന്ദിക്കുകയായിരുന്നു. തിസ്യൂസ് അതേവിധം തന്നെ അയാളെ വധിച്ചുപുറത്തുകടന്നു.

മൂന്നാം കവാടത്തിൽ അതിക്രൂരനായ പന്നിയായിരുന്നു കാവൽ. തിസ്യൂസ് അതിനെയും വധിച്ചു.

നാലാം കവാടത്തിലെ ഭീകരൻ യാത്രക്കാരെ കടലിനടുത്തുള്ള കുന്നിൻ മുകളിലേയ്ക്കാനായിച്ച് അവർ കാലുകഴുകുമ്പോൾ കൊക്കയിലേയ്ക്ക് തട്ടിവീഴ്ത്തി രസിക്കുകയായിരുന്നു. അതേ പ്രകാരം തന്നെ തിസ്യൂസ് അവനെയും വധിച്ചു.

അഞ്ചാം കവാടത്തിൽ ഗുസ്തിക്കാരനായിരുന്നു. ഗുസ്തിയിലൂടെ യാത്രക്കാരെ കീഴ്പെടുത്തി കൊല്ലുകയായിരുന്നു അയാളുടെ വിനോദം. അങ്ങിനെതന്നെ തിസ്യൂസ് അവനെയും വധിച്ചു.

ആറാം കവാടത്തിലാണ് വയലാറിന്റെ പ്രൊക്രൂസ്റ്റസ് എന്ന കവിതയിലെ വില്ലനായ പ്രൊക്രൂസ്റ്റസ്. ഗംഭീരമായ സദ്യയ്ക്ക് ശേഷം അതിഥിയായ യാത്രക്കാരൻ കിടന്നുറങ്ങുമ്പോൾ അയാളുടെ ദേഹം വലിച്ചുനീട്ടിയോ ദേഹഭാഗങ്ങൾ മുറിച്ചുമാറ്റിയോ വധിക്കുകയും അതുകണ്ട് രസിക്കുകയും ആണ് പതിവ്. സമാനമായ ശിക്ഷ തന്നെ അയാൾക്കും വിധിച്ച് തിസ്യൂസ് യാത്ര തുടർന്നു.

തിസ്യൂസ് ഏതൻസിലെത്തിയപ്പോൾ പിതാവിന് അദ്ദേഹത്തെ മനസ്സിലായില്ല. എന്നാൽ രാജ്ഞിക്ക് അത് കിരീടാവകാശിയായ രാജകുമാരനാണെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നത് തന്റെ മകൻ രാജാവാകുന്നതിന് വിഘ്നമാവും എന്നും മനസ്സിലായി. തുടർന്ന് അവർ വീഞ്ഞിൽ വിഷംകലർത്തി വധിക്കാൻ ശ്രമിച്ചു. അപ്പോൾ ചെരുപ്പും വാളും കണ്ട് തന്റെ മകനെ തിരിച്ചറിഞ്ഞ രാജാവ് രാജ്ഞിയെ നാടുകടത്തി തിസ്യൂസിനെ രക്ഷിച്ചു.

(തുടരും…)

ചിത്രത്തിന് കടപ്പാട് :
https://commons.m.wikimedia.org/wiki/File:Theseus_Map.jpg#mw-jump-to-license



ഏതൻസിനെ കുറിച്ച് പറയുമ്പോൾ തിസ്യൂസ് രാജകുമാരനെ മറക്കാനാവുമോ?

പണ്ട് ഏതൻസിന്റെ രാജാവായിരുന്ന ഏജിയൻ വിവാഹിതനായിരുന്നെങ്കിലും അദ്ദേഹത്തിന് മക്കളില്ലായിരുന്നു. അതിന് ഒരു പരിഹാരത്തിനായി അദ്ദേഹം ഡൽഫിയിലെ ഒറാക്കിളിനെ സമീപിച്ചു.

ഏതൻസിൽ നിന്നും ഏതാണ്ട് 185 കിലോമീറ്റർ ദൂരത്തിൽ മലനിരകളുടെ മുകളിൽ ആണ് ഡൽഫി. അവിടെ .

ഡൽഫിയിൽ ചികിത്സയുടെയും ഭാവിപ്രവചനങ്ങളുടെയും സംഗീതത്തിന്റെയും ദേവതയായ അപ്പോളോയുടെ ക്ഷേത്രം ഉണ്ട്. അവിടെ യുവതിയായ മുഖ്യപുരോഹിതയാണ് ഒറാക്കിൾ. ആ ഒറാക്കിൾ ഒരു പ്രത്യേകമാനസികാവസ്ഥയിൽ ഭാവിയെ കുറിച്ച് പ്രവചനങ്ങൾ അപ്പോളോയുടെ വാക്കുകൾ ആണ് എന്ന് വിശ്വസിച്ചിരുന്നു. അവ അവ്യക്തമായിരുന്നു എന്നാൽ വളരെ പ്രശസ്തമായിരുന്നു. അത് കേൾക്കാൻ ദൂരങ്ങൾ താണ്ടി ആളുകൾ വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം രാഷ്ട്രീയപരമായും സാമ്പത്തികമായും വളരെ ശക്തമായിരുന്നു. ആ ശക്തിയുടെ സൂചന ഷെയിക്ക്സ്പിയറിന്റെ മെർച്ചന്റ് ഓഫ് വെനീസിലെ ഈ വരികളിൽ കാണാമല്ലോ

I am Sir Oracle,
And when I ope my lips let no dog bark

ഏജിയന്റെ കാര്യത്തിൽ ഏതാണ്ട് ഇങ്ങിനെ ആയിരുന്നുവത്രേ പ്രവചനം

Do not loosen the bulging mouth of the wineskin until you have reached the height of Athens, lest you die of grief

എന്താണ് അതിന്റെ അർത്ഥം എന്ന് മനസ്സിലാകാതെ സഹായത്തിനായി അദ്ദേഹം പിത്തിയസ് രാജാവിനെ സമീപിച്ചു. ഏതൻസിൽ എത്തുന്നതുവരെ വീഞ്ഞുകുടിക്കരുത് , കുടിച്ചാൽ ജീവിതാന്ത്യം ദുഃഖകരമായിരിക്കും എന്ന് ആയിരുന്നത്രേ പ്രവചനം. അതു മനസ്സിലാക്കിയിട്ടും പിത്തിയസ് രാജാവ് ഏജിയന് വീഞ്ഞുവിളമ്പി. ആ വീഞ്ഞിന്റെ ലഹരിയിൽ ഏജിയൻ പിത്തിയസ്സിന്റെ മകൾ ഏത്രയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് ആ രാത്രി തന്നെ ഏത്ര അഥീനാദേവിയുടെ നിർദ്ദേശപ്രകാരം പൊസൈഡോണുമായും രമിച്ചു. അങ്ങിനെ ഏജിയനും പൊസൈഡോണും ഏത്രയിൽ ഉണ്ടായ മകനാണത്രേ തിസ്യൂസ് .

(തുടരും…)



സീയൂസിന്റെയും മെറ്റിസിന്റെയും മകളാകയാൽ അഥീനാദേവി സൌന്ദര്യത്തിന്റെയും ജ്ഞാനത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും വിജയത്തിന്റെയും ദേവതയായി ആണ് ആരാധിക്കപ്പെട്ടിരുന്നത്

ഒരിക്കൽ കടലിന്റെയും ഭൂമികുലുക്കത്തിന്റെയും ദേവനായ പൊസൈഡോണും (Neptune) അഥീനാദേവിയുമായി മത്സരമുണ്ടായി. രണ്ടുപേരും ഏതൻസ് തങ്ങളുടെ നഗരമായി അറിയപ്പെടാൻ ആഗ്രഹിച്ചു

തന്നെ ആരാധിക്കുന്നതിന് പ്രതിഫലം നൽകാനായി പൊസൈഡോൺ തന്റെ ത്രിശൂലം കൊണ്ട് ഭൂമിയിൽ നീരുറവ വരുത്തി. എന്നാൽ ആ നീരുറവയിൽ ഉപ്പുവെള്ളമായിരുന്നു. അതേസമയം അഥീനാദേവി നൽകിയത് ഒലിവ് മരമാണ്. അതിന്റെ ഫലവും അതിൽ നിന്നുള്ള എണ്ണയും മരത്തിന്റെ വിറകും എന്നും മാനവരാശിക്ക് പ്രയോജനപ്രദമാണെന്ന് കാൺകയാൽ ആ നാട്ടുകാർ അഥീനയെ തങ്ങളുടെ ദേവതയായി സ്വീകരിക്കുകയാണത്രേ ചെയ്തത്. എന്നാൽ പൊസൈഡോൺ ആ തീരുമാനം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് പൊസൈഡോണും അഥീനയും തമ്മിൽ യുദ്ധമായപ്പോൾ സീയൂസിന് ഇടപെടേണ്ടിവന്നു. തീരുമാനം ദേവസഭയിലാകാം എന്നായി. ദേവന്മാർ പൊസൈഡോണിന് അനുകൂലമായും ദേവിമാർ അഥീനയ്ക്ക് അനുകൂലമായും വോട്ടുചെയ്തപ്പോൾ സീയൂസ് വിട്ടുനിന്നു . ആ ഒരു വോട്ടിന്റെ ബലത്തിൽ അഥീന ജയിക്കുകയായിരുന്നത്രേ.

അക്രോപോലിസിലും ഡൽഫിയിലും അഥീനാദേവിയുടെ പഴയ ക്ഷേത്രം കാണാം. നൈക്കി എന്ന ദേവത വിജയത്തിന്റെ ദേവതയായാണ് ഗ്രീക്ക് സംസ്കാരത്തിൽ കാണുന്നത്. ആ ദേവതയെ റോമാക്കാര് വിക്റ്റോറിയ ആയി ആദരിച്ചിരുന്നു. നൈക്കിയെ സീയൂസിന്റെ കൂടെയും അഥീനയുടെ കൂടെയും കാണാം – അഥീനയുടെ കൂടെ നൈക്കിയും ഉള്ള സങ്കല്പം അഥീനാനൈക്കി ആയി പറയപ്പെടുന്നു


ഈ ദേവിയുമായി നിരവധി കഥകൾ ഉണ്ട്.

(തുടരും…)