Archive for the ‘പഞ്ചചാമരം’ Category

തോക്കുകൾക്കു മുന്നിലും ഭയന്നിടാനെ നിന്നവർ
തോൽക്കുകില്ലയെന്നു കാലമോതിടുന്നു കേൾക്ക നാം

പുന്നപ്ര വയലാർ സ്മാരകം
രക്തസാക്ഷിമണ്ഡപം



കടുത്തചൂടിലും പ്രചാരണം തുടർന്നുപോൽ തിര –
ഞ്ഞെടുപ്പകാലമെന്നതോർത്തു സർവ്വസാക്ഷിയാമിനൻ
പടുത്വമറ്റു, താപമേറ്റു ദാഹമേറവേയതൊ-
ട്ടൊടുക്കുവാനിറങ്ങി താഴെയാഴിതന്നിലേയ്ക്കവൻ

ഇരുട്ടകറ്റി നല്ലകൊല്ലമീജഗത്തിനേകുവാൻ
വരുന്നനാളുദിച്ചുയർന്നു സൂര്യദേവനെത്തവേ
മരുത്പുരേശ! ദർശനം തരേണമായതിന്നു തെ-
ല്ലൊരുക്കിടുന്നു ഞങ്ങളും വിശിഷ്ടമാം വിഷുക്കണി 

കുറച്ചുമാത്രമാത്രമാണു വാഴ്‌വതെങ്കിലും ഭയം
മറന്നു വാടിതന്നിലോടിവന്ന തുമ്പി സന്തതം
പറഞ്ഞിടുന്ന കാര്യമോർക്ക, സങ്കടം വെടിഞ്ഞു നീ
പറക്കണം, പരത്തണം ശുഭേച്ഛ നൽപരാഗമായ്

മോഹം!

Posted: March 10, 2024 in പഞ്ചചാമരം

തിരഞ്ഞെടുപ്പടുത്തുവന്നതോർത്തു, കാൺക, ചൂടിലും
നിരത്തിലൊക്കെ നേതൃവൃന്ദമെത്തിടുന്നു നിത്യവും
നിരത്തിടുന്നു മോഹമേകിടുന്ന  വാക്കു, കേൾക്കെയി-
ത്തരത്തിലേതുനാളുമാകുവാൻ കൊതിച്ചിടുന്നു ഞാൻ




ഇതും കടന്നുപോയിടും, മറക്കുമൊക്കെ ലോകരും
പതുക്കെയിന്നിണം പുരണ്ടവാർത്ത വീണ്ടുമെത്തിടും
അതെക്കുറിച്ചുചർച്ചയാകുമിത്തരത്തിലെത്ര നാ-
മിതേവരേയ്ക്കുകണ്ടു, മാറ്റമെന്തു വന്നുചേർന്നിടാൻ?

ഗുണങ്ങളെൻ്റെ ചിന്തകൾക്കു വാക്കുകൾക്കുമിങ്ങുവ-
ന്നണഞ്ഞിടാൻ കുറിച്ചതാം പദങ്ങൾ പൂജയായ് വരാൻ
വണങ്ങിടുന്നു ഞാൻ ഗണേശതൃപ്പദത്തിലെന്നുമേ
തുണയ്ക്ക, സങ്കടം കളഞ്ഞു രക്ഷയേക സന്തതം



ഒരുങ്ങിവേണ്ടപോലെ നല്ലവേഷമിട്ടു മെല്ലെയൊ –
ന്നരങ്ങിലെത്തിയാടുവാൻ ശ്രമിച്ചിടുന്നവേളയിൽ
പരുങ്ങിനിന്നുപോയ്, സഭാഭയം വളർന്നു, തൊണ്ടയിൽ
ക്കുരുങ്ങി വാക്കു , ഞാൻ പതുങ്ങി പാവമാം കുരങ്ങുപോൽ

തിരഞ്ഞുപോവതെന്തു വന്നണഞ്ഞതെന്തിനായ് ഭവാൻ
തിരിച്ചറിഞ്ഞു കാഴ്ചകണ്ടു യാത്ര ചെയ്ക സന്തതം

മനസ്സ്

Posted: February 25, 2024 in പഞ്ചചാമരം

അനന്തസാഗരം കണക്കു ചിന്തപൊങ്ങിടുന്നതാം
മനസ്സു, ബോധസൂര്യനും മറഞ്ഞിടുന്നതിന്നകം
അനങ്ങിടാതിരിക്കയില്ല തെല്ലുനേരമാർക്കുമേ
മനസ്സിലാവുകില്ലതിൻ പരപ്പതിൻ്റെയാഴവും