Archive for February, 2020

തിര

Posted: February 27, 2020 in ഭുജംഗപ്രയാതം

തിരയ്ക്കും തിരക്കുണ്ടു, തീരത്തിലെത്തി-
ത്തിരക്കിട്ടു ലോഗ്യം തിരക്കുന്നുവെന്നാല്‍ 
തിരിച്ചങ്ങു പോകുന്നതുണ്ടൊന്നുപോകാ-
തിരിക്കാനവര്‍ക്കൊട്ടുമാവില്ല പോകും 

പാരുഷ്യമുള്ള പദമൂറി വരും ക്ഷണം ഹൃ –
ത്താരും വിറയ്ക്കുമുലകത്തിനു നന്മയേകാൻ
ആരും കൊതിക്കുമളവാശ്രയമായിരിക്കും
‘കാരുണ്യമാണു ഹൃദയേ നിറയേണ്ടതെന്നും’

ഭക്തരെന്നുമറിയുന്നപോലവേ
ഭക്തവത്സലനെയാരറിഞ്ഞിടാൻ
ഭക്തനെന്നുമവനാണുസർവ്വതും
വ്യക്തമായ് തെളിവതേറെ ഗൂഢവും

ഭൂമിക്കുണ്ടൊരു സത്യ, മിങ്ങു ധരയെ-
ത്തൻ പേരിലാക്കീടുവാൻ
നാമിങ്ങെത്ര പയറ്റിടുന്നു പലതാം
തന്ത്രങ്ങ, ളെന്നാകിലും
ഈ മണ്ണിൽ പൊലിയുന്നതായ കനവായ്
തീരുന്നു, ചൊല്ലുന്നുവോ
‘കേമം നിന്നുടെ ഗോഷ്ഠി’യെന്നു ചിരിയ-
ച്ചുണ്ടത്തു തത്തുന്നുവോ?

എനിക്കെന്തുതാന്‍ ദേവി പുന്നയ്ക്കലമ്മേ
തനിച്ചെന്നുമെന്നെത്തുണച്ചീടണം നീ
നിനയ്ക്കുന്നു നിന്‍ പാദപദ്മത്തെ മുന്നില്‍ 
ക്കനിഞ്ഞെത്തി രക്ഷിക്കുമാറായിടേണം 

വരിക്കണം കൃഷ്ണപദത്തെ, യുണ്ടാ-
യിരിക്കണം ഭക്തി മനസ്സിലെന്നും
സ്മരിക്കണം കൃഷ്ണനെ, നാമമോതീ-
ട്ടിരിക്കണം മാനസപദ്മമേ നീ

കാട്ടാളനായ് ശിവനണഞ്ഞോരുനാളവനു
കൂട്ടായണഞ്ഞു ശിവയും
കാട്ടാളനാരിവടിവോ, ടന്നവർക്കു വന-
ഭൂവിൽ പിറന്നു സുതനും
കാട്ടാളപുത്രനഥ കാട്ടാനകൾക്കിടയി-
ലന്നാൾ വളർന്ന കഥയ-
ക്കാട്ടാറുമോതുമതുകേട്ടേൻ, തുണച്ചിടുക
വേട്ടയ്ക്കരൻ്റെ മകനേ

ഗുരുത്വമേറും ഗജരത്നമെത്തീ
മരുത്പുരേശൻ്റെ പദാംബുജത്തിൽ

ചെറുപ്പത്തിൽ ക്കാണും മദമതുമട-
ങ്ങീടുമളവിൽ
കുറച്ചുള്ളിൽ ബോധം തെളിയു, മതിനാൽ
തന്നെയകമേ
നിറഞ്ഞീടും മോദം, കരുണ നിറയും,
ശാന്തി പകരും,
കുറയ്ക്കും വൈഷമ്യം ശരണമറിവേ
നൽകു സദയം

ആശ്രയം 

Posted: February 26, 2020 in രഥോദ്ധത

ശക്തിയില്ല, തുണയെന്നുമേ കൃപാ-
ശക്തിയാണിളകിടുന്നു സന്തതം
ഭക്തിയോടിലകണക്കുമാനസം
ശക്തമായതിനുമാശ്രയം ഭവാൻ