Archive for February, 2020

പഞ്ചാരക്കട്ട താനോ, തിരുവുടലുരുകും
വെണ്ണയോ, മന്ദഹാസം
നെഞ്ചിൽ ക്കത്തും വിളക്കോ കരുണയൊടിരുള-
പ്പാടെ മാറ്റും നിലാവോ
കൊഞ്ചിക്കും ഗോപിമാർ തൻ ഹൃദയമലരിലൂ-
റുന്നതാം ഭക്തിയാം തേൻ
തഞ്ചത്തിൽ ക്കട്ടെടുക്കുമ്പൊഴുതുഹൃദയവും
കഷ്ടമേ! കട്ടുവെന്നോ?

രാധാമാനസമാരറിഞ്ഞു ഭഗവൻ!
നിന്നോള, മെന്നാകിലും
രാധാമാധവലീല പാടിയമരു-
ന്നോരിന്നുമുണ്ടത്ഭുതം
രാധാകൃഷ്ണയുഗങ്ങളായറിവതാ-
മദ്വൈതതത്ത്വയോ
സാധിക്കുന്നു കഥിക്കുവാൻ, മിഴികളാ-
ലെന്തിന്നു കാണുന്നതും

വന്ദനം

Posted: February 26, 2020 in സ്രഗ്ദ്ധര

പഞ്ചാരപ്പായസത്തിൻ മധുരിമയതിലായ്
ചേർന്നലിഞ്ഞുള്ളതാകും
പഞ്ചാരക്കട്ടയല്ലേ പകരുവ, തതുപോൽ
തന്നെ വാതലയേശാ
നിൻ ചൈതന്യം കലർന്നോരുലകിതു പകരും
നിത്യമിമ്മട്ടിലല്ലോ
നെഞ്ചിൻ സന്തോഷ,മോതാമതിനിവനധുനാ
വന്ദനം നന്ദിപൂർവ്വം

പഞ്ചാരക്കട്ടയല്ലേയുറിയിലെ നറുനൈ
വെണ്ണയും കട്ടുതിന്നാൻ
തഞ്ചം പാർത്തങ്ങിരിക്കും കപടപശുപനാം
വാതഗേഹേശനല്ലേ?
കൊഞ്ചിക്കും ഗോപനാരീജനമനമലരും
റാഞ്ചുമച്ചിത്സ്വരൂപം
നെഞ്ചിൽ ക്കാണാനകറ്റിത്തരണമിവനക-
ക്കാമ്പിലെപ്പങ്കമെല്ലാം

സരസിജവാസപ്രിയ മനമാമീ
സരസിജമൊന്നുണ്ടതിലമരേണം
സരസതയൂറും പദമരുളേണം
സരസമെനിക്കീസ്തുതിയെഴുതീടാൻ

ധ്യാനം 

Posted: February 25, 2020 in രഥോദ്ധത

എന്റെ കണ്ണിലിരുളായിടുന്നതും
മിന്നിനില്‍ക്കുമൊളിയായിടുന്നതും
ഒന്നുതന്നെകൃപയെന്നുമാത്രമാ-
യിന്നറിഞ്ഞിവിടെ ഞാന്‍ നമിച്ചിടാം

P Bhaskaran

Posted: February 25, 2020 in രഥോദ്ധത

ഭാസ്കരന്‍ മറയുമെന്നിരിക്കിലും
ഭാസ്കരപ്രഭ മറഞ്ഞുപോയിടാ
ഭൂവിലെന്നുമതുകാണ്മതായിടും
ഭൂരിമോദമഖിലര്‍ക്കുമേകിടും

ധ്യാനം 

Posted: February 25, 2020 in രഥോദ്ധത

രാമനാമമുരുവിട്ടിടുന്നതേ
ക്ഷേമമേകുമുലകത്തിനെങ്കിലും
നാമതൊട്ടുമറിയാതെയെന്തിനായ്
നാമമോതി കലഹിപ്പതെപ്പൊഴും

ധ്യാനം 

Posted: February 25, 2020 in സ്വാഗത

ഏകനാണടിയനെന്നതറിഞ്ഞി-
ട്ടേകണം തുണ, യെനിക്കകതാരിൽ
തൂകണം കരുണ, നിൻ പദപദ്മം
പൂകണം ഹൃദയപങ്കജമമ്മേ

മിന്നും മിന്നാമിനുങ്ങിൻ പ്രഭയിലറിവതാം
ലോകമേ സത്യമെന്നാ-
യെന്നും കാണുന്നു, ചിത്രം, ചിലരതു കതിരോൻ
തന്നെയാണെന്നുറയ്ക്കും
ഇന്നും രാവിന്നിരുട്ടിൽ ചില കുറിയിവയെ –
ക്കാണുമിപ്രാണി തന്നിൽ
നിന്നൂറും വെട്ടമെന്തിങ്ങറിവതുമറിയു –
ന്നെന്തുകാണുന്ന കൂട്ടർ