Archive for November 28, 2020

കണ്ണില്‍ക്കണ്ണീരുതിങ്ങും, ചിലകുറി മഴവില്‍ 
പീലിപോല്‍ മിന്നിമായും 
കണ്ണാ, നിന്‍ ലീലയോര്‍ത്താല്‍, വെറുതെയുരുവിടും 
നാവുടന്‍ നാമമന്ത്രം 
വര്‍ണ്ണിക്കാനാഗ്രഹിക്കും തവ മഹിമകളെ-
ന്നാലുമാവില്ല, തെല്ലുള്‍-
ക്കണ്ണില്‍ക്കാണും പ്രകാശം പകരുമുരുസുഖം 
പാടുവാന്‍ പാടുതന്നെ

അടുത്തിടും ദുഃഖശതങ്ങളെല്ലാം 
തടുത്തുകാത്തീടണമെന്നുമെന്നെ
ഉടുക്കുപോലെന്മനമൊന്നെടുക്കൂ
കടുത്തുരുത്തിക്കരവാഴുമീശാ

ആരും കാണാതെ കാട്ടിൽക്കഴിയുമളവിലി-
പ്പുഷ്പമേകും സുഗന്ധം
തീരും മുന്നേയെടുക്കാനകലെയമരുമ –
ത്തെന്നലിങ്ങെത്തിടുന്നൂ
കാരുണ്യത്തോടെയിപ്പൂമണമഥ വിതറും
ചുറ്റുമക്കാറ്റുപോകും
നേരം, മറ്റാർക്കുമാവില്ലിതുപടി, പറയാം,
വന്ദനം ഗന്ധവാഹിൻ

പതിയ്ക്കും നദിയ്ക്കും ശിവൻ ചൂടിടും വെൺ-
മതിയ്ക്കും ജടയ്ക്കും സദാ ഭക്തവൃന്ദം
മതിയ്ക്കും കൃപയ്ക്കും തഥാ ദൈത്യരും സ-
മ്മതിയ്ക്കും മതിയ്ക്കും തൊഴാമംബികയ്ക്കും

ഓരോരോ ദിനവും വരുന്നു പരമാ-
നന്ദം പകർന്നേകുവാ-
നാരോമാത്രയിലും നിറഞ്ഞ കൃപയാം
തേനേകുവാനെങ്കിലും
നീരോടും മിഴിയെന്തറിഞ്ഞു മിഴിവ-
റ്റാടുന്നു, വാടുന്നു, ക-
ണ്ണീരോ കണ്ണുമറച്ചിടുന്നു, തുണയായ്
നിന്നീടണേ നന്ദജാ