Archive for May 1, 2022

വൈശാഖമായ് പരമപാവനരൂപനാകും
വിശ്വേശനെസ്സതതമോർത്തുവസിക്ക നല്ലൂ
വിശ്വാസമോടുമനമൊന്നവനേകിടയാലോ
വിശ്വം സമസ്തമുടനീശ്വരനെന്നുകാണാം

വർണ്ണം നാലുള്ള വാക്കിൽ പ്രഥമവുമൊടുവും
ചേർന്നൊരാടയ്ക്കെഴും പേർ
തിണ്ണം നൽകും വൃഷത്തിന്നൊരു മറുപദമാം
രണ്ടൊടാനാലടുത്താൽ
എണ്ണാമന്ത്യദ്വയത്താൽ തെളിയുമൊളി വിള-
ക്കേന്തുവാനുള്ളതിൻ പേർ
പൂർണ്ണം വാക്കാകിലുണ്ടാമൊരു നൃപ പദവി –
യ്ക്കുള്ളപേർ;വാക്കിതേതോ ?

പ്രഹേളിക by മഹാകവി കൈതയ്ക്കൽ ജാതവേദൻ

എന്റെ ഉത്തരം

ഒന്നാമക്ഷരമൊത്തു നാലു കലരു-
നെന്നാകിലോ സാരിയാ –
മെന്നാൽ രണ്ടൊടു നാലുചേരുമളവോ
മൂരീതിയായ് തീർന്നിടും
നന്നായുള്ള വിളക്കിനുള്ള തിരി താൻ
മൂന്നോടു നാലൊത്തുചേർ –
ന്നെന്നാൽ, വാക്കതു കുന്നലക്ഷിതി പനാം
സാമൂതിരിപ്പാടുതാൻ

ഒന്നിച്ചുചേർന്നു തിര പാറയുടച്ചിടുന്നു –
ണ്ടൊന്നിക്കിലെന്തുനരനാവുകയില്ല പാരിൽ
ഒന്നിക്കരുത്തുപുനരോതിയണഞ്ഞിടും മേ-
യൊന്നിന്നുകൂപ്പിയൊരുമിച്ചുജയിച്ചുവാഴ്ക

3.38 മൈലാപ്പൂർ , ചെന്നൈ (തുടർച്ച)

മൂവരും അരുണഗിരിനാഥരും ഈ ക്ഷേത്രത്തെ സ്തുതിച്ചുപാടിയിട്ടുണ്ടത്രേ.
ബ്രഹ്മാവിന് തൻ്റെ സൃഷ്ടിവൈഭവത്തിൽ അഹങ്കാരം വന്നപ്പോൾ അത് ഇല്ലാതെയാക്കാൻ ശിവഭഗവാൻ ബ്രഹ്മാവിൻ്റെ ഒരു ശിരസ്സറുത്തുവത്രേ. തുടർന്ന് ബ്രഹ്മാവ് ഇവിടെ വന്ന് ശിവഭഗവാനെ തപസ്സ് ചെയ്ത് സംപ്രീതനാക്കിയത്രേ. അതുകൊണ്ടാണത്രേ ഇവിടെ ഭഗവാനെ കപാലീശ്വരൻ (കപാലം = തലയോട്) എന്ന് വിളിക്കുന്നത്. ഭഗവതി കർപ്പകാംബാളായി അറിയപ്പെടുന്നു. ശ്രീപാർവ്വതി മയിലായി ഇവിടെ തപസ്സ് ചെയ്തതിനാൽ ഈ സ്ഥലം മയിലൈ അഥവാ തിരുമയിലൈ എന്ന് അറിയപ്പെടുന്നു. ഈ സ്ഥലത്തെ വേദപുരിയെന്നും ശുക്രപുരിയെന്നും പണ്ട് പറഞ്ഞിരുന്നുവത്രേ

ഇവിടെവച്ചാണത്രേ ശ്രീപാർവ്വതീദേവി മുരുകന് ആയുധമായ വേൽ നൽകിയത്. മുരുകൻ ശിങ്കാരവേലനായും ഗണപതി നർത്തനവിനാകരായും ദർശനം തരുന്നു
ഇവിടെ ശ്രീരാമനും മഹാവിഷ്ണുവും ശിവഭഗവാനെ തപസ്സുചെയ്തിട്ടുണ്ടത്രേ.
ഈ സ്ഥലം കോയമ്പേട് ബസ്സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 9 കിലോമീറ്ററും ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 9 കിലോമീറ്ററും MRTS തിരുമയിലൈ സ്റ്റേഷനിൽ നിന്നും 1 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
(തുടരും…)