Archive for June 13, 2020

തുച്ഛമാം വസ്തു ചേർത്തീടിൽ
കാര്യസാദ്ധ്യത്തിനൊത്തിടും
പുല്ലുചേർത്തുള്ള പാശത്താൽ
മത്തേഭത്തെത്തളച്ചിടാം

പ്രചോദനം:
അല്പാനപി വസ്തൂനാം
സംഹതി: കാര്യസാധികാ:
തൃണൈരാരഭ്യതേ രജ്ജു:
തയാ നാഗോപി ബദ്ധ്യതേ

വിജയനു രഥമോട്ടിയായി നിന്നി-
ട്ടജ, ജയവും സദയം കൊടുത്തു യുദ്ധേ
നിജമറിവതിനായ് തുണയ്ക്ക, നല്കൂ
വിജയമെനിക്കുലകില്‍ കൃപാമയാ നീ

കാമനെച്ചുട്ടെരിച്ചെന്നോ
കഷ്ടം ശങ്കരനാദിനം
കാരുണ്യക്കടലിമ്മട്ടിൽ
കൊല്ലുമോ നല്ല ജീവനേ (1)

ദേവകാര്യത്തിനായ് പോയാൽ
ദേവകോപം ഭവിക്കുമോ
ദേവദേവനെരിച്ചീടാ
ദേഹം, കാരുണ്യവാനവൻ (2)

തൻ നെഞ്ചിലിടമേകാനായ്
തന്നെയാകണമീശ്വരൻ
മൂന്നാം കണ്ണു തുറന്നീടാ-
നന്നുറച്ചതു നിശ്ചയം (3)

എന്നെന്നും കൃപയാലല്ലോ
മിന്നും ലോകത്തിലേവനും
തന്നിലേറ്റ കൃപാശക്ത്യാ
മിന്നിയന്നഥ മന്മഥൻ (4)

അന്നുതൊട്ടവനേകുന്നൂ
മന്നിൽ ജീവികളൊക്കവേ
തൻ നെഞ്ചിലിട, മിമ്മട്ടിൽ
മന്മഥൻ ചിത്തയോനിയായ് (5)

ധ്യാനം 

Posted: June 13, 2020 in രഥോദ്ധത

വായുവും ഭയദമാകുമിക്ഷണം
വായുപുത്ര, തുണയായിരിക്കണം
നീയടുത്തമരുമെങ്കിലക്ഷണം
പോയിടുന്നു ഭയമുൾത്തടത്തിനും