Archive for June 25, 2020

നടുക്കമേകും പടികോവിദിപ്പോള്‍ 
നാടാകെയേറുന്നതുകണ്ടിടുന്നൂ
തടഞ്ഞുനിര്‍ത്തീടുക രോഗമെല്ലാം –
ക്കാടാമ്പുഴക്കോവിലിലുള്ള ദേവീ

World cup 1983

Posted: June 25, 2020 in സ്രഗ്ദ്ധര

വെല്ലാനാകും നമുക്കും പടുത പെടുവതാം
ടീമിനെപ്പോലുമെന്നാ-
ണല്ലോ കാണിച്ചു തന്നൂ, മികവൊടു വിജയം
ഭാരതം കൈവരിച്ചൂ
വല്ലാതുള്ളോരുവിന്‍ഡീസ് പടയൊരു പടയില്‍
തെല്ലൂ കൂസാതെ നിന്നി-
ട്ടല്ലോ വേള്‍ഡ്‌കപ്പ് ജയിച്ചൂ കപിലനവനെയാ-
കൂട്ടരേയും നമിക്കാം

#worldcup1983

കാരണം

Posted: June 25, 2020 in Malayalam

മാനത്തുകാർമുകിൽ കാണുന്നു പിന്നെയും
മാനസമാമയിലാടിടുന്നൂ

മോദമോടാടുവാൻ ഹേതുവെന്തായിടാം
മാനസം കണ്ണനേയോർത്തതാകും

മാരിവിൽ മാനത്തുകാണുന്നനേരത്തു
മോദമുണ്ടായ് വരാനെന്തുഹേതു ?

മാധവൻ ചൂടുമപ്പീലിയെന്നോണമെൻ
മാനസം തെല്ലു നിനച്ചതാകാം

മന്ദാനിലൻ കുളിരേകാനണയവേ
സന്തോഷമുണ്ടായതെന്തുകൊണ്ടോ

വന്നണഞ്ഞീടുമെൻ കണ്ണനെന്നായ് മനം
ചിന്തിച്ചതാകാമതിൻ കാരണം

ഗോകുലം വിട്ടെങ്ങുപോയെന്തിനാ, യിന്നു
ഗോകുലം കേഴുന്നു, കാണ്മതില്ലേ

ഗോക്കളും കാടുമീമേടും കരയുന്നു
ഗോവിന്ദ നീയിതു കാണ്മതില്ലേ

ആ ക്രൂരനാകുമൊരക്രൂരനെത്തിയോ?
തല്‍ക്ഷണം തന്നെ നീ പോയ് മറഞ്ഞോ?

ഈ കാട്ടിലുള്ളതാം പാവം ജനങ്ങളെ-
യൊക്കെയും കണ്ണനെന്തേ മറന്നോ?

നീയിനിയിങ്ങോട്ടു കാണാന്‍ വരില്ലയെ-
ന്നായര്‍കുലം തെല്ലറിഞ്ഞതില്ലാ

പായുമിക്കാലത്തിനൊത്തോര്‍മ്മ തെല്ലുമേ
മായുന്നതില്ലയെന്‍ കണ്ണനുണ്ണീ

പട്ടണം തന്നിലോ വാഴുന്നതുണ്ണി നീ
പട്ടണവാസികള്‍ നല്ലവരോ?

പൊയ്മുഖം കാട്ടുന്ന കൂട്ടരെന്നല്ലയോ
പണ്ടേ മുതല്‍ക്കൊണ്ടു കേട്ടതെല്ലാം

നെഞ്ചിലായ് നഞ്ഞുമായ് പൂതന ചെയ്തൊരാ-
വന്‍ചതിനീയെന്തറിഞ്ഞു കണ്ണാ

കുഞ്ഞായിരുന്നന്നു വഞ്ചന തന്‍ വഴി
പിഞ്ചോമനേ നീയറിഞ്ഞതില്ലാ

ഒക്കെയിരിക്കട്ടെ വെണ്ണയും പാലുമെ-
ന്നൊക്കെയും കിട്ടുമോ പട്ടണത്തില്‍

ഇങ്ങതുണ്ടെങ്കിലും നീയില്ലയാകയാല്‍
മങ്ങുന്നു വിങ്ങുന്നു മന്മാനസം

ഒന്നുകണ്ടീടുവാനാശയുണ്ടെങ്കിലും
നന്ദജാ യാത്രയും വയ്യയിപ്പോള്‍

നന്നായിരിക്കുന്നുവെന്നു കേട്ടാല്‍ മതി
സന്തോഷമാകുവാനെന്റെയുണ്ണീ

ആഴിയിൽ കലരാനാറും
താഴേയ്ക്കെത്തേണ്ടതായ് വരും

താഴ്മയോടമരാമെന്നാൽ
വീഴ്ചയും കുറയും ദൃഢം

ഭീതി

Posted: June 25, 2020 in മാലിനി

കൊടുമുടിയുടെമേലെക്കേറിയാലേറെയുണ്ടാ-
മുടനടിയടിതെറ്റാം വീണിടാമെന്നുഭീതി