Archive for June 18, 2020

പൊന്നിൻ നൽക്കുടമാകിലെന്തു കനലേ
തൂകീടുവെന്നാകിലോ
നന്നല്ലൊന്നിതുറച്ചുടച്ചൊരുവന-
ങ്ങാഴിക്കകത്തിട്ടുപോൽ
എന്നാലും ചില കഷ്ണമൊന്നുവെളിയിൽ
കാണാവതായ്, വിസ്മയം,
മിന്നീടുന്നതു കാൺക വാനിലധുനാ
താരങ്ങളെന്നോർത്തു ഞാൻ

പോർക്കലി

Posted: June 18, 2020 in ശാലിനി

വില്ലന്മാരാ-മാംഗലേ-യർക്കുതെല്ലും
വെല്ലാനായി-ല്ലന്നു നിൻ ഭക്തനേൽക്കേ
എല്ലായ്പ്പോഴും പോർക്കലി നീ തുണച്ചാ-
ലില്ലാ ദുഃഖം, കാത്തുര-ക്ഷിക്ക തായേ

വൻചോരക്കടലിൽ ക്കുളിച്ചുവരുമ –
ച്ചീനയ്ക്കുചേരുന്നതാം
ചെഞ്ചോരക്കൊടിയോടിടഞ്ഞുമുയരും
മൂവർണ്ണമേ നിൻപുകഴ്
അഞ്ചായന്നു കുറിച്ച ശീലമഖിലം
പണ്ടേ മറന്നോർ സദാ
വഞ്ചിക്കും, നിറഭേദവും മികവുമായ്
മുന്നേറി വെന്നീടു നീ

വൃത്തമൊത്തരചനയ്ക്കുവേണ്ടതാം
വൃത്തലക്ഷണമസംഖ്യമുള്ളതും
വൃത്തമഞ്ജരിയിലായ് കുറിച്ചവ-
ന്നെത്രയും വിനയമോടെവന്ദനം

ഇന്നെന്തേ മുകിലാല്‍ സ്വകീയവദനം
മൂടാതെ സൂര്യന്‍ വരാ-
നിന്നാളെന്നൊരുഭേദമില്ലെവനുമീ
രോഗം വരാമോര്‍ക്കണം
നന്നല്ലീക്കളി, തീക്കളിക്കുവെറുതേ
ചാടിപ്പുറപ്പെട്ടു താ-
നെന്നാല്‍ ദുര്‍ഘടമേറെയാണുകടലില്‍
പോയ് മുങ്ങി വീണ്ടും വരൂ

അങ്ങിങ്ങായ് ചിതറിക്കിടന്ന കനലിൻ
കഷ്ണങ്ങളെചേര്‍ത്തൊരാ –
ളങ്ങാമാമലമേലെവച്ചുചെറുതാ-
യൂതിജ്വലിപ്പിച്ചു പോൽ
പൊങ്ങിപ്പൊങ്ങിവരുന്നു വാനിലതുതാൻ
ഘോരാന്ധകാരത്തിനാൽ
മങ്ങും കണ്ണിനുകാഴ്ചയേകിയുണരാൻ
തൂകുന്നു വെട്ടം മുദാ