Archive for June, 2020

ചങ്കെന്നമട്ടുപെരുമാറിയ യന്ത്രമര്‍ത്ത്യാ 
ചങ്കില്ല നിന്റെയകമേ, യൊരുയന്ത്രമല്ലേ
നിന്‍ കാര്യമെന്തുപറയാനറിവേറുമെന്നാല്‍  
“ഹുങ്കിങ്ങു വേണ്ട; കുടിലം ഭവദന്തരംഗം”

സമസ്യാപൂരണം 

ധ്യാനം 

Posted: June 28, 2020 in .മത്തേഭം

ഉള്‍ക്കാമ്പിലുള്ള മമ ദുഃഖങ്ങളൊക്കെയക-
ലാനായ് തുണയ്ക്ക സദയം
വൈക്കത്തമര്‍ന്ന ശിവശം​ഭോ നമിപ്പു തവ
തൃക്കാല്‍ക്കലെന്നുമടിയന്‍
ചിക്കെന്നണഞ്ഞിടുക ചിത്ക്കാമ്പിലേറി ശിവ-
യൊത്തങ്ങുവാഴ്ക തുണ നീ
മുക്കണ്ണ നിന്റെ കൃപ മാത്രം കൃപാനിലയ
കാക്കേണമെന്നെയനിശം

ആരുമില്ലിന്നെൻ്റെ ചുറ്റിലും ചിന്തക-
ളോരോവഴിക്കും പറന്നിടുന്നൂ

കാളിന്ദിമൂകമായ് കേഴുന്നു, കാനനം
കാണുന്നിതാ ഹന്ത! ദുഃഖാർദ്രയായ്

കണ്ണനിങ്ങില്ലയിക്കാനനം തന്നിലായ്
കാണുന്നു സങ്കടം മാത്രമെങ്ങും

കാറ്റുവന്നെത്തിയീവൃത്താന്തമോതവേ
കണ്ണുനീർ തൂവുകയായിരുന്നൂ

ആരുവന്നെത്തിയിങ്ങാരുകൊണ്ടോയിങ്ങു
നേരുകണ്ടോതുന്നതാരുതാനോ

ആരോടുചോദിക്കുമാരുചൊല്ലിത്തരും
നേരെൻ്റെചുറ്റുമിങ്ങാരുമില്ലാ

എന്തൊക്കെയാഘോഷമായിരുന്നൂ മന-
സ്സന്നെത്ര സന്തുഷ്ടമായിരുന്നൂ

ഇന്നതിൻ ഛായയും മാഞ്ഞതുപോലുള്ളിൽ
സന്താപമാണെന്തു ചെയ്തിടേണ്ടൂ

കാളിയനാഗത്തിൻ കാളും വിഷത്തിനാൽ
കാളിന്ദിയേറ്റം കറുത്തകാലം
കഷ്ടമത്തീരത്തു നിൽക്കയാലെന്നുടൽ
ക്കത്തിക്കരിഞ്ഞതുമോർത്തിടുന്നൂ

ദുഷ്ടസംസർഗ്ഗത്തിന്‍ ദോഷം തരും സദാ
ദുഃഖമെന്നുള്ളതുമന്നറിഞ്ഞൂ

ദുർഘടമീവിധമുണ്ടായ്, വിഷം തീണ്ടി
ദേഹവും വീണുപോമെന്നമട്ടായ്

അന്നൊരുനാളു ഞാനിമ്മട്ടു വാഴവേ
നന്ദാത്മജൻ വന്നതോർത്തിടുന്നൂ

ഒന്നുതൊട്ടേയുള്ളു, മേനിപൂവിട്ടുപോ-
യെന്തൊരുസന്തോഷമായിരുന്നൂ

കണ്ണുനീർ പൂക്കളായന്നു ഞാനർപ്പിച്ചു
കണ്ണൻ്റെ നൽതിരുമേനിതന്നിൽ

കയ്യിലെടുത്തു ഞാൻ പുൽകാൻ ശ്രമിക്കവേ
കൈവിട്ടുപോയെൻ്റെ കണ്ണനുണ്ണി

കാളിന്ദിയാറ്റിലേയ്ക്കങ്ങുചാടീയുടൻ
കാളിയനാഗവുമങ്ങുവന്നൂ

പിന്നെയുണ്ടായ് വന്നതെന്തു, ചൊല്ലാനെനി-
യ്ക്കെന്നല്ലൊരാൾക്കുമിങ്ങാകയില്ല

എന്നാലുമക്കഥ കേൾക്കാത്ത കൂട്ടരും
മന്നിങ്കലാരുമുണ്ടാകയില്ലാ

ഇന്നലെയോളമെന്മുന്നിൽക്കളിച്ചവ –
നിന്നില്ലയെങ്ങുപോയാരറിഞ്ഞു

ഒന്നുവന്നെത്തിയാവൃത്താന്തമോതുവാ-
നെന്തേ വരുന്നില്ല ഗോപബാലര്‍

പറ്റില്ല തെല്ലൊന്നനങ്ങുവാനെന്നതെൻ
തെറ്റായ് നിനയ്ക്കൊല്ല കണ്ണനുണ്ണി

വിങ്ങും മനസ്സിന്നു ശാന്തിയേകീടുവാ-
നിങ്ങു നീ വീണ്ടുമൊന്നെത്തീടുമോ

പാഴ്മുളം തണ്ടിനെപൊൻവേണുവാക്കി നിൻ
പ്രാണൻ പകർന്നുകൊണ്ടെന്നപോലെ
പാവമിജ്ജീവനെ വീണ്ടുമുണർത്തുവാൻ
പ്രത്യക്ഷനാകുമങ്ങേതുനാളിൽ

കാളിന്ദിയാറ്റിന്റെവക്കത്തുനില്പതാം
കാട്ടുകദംബം കരഞ്ഞതേവം

കാറ്റേ കദംബത്തിന്നീസങ്കടം ഭവാന്‍
കണ്ണനോടൊന്നുപോയ്ചൊല്ലീടുമോ

#കൃഷ്ണവിരഹം #കദംബവിഷാദം #ദാസ്യഭക്തി

ധരയുടെ ഹൃദയത്തിന്‍ താപമാറ്റീടുവാനായ്
വരുവതുകൃപയല്ലേ മാരിയെന്നോര്‍ത്തുപോയ് ഞാന്‍

(ചെന്നൈയില്‍ മഴ)

ദേവാലയത്തിനതിരാരുചമച്ചു, പാവം
ദൈവത്തിനെത്തടവിലാക്കിയതാരുതാനോ
ഈവണ്ണമുള്ളമധുരസ്വരമൊന്നുകേള്‍ക്കാ-
നാവാതെകണ്ടുമരുവുന്നതുകഷ്ടമേറ്റം

facebook.com/ThiruvanvandoorMahakshetram/videos/2641334532633067/

കുടജമലയ്ക്കും മുകളിലമര്‍ന്നോള്‍ 
തടയണമേറും വിഷമഗണങ്ങള്‍ 
വിടരുവതാകും മനമിതുനല്കാ-
മടിമലരില്‍ കാത്തരുളുക ദേവീ

കഷ്ടം! കാമൻ ദഹിച്ചൂ ഹരനുടെ മിഴിയിൽ
ക്കാണുമത്തിയ്യിനാലി-
മ്മട്ടിൽ ലോകം കഥിപ്പൂ, കഥയിലെ നിജമി-
ങ്ങാരുതാൻ കണ്ടറിഞ്ഞൂ
സ്പഷ്ടം, കാണുന്നു കാമം ശിവനുടെ കൃപയൊ –
ന്നിന്നു താനെന്നുവന്നാൽ
കിട്ടുന്നൂ മോക്ഷമാർഗ്ഗം, മനസിജനതിനാൽ
മുക്തനായെത്രവേഗം

#കാമദഹനം 

ഭാഗ്യമാണൊക്കെയെന്നോതി
യത്നിക്കാതെയിരിക്കൊലാ
പ്രയത്നിക്കാതെയുണ്ടാമോ
തിലത്തിൽ നിന്നു തൈലവും

പ്രചോദനം 
ന ദൈവമിതി സഞ്ചിന്ത്യ
ത്യജേദുദ്യോഗമാത്മന:
അനുദ്യമേന കസ്തൈലം
തിലേഭ്യ: പ്രാപ്തുമർഹതി

എങ്ങുപോയെങ്ങുപോയെൻ ശ്യാമവർണ്ണനി –
ന്നെങ്ങുപോയെങ്ങുപോയ് കോമളാംഗൻ

എങ്ങും വിഷാദം നിറഞ്ഞതെന്തേ മനം
വിങ്ങുന്നതായിന്നു കാണ്മതെന്തേ

കാലിയെ മേയ്ക്കുവാൻ കാനനം തന്നിലേ –
യ്ക്കോടിയെത്തുന്നവനെങ്ങുപോയി

കാടുമിക്കാട്ടാറുമെന്തിന്നു മൂകമായ്
കേഴുന്നു, കണ്ണനെന്തേ മറഞ്ഞൂ

പൂനിലാവേകിടാൻ ചന്ദ്രനെത്തായ്കിലും
പാരിലാരും വിഷാദിക്കയില്ലാ

പാലൊളിപ്പുഞ്ചിരിയൊന്നുകണ്ടാൽ മതി
പോകുന്നു ദുഃഖം തമസ്സുപോലെ

തുമ്പയും മുല്ലയും തെച്ചിയും കൈതയും
ചെമ്പകപ്പൂവും കരഞ്ഞിടുന്നൂ

തുമ്പമങ്ങിത്രമേലെന്തേ വരാനെൻ്റെ ന-
ല്ലന്പേറും കണ്ണനിന്നെങ്ങുപോയി

കൂരിരുട്ടിൽ തനിച്ചാക്കീട്ടൊളിച്ചാലും
പാരമിമ്മട്ടിൽ ഭയന്നതില്ലാ

നേരു ചൊല്ലീടുമോ, കണ്ണ നീയെങ്ങുപോയ്
നേരിട്ടു മുന്നിൽ വരാത്തതെന്തേ

ഓടക്കുഴൽ വിളി കേൾക്കാത്തതെന്തു ഞാൻ
കാതുകൾക്കില്ലയോ ശക്തികേൾക്കാൻ

കണ്ണിലിന്നിത്ര മേൽ കുരിരുട്ടാകുവാൻ
കാരണമെന്തു നീ പോയ് മറഞ്ഞോ

കേട്ടു ഞാനക്രൂരനെന്നൊരാൾ വന്നതും
കൂടെ നീ പോയെന്നുമെങ്കിലെല്ലാം
കേളിയെന്നോർത്തു തൻ ദാസരെ വിട്ടിടാ
കണ്ണനെന്നേ മനസ്സോർത്തതുള്ളൂ

എങ്ങു നീയെങ്ങു നീയെന്നുവന്നെത്തിടും
വിങ്ങും മനസ്സെന്നു ശാന്തമാകും

മങ്ങുമിക്കാഴ്ചകൾക്കേഴഴകേകിടാൻ
മാധവാ നീയെന്നുവന്നുചേരും

ഓരോരോ ചെയ്ത തെറ്റും ശരസമമൊരുപാ-
ടിന്നുനീറ്റുന്നതാമി –
ന്നേരം ഞാനോർത്തുപോകും
കരുണയൊടവിടു-
ന്നെത്തുമാക്കാഴ്ചയുള്ളിൽ
തേരും വിട്ടെൻ്റെനേർക്കായ് വരുവതുമുടലിൽ
പ്പറ്റിടും ധൂളി, വേർപ്പും
ചേരും നിൻ കോപമൊപ്പം കരതലമതിലായ്
ചക്രവും ചക്രപാണേ

തൻഭക്തൻ ചൊന്നവാക്കാകണമിഹ നിജമെ-
ന്നോർത്തുതൻവാക്കുതെറ്റി –
ച്ചന്നെത്തീട്ടേകിയല്ലോ സകരുണമിവനീ
ദർശനം, ദർശനീയം
എന്നും വന്നെത്തിടുന്നൂ മുരഹര, തളരാ-
തിങ്ങു വാഴാൻ തുണയ്ക്കും
നിൻ കാരുണ്യം കഥിക്കാൻ കഴിയുവതെവനെ –
ന്തോ പറഞ്ഞെന്നുമാത്രം

#ഭീഷ്മസ്തുതി