Archive for June 20, 2021

പോരാടി നീ പോർക്കലിയോടണഞ്ഞാ-
ലാരാകിലും നന്നെ ഭയന്നുപോകും
തീരാത്തദുഃഖങ്ങളകറ്റിയമ്മേ
നേരായ മാർഗ്ഗം സദയം തരേണേ

Lockdown

Posted: June 20, 2021 in സ്രഗ്ദ്ധര

ഹർത്താലില്ലാതെയാക്കീ സമരമുറകളും
മാറിയിക്കാലമെന്നാ-
യോർത്താൽ കാണാം നമുക്കിന്നണുവിലുമണയും
ശക്തിയെന്നുള്ള തത്ത്വം
മർത്ത്യൻ വീട്ടിന്നകത്താണമരുവതധുനാ
നായ്ക്കളാണിന്നുറോട്ടിൽ
സത്യത്തിൽ ശക്തനാരാണിവിടെയറിയുവാ-
നാർക്കുതാനായിടുന്നൂ

അവനിയിൽ പലമട്ടു മനുഷ്യരു-
ണ്ടെവനുമുണ്ടു പലേതരമിഷ്ടവും
ഭവ! ഭവദ്പദകീർത്തനമായ് വരും
“കവനമാണടിയന്നൊരു കൗതുകം”

നക്രം കാലിൽ പിടിച്ചോരിഭവരനഭയം
നൽകുവാൻ ചക്രിയന്നാൾ
ചക്രം തൻ കൈയ്യിലേന്തീട്ടണയുമൊരുപുരാ-
വൃത്തമിന്നോർത്തിടുംപോൽ
ഇക്കാലം തെല്ലനങ്ങാനുഴലുമളവു നിൻ
ദുഃഖമില്ലാതെയാക്കാ-
നക്കാരുണ്യം ചൊരിഞ്ഞോ ജനനി! തവ മനം
കണ്ടു പൂർണ്ണത്രയീശൻ

അച്ഛൻ നൽകിയൊരക്ഷരപ്പൊലിമ താ-
നിശ്ലോകമായ്, മൂകമാ-
യർച്ചിക്കുന്നു മനസ്സുകൊണ്ടു ദിനവും,
ഞാനോതിടും വാക്കുകൾ
മെച്ചപ്പെട്ടൊരുകാവ്യമെന്നുവരുകി-
ല്ലെന്നാലുമെന്താണതി-
ക്കൊച്ചിൻ തർപ്പണരീതിയെന്നുകരുതി-
ക്കൊള്ളട്ടെയെല്ലാവരും

പുന്നയ്ക്കലമ്മേ കരുണാബലത്തെ നീ-
യെന്നാളുമേകീടണമെൻ്റെ ജീവനിൽ
നന്നായ് വരാൻ ഭക്തിയെനിക്കു മാനസേ
തന്നാവു, നെഞ്ചിൽക്കുടികൊൾക നിത്യവും

Fire paan

Posted: June 20, 2021 in രഥോദ്ധത

തീ തിന്നുന്നു ജനങ്ങളെന്നു പലരും
ചൊല്ലുന്നുവെന്നാലതുൾ-
തീ താനെന്നുനിനച്ചുപോന്നു നിജമി-
മ്മട്ടെന്നതോർത്തില്ല ഞാൻ
കാതിൽക്കേൾക്കുവതുണ്മയല്ല മനമേ
സത്യം തിരഞ്ഞീടണം
നീ താ, നെപ്പൊഴുമോർത്തുകൊൾക വെറുതേ
തെറ്റിദ്ധരിക്കൊല്ലെടോ

Audio books

Posted: June 20, 2021 in രഥോദ്ധത

പുസ്തകങ്ങളിനിയോഡിയോവഴി-
ക്കെത്തു, മിന്നതുപജീവനത്തിനും
ഒത്തിടുന്നപടിയായ് ചിലർക്കുമെ-
ന്നോർത്തിടാം തുണയവർക്കുനൽകിടാം

ഓഡിയോ പുസ്തകങ്ങൾ ഡബ്ബിങ്ങ് കലാകാരന്മാർക്ക് ഒരു ഉപജീവനമാർഗ്ഗമാകുന്നു പ്രത്യേകിച്ചും ഈ കോവിദ് സാഹചര്യത്തിൽ എന്ന് കേൾക്കുന്നു

ഭക്തിപ്പൂന്തേൻ കിനിയുമളവിൽ
ശ്ലോകവും ഹൃദ്യമായി-
ട്ടെത്തും നാവിൽ, പദനിരകളും
സ്വാദെഴും മട്ടിലാകും
അത്തേൻതേടീട്ടണയുമരികിൽ
ഭക്തരാം വണ്ടു. മുള്ളിൽ
ത്തത്തും മോദം, പരമകൃപയാൽ
ലോകവും നാകമാകും

ഓർത്താലെത്ര കവീന്ദ്രരിങ്ങെഴുതി നിൻ
സങ്കീർത്തനം ഞാനുമി-
ങ്ങൊത്താലൊത്തതുപോലെയെന്നുകരുതി-
ക്കുത്തിക്കുറിക്കുന്നിതാ
ഹൃത്താരിൽച്ചിതറിത്തെറിച്ചു പദമായ്
മാറുന്നതാം ചിന്തകൾ
കോർത്താണീവനമാലതീർപ്പതതു നീ
നന്നാക്കണേ നന്ദജാ