Archive for June 18, 2021

ധ്യാനം

Posted: June 18, 2021 in ഇന്ദുവദന

ശങ്കരിയൊടൊത്തു തെളിയേണമകതാരിൽ
ശങ്കര! ഭവാനഭയമേക സദയം മേ
എൻ കരളിലുള്ള വിഷമങ്ങളകലാനായ്
നിൻ കൃപ ചൊരിഞ്ഞു ഹൃദി വാണിടുക നിത്യം

രമേശനാം മരുത്പുരീശനെ സ്തുതിച്ചു ഭക്തനാം
രമേശനാം ഭവാൻ കുറിച്ച ഗാനമോർത്തിടുന്നു ഞാൻ
രമേശപാദപങ്കജത്തിലങ്ങുചേർന്നു നിൽക്കവേ
നമിച്ചിടുന്നു ഭക്തിപൂർവ്വമിക്കുറച്ചുവാക്കിനാൽ

തിരുമലയുടെമേൽ വസിക്കുവോൻ നി-
ന്തിരുവടിയെൻ തുണയായിരിക്ക നിത്യം
ഇരുളിടുമുലകിൽ കനിഞ്ഞു നീ തന്ന-
ന്നരുളണമേ കൃപയാം നിലാവെളിച്ചം

കലിയേകുന്ന ദുഃഖങ്ങൾ
കളയാൻ തുണയേകണേ
കാർക്കോടക! മഹാവീരാ!
കരുണാലയ! പാലയ

യുവത്വം തുടിക്കുന്ന കാവ്യങ്ങളന്നാൾ
കവേ! നീ കുറിച്ചിട്ടു പൊയ്പ്പോയതെങ്ങോ
ശ്രവിപ്പോർ മറന്നില്ല, തെല്ലും മറക്കാ-
നവർക്കാവുകില്ലെന്നതോർക്കാം നമിക്കാം