Archive for March 19, 2022

ചൊല്ലും മൊഴി തേൻപോൽ മധുരിക്കും പടിയാകാ-
നെല്ലായ്പൊഴുമെന്നിൽ ക്കൃപ തൂകീടുക വാണീ
കല്ലാകുമൊരുള്ളം മൃദുവായ് തീരുവതിന്നായ്
തെല്ലേകുക ചിത്തേ ഗുണമെന്നും വിധിപത്നീ

ധ്യാനം

Posted: March 19, 2022 in അതിരുചിര

സ്മരിക്കണം ഹരിഹരപുത്രലീല, വി –
സ്മരിക്കണം പലതരഭേദചിന്തയും
വരിക്കണം പദയുഗഭക്തിയിങ്ങു കൈ.
വരിക്കണം കരിമലവാസദർശനം

ആനപ്പുറത്തു ഗുരുവായുപുരേശനയ്യാ!
സാനന്ദമാടിയമരുന്നതു കാൺക, കണ്ണേ!
ആ നല്ല വംശി, നറുവെണ്ണയുമേന്തി നിൽപ്പാ –
ണാനന്ദരൂപനവനെ പ്രണമിക്ക, നെഞ്ചേ!

ചാരുകസേര

Posted: March 19, 2022 in മഞ്ജരി

പോയകാലത്തിന്റെയോർമ്മയും പേറി ഞാൻ
പോകവേ, സ്വപ്നത്തിലാണ്ടുപോയി

പണ്ടു ഞാൻ കണ്ടുമറന്നതാം കാഴ്ചകൾ
പണ്ടത്തെപോലെന്റെമുന്നിലെത്തി

നാരായണാ ഹരേയെന്നുള്ള നാമങ്ങൾ
തോരാതെ പെയ്യും മഴ കണക്കേ
ഓരോ നിമിഷവും മന്ത്രിച്ചൊരാളതാ
ചാരുകസേരയിൽ ചാഞ്ഞിരിപ്പൂ

നെഞ്ചിലെക്കത്തുന്ന തീ മറച്ചെപ്പൊഴും
പുഞ്ചിരിക്കുന്നതാം ശുദ്ധചിത്തൻ
നെഞ്ചകം തന്നിൽ തെളിയുന്നു, ദുഃഖത്തി –
ലഞ്ചാത്ത ഭക്തിയും നന്മകളും

ഇന്നില്ലവൻ കാലമേറെക്കഴിഞ്ഞുപോ-
യന്നെന്നപ്പോലെയുമല്ല ലോകം

എന്നാലുമിന്നും സ്മരിക്കട്ടെ, വന്ദിച്ചു
നിന്നിടട്ടേ ഞാനൊരല്പനേരം

അമ്മേ! നീ കാട്ടിയോരീ ഭുവനമിവനു വൻ
സങ്കടം തന്നിടുന്നൂ
കർമ്മത്തിൻ ദോഷമാണോ? വിധിയുടെ കളിയോ?
പറ്റിയോ തെറ്റനേകം?
ധർമ്മം ഞാൻ വിസ്മരിച്ചോ? ചിതറിയ മിഴിനീർ
മാരിവില്ലായ് മനസ്സിൽ
ചെമ്മേ കാണിക്കയോ? നിന്തിരുവടിമലരിൽ
ചേർക്കണേ കാക്കണേ മാം

പൊയ്യാണിക്കാണ്മതെല്ലാം , നിജമതിനകമേ
മിന്നുമെന്നാളുമെന്നായ്
പയ്യെക്കാണിക്കുവാനോ, കരുണ തിരളുമുൾ –
ത്താരുകാട്ടിത്തരാനോ ?
തെയ്യത്തിൻ രൂപമാർന്നൂ സദയമിതുവിധം
വന്നുചേർന്നൂ, മനം നിൻ
മെയ്യിൽചേർന്നൊട്ടുമോമൽ ശിശുസമമമരാ –
നാശപൂണ്ടാശ്രയിപ്പൂ

കണ്ണാ

Posted: March 19, 2022 in മത്തമയൂരം

കണ്ണാ, നിന്നെക്കാണുവതിന്നായ് കഴിവില്ലുൾ –
ക്കണ്ണായ് വാഴും ശക്തി ഭവാനെന്നറിയുന്നൂ
കണ്ണാൽക്കാണുന്നെന്തവയെല്ലാം ഭഗവാനായ്
ഉണ്ണിക്കണ്ണാ, കാട്ടുക നീയാണഭയം മേ

അടുത്തുവന്ന കാളിയന്റെമേലവന്റെ വാലുത-
ന്നിടത്തു കൈയിനാൽ പിടിച്ചു നൃത്തമാടിടും ഹരേ!
വലത്തുകൈയിലുള്ള പൂ കണക്കുമോദമേകുവാ-
നെടുത്തുകൊൾകയെന്റെചിന്തയാകുമീ സുമത്തെയും

ഹോളി

Posted: March 19, 2022 in രഥോദ്ധത

ഹോളികയ്ക്കു ഹരി മുക്തിനൽകി തീ
നാളമേറ്റവളിരുന്ന വേളയിൽ
ഹോളിനാൾ കഥയിതോർത്തിടേണ്ടതാം
നാളുതന്നെയവളേ വണങ്ങിടാം

ദൈത്യനന്നു വിധിയോതി, ഭക്തനായ്
പുത്രനെന്നു ബത! കാൺകയാൽ പുരാ
മൃത്യുദണ്ഡമതിനായി മാർഗ്ഗമ –
ന്നെത്രനോക്കി വിഫലം പരിശ്രമം

ഹോളികയ്ക്കു വരസിദ്ധിയുണ്ടു, തീ –
നാളമേതുമവളെത്തൊടില്ലപോൽ
തീയിലായ് മകനെയന്നെരിക്കുവാ-
നായവർക്കവനെയേകി ദൈത്യരാട്ട്

അമ്മയായ് മടിയിലേറ്റി ബാലനേ.
യമ്മനസ്സിലുളവായിവന്നുപോൽ
നന്മയന്നവനു രക്ഷയേകുവാ-
നമ്മഹാദിതിജ നിശ്ചയിച്ചുടൻ

തന്റെ നല്ല കവചത്തെയന്നവൾ
തന്നെയന്നവനുനൽകി, തീയിലായ്
ചെന്നിരുന്നു ശിശുവൊത്തു, മോക്ഷമാ –
യന്നുതന്നെ ദിതിജയ്ക്കുമത്ഭുതം

3.23 തിരുവാനൈക്കാവൽ
പിൽക്കാലത്ത് ഈ ഞാവൽമരത്തിന്റെ ചുവട്ടിൽ ഒരു ആന കാവേരിയാറ്റിലെ വെള്ളം കൊണ്ടുവന്ന് അഭിഷേകം ചെയ്തുപോന്നു. ഒരിക്കൽ ഒരു ചിലന്തി ആ വഴി വരാൻ ഇടയായി. അത് ശിവലിംഗത്തിൽ ഇലയും മറ്റും വീഴുന്നതും വെയിലടിക്കുന്നതും കണ്ട് തടയാനായി വല നെയ്തുവത്രേ. പിന്നീട് അഭിഷേകം ചെയ്യാൻ വന്ന ആന ആ വല പോകുംവിധം അഭിഷേകം ചെയ്ത് പൂജയും ചെയ്ത് മടങ്ങി. ഇത് പലനാൾ തുടർന്നുവന്നു. അതിൽ വിഷമം തോന്നിയ ചിലന്തി ഒരിക്കൽ ആനയുടെ തുമ്പിക്കൈയിൽ കയറിക്കൂടി കടിച്ചുവത്രേ. ഉടനെ ചീറ്റിക്കളഞ്ഞു. ചിലന്തി ആ ക്ഷണം തന്നെ മരിച്ചു. ആ കടിയുടെ വേദനകൊണ്ടു പുളഞ്ഞ ആനയും മരണവെപ്രാളത്തിൽ എങ്ങോപോയി ചെരിഞ്ഞു.
ശിവപൂജ ചെയ്തുവന്ന ആനയ്ക്ക് ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട് തൽക്ഷണം മോക്ഷം കൊടുത്തു. ചിലന്തിക്ക് അടുത്തജന്മം ശിവഭക്തനായ ചോഴരാജാവായി ജനിച്ച് മോക്ഷം പ്രാപിക്കാനുള്ള വരവും കൊടുത്തു
കൈലാസത്തിൽ എന്നും ശിവഭൂതഗണങ്ങളിൽ രണ്ടുപേർ പരസ്പരം ശണ്ഠ കൂടിക്കൊണ്ടിരുന്നു. അതിൽ ഒരാൾ മറ്റെയാളെ ഭൂമിയിൽ ആനയായിത്തീരാൻ ശപിച്ചുവത്രേ. മറ്റെയാൾ ഇയാളെ ചിലന്തിയായി മാറാനും ശാപം കൊടുത്തു. അവരാണത്രേ ഈ ആനയും ചിലന്തിയും
(തുടരും …)

3.23 തിരുവാനൈക്കാവൽ
സ്വന്തം മകളിൽ മോഹം ഉദിച്ചതിൻ്റെ ദോഷം മാറാൻ ബ്രഹ്മാവ് ഇവിടെ ശിവഭഗവാനെ തപസ്സ് ചെയ്തുവത്രേ. തുടർന്ന് ശിവപാർവ്വതിമാർ വന്ന് ദോഷമുക്തി കൊടുത്തു

പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലലിംഗം ഉള്ള ക്ഷേത്രമാണ് ഇത്

ഒരിക്കൽ ശ്രീപാർവ്വതീദേവി എന്തോ കാരണവശാൽ ശിവഭഗവാൻ്റെ തപസ്സിനെ പരിഹസിക്കാനിടയായി. അപ്പോൾ ഭൂമിയിൽ പോയി തപസ്സ് ചെയ്ത ശേഷം മാത്രം തിരികെ തന്നെ പ്രാപിക്കാനാവൂ എന്ന് പറഞ്ഞുവത്രേ

പശ്ചാത്താപവിവശയായ ശ്രീപാർവ്വതി ഈ പ്രദേശത്ത് വന്ന് കാവേരിയിലെ ജലം കൊണ്ട് ശിവലിംഗമുണ്ടാക്കി ഒരു ഞാവൽ മരച്ചുവട്ടിൽ ശിവനെ തപസ്സ് ചെയ്തുവത്രേ. ഒടുവിൽ ശിവൻ പ്രത്യക്ഷപ്പെട്ട് ശിവജ്ഞാനം ദേവിക്ക് ഇവിടെവച്ച് ഉപദേശിച്ചുവത്രേ.
പണ്ട് ജംബു എന്ന് പേരുള്ള ഒരു മഹർഷി ഇവിടെ ഭഗവാനെ തപസ്സ് ചെയ്തുവത്രേ. ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട് ഒരു ഞാവൽപഴം പ്രസാദമായി കൊടുത്തു. പ്രസാദമായതിനാൽ അതിലെ കുരു തുപ്പാതെ അദ്ദേഹം വിഴുങ്ങി പിന്നീട് കുരു വളർന്ന് മരമായപ്പോൾ മഹർഷിക്ക് മോക്ഷം സിദ്ധമായി. ആ ഞാവൽ മരത്തിൻ്റെ ചുവട്ടിലാണത്രേ ശ്രീപാർവ്വതി തപസ്സ് ചെയ്തത്.
(തുടരും ..)