Archive for December, 2014

നിലയ്ക്കാത്ത കാലപ്രവാഹത്തിനൊത്തേ
ചലിയ്ക്കുള്ളു മാനത്തെ താരങ്ങളും, കേള്‍
നിലത്തിന്നതും നോക്കി നില്ക്കുന്ന ഞാനീ
ചിലയ്ക്കുന്നതെല്ലാമതേസത്യമോതാന്‍

നിണം ചിന്തിടും നാളിരുട്ടില്‍ മറച്ചി-
ട്ടണഞ്ഞോരുരാവില്‍ മറഞ്ഞോരുസൂര്യന്‍
കണക്കറ്റതാം നല്‍ ക്കതിര്‍ ചൂടി മാന-
ത്തണഞ്ഞീടുമെന്നത്രെ കാണുന്നു നിത്യം

കഴിഞ്ഞോരു കാലം മറക്കേണ്ടതത്രെ
കൊഴിഞ്ഞോരു പൂവും വിടര്‍ന്നീടുകില്ലാ
മിഴിപ്പൂവിലെന്തിന്നു കണ്ണീരു തിങ്ങു-
ന്നഴല്‍ തന്നകാലം കഴിഞ്ഞിട്ടുമേവം

വരും കാലമാനന്ദമേകുന്നതാകാന്‍
ചിരം മോദമേടൊത്തു വാഴാന്‍ സുഹൃത്തേ
മറന്നീടൂ പൊയ്പോയ കാലത്തെ, ചിത്തേ
നിറയ്ക്കൂ മനശ്ശാന്തിയേകും പ്രകാശം

നിനക്കായുരാരോഗ്യമെല്ലാമതൊത്തായ്
മനശ്ശാന്തിയാനന്ദ,സൌഭാഗ്യമെല്ലാം
കനിഞ്ഞേകിടാനേകസത്യത്തെ ഞാനും
നിനച്ചിന്നു വന്ദിച്ചിടുന്നെന്‍ സുഹൃത്തേ

വഴി തെളിച്ചിടുവാന്‍ ഭഗവാന്‍ സ്വയം
നിഴലു പോലരികത്തൊരു തോഴനായ്
കഴിവെഴുന്നൊരു സോദരരഞ്ചുപേര്‍-
ക്കഴലകന്നതുമില്ലിതുമത്ഭുതം

നിയതി മാറി വരില്ലതു കൊണ്ടു നാം
സ്വയമറിഞ്ഞു വസിക്കണമെപ്പൊഴും
ജയപരാജയമല്ലിതു ജീവിതം
ക്ഷണികമെങ്കിലുമെത്ര രസാവഹം

കഴിയുകില്ലിവിടാര്‍ക്കുമിതോര്‍ക്ക നാ-
മഴലെഴാതെ വസിച്ചിടുവാന്‍ സഖേ
അഴലിലും തുണയാകുമൊരാ കൃപാ-
ബലമതൊന്നു മനസ്സിലുറയ്ക്കണം

ചെറിയതാകിലുമല്ലതുമേറ്റവും
പെരിയതാകിലുമൊക്കെയുമെന്നുമേ
കരുതണം മനതാരിതിലീശ്വര-
ചരണപത്മമതിങ്കലെ പൂജയായ്

വിധി കണക്കു വരും പല കര്‍മ്മവും
കഴിവു പോല്‍ തുടരേണമതെന്നിയേ
വഴിയൊരുത്തനുമില്ലിവിടീശ്വര-
കൃപയതിന്നുതുണയ്ക്കുവതിന്നെടോ

ധ്യാനം

Posted: December 20, 2014 in Malayalam

അംഗുലീമാലകള്‍ താണ്ഡവമാടുന്നൂ

ശാക്യമുനേ ഭവാനെങ്ങു, തപസ്സിലോ ?

കാരുണ്യമാം വെട്ടമേന്തിയെത്തും ബുദ്ധ-

ഭിക്ഷുവിനെ കാത്തിരിക്കുന്നിതാ ലോകം

കരുണ

Posted: December 20, 2014 in Malayalam

തെറ്റുകളൊട്ടേറെ ചെയ്തോരുയൌവ്വനം

വറ്റിയിന്നേകാന്തവാസത്തിലാണിവള്‍

വറ്റാത്ത നിന്‍ കൃപയെത്താതിരിക്കുമോ

നീറ്റുമീനോവകറ്റാന്‍ മുക്തിയേകുവാന്‍

വിരിഞ്ഞ പൂവിലുള്ള തേനുമാസുഗന്ധമൊക്കെ നീ
യരിഞ്ഞപൂവിലില്ലതൊക്കറുക്കവേ പൊലിഞ്ഞു പോയ്
അരിഞ്ഞെടുത്ത പൂവിനാലെ പൂജ ചെയ്കിലീശ്വരന്‍
ചൊരിഞ്ഞിടില്ല നല്ലതൊന്നുമെന്നറിഞ്ഞു വാഴ്കെടോ

കരത്തിനാല്‍ തൊടുന്നതൊക്കെ ഭസ്മമാക്കിടാന്‍, നരാ!
വരിച്ചതെന്തിനായ് വരം, ലഭിച്ചതെന്തു ചൊല്കെടോ
കരുത്തു കാട്ടിടാനൊരുക്കമെങ്കിലെന്തിനീദൃശം
കുരുന്നു ജീവനേയറുത്തു ദൈവനിന്ദ ചെയ്വു നീ

കരുത്തിലുണ്ടു ഗര്‍വ്വമെങ്കിലായെടുത്ത ജീവനേ
തിരിച്ചു ദേഹമേറ്റി, മുന്നെ കണ്ട പോലെയാക്കെടോ
തിരിഞ്ഞിടുന്ന കാലചക്രമൊന്നു ചുറ്റിടുമ്പൊഴേ
കരിഞ്ഞു പോം നിനക്കുമിത്രഹന്ത നന്നു തന്നെയോ

രാധാമാധവം 

Posted: December 17, 2014 in Malayalam

ക്രൂരജന്തുക്കളേറുന്നൊരീകാട്ടിലേ-

യ്ക്കെന്തിനായിട്ടെന്നെ കൊണ്ടുവന്നന്നു നീ ?

ഘോരമീകാടുകണ്ടുള്ളം നടുങ്ങുമ്പോള്‍

കാണാമറയത്തായൊളിച്ചതുമെന്തിനായ് ?

കൂരിരുള്‍ മൂടുമീരാവിലയ്യോ കഷ്ടം

ഭീതിദമാം മട്ടിലാരലറീടുന്നു

കണ്ണടച്ചുള്ളില്‍ തിരഞ്ഞാലുമെന്തതില്‍

തിങ്ങുന്നഹോയിരുള്‍ ലോകത്തിലെന്ന പോല്‍

മാനസമാം യമുനാ നദി കേഴുന്നൂ

മാധവപാദത്തെ തേടിയലയുന്നൂ

സാന്ത്വനമേകുമാവേണുഗാനം പോലും

കാതിലണയാതിരപ്പതുമെന്താവോ ?

പാലൊളിചന്ദ്രികപോലുമസഹ്യമാം

നോവുപകരുവാന്‍ കാരണമെന്താവോ ?

വൃന്ദാവനം വിട്ടു പോകയോ, കണ്ണാ നിന്‍

മന്ദസ്മിതം കാണാനാവുകയില്ലയോ ?

ഹരിക്കണോ, ഗുണിക്കണോ കുറച്ചു കൂട്ടി നോക്കണോ

ശരിക്കു ഞാന്‍ പഠിച്ചതില്ല ജീവിതക്കണക്കുകള്‍

വരേണ്യമെന്നുമേയെനിക്കു നിന്‍ കടാക്ഷമാകയാല്‍

നിരത്തി വെച്ചു ലാഭനഷ്ടമോതിടുന്നതെന്തിനായ്

അനേകകോടിസംഖ്യയുള്ളതൊക്കെയൊന്നു പൂജ്യവും

ചമച്ചിടുന്ന ഭേദഭാവമൊന്നുമാത്രമല്ലയോ

അതൊന്നുതന്നെയേറെയക്ഷരങ്ങളായി വാക്കുമായ്

വരുന്നു കാണ്മതായ ചിത്രമെന്നു വേണ്ടിതൊക്കെയും

ഹരിക്കിലും ഗുണിക്കിലും തരിമ്പുമാറ്റമേശിടാ-

തിരിപ്പതായാ പൂജ്യമൊന്നിതെത്രയോ മഹത്തരം

അസംഖ്യമായ സംഖ്യയൊക്കെയും തുടങ്ങിടുന്നതീ

വിശിഷ്ടമായ സംഖ്യയൊന്നിലെന്നതെത്രെ വിസ്മയം

കണക്കിലെ അസംഖ്യങ്ങളായ സംഖ്യകളെയെല്ലാം തന്നെ ബൈനറി ഡിജിറ്റ് ആയി സ്റ്റോര്‍ ചെയ്യുമ്പോള്‍ അതില്‍ പൂജ്യവും ഒന്നും മാത്രമേയുള്ളൂ

അചലമായ ശിവചൈതന്യത്തിലെ ശക്തിയുടെ ലാസ്യമായി പ്രപഞ്ചം കാണപ്പെടുന്നത് പോലെ….

സ്ഥിതികോര്‍ജ്ജം ഗതികോര്‍ജ്ജമായി മാറി ചലനമായി ശക്തിയായി കാണപ്പെടുന്നത് പോലെ….

ശൂന്യത്തില്‍ തുടങ്ങുന്ന നിരന്തരമായ സൃഷ്ടികളെല്ലാം തന്നെ യഥാ കാലം ശൂന്യത്തില്‍ ലയിച്ചിടുന്നത് പോലെ…

മുടിയിലെഴും മണമെങ്ങു നിന്നതാ
മലരിലെയോ, തനിയേ വരുന്നതോ

മധുരയിലെ ക്കവിയോടു ശങ്കരാ
മറുപടി നീ പറയുന്നതത്ഭുതം

പ്രചോദനം :
മധുരയിലെ (പാണ്ഡ്യ)രാജാവിനു ഒരു രാത്രി ഒരു സംശയം ഉണ്ടായിയത്രെ….സ്ത്രീകളുടെ തലമുടിയുടെ മണം സ്വാഭാവികമായുള്ളതോ അതോ സുഗന്ധദ്രവ്യങ്ങളാലോ ചൂടുന്ന പൂവിനാലോ വരുന്നതോ എന്ന് … ഈ സംശയം തീര്‍ക്കുന്നവര്‍ക്ക് വിലപ്പെട്ട സമ്മാനവും നിര്‍ദ്ദേശിച്ചു… മധുരയിലെ ഒരു സാധാരണക്കാരനായ ശിവഭക്തനായ കവിയ്ക്ക് ആ സമ്മാനം വേണം എന്ന മോഹം വരികയാല്‍ ശിവനെ പ്രാര്‍ത്ഥിച്ചു…ശിവന്‍ അത് സ്വാഭാവികമല്ല എന്ന് വാദിക്കുന്ന തരത്തില്‍ കവിത എഴുതിക്കൊടുത്തുവത്രെ… ആസ്ഥാനകവിയായ നക്കീരന്‍ അത് എതിര്‍ത്തു… സാക്ഷാല്‍ ശിവന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടും അതില്‍ നിന്നും മാറാതെ നിന്നു; ശിവന്‍ നക്കീരനെ മൂന്നാം തൃക്കണ്ണിനാല്‍ ദഹിപ്പിച്ചു എന്നും പിന്നീട് രക്ഷിച്ചു എന്നും കഥ കേട്ടിട്ടുണ്ട്

http://en.wikipedia.org/wiki/Nakkeerar


ഉടച്ചോരുതൂണിന്റെയുള്ളിൽ ത്തെളിഞ്ഞി-
ട്ടടുത്തെത്തിയെന്നെപ്പിടിച്ചിട്ടു നീ നിൻ
മടിത്തട്ടിലായിക്കിടത്തുന്ന കാണ്‍കെ
നടുങ്ങുന്നൊരാളെന്തറിഞ്ഞുണ്മയെല്ലാംതിരക്കിട്ടു പാഞ്ഞെന്റെ ഗർവ്വത്തിനാലെ
ത്തിരഞ്ഞെത്ര ഞാൻ പാരിലെങ്ങും വിചിത്രം
അറിഞ്ഞില്ല, കണ്ണിൽ ത്തെളിഞ്ഞില്ല സത്യം
മറന്നെത്ര കാലം വൃഥാ ഞാൻ കളഞ്ഞൂ

മടിത്തട്ടിലായിക്കിടത്തീട്ടു വിഷ്ണോ
മടിയ്കാതെ കീറിപ്പൊളിക്കെന്റെ ദർപ്പം
കുടൽ മാല നിൻ ഹാരമാകട്ടെ നെഞ്ചിൽ
പിടയ്ക്കുന്ന ഹ്രിത്പത്മവും നീയെടുക്കൂ

പ്രചോദനം Santhosh Varma
ചിദാകാശസൂര്യന്‍ ജ്വലിക്കട്ടെയുള്ളില്‍
വിടര്‍ന്നാടിടട്ടേ കിനാവിന്‍ സുമങ്ങള്‍
മരിയ്ക്കാത്ത സ്വപ്നങ്ങളാം പാരിജാതം
വിടര്‍ന്നെങ്ങുമാനന്ദമേകട്ടെ നിത്യം

തൃണം

Posted: December 11, 2014 in Malayalam

മദ്ധ്യാഹ്നവെയിലിന്റെ കൊടുംചൂടില്‍ അല്പം വിശ്രമത്തിനായി നഗരമദ്ധ്യത്തിലെ ഒരു പുൽത്തകിടിയ്ക്കരികിലേയ്ക്ക് അവന്‍ നടന്നടുത്തു…

നഗരത്തിലെ നിരവധി പുൽത്തകിടികളില്‍ ഒന്ന്…പലപ്പോഴും നഗരത്തിന്റെ അഴകിന് മാറ്റു കൂട്ടുന്ന കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കിടയിലെ മരുപ്പച്ച പോലെ കാണുന്ന പുൽത്തകിടിയില്‍ ഒരു വിശ്രമം പലപ്പോഴും കൊതിച്ചിട്ടുണ്ട്..

ഇന്നാദ്യമായി അവിടേയ്ക്ക് നടന്നടുക്കുമ്പോള്‍ മനസ്സില്‍ എന്തായിരുന്നു…. ഹരിതാഭമായ സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മയോ ഗൃഹാതുരത്വമോ അജ്ഞാതമായ ഒരു നഷ്ടബോധമോ?

ആ പുൽത്തകിടിയ്ക്കരില്‍ ഇരിക്കാന്‍ ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടത് പോലെ

അതോ വെറും തോന്നലായിരുന്നുവോ? അത് ഉയര്‍ന്നത് പുൽത്തകിടിയിലെ പുല്ലില്‍ നിന്നായിരുന്നുവോ? ആ പുല്ലില്‍ കണ്ട ജലകണം ആരും കാണാത്ത കണ്ണുനീരായിരുന്നുവോ? നഗരത്തിന്റെ നിറപ്പകിട്ടില്‍ സ്വയം മറന്ന് അതില്‍ ഒന്നാകാന്‍ കൊതിച്ച് ഇവിടെ എത്തിച്ചേര്‍ന്നതിലെ ദുഃഖമായിരിക്കുമോ? അതോ ഓരോ വളര്‍ച്ചയിലും വെട്ടിനീക്കപ്പെടുന്ന പുത്തന്‍ പ്രതീക്ഷകളെ കുറിച്ചുള്ള ഇനിയും മരിക്കാത്ത ഓര്‍മ്മകളോ? അകലങ്ങളില്‍ എവിടെയോ ഇനിയും കാണാത്ത സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ കാറ്റായി തലോടുമ്പോള്‍ സ്വയം മറന്നാടി തളര്‍ന്ന ക്ഷീണത്തില്‍ തനിയെ ഉയര്‍ന്ന ഒരു നെടുവീര്‍പ്പായിരുന്നുവോ?