അശ്വഗതി

Posted: February 27, 2015 in അശ്വഗതി, വൃത്തം, Malayalam

ലക്ഷണം അഞ്ചുഭകാരമിഹാശ്വഗതിക്കൊടുവില് ഗുരുവും

– υ υ/– υ υ/– υ υ/– υ υ/– υ υ/-

സൂര്യനുമെത്തി മനസ്സിനു ശാന്തി പകര്‍ന്നിടുവാന്‍
നേരമണഞ്ഞുണരാന്‍, പുതുനാളി,തു കാണുക നീ
പാരിതിലന്യനു നന്മ നിനച്ചു കഴിച്ചിടുകില്‍
ചേരുവതായ് വരുമൂഴിയിലായ് സുഖമെപ്പൊഴുമേ

* സുന്ദരമായൊരുലോകവുമേവമൊരുക്കിയ നീ
സന്തത,മെന്നുടെ മാനസരൂപമെടുത്തതിലായ്
ചിന്തകളായതിനുള്ളിലമര്‍ന്നതറിഞ്ഞിടവേ
വന്ദനമോടു ശിരസ്സു കുനിച്ചു നമിപ്പിതു ഞാ൯

* സമസ്യാപൂരണം

പാരിതിലുണ്മതിരഞ്ഞു വലഞ്ഞു മടുത്തകമേ
കൂരിരുളുള്ളതകറ്റിടുവാന്‍ വഴി തേടുകയാം
കാരണകാര്യവിവേചനമൊക്കെയകറ്റി ശിവേ
നേര്‍ വഴി കാട്ടുക, മാമകഹൃത്തിലണഞ്ഞിടു നീ

ശാശ്വതമായ സുഖം ഭുവി മര്‍ത്ത്യനണഞ്ഞിടുവാന്‍
നശ്വരമാമുലകത്തിലനശ്വരനായിടുവാന്‍
ഈശ്വരചിന്തമനസ്സിലുണര്‍ന്നിടുവാനിഹ ഞാ-
നീശ! തൊഴാം തവ പാദയുഗം കനിയൂ സദയം

Leave a comment