Archive for February 28, 2015

കാരുണ്യം

Posted: February 28, 2015 in Malayalam
തൊട്ടു തലോടുന്ന കാറ്റു ചില നേരം

തട്ടിക്കൊഴിക്കുന്നു കഷ്ടമാപൂവിനെ!

പെറ്റു വളര്‍ത്തുമീഭൂമിയൊരുനാളില്‍
ചുട്ടെരിച്ചീടും ചിതയൊരുക്കീടുന്നു!

വിശ്വസിച്ചീടുവാനില്ലയിങ്ങൊന്നുമേ

യാശ്വാസമേകുന്നസ്നേഹമതെന്നിയേ

ദൃശ്യമാമീലോകം കാട്ടിത്തരുന്നതാം

ദൃക്കാകും കാരുണ്യമെന്നതൊന്നെന്നിയേ

താണ്ഡവം 

Posted: February 28, 2015 in Malayalam

മോഹങ്ങളെല്ലാമെരിഞ്ഞടങ്ങുന്നൊരീ
മാനസമാകും ശ്മശാനഭൂവില്‍
താണ്ഡവമാടുക സാട്ടഹാസം കാളീ
കണ്ടിരിക്കുന്നോരു ഭ്രാന്തനീ ഞാന്‍

കത്തിയമരുന്ന മോഹത്തിന്‍ ചാമ്പലില്‍
നര്‍ത്തനമാടുക കാളികേ നീ
സത്യപ്രകാശത്തിന്‍ തീജ്വാലയായ് ചിത്തിന്‍
സത്തായിട്ടെങ്ങും നിറഞ്ഞു നില്ക്ക

തീഗോളം

Posted: February 28, 2015 in Malayalam

മണ്ണിന്റെ നോവുകണ്ടുള്ളം തകര്‍ന്നോരാ
വിണ്ണിന്റെ കണ്ണീര്‍ കണികയാണോ
കണ്ണില്‍ തെളിഞ്ഞിരുള്‍ മൂടുന്ന മാനത്തു
ദെണ്ണമാതീഗോളമായതാണോ