Archive for April 9, 2015

അഷ്ടാവക്ര ഉവാച

ന തേ സംഗോƒസ്തി കേനാപി

കിം ശുദ്ധസ്ത്യക്തുമിച്ഛസി

സംഘാതവിലയം കുര്‍വ്വ-

ന്നേവമേവ ലയം വ്രജ (1)

അഷ്ടാവക്രന്‍ പറഞ്ഞു

സംഗമില്ലാത്ത ശുദ്ധന്‍ നീ

ത്യജിക്കാനിച്ഛയെന്തിനായ്

സംഘാതവിലയം ചെയ്തി-

ട്ടേവം തന്നെ ലയിച്ചിടൂ (1)

* സംഘാതവിലയം = സംഘാതമായതിനെ (പഞ്ചഭൂതങ്ങള്‍ ചേര്‍ന്നുണ്ടായ ദേഹം അതിലുള്ള അഭിമാനം ) വിലയിപ്പിക്കുക (അലിച്ചു കളയുക)

ത്യജിക്കാന്‍ ഇവിടെ ഒന്നും തന്നെ ഇല്ല… തനെന്നൊന്ന് വേറെ ആയിട്ടുണ്ടെന്നും ചിലത് തന്റെയും ചിലത് അന്യവും ആകുമ്പോള്‍ ആണല്ലോ ത്യജിക്കേണ്ടി വരുന്നത്… ത്യജിക്കേണ്ടാ, ആ സങ്കല്പം അലിഞ്ഞില്ലാണ്ടായാല്‍ ലയം സ്വാഭാവികം

ഉദേതി ഭവതോ വിശ്വം

വാരിധേരിവ ബുദ്ബുദഃ

ഇതി ജ്ഞാത്വൈകമാത്മാന-

മേവമേവ ലയം വ്രജ (2)

കടലില്‍ ബുദ്ബുദം പോലെ

ഉദിപ്പൂ നിന്നില്‍ ലോകവും

അതറിഞ്ഞേകമാം തന്നില്‍

ലയിച്ചീടുകിതേവിധം  (2)

പ്രത്യക്ഷമപ്യവസ്തുത്വാദ്

വിശ്വം നാസ്ത്യമലേ ത്വയി

രജ്ജുസര്‍ പ്പ ഇവ വ്യക്തം

ഏവമേവ ലയം വ്രജ (3)

പ്രത്യക്ഷമാകിലും വിശ്വം

നിന്നിലില്ലതുമിഥ്യതാന്‍

രജ്ജുസര്‍പ്പം കണക്കെന്നാ-

യറിഞ്ഞേവം ലയിച്ചിടൂ (3)

സമദുഃഖസുഖപൂര്‍ണ്ണ

ആശാനൈരാശ്യയോ സമഃ

സമജീവിതമൃത്യു: സ-

ന്നേവമേവ ലയം വ്രജ (4)

സുഖം ദുഖമതേപോലെ-

യാശാ നൈരാശ്യവും സമം

ജീവിതം മൃത്യുവും തുല്യ-

മേവം തന്നെ ലയിച്ചിടൂ (4)